ഓമശ്ശേരി: മുടൂര് മേപ്പളി അക്കരമ്മല്‍ തറവാട്ടിലെ ഗജറാണി അക്കരമ്മല്‍ ലൈല വിടവാങ്ങി. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു 67 വയസ്സുള്ള പിടിയാന ചരിഞ്ഞത്.
പ്രായാധിക്യംമൂലമുള്ള ക്ഷീണമുണ്ടായിരുന്നെങ്കിലും കാര്യമായ ആരോഗ്യപ്രശ്നങ്ങളൊന്നും ആനയ്ക്കുണ്ടായിരുന്നില്ലെന്ന് ഉടമ അക്കരമ്മല്‍ നജുമുദീന് പറഞ്ഞു. 35 വര്‍ഷംമുമ്പാണ് ലൈല അക്കരമ്മല്‍ ആനത്തറവാട്ടില്‍ എത്തിയത്.
ലൈലയെ അവസാനമായൊരുനോക്കുകാണാന് ഒട്ടേറെപ്പേരാണ് എത്തിയത്. ഒമ്പത് പതിറ്റാണ്ട് പിന്നിട്ട ആനപ്പാരമ്പര്യമുള്ള കേരളത്തിലെ പ്രശസ്തമായ ആനത്തറവാടാണ് അക്കരമ്മല്‍. 35 വര്‍ഷംമുമ്പാണ് താമരശ്ശേരി എളേറ്റില്‍ വട്ടോളിയില്‍നിന്ന് ലൈലയെ ഇവര്‍ വാങ്ങിയത്.
ലൈലയ്ക്കുശേഷം ഒട്ടേറെ ആനകള്‍ തറവാട്ടിലെത്തി. ഒമ്പതു പതിറ്റാണ്ടുകള്‍ക്കുമുമ്പേ തുടങ്ങിയതാണ് അക്കരമ്മല്‍ തറവാട്ടിലെ ആനകളുടെ ചങ്ങലക്കിലുക്കം. അവിടന്നിങ്ങോട്ട് ഒട്ടേറെ ഗജവീരന്മാരും ഗജറാണികളും ഇവിടെ എത്തി. അക്കരമ്മല്‍ ബാബുല്‍, മോഹന്‍, വേലായുധന്, ശേഖരന് എന്നിവരാണ് നിലവില്‍ അക്കരമ്മല്‍ തറവാട്ടിലെ മറ്റാനകള്‍.
തിങ്കളാഴ്ച രാവിലെ പത്തുമണിയോടെ കോഴിക്കോട് ഫോറസ്റ്റ് വെറ്ററിനറി സര്ജന് അരുണ്‍ സത്യന്റെ നേതൃത്വത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയതിനുശേഷം ജഡം ദഹിപ്പിക്കും
Content highlight: Akkarammal Laila Died