സിഗററ്റ് വലിക്കുന്നതിനേക്കാള്‍ നല്ലതാണ് ഹുക്ക എന്ന ചിന്തയിലാണ് പലരും ഇത് ഇഷ്ടപ്പെടുന്നത് തന്നെ. ഇന്ന് ആണ്‍കുട്ടികള്‍ മാത്രമല്ല, പെണ്‍കുട്ടികളും ഹുക്കവലിക്കാന് ഇഷ്ടപ്പെടുന്നു. പല രുചികളില്‍ ലഭ്യമാകുന്ന ഈ ഹുക്ക സത്യത്തില്‍ സിഗററ്റിനേക്കാള്‍ അപകടകാരിയാണ് എന്ന് പലരും മനസ്സിലാകുന്നില്ല.
ഹുക്കയില്‍ ഒളിച്ചിരിക്കുന്ന അപകടം
ഹുക്ക വലിച്ചാല്‍ ആരോഗ്യത്തിന് യാതൊരു ദോഷവും ഇല്ല എന്ന് ചിന്തിക്കുന്നവരോട്, നിങ്ങള്‍ ഒരു മണിക്കൂര്‍ ഹുക്ക വലിച്ചാല്‍ സിഗററ്റ് വലിക്കുന്നതിനേക്കാള്‍ 100 മുതല്‍ 200 മടങ്ങ് പുകയാണ് നിങ്ങളുടെ ശരീരത്തിനകത്തേക്ക് എത്തുന്നത്.
കൂടാതെ, ഹുക്കയില്‍ അടങ്ങിയിരിക്കുന്ന നികോട്ടിന് സിഗററ്റ് വലിക്കുന്നതിനേക്കാള്‍ ഇരട്ടിയായി ശരീരത്തില്‍ എത്തുന്നു. കാര്‍ബണ്‍ മോണോക്സൈഡ് മുതല്‍ 82 തരത്തിലുള്ള വിഷ വസ്തുക്കളാണ് ഹുക്കയില്‍ ഉള്ളത്. നമ്മള് ഹുക്ക വലിക്കുമ്പോള്‍ ഇവയെല്ലാം തന്നെ ശരീരത്തിലേയ്ക്ക് എത്തുന്നു. ഇത് സത്യത്തില്‍ പുകവലിക്കുന്നതിനേക്കാള്‍ അപകടമാണ് ഉണ്ടാക്കുന്നത്.
(വിവരങ്ങള്‍ക്ക് കടപ്പാട്: Dr. Vivek Toshniwal – Consultant Pulmonology, CARE Hospitals, Nampally, Hyderabad)
ഡോക്ടര്‍മാര്‍ പറയുന്നത്
ഹുക്കയില്‍ ചാര്‍കോള്‍ ഇട്ടാണ് പുകയില പുകയ്ക്കുന്നത്. ഈ സമയത്ത നിരവധി വിഷങ്ങളാണ് പുറത്തേക്ക് വരുന്നത്. ഇത്തരം വിഷപദാര്‍ത്ഥങ്ങള്‍ സിഗററ്റില്‍ കാണുന്നതിന്റെ അത്ര തന്നെ ഹുക്കയിലും കാണപ്പെടുന്നു.
അഥായത്, നമ്മള് 500 അല്ലെങ്കില്‍ 600 തവണ സിഗററ്റ് വലിക്കുന്നതിന് സമമാണ് ഒരു ഹുക്ക വലിക്കുന്നത് എന്നാണ് പല പഠനങ്ങളും പറയുന്നത്. അതിനാല്‍ തന്നെ, ഇത് ശ്വാസകോശത്തിന്റെ ആരോഗ്യം നശിപ്പിക്കുന്നതിന് ഒരു പ്രധാന കാരണമാണ്. ഹുക്കയില്‍ കാര്‍ബണ്‍ മോണോക്സൈഡ്, ഹെവി മെറ്റല്‍സ്, അതുപോലെ, മറ്റ് വിഷമയമായ വസ്തുക്കള്‍ അടങ്ങിയിരിക്കുന്നു.
ഇത് ശ്വാസകോശസംബന്ധമായ അസുഖങ്ങളിലേയ്ക്ക് നിങ്ങളെ തള്ളി വിടും. കൂടാതെ, സ്ഥിരമായി ഹുക്ക വലിക്കുന്നവരാണെങ്കില്‍ ശ്വാസകോശ കാന്‍സര്‍, ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍, എന്നിവ ഉണ്ടാകാനും സാധ്യത വളരെയധികം കൂടുതലാണ്.
ശ്വാസകോശത്തെ മാത്രമല്ല, ഹൃദയത്തിന്റെ ആരോഗ്യത്തേയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. ഹുക്കയില്‍ അടങ്ങിയിരിക്കുന്ന നിക്കോട്ടിന് ഹൃദയമിടിപ്പ് ക്രമാതീതമായി വര്‍ദ്ധിപ്പിക്കുന്നതിലേയ്ക്കും രക്തസമ്മര്‍ദ്ദം കൂടുന്നതിനും ഇത് കാരണമാകുന്നു.
ഇത് ഹൃദ്രോഗങ്ങള്‍ വരുന്നതിനും അതുപോലെ, പക്ഷാഘാതം ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട്. രക്തത്തിലെ ഓക്സിഡന് ലെവലിനേയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. ഇതും ഹൃദയാരോഗ്യത്തെ ബാധിക്കുന്നു.
പ്രമേഹം നിയന്ത്രിക്കാന്‍ ഉലുവ മുതല്‍ മഞ്ഞള്വരെ
മറ്റ് രോഗങ്ങള്‍
ഹൃദയത്തിനേയും ശ്വാസകോശത്തേയും മാത്രമല്ല, ഓറല്‍ ഹെല്‍ത്തിനേയും ഇത് കാര്യമായി ബാധിക്കുന്നുണ്ട്. നിങ്ങള്‍ ഹുക്ക കുറേ നേരം വലിച്ച് കൊണ്ടിരിക്കുമ്പോള്‍ വായയില്‍ ചൂടുള്ള പുക നില്‍ക്കുന്നത് വായ വരണ്ട് പോകുന്നതിന് കാരണമാകുന്നു.
വായ വരണ്ട് പോവുക മാത്രമല്ല, വായ്നാറ്റം, മോണ രോഗങ്ങള്‍ക്കുള്ള സാധ്യത, പല്ലുകളുടെ ആരോഗ്യം നഷ്ടപ്പെടുകയും പല്ല് വേഗത്തില്‍ കൊഴിഞ്ഞ് പോകുന്നതിന് കാരണമാവുകയും ചെയ്യുന്നു. കൂടാതെ, വയര്‍, ബ്ലാഡര്‍ എന്നിവയിയെല്ലാം തന്നെ കാന്‍സര്‍ വരാനുള്ള സാധ്യതയും ഹുക്ക ഉപയോഗം നയിക്കുന്നുണ്ട്.
പുരുഷന്മാരില് ആണെങ്കില്‍ പ്രത്യുല്പാദന ക്ഷമയേയും ബാധിക്കുന്നു. സ്ത്രീകളില്‍ ഇത് പ്രസവത്തില്‍ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുന്നതിലേയ്ക്കും കുട്ടിയ്ക്ക് തൂക്കം കുറവ് ഉണ്ടാകുന്നതിലേയ്ക്കും കുട്ടികള്‍ക്ക് ശ്വാസസംബന്ധമായ അസുഖങ്ങള്‍ വരുന്നതിനും ഇത് കാരണമാണ്.
English Summary: Side Effects Of Hookah