ഇറ്റാലിയന്‍ പ്രതിരോധ താരം ബെനൂച്ചിയാണ് ഫൈനലിന്റെ താരം
വെംബ്ലി: യുവേഫ യൂറോ 2020 ലെ ടോപ് സ്കോറര്‍ക്കുള്ള ഗോള്‍ഡന്‍ ബൂട്ട് പോര്‍ച്ചുഗലിന്റെ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക്. നാല് മത്സരങ്ങളില്‍ നിന്ന് അഞ്ച് ഗോളുകളും ഒരു അസിസ്റ്റുമാണ് റൊണാള്‍ഡോ പോര്‍ച്ചുഗലിനായി നേടിയത്.
യൂറോയില്‍ ആദ്യമായാണ് റൊണാള്‍ഡോ ഈ നേട്ടം കൈവരിക്കുന്നത്. 2016 യൂറോ കപ്പില്‍ സില്‍വര്‍ ബൂട്ട് താരം നേടിയിരുന്നു. ക്രിസ്റ്റ്യാനോയുടെ പ്രകടനമുണ്ടായിട്ടും പോര്‍ച്ചുഗലിന് പ്രീ ക്വാര്‍ട്ടര്‍ കടക്കാനായില്ല.
അഞ്ച് ഗോള്‍ നേടിയ ചെക്ക് റിപബ്ലിക്കിന്റെ പാട്രിക് ഷിക്കാണ് രണ്ടാം സ്ഥാനത്തെത്തിയത്. ഹാരി കെയിന്‍, കരിം ബെന്‍സിമ, റൊമേലു ലൂക്കാക്കു, എമില്‍ ഫോസ്ബെര്‍ഗ് എന്നിവര്‍ നാല് ഗോള്‍ വീതം ടൂര്‍ണമെന്റില്‍ നേടി.
അതേസമയം ടൂര്‍ണമെന്റിലെ താരമായി ഇറ്റലിയുടെ ഗോള്‍ കീപ്പര്‍ ഡൊന്നാരുമ്മയെ തിരഞ്ഞടുത്തു. ടൂര്‍ണമെന്റിലുടനീളം താരം മികവ് പുലര്‍ത്തിയിരുന്നു.
ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ഗോള്‍ പോലും വഴങ്ങിയില്ല. നോക്കൗട്ട് റൗണ്ടുകളില്‍ നാലു ഗോളുകള്‍ വഴങ്ങിയെങ്കിലും ഒരു കളിയില്‍ പോലും ഒന്നിലധികമില്ല എന്ന നേട്ടവും ഒപ്പമുണ്ട്.
നിര്‍ണായക ഫൈനലിലെ പെനാലിറ്റി ഷൂട്ടൗട്ടില്‍ രണ്ട് സേവുകളാണ് ഡൊന്നാരുമ്മ നടത്തിയത്. ഇറ്റലിയെ കിരീടത്തിലേക്കെത്തിച്ചതും ഈ പ്രകടനം തന്നെ.
ഇറ്റാലിയന്‍ പ്രതിരോധ താരം ബെനൂച്ചിയാണ് ഫൈനലിന്റെ താരം. ഇംഗ്ലണ്ടിനെതിരെ സമനില ഗോള്‍ നേടിയത് ബെനൂച്ചിയായിരുന്നു.