ഇന്ത്യൻ വെയ്സ്റ്റ്കോട്ട് ധരിച്ചാണ് എപ്പോഴും അഡ്ഢണ്ഡ സി കരിയപ്പ പൊതുവേദികളിൽ പ്രത്യക്ഷപ്പെടാറ്. വലതുകൈയിൽ രാഖി ധരിച്ചിരിക്കും. വളരെ ഉത്സാഹത്തോടെ വാദപ്രതിവാദങ്ങളിലേർപ്പെടും. ടിപ്പുവിന്റെ മരണവുമായി ബന്ധപ്പെട്ട ഒരു ഐതിഹ്യം നാടകരൂപത്തിൽ അരങ്ങിലെത്തിച്ചപ്പോൾ മാധ്യമപ്രവർത്തകരിൽ നിന്നുണ്ടായ ചോദ്യങ്ങൾക്ക് അത്യുത്സാഹത്തോടെ മറുപടി പറയുന്ന അഡ്ഢണ്ഡയുടെ വീഡിയോ യൂടൂബിൽ കാണാം. ‘സത്യദ അനാവരണ മാഡലികെ’ എന്നാണ് അദ്ദേഹം നൽകുന്ന മറുപടി. ടിപ്പുവിന്റെ മരണം സംബന്ധിച്ച ‘സത്യം’ താൻ അനാവരണം ചെയ്യുകയാണെന്ന് അഡ്ഢണ്ഡ കരുതുന്നു. ഏറെക്കാലമായി നാടകരംഗത്തുള്ളയാളാണ് അഡ്ഢണ്ഡ. കർണാടകദേശത്ത് നാടക സംസ്കാരം ശക്തമാണ് ഇന്നും. രംഗശങ്കര അടക്കമുള്ള തിയറ്ററുകൾ ലോക വിഖ്യാതവുമാണ്. ഗിരീഷ് കർണാഡ് അടക്കമുള്ള മഹാപ്രതിഭകൾക്കിടയിൽ അധികമാരും ഗൗനിക്കാതെ വിട്ടിരുന്നയാളാണ് അഡ്ഢണ്ഡ. എന്നാൽ, കഴിഞ്ഞ കുറച്ചു നാളുകൾക്കിടയിൽ കാര്യങ്ങൾ മാറിമറിഞ്ഞു. കർണാടകത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന നാടകക്കാരനാണ് അഡ്ഢണ്ഡ. അത് കലാപരമായ നേട്ടങ്ങളുടെ പേരിലല്ല, മറിച്ച് അദ്ദേഹം നടത്തിയ ഒരു രാഷ്ട്രീയ ഇടപെടലിന്റെ പേരിലാണെന്നു മാത്രം.
മൈസൂരുവിലെ നാടകകലാകേന്ദ്രമായ രംഗായനയുടെ ഡയറക്ടറാണ് അഡ്ഢണ്ഡ കരിയപ്പ. സംസ്ഥാനത്തെ നാടക ആസ്വാദകര്‍ക്കിടയിലെ ജനകീയന്‍. കന്നഡയ്ക്ക് പുറമേ കൊടവ ഭാഷയിലും നാടകങ്ങളും പുസ്തകങ്ങളും രചിച്ചിട്ടുള്ള കരിയപ്പ, കൊടവ സാഹിത്യ അക്കാദമിയുടെ അധ്യക്ഷ പദവിയും അലങ്കരിച്ചിട്ടുണ്ട്. സമകാലിക വിഷയങ്ങളേക്കാള്‍ ഐതിഹ്യവും ചരിത്രവും കോര്‍ത്തിണക്കി കലാസ്വാദകരുമായി സംവദിക്കുന്നതാണ് അദ്ദേഹത്തിന്റെ രചനാശൈലി. ‘തെക്കിന്റെ കശ്മീര്‍’ എന്നറിയപ്പെടുന്ന കുടക് ജില്ലയില്‍ നിന്നാണ് കരിയപ്പ വരുന്നത്. ബാല്യത്തില്‍ തന്നെ നാടകം ലഹരിയായി. നാടകമാണ് ജീവിതവായുവെന്ന് അക്കാലത്തെ തന്നെ ഉറപ്പിച്ചു. സഹപാഠികള്‍ ബിരുദ പഠനത്തിനായി പോയപ്പോള്‍ കരിയപ്പ പോയത് 10 മാസത്തെ തിയറ്റര്‍ കോഴ്സ് നല്കുന്ന നിലകാന്തേശ്വര നാട്യ സേന സംഘത്തില്‍ ചേരാനാണ്. അത്രയ്ക്കുണ്ടായിരുന്നു നാടക കമ്പം. അവിടെ നിന്ന് നാടകാവതരണത്തിന്റെ അടിസ്ഥാന പരിശീലനം സിദ്ധിച്ചു. സൃഷ്ടി കൊടവ രംഗ എന്ന പേരില്‍ നാടകകലാകേന്ദ്രം സ്ഥാപിച്ച് നാടകലോകത്തേക്ക് കാല്‍വെച്ചു.
കന്നഡമണ്ണില്‍ വിവിധ ഇടങ്ങളിലായി കന്നഡ, കൊടവ ഭാഷകളില്‍ കരിയപ്പയുടെ നാടകങ്ങളെത്തി. മാക്ബത്ത്, ഹാംലെറ്റ്, കിങ് ലയര്‍, ഈഡിപ്പസ്, ഡാംഗേയ മുഞ്ചിന ദിനഗലു, അരുന്ധതി ആലപ്, തബരണ തുടങ്ങി നിരവധി നാടകങ്ങള്‍ കഴിവുറ്റ സംവിധാനത്തില്‍ അവതരിപ്പിച്ചു. കൊടവ ഭാഷയില്‍ 20 -ധികം നാടകങ്ങള്‍ എഴുതിയിട്ടുള്ള അദ്ദേഹം കുട്ടികളുടെ നാടകങ്ങളും തെരുവുനാടകങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. കന്നഡയിലും കൊടവയിലും പത്തിലധികം നാടകങ്ങള്‍ സംഭാവന ചെയ്തു. 2012-ല്‍ അദ്ദേഹം കര്‍ണാടകയിലെ ആദിവാസി സമൂഹങ്ങള്‍ക്കായി നാടക പരിശീലന ശില്പശാല സംഘടിപ്പിച്ചു. സംസ്ഥാന വിഭാഗത്തില്‍ മികച്ച പ്രാദേശിക ചിത്രത്തിനുള്ള അവാര്‍ഡ് നേടിയ ബാല്‍ പോളണ്ടത്ത് എന്ന സിനിമയുടെ സംവിധായകനുമാണ്.
എഴുത്തുകാരനെന്ന നിലയിലാണ് അഡ്ഢണ്ഡ സി കരിയപ്പ ആദ്യമായി ദേശീയ തലത്തില്‍ ശ്രദ്ധ നേടുന്നത്. അതും ടിപ്പുവിനെക്കുറിച്ച് രചിച്ച പുസ്തകത്തിന്റെ പേരില്‍. കരിയപ്പ രചിച്ച ‘ടിപ്പു നിജ കനസുകളു’ (ടിപ്പുവിന്റെ യഥാർത്ഥ സ്വപ്നങ്ങൾ) തുടക്കത്തില്‍ തന്നെ വിവാദച്ചുഴിയില്‍ പെട്ടിരുന്നു. കൃത്യമായ തെളിവുകളോ റെഫറന്‍സോ ഇല്ലാതെ ചരിത്രത്തെ വളച്ചൊടിക്കുന്ന എഴുത്ത് എന്നായിരുന്നു പ്രധാന ആരോപണം. പുസ്തകത്തിന്റെ പ്രസിദ്ധീകരണം തടയുന്നതിന് ബി.എസ്. റഫീഉല്ല എന്ന ബംഗളൂരു സ്വദേശിയും മുന്‍ ജില്ല വഖഫ് ബോര്‍ഡ് ചെയര്‍മാനുമായ വ്യക്തി ബംഗളൂരു കോടതിയില്‍ ഹര്‍ജിയും ഫയല്‍ ചെയ്തിരുന്നു. പുസ്തകത്തിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തി കോടതി ഉത്തരവിറക്കിയെങ്കിലും പിന്നീടത് റദ്ദാക്കപ്പെട്ടു. രാഷ്ട്രോത്ഥാന മുദ്രണാലയ പ്രസാധനം ചെയ്ത പുസ്തകം അയോധ്യ പബ്ലിക്കേഷനാണ് പുറത്തിറക്കിയത്.
വിവാദമാവുന്ന ‘ടിപ്പു നിജ കനസുകളു’
ചരിത്രപരമായ സാധൂകരണം ഇല്ലാതെ ടിപ്പുവിനെ അവതരിപ്പിച്ചുവെന്ന, പുസ്തകത്തിനെതിരെ ഉയര്ന്നഅതേ ആരോപണം തന്നെയാണ് നാടകത്തിനെതിരെയും വന്നിരിക്കുന്നത്. ടിപ്പുവിനെ കൊലപ്പെടുത്തിയതായി കരിയപ്പ അവതരിപ്പിക്കുന്ന ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവരിലൂടെ വൊക്കലിഗക്കാര്‍ക്ക് പുതിയ ധീരന്മാരെ സൃഷ്ടിച്ചു എന്നു തുടങ്ങുന്നു അവ. പല ചരിത്രകാരന്മാരും കരിയപ്പയ്ക്കെതിരേ രംഗത്തെത്തിയതും പ്രസക്തമാണ്.
കരിയപ്പയെ പിന്തുണയ്ക്കുന്നവരില്‍ പ്രമുഖര്‍ ബിജെപിക്കാരാണ്. സംസ്ഥാനത്തെ കേന്ദ്രമന്ത്രി ശോഭ കരന്തലജെയും മുഖ്യമന്ത്രി ബസവരാജ് ബൊമ്മയും, വൊക്കലിഗ മന്ത്രിമാരായ അശ്വന്ത് നാരായണ്‍, ഗോപാലയ്യ, വൊക്കലിഗ നേതാവ് സി ടി രവി എന്നിവര്‍ പ്രത്യേകിച്ചും കരിയപ്പയ്ക്കു വേണ്ടി രംഗത്തുണ്ട്. ഉറി ഗൗഡ, നഞ്ചെ ഗൗഡ എന്നിവര്‍ സാങ്കല്പിക സൃഷ്ടിയെന്നാണ് ജീവിച്ചിരുന്നവരല്ലെന്നുമാണ് കോണ്‍ഗ്രസും ജെഡിഎസും പറയുന്നത്.
2024 തിരഞ്ഞെടുപ്പ്: നിതീഷിനെ വെട്ടാൻ ബിജെപിയുടെ ലവ-കുശ ഇടപെടൽ
‘ടിപ്പു നിജ കനസുകളു’ എന്ന നാടകം ബംഗളൂരുവിലെ 100 വേദികളില്‍ അവതരിപ്പിക്കുമെന്നാണ് കരിയപ്പ പറയുന്നത്. “പലരും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത ടിപ്പു സുല്‍ത്താന്റെ മറുമുഖമാണ് ഈ നാടകം, ഇവിടെ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമാണ് അഭിപ്രായസ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവുമുള്ളത്. ടിപ്പു സുല്‍ത്താന്റെ ഇരുണ്ടതും ക്രൂരമായ വശവും അവതരിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ എന്റെ ശബ്ദം അടിച്ചമര്‍ത്തപ്പെടുന്നത് അതുകൊണ്ടാണ്. സമഗ്രമായ ഗവേഷണത്തിനും നിരവധി പുസ്തകങ്ങളെ അടിസ്ഥാനമാക്കിയുമാണ് ഞാന്‍ ഈ സാഹിത്യ സൃഷ്ടിയുമായി രംഗത്തെത്തിയത്. ഞാന്‍ പറയുന്നത് തെറ്റാണെന്ന് വിമര്‍ശകര്‍ കരുതുന്നുവെങ്കില്‍, സംവാദത്തിന് തയ്യാറാണ്. എന്നാല്‍ ഈ പുസ്തകവും നാടകവും എഴുതിയതിന് ശേഷം സംഭവിച്ചത് എനിക്ക് നേരെയുള്ള സ്വഭാവഹത്യയാണ്. ബംഗളൂരു ഉള്‍പ്പെടെ കര്‍ണാടകയുടെ എല്ലാ ഭാഗങ്ങളിലും ഈ നാടകം എത്തിക്കും. ആളുകള്‍ കൂട്ടത്തോടെ എത്തും. മൈസൂരിലെ അടുത്ത 10 ഷോകള്‍ ഹൗസ്ഫുള് ആണ്. കഥയിലെ വസ്തുതകളെക്കുറിച്ച് ആത്മവിശ്വാസമുണ്ട്, ടിപ്പുവിനെ കൊന്നത് ബ്രിട്ടീഷുകാരല്ല, വൊക്കലിഗക്കാരാണ് എന്നതിന് എന്റെ പക്കല്‍ തെളിവുകളുണ്ട്. അവ കോടതിയില്‍ മാത്രമേ ഹാജരാക്കൂ.” ഹിന്ദുവും മുസ്ലീമും പരസ്പരം ആലിംഗനം ചെയ്യുന്നിടത്താണ് തന്റെ നാടകം അവസാനിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെടുന്നു.
