Curated by Deepu Divakaran | Samayam Malayalam | Updated: 26 Mar 2023, 10:45 pm
ഇന്നസെൻ്റ് ഇനി ഓർമ്മ. കൊച്ചിയിലെ വിപിഎസ് ലേക് ഷോർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് താരത്തിൻ്റെ അന്ത്യം. 75 വയസായിരുന്നു. രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നത്.
ഹൈലൈറ്റ്:
- ഇന്നസെൻ്റ് (75) അന്തരിച്ചു.
- രണ്ടാഴ്ച മുൻപാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
- കൊച്ചിയിലെ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
1948 ഫെബ്രുവരി 28 ന് ഇരിങ്ങാലക്കുടയിൽ തെക്കേത്തല വറീതിന്റെയും മർഗലീത്തയുടെയും മൂന്നാമത്തെ മകനായാണ് ഇന്നസെൻ്റിൻ്റെ ജനനം. ലിറ്റിൽ ഫ്ലവർ കോൺവെന്റ് ഹൈസ്കൂൾ, നാഷണൽ ഹൈസ്കൂൾ, ഡോൺ ബോസ്കോ എസ്എൻഎച്ച് സ്കൂൾ എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം. എട്ടാം ക്ലാസിൽ വിദ്യാഭ്യാസം അവസാനിപ്പിച്ചു. പിന്നീട് മുനിസിപ്പൽ കൗൺസിലറായി തെരഞ്ഞെടുക്കപ്പെട്ടു. സംവിധായകൻ മോഹൻ മുഖേനയാണ് ചലച്ചിത്ര മേഖലയിലേക്കുള്ള രംഗപ്രവേശം.
1972 ൽ പുറത്തിറങ്ങിയ നൃത്തശാലയാണ് ആദ്യ ചിത്രം. തുടർന്നു അഞ്ചൂറിലധികം ചിതങ്ങളുടെ ഭാഗമായി. ഡേവിഡ് കാച്ചപ്പിള്ളിയുമായി ചേർന്ന് ശത്രു കംബൈൻസ് എന്ന സിനിമാ നിർമ്മാണ കമ്പനിക്കും രൂപം നൽകിയിരുന്നു. 2014 ലെ ലോകസഭാ തെരഞ്ഞെടുപ്പിൽ ചാലക്കുടി മണ്ഡലത്തിൽ എൽഡിഎഫ് പിന്തുണയോടെ മത്സരിച്ച അദ്ദേഹം വിജയം കണ്ടു. എന്നാൽ 2019 ൽ വീണ്ടും മത്സരത്തിനിറങ്ങിയെങ്കിലും കോൺഗ്രസിൻ്റെ ബെന്നി ബെഹ്നാനോട് പരാജയപ്പെട്ടു. തുടർന്നും അദ്ദേഹം രാഷ്ട്രീയ, സംസ്കാരിക വേദികളിൽ സജീവ സാന്നിധ്യമായി. ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡൻ്റ് പദവിയും വഹിച്ചിട്ടുണ്ട്.
അർബുദ രോഗത്തെ തൻ്റെ ഇച്ഛാശക്തികൊണ്ടു അതിജീവിച്ചു ശക്തമായ തിരിച്ചുവരവ് നടത്തിയ വ്യക്തി കൂടിയാണ് ഇന്നസെൻ്റ്. 2013 ലാണ് തൊണ്ടയ്ക്ക് രോഗം ബാധിച്ചത്. ചികിത്സകൾക്കൊടുവിൽ സുഖം പ്രാപിച്ച അദ്ദേഹം കാൻസർ വാർഡിലെ ചിരി എന്ന പുസ്തകവും രചിച്ചു ശ്രദ്ധ നേടിയിരുന്നു. എംപിയായപ്പോൾ പാർട്ടിക്ക് നാലു വോട്ട് പിടിക്കാനല്ല താൻ ശ്രമിച്ചതെന്നും അഞ്ചിടത്ത് കാൻസർ പരിശോധനാ സംവിധാനങ്ങൾ സ്ഥാപിച്ചുവെന്നും ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. ആലീസ് ആണ് ഭാര്യ. സോണറ്റ് മകനും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക