Curated by Karthik KK | Samayam Malayalam | Updated: 27 Mar 2023, 12:21 am
നടൻ ഇന്നസെൻ്റിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അുശോചനം അറിയിച്ചു. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് അദ്ദേഹമെന്ന് മുഖ്യമന്ത്രി അനുശോചന സന്ദേശത്തിൽ പറഞ്ഞു.
ഹൈലൈറ്റ്:
- ഇന്നസെൻ്റ് അന്തരിച്ചു.
- മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം അറിയിച്ചു.
- നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെൻ്റെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ചലച്ചിത്ര മേഖലയുടെ വ്യത്യസ്ത മേഖലകളിൽ അദ്ദേഹം വ്യക്തിമുദ്ര പതിപ്പിച്ചു. സ്വഭാവ നടനായും ഹാസ്യ നടനായും നിർമാതാവ് എന്ന നിലയിലുമെല്ലാം തിളങ്ങി. എക്കാലവും ഇടതുപക്ഷ മനസ്സ് സൂക്ഷിച്ച ഇന്നസെന്റ് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അഭ്യർത്ഥന പ്രകാരം ലോക്സഭ സ്ഥാനാർഥി ആയതും വിജയിച്ചശേഷം പാർലമെന്റിൽ കേരളത്തിന്റെ ആവശ്യങ്ങൾ ശ്രദ്ധേയമാംവിധം ഉന്നയിച്ചതും കേരളം നന്ദിയോടെ ഓർക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
നിശ്ചയദാർഢ്യത്തോടെ രോഗത്തോട് അവസാന നിമിഷം വരെ പൊരുതിയതിലൂടെ വലിയൊരു മാതൃകയാണ് ഇന്നസെന്റ് സ്വന്തം ജീവിതം കൊണ്ട് കാട്ടിയത്. രോഗം എന്ന് കേൾക്കുന്ന മാത്രയിൽതന്നെ തളർന്നുപോകുന്ന പലർക്കും ഇടയിൽ രോഗസംബന്ധമായ അസ്വാസ്ഥ്യങ്ങൾ നിലനിൽക്കെത്തന്നെ ആത്മവിശ്വാസത്തോടെ വ്യക്തി ജീവിതവും പൊതുജീവിതവും അദ്ദേഹം മുന്നോട്ട് കൊണ്ടുപോയി. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ ഭാഗമായിനിന്ന് പ്രവർത്തിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ വളരെ ശ്രദ്ധേയമായ അധ്യായമാണെന്ന് ഇന്നസെന്റ് പറയുമായിരുന്നുവെന്നും മുഖ്യമന്ത്രി ഓർത്തു.
ചലച്ചിത്രത്തിൽ എന്നതുപോലെ ജീവിതത്തിലും നർമ്മമധുരമായ വാക്കുകൾ കൊണ്ടും പെരുമാറ്റം കൊണ്ടും സമൂഹത്തെ സന്തോഷിപ്പിക്കുക എന്നതാണ് തനിക്ക് ചെയ്യാനുള്ളത് എന്ന വിശ്വാസക്കാരനായിരുന്നു ഇന്നസെന്റ്. പല പതിറ്റാണ്ടുകൾ മലയാള ചലച്ചിത്രരംഗത്ത് നിറഞ്ഞുനിന്ന അദ്ദേഹം ചലച്ചിത്ര കലാകാരന്മാരുടെ സംഘടനയെ നീണ്ടകാലം ശ്രദ്ധേയമാവിധം നയിച്ചു. നമ്മുടെ കലാസാംസ്കാരിക രംഗങ്ങൾക്കും പൊതു രാഷ്ട്രീയ രംഗത്തിനും ഒരുപോലെ കനത്ത നഷ്ടമാണ് ഇന്നസെന്റിന്റെ വിയോഗം മൂലം ഉണ്ടായിട്ടുള്ളത്. അത് മലയാളികളുടെ ആകെ നഷ്ടമാണെന്നും അനഷശോചന കുറിപ്പിൽ അദ്ദേഹം വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക