തിരുവനന്തപുരം: കേരള സര്‍വകലാശാലയിലെ മലയാളം മഹാനിഘണ്ടു (ലെക്സിക്കണ്‍) മേധാവി നിയമനത്തിനുള്ള യോഗ്യതകള്‍ തിരുത്തിയ വിജ്ഞാപനം പുറത്തുവന്നു. യോഗ്യതായി സംസ്കൃത ഗവേഷണ ബിരുദവും ചേര്‍ത്താണ് വിജ്ഞാപനം. മലയാളം ബിരുദാനന്തര ബിരുദം വേണ്ടതില്ലെന്നും വിജ്ഞാപനത്തില്‍ പറയുന്നു. വിജ്ഞാപനം സര്‍വകലാശാല ഓര്‍ഡിനന്‍സിന് വിരുദ്ധമാണെന്നാണ് ആരോപണം.
മുഖ്യമന്ത്രിയുടെ ഓഫീസര്‍ ഓണ്‍ സ്പെഷ്യല്‍ ഡ്യൂട്ടി ആര്. മോഹനന്റെ ഭാര്യ ഡോ. പൂര്‍ണിമ മോഹനെയാണ് ഈ തസ്തികയില്‍ നിയമിച്ചത്. സംസ്കൃതം അധ്യാപികയാണിവര്‍.
മലയാളഭാഷയില്‍ ഉന്നതപ്രാവീണ്യവും ഗവേഷണബിരുദവും പത്തുവര്‍ഷത്തെ മലയാള അധ്യാപനപരിചയവുമാണ് മഹാനിഘണ്ടു എഡിറ്ററുടെ നേരത്തെയുള്ള യോഗ്യത. ചട്ടങ്ങള്‍ പാലിക്കാതെയുള്ള നിയമനം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു.
കാലടി സംസ്കൃത സര്‍വകലാശാലയിലെ സംസ്കൃതവിഭാഗം അധ്യാപികയായ പൂര്‍ണിമ മോഹന്‍ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകള്‍ ഇല്ലെന്ന് പരാതിയില്‍ പറയുന്നു. ലെക്സിക്കണ്‍ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസറെ ചുമതലയില്‍നിന്ന് നീക്കിയാണ് വിവാദനിയമനം.
മലയാള പണ്ഡിതരായിരുന്ന ഡോ. ശൂരനാട് കുഞ്ഞന്‍പിള്ള, ഡോ. ആര്.ഇ. ബാലകൃഷ്ണന്, ഭാഷാശാസ്ത്ര പണ്ഡിതനായ ഡോ. സോമശേഖരന്‍നായര്‍ എന്നിവരുള്‍പ്പെടെയുള്ള മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെയാണ് ഇതുവരെ ലെക്സിക്കണ്‍ എഡിറ്റര്‍മാരായി നിയമിച്ചത്. മുതിര്‍ന്ന മലയാളം പ്രൊഫസര്‍മാരെ ഒഴിവാക്കിയാണ് മറ്റൊരു ഭാഷയില്‍ പ്രാവീണ്യമുള്ള വ്യക്തിക്ക് നിയമനം നല്‍കിയതെന്ന് സേവ് യൂണിവേഴ്സിറ്റി കാമ്പയിന് കമ്മിറ്റി ചെയര്മാന് ആര്.എസ്. ശശികുമാറും സെക്രട്ടറി എം. ഷാജര്‍ഖാനും ആരോപിച്ചു. ഇതിനിടെയാണ് യോഗ്യതകള്‍ തിരുത്തി സര്‍വകലാശാല വിജ്ഞാപനം പുറത്തുവന്നത്.