രഘുപതി രാഘവ രാജാറാം
ഈശ്വര അള്ളാ തേരേ നാം
സബ്കോ സന്മതി ദേ ഭഗവന്‍
മന്ദിര്‍ മസ്ജിദ് തേരേ ധാം
സബ്കോ ജന്മ ദിയാ ഭഗവാന്
രാഷ്ട്രപിതാവിന് ഏറെ പ്രിയപ്പെട്ട ഈ വരികള്‍ സ്വാതന്ത്ര്യസമരകാലത്തിന് അപ്പുറവും ഇന്ത്യയുടെ ആത്മാവിനെ ഉള്‍ക്കൊള്ളുന്നതാണ്. ഇന്ത്യന്‍ റിപ്പബ്ലിക് നിലനില്‍ക്കുന്നത് തന്നെ നാനാത്വത്തില്‍ ഏകത്വമെന്ന സങ്കല്‍പ്പത്തിലാണ്. ഏത് ജാതിയില്‍ പിറന്നാലും ഏത് മതത്തില്‍ വിശ്വസിച്ചാലും ഏത് ഭാഷ സംസാരിച്ചാലും രാജ്യത്തിന്റെ ഏതു ഭാഗത്ത് ജീവിച്ചാലും ഇന്ത്യക്കാര്‍ ഒന്നാണ് എന്ന സങ്കല്‍പ്പം. ജാതിമത വ്യത്യാസമില്ലാതെ ഏത് ആഘോഷങ്ങള്‍ക്കും ആരാധനകള്‍ക്കും ഇവിടെ സ്വാതന്ത്ര്യവുമുണ്ട്. ഈ ബഹുസ്വരത തടയപ്പെട്ടാല്‍ അത് ഇന്ത്യയാകില്ല. ലോകത്തിന്റെ മുന്നില്‍ ഇന്ത്യയെന്ന രാഷ്ട്രം അടയാളപ്പെടുത്തപ്പെടുന്നതും മതേതര-ജനാധിപത്യ രാഷ്ട്രമെന്നാണ്. നിര്‍ഭാഗ്യവശാല്‍ രാജ്യത്തെ ബഹുദേശീയത, ബഹുഭാഷ, ബഹുസംസ്കാര സ്വഭാവത്തിന് നേരെ സ്വതന്ത്യസമരകാലത്ത് തന്നെ വാളുയര്ന്നിരുന്നു. അതിന്റെ അലയൊലികള്‍ 1947 മുതല്‍ എല്ലാക്കാലത്തും രാജ്യത്ത് പ്രതിധ്വനിച്ചിട്ടുമുണ്ട്. ഹിന്ദുത്വ ദേശീയതയിലൂന്നിയ രാഷ്ട്രം സ്വപ്നം കണ്ടിരുന്ന അക്കൂട്ടരുടെ ലക്ഷ്യം ‘ബഹു’ എന്ന പദത്തെ ‘ഏകം’ എന്നതിലേക്ക് മാറ്റിയെടുക്കുക, അതായത് ‘ഒരു രാജ്യം, ഒരു ഭാഷ, ഒരു സംസ്കാരം’ എന്നാക്കുക എന്നതാണ്. ഹിന്ദുത്വ ദേശീയതയും അതിനായി ഹിന്ദുക്കള്‍ ഏകീകരിക്കപ്പെടണമെന്നുമുള്ള പ്രഖ്യാപിത ലക്ഷ്യത്തിലൂന്നി രൂപീകരിക്കപ്പെട്ട ആര്‍എസ്എസ് അടക്കമുള്ള അതിനായി പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്തും ഏതും ഹിന്ദുത്വവല്ക്കരിക്കുക ആയിരുന്നു ലക്ഷ്യപ്രാപ്തയിലേക്കുള്ള അവരുടെ ആദ്യമാര്‍ഗം.
അതിലൊന്ന് ഹിന്ദു ആഘോഷങ്ങളിലേക്കുള്ള കടന്നുകയറ്റമായിരുന്നു. സ്വതന്ത്യം നേടിയ കാലം മുതല്‍ ഉള്ളതാണെങ്കിലും അതിന്റെ പ്രതിധ്വനി വ്യക്തമായി രാജ്യം അറിഞ്ഞത് 1992ലാണ്. രാമജന്മ ഭൂമി തര്‍ക്കം നിലനില്‍ക്കേ, അയോധ്യയില്‍ ഗാന്ധി അനുയായികളുടെ നേതൃത്വത്തില്‍ ഒരു പ്രാര്‍ത്ഥനായോഗം നടന്നു. ഗാന്ധിജിയുടെ ഡോക്ടറായ, 80 വയസോളം ഉണ്ടായിരുന്ന സുശീല നയ്യാര്‍ ആയിരുന്നു ആ പ്രാര്‍ത്ഥന യോഗത്തിന് നേതൃത്വം നല്‍കിയത്. അവര്‍ രഘുപതി രാഘവ രാജാറാം ആണ് പാടികൊണ്ടിരുന്നത്. അതിലെ ഈശ്വര അള്ളാ തേരേ നാം എന്ന വരികളിലേക്ക് എത്തിയപ്പോള്‍ ഒരുകൂട്ടം ആളുകള്‍ യോഗത്തിനെതിരെ മുദ്രാവാക്യം വിളികളുമായി രംഗത്തെത്തി. അവരെ ഗാന്ധിയന്‍ സ്വപ്നങ്ങള്‍ പറഞ്ഞ് അനുനയിപ്പിക്കാന്‍ ശ്രമിച്ചു സുശീല നയ്യാർ. പക്ഷെ ഭ്രാന്ത് ആവേശിച്ചിരുന്ന അക്കൂട്ടർക്ക് അതൊന്നും മതിയായില്ല. ആക്രോശത്തോടെ ആ കൂട്ടം വിളിച്ചുപറഞ്ഞത് ഗാന്ധിയെപ്പോലെ തന്നെ നിങ്ങളും മുസ്ലിങ്ങളെ പ്രീണിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാണ് ഞങ്ങള്‍ കരുതുന്നത് എന്നായിരുന്നു. അത് ഒറ്റപ്പെട്ട സംഭവമായിരുന്നില്ല, അന്യമതവിദ്വേഷമെന്ന ഭൂതത്തെ അവര്‍ കെട്ടഴിച്ച് വിട്ടിട്ട് കാലങ്ങളായിരുന്നു. അതിന്റെ ഗൗരവം ചൂണ്ടിക്കാട്ടുന്നതാണ് ഏകപക്ഷീയവും അപരമത വിദ്വേഷത്തിലൂന്നിയതുമായ ആക്രമണങ്ങള്‍.
70ലെ ഭീവണ്ടി- വാരണാസി കലാപങ്ങള്‍
ഹിന്ദുമതാഘോഷങ്ങള് ഹിന്ദുത്വര്‍ ആയുധമായി മാറ്റിയതിന്റെ ചരിത്രം ആരംഭിക്കുന്നത് 1970-കളിലാണ്. രാമായണം, മഹാഭാരതം എന്നിങ്ങനെ ഹിന്ദു ഇതിഹാസങ്ങളില്‍ അഗാധ പാണ്ഡ്യത്വവും വിശ്വാസവുമുണ്ടായിരുന്ന മുന്‍ ചക്രവര്‍ത്തി ശിവാജിയുടെ ജന്മദിനം ആഘോഷിക്കാന്‍ ശിവജയന്തി ഉത്സവസമിതി തീരുമാനിക്കുന്നു. അതിന് മുന്‍പും ഇതേ ആഘോഷം സംസ്ഥാനത്ത് നടന്നിട്ടുണ്ട്. എന്നാല്‍ അക്കൊല്ലം ശിവജയന്തി ഘോഷയാത്ര നടത്തിയത് മുസ്ലീം ഭൂരിപക്ഷ മേഖല കേന്ദ്രീകരിച്ചായിരുന്നു. ഇതിനെതിരെ മുസ്ലീം സമുദായം അധികാരികളെ കണ്ടെങ്കിലും ഫലമുണ്ടായില്ല. ഘോഷയാത്ര നിസാംപുരയിലൂടെ കടന്നുപോകുമ്പോള്‍ മുസ്ലീങ്ങള്‍ക്കെതിരെ മുദ്രാവാക്യം ഉയര്‍ന്നു. അത് പിന്നീട് ഹിന്ദു-മുസ്ലീം സംഘര്‍ഷത്തിലേക്ക് പോവുകയും കലാപമായി മാറുകയും ചെയ്തു.
അഡ്ഢണ്ഡ സി കരിയപ്പ: കർണാടക ബിജെപിയുടെ പുതിയ രാഷ്ട്രീയ നാടകത്തിന്റെ സംവിധായകൻജസ്റ്റിസ് മഡോണ്‍ റിപ്പോര്‍ട്ട് പ്രകാരം ഭിവണ്ടി കലാപമെന്ന് അറിയപ്പെടുന്ന സംഭവത്തില്‍ 164 മരണങ്ങളുണ്ടായി. മരിച്ചവരില്‍ 142ഉം മുസ്ലീങ്ങളായിരുന്നു. കലാപത്തിന് ഹിന്ദുത്വ സംഘടനകളുമായി ബന്ധമില്ലെന്നും തങ്ങളുടെ പ്രവര്‍ത്തര്‍ പരിപാടിയില്‍ പങ്കെടുത്തിട്ടില്ലെന്നും സംഘടനാ വൃത്തങ്ങള്‍ അന്ന് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ തീവ്ര ഹിന്ദുത്വ ആശയങ്ങളിലൂന്നി പ്രവര്‍ത്തിക്കുന്ന ശിവസേന അടക്കമുള്ളവര്‍ക്ക് സംഭവത്തില്‍ പങ്കുള്ളതായി ആരോപണമുണ്ട്. മതാഘോഷങ്ങളുമായി ബന്ധപ്പെട്ട് ഇന്ത്യയിലെ ആദ്യത്തെ വലിയ കലാപം എന്നാണ് ഭീവണ്ടി കലാപം വിശേഷിപ്പിക്കപ്പെടുന്നത്. പില്ക്കാലത്ത് കലാപസാധ്യത കണ്ട് ശിവജയന്തി ഘോഷയാത്ര നടത്തുന്നത് സംസ്ഥാന സര്‍ക്കാര്‍ നിരോധിച്ചു. എന്നാല്‍ 1984ല്‍ ശിവസേനയുടെയും ബിജെപിയുടെയും സമ്മര്‍ദ്ദത്തിന് വഴങ്ങി വസന്തദാദ പാട്ടീല്‍ സര്‍ക്കാര്‍ തീരുമാനം മാറ്റി. ആ വര്‍ഷം നടന്ന ബോംബെ കലാപത്തിന്റെ പ്രധാനകാരണങ്ങളിലൊന്നായി അത് മാറുകയും ചെയ്തു.
അതേവര്‍ഷം തന്നെ വാരാണസിയും സമാനസംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചു. സ്ക്രോള്‍.ഇന്‍ റിപ്പോര്‍ട്ട് പ്രകാരം 1977 ഒക്ടോബര്‍ 22ന് നടന്ന ദുര്‍ഗ്ഗാ പൂജാ ഘോഷയാത്രയാണ് വിഷയമായത്. പതിവിന് വിപരീതമായി അത്തവണ ദുര്‍ഗ്ഗാ പൂജാ ഘോഷയാത്ര മുസ്ലീം ഭൂരിപക്ഷ മേഖലയിലൂടെ നടത്താന്‍ തീരുമാനിച്ചു. വര്‍ഗീയ സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് വ്യക്തമാക്കി മുസ്ലീങ്ങള്‍ ഇതിനെ എതിര്‍ത്തു. പക്ഷെ തൊട്ടടുത്ത ദിവസം വലിയ ഘോഷയാത്ര മേഖലയിലേക്ക് എത്തി. അതോടെ ഇരുവിഭാഗവും ചേരിതിരിഞ്ഞ് ഏറ്റമുട്ടി. മരണസംഖ്യ 10.
ഇതെല്ലാം തുടക്കം മാത്രമായിരുന്നു. പിന്നീട് ആഘോഷങ്ങളുടെയും ഉത്സവങ്ങളുടെയും നാടായ ഇന്ത്യ ക്രമേണ ആഘോഷങ്ങളാല്‍ ചോരപ്പുഴ സൃഷ്ടിക്കുന്ന രാജ്യമായി രൂപാന്തരം പ്രാപിക്കുന്നതാണ് കണ്ടത്.
രാമനവമി ആഘോഷവും ജംഷഡ്പൂര്‍ കലാപവും
രാമനവമിയുമായി ബന്ധപ്പെട്ടാണ് പിന്നീട് വര്‍ഗീയ ഏറ്റുമുട്ടല്‍ രാജ്യത്തുണ്ടാവുന്നത്. 1978-ല്‍ ദിംന ബസ്തിയിലെ ആദിവാസി കോളനിയില്‍ നിന്ന് രാമനവമി ഘോഷയാത്ര നടത്താന്‍ ആര്‍എസ്എസ് തീരുമാനിച്ചു. പ്രദേശത്ത് അത്തരമൊരു ഘോഷയാത്ര നടക്കുന്നത് ആദ്യമായാണ്. അതേസമയം കോളനിയോട് ചേര്‍ന്ന് നിരവധി മുസ്ലീം പ്രദേശങ്ങളുണ്ടായിരുന്നു. ആദിവാസികളും മുസ്ലീങ്ങളും കാലങ്ങളായി സമാധാനത്തില്‍ കഴിഞ്ഞിരുന്ന ഇടമായിരുന്നു ഇതെന്ന് ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലിയുടെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു. റിപ്പോര്‍ട്ട് പ്രകാരം മുസ്ലീം പ്രദേശമായ സാബിര്‍ നഗറാണ് ആര്‍എസ്എസ് ഘോഷയാത്ര കടന്നുപോവുന്നതിനായി തിരഞ്ഞെടുത്തത്. ഈ അപേക്ഷ ജില്ലാ ഭരണകൂടം തള്ളി. അതോടെ സ്വന്തം രാജ്യത്ത് ഹിന്ദുക്കള്‍ക്ക് അവരുടെ മതപരമായ ഘോഷയാത്രകള്‍ സ്വതന്ത്രമായി നടത്താനാവില്ലെന്ന പ്രചാരണം ആര്‍എസ്എസ് ഒരുവര്‍ഷത്തോളം നടത്തിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
1979-ല്‍ വീണ്ടും ഇതേ പ്രദേശത്തുകൂടി ഘോഷയാത്ര നടത്താന്‍ അവര്‍ ശ്രമിച്ചു. ജില്ലാ ഭരണകൂടമാവട്ടെ സംഘര്‍ഷത്തിന് സാധ്യത പരിഗണിച്ച് ബദല്‍ പാത നിര്‍ദ്ദേശിച്ചു. രാമനവമി ഘോഷയാത്രയുടെ സംഘാടകര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. പിന്നാലെ പ്രദേശത്ത് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. ഏപ്രില്‍ ഒന്നിന് ആര്‍എസ്എസ് മേധാവി ബാലാസാഹേബ് ദിയോറസ് നഗരം സന്ദര്‍ശിച്ചു. ഇതിനിടെ സംരക്ഷണം നല്‍കുമെന്ന പോലീസിന്റെ വാഗ്ദാനത്തില്‍ സംശയം തോന്നിയ മുസ്ലിംകള് മുന്‍കരുതല്‍ നടപടിയായി ആയുധങ്ങള്‍ ശേഖരിച്ചതായി റിപ്പോര്‍ട്ടുകൾ ചൂണ്ടികാട്ടുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ ജംഷഡ്പൂരില്‍ കലാപം പൊട്ടിപ്പുറപ്പെട്ടു. കലാപത്തെക്കുറിച്ച് അന്വേഷിക്കാന്‍ ജിതേന്ദ്ര നരേന് അന്വേഷണ കമ്മീഷനെ സര്‍ക്കാര്‍ നിയോഗിച്ചു. ബാലാസാഹേബ് ദിയോറസ് നടത്തിയ പ്രസംഗമാണ് സാമുദായിക കലാപത്തിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടിലുള്ളതായി ഇക്കണോമിക്സ് ആന്‍ഡ് പൊളിറ്റിക്കല്‍ വീക്കിലി പറയുന്നു.
ഗാന്ധിജിക്ക് നിയമ ബിരുദമില്ലേ? എന്താണ് കാശ്മീർ ഗവർണർ പറയുന്നത്? എന്താണ് വസ്തുത?1983 സെപ്തംബര്‍ 7 ന് ഹൈദരാബാദില്‍ ഗണേശ ചതുര്‍ത്ഥി അടുത്തിരിക്കെ മാനസിക വൈകല്യമുള്ള ഒരു മുസ്ലീം, ഹിന്ദു ക്ഷേത്രത്തിനെതിരേ കല്ലെറിഞ്ഞു. ബി.ജെ.പി എം.എല്‍.എയുടെ നേതൃത്വത്തിലുള്ള ട്രേഡ് യൂണിയന് ആല്വിന് മെറ്റല്‍ ഫാക്ടറിയുടെ വളപ്പിലുള്ള ഒരു മുസ്ലീം പള്ളിയില്‍ വിഗ്രഹം സ്ഥാപിച്ച് കൊണ്ടാണ് ഹിന്ദുക്കള്‍ തിരിച്ചടിച്ചത്. സെപ്റ്റംബര്‍ 9ന് മുസ്ലീം സംഘടനകള്‍ ബന്ദിന് ആഹ്വാനം ചെയ്ത് കൊണ്ട് പ്രതികരിച്ചതോടെ കാര്യങ്ങള്‍ കൈവിട്ടു. പിന്നാലെ പോലിസ് നടത്തിയ വെടിവയ്പില്‍ രണ്ട് മുസ്ലീം ആണ്‍കുട്ടികള്‍ കൊല്ലപ്പെട്ടതോടെ കലാപ സാധ്യതയേറിയെങ്കിലും ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടക്കാന്‍ പോവുന്നതിനാല്‍ അധികാരികള്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയില്ല. പിന്നാലെയുണ്ടായ സംഘര്‍ഷത്തില്‍ 70ഓളം പേര് കൊല്ലപ്പെട്ടു.
ഒരു വര്‍ഷത്തിനുശേഷം, ജൂലൈ 22ന് മുസ്ലീം ഭൂരിപക്ഷമുള