ചരിത്രകാരന്മാര് പറയുന്നത്
കരിയപ്പയുടെ പുസ്തകത്തിന്റെ കവര്‍ പേജ് തന്നെ തെറ്റിദ്ധാരണ ജനിപ്പിക്കുന്നു എന്നാണ് മൈസൂര്‍ യൂണിവേഴ്സിറ്റിയിലെ ചരിത്രകാരനും പ്രൊഫസറായ എന്‍ എസ് രംഗരാജു പറയുന്നത്. സൗമ്യവദനനായ ടിപ്പു സുൽത്താനെയാണ് നാമിത്രനാളും ചിത്രങ്ങളിൽ കണ്ടിട്ടുള്ളത്. എന്നാൽ അഡ്ഢണ്ഡയുടെ പുസ്തകത്തിന്റെ കവർച്ചിത്രം ക്രൗര്യം നിറഞ്ഞ മുഖമുള്ള ഒരാളായി ടിപ്പുവിനെ ചിത്രീകരിച്ചിരിക്കുന്നു. ജനങ്ങളുടെ വികാരത്തെ വ്രണപ്പെടുത്തുന്ന ഇത്തരം വികലമായ സാഹിത്യ രചനകള്‍ സമൂഹത്തില്‍ നിരോധിക്കണമെന്ന് രംഗരാജു അഭിപ്രായപ്പെടുന്നു. മാണ്ഡ്യയിലും ശ്രീരംഗപട്ടണത്തിലും പതിറ്റാണ്ടുകളായി ടിപ്പുവിന്റെ ഭരണത്തെയും കാലത്തെയും കുറിച്ച് പറയുന്ന നാടോടി ഗാനങ്ങള്‍ ഇന്നും നിലവിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. അവയെയെല്ലാം നിരാകരിക്കാനാണ് കരിയപ്പ ശ്രമിക്കുന്നത്.
അഡ്ഢണ്ഡ പറയുന്നതല്ല ഉറി ഗൗഡയുടെയും നഞ്ച ഗൗഡയുടെയും ചരിത്രമെന്ന് എൻ എസ് നാഗരാജു പറയുന്നു. 1798-99 ലെ നാലാം മൈസൂര്‍ യുദ്ധത്തില്‍ ടിപ്പുവിനെ കൊന്നത് വൊക്കലിഗ നായകരാണെന്നാണ് കരിയപ്പ പറയുന്നത്. എന്നാല്‍ മറാത്തികളുടെ പിടിയില്‍ നിന്ന് ടിപ്പുവിനെയും മാതാവിനെയും രക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്ത ഹൈദരാലിയുടെ സൈനികരാണ് ഉറി ഗൗഡയും നഞ്ചെ ഗൗഡയും. നാലാം ആംഗ്ലോ-മൈസൂര്‍ യുദ്ധത്തില്‍ ടിപ്പു കൊല്ലപ്പെട്ടത് ബ്രിട്ടീഷുകാരും മറാത്തകളും നിസാമുകളും തമ്മിലുള്ള ഉടമ്പടിയുടെ അടിസ്ഥാനത്തിലാണ്. ഇതിനായി അവര്‍ നടത്തിയ സൂക്ഷ്മമായ ആസൂത്രണത്തിന് പ്രാധാന്യമേറെയാണ്. അല്ലാതെ സുശക്തവും അഭേദ്യവുമായ ടിപ്പുവിന്റെ സൈന്യത്തെ മറികടന്ന് രണ്ട് വ്യക്തികള്‍ക്ക് അദ്ദേഹത്തെ കൊല്ലാന്‍ കഴിയില്ലെന്നും എന്‍ എസ് രംഗരാജു വ്യക്തമാക്കുന്നു.
ടിപ്പു സുല്‍ത്താനെതിരെ തയ്യാറാക്കിയ ബ്രിട്ടീഷ് യുദ്ധപദ്ധതി വിശദീകരിക്കുന്ന ഭൂപടങ്ങള്‍ ശേഖരിച്ച ബെംഗളൂരുവില്‍ നിന്നുള്ള കളക്ടര്‍ സുനില്‍ ബാബു പങ്ക് വയ്ക്കുന്നതും സമാനമായ വാദമാണ്. ‘ടിപ്പുവിനെ കൊല്ലാന്‍ ഒരു വൊക്കലിഗ ശ്രമിച്ചതായി പരാമര്‍ശമില്ല. ടിപ്പുവിനെ കൊന്നത് ബ്രിട്ടീഷുകാരും മറാത്തകളും നിസാമുകളും അടങ്ങുന്ന സഖ്യസേനയാണ്. യഥാര്‍ത്ഥത്തില്‍, ചരിത്രപ്രേമികള്ക്കിടയില് ധാരാളം അനുമാനങ്ങളുണ്ട്. എന്നാല്‍ നാലാമത്തെ ആംഗ്ലോ-മൈസൂര്‍ യുദ്ധസമയത്ത് നടന്ന സംഭവങ്ങളുടെ വിശദാംശങ്ങള്‍ വിശദീകരിക്കാന്‍ സാധ്യമായ രേഖകളൊന്നും ഇന്നില്ല.
ടിപ്പു-ചില കന്നഡ നാടകങ്ങള്‍
കന്നട എഴുത്തുകാരനായ ഗിരീഷ് കര്‍ണാടിന്റെ ‘ടിപ്പു സുല്‍ത്താൻ കണ്ട സ്വപ്നം’ (ടിപ്പു സുൽത്താൻ കണ്ട കനസു) എന്ന നാടകം പങ്ക് വയ്ക്കുന്നത് ടിപ്പുവിനെതിരേ അരങ്ങേറുന്ന ബ്രിട്ടീഷ് തന്ത്രങ്ങളെ കുറിച്ചാണ്. ടിപ്പുവിന്റെ യഥാര്‍ത്ഥ ചരിത്രം വളച്ചൊടിക്കപ്പെട്ടത് എങ്ങനെയെന്നും വിശദീകരിക്കുന്ന ഈ നാടകം 97-ല്‍ ബിബിസി റേഡിയോയിലും വന്നിട്ടുണ്ട്.
എച്ച്.എസ്. ശിവപ്രകാശിന്റെതാണ് അടുത്തത്. ടിപ്പു സുല്‍ത്താന്‍ എന്ന് പേരിട്ട നാടകം മിര്‍ സാദിഖ് ഒരുക്കിയ ചതിക്കുഴിയെ കുറിച്ച് പറയുന്നതാണ്. വിദേശത്തും ടിപ്പുവിനെ കുറിച്ച് നാടകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതിലൊന്ന് പാരിസില്‍ അവതരിപ്പിച്ചതാണ്.
1813 ജനുവരി 27-ന് പാരീസില്‍ അരങ്ങേറിയ നാടകമാണ് ടിപ്പു സാഹിബ്. ബ്രിട്ടീഷ് ചരിത്ര ഉറവിടങ്ങള്‍ അടിസ്ഥാനമാക്കി ഫ്രെഞ്ച് ഭാഷയില്‍ ഇറ്റീന് ടി ജോയ് രചിച്ച നാടകം പറയുന്നത് ടിപ്പുവിനെ ഒറ്റുകൊടുത്തത് ഹിന്ദുനാമധാരിയാണെന്നാണ്. ടിപ്പുവിനെ ചതിയില്‍പ്പെടുത്തിയ മിര്‍ സാദിഖിന് പകരമായാണ് ഹിന്ദുനാമധാരിയെ ഉപയോഗപ്പെടുത്തിയിരിക്കുന്നത്. വിഡോസ്, പരിയാസ്, ബയാഡെറസ്: ഇന്ത്യ ആസ് എ സ്പെക്ടാകിള് (Widows, Pariahs, and Bayaderes) എന്ന പുസ്തകത്തില്‍ ബിനിത മെഹ്ത്ത ഇക്കാര്യം ചൂണ്ടികാട്ടുന്നുണ്ട്.
ടിപ്പുവിനെക്കുറിച്ചുള്ള ഈ നാടകം ഇത്രയേറെ ചർച്ചയാകുന്നതിന് കാരണം രാഷ്ട്രീയമാണ്. ദക്ഷിണ കന്നഡ മേഖലയിലെ വോക്കലിഗ വോട്ടുകൾ ലക്ഷ്യം വെച്ച് ബിജെപി ശക്തമായ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട്. ജെഡിഎസ്സിന്റെ കോട്ടകളായിരുന്നു ഒരുകാലത്ത് ഈ മേഖല. ഇന്ന് അവിടങ്ങളിൽ ജെഡിഎസ്സിന് കാര്യമായ ഗ്രിപ്പില്ല. ബിജെപിക്ക് പ്രതീക്ഷയുണ്ടാക്കുന്ന തരത്തിലുള്ള വളർച്ചയും ഈ മേഖലയിലുണ്ട്. ടിപ്പുവിനെതിരായ വൈകാരികത വൊക്കലിഗകൾക്കിടയിൽ വളര്‍ത്തിയെടുത്താൽ അത് ബിജെപിക്ക് ഗുണം ചെയ്യും. ഇതാണ് നാടകത്തിനു പിന്നിലുള്ള ലക്ഷ്യമെന്നത് വ്യക്തമാണ്. ബാക്കിയെല്ലാം ഈ വർഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അറിയാം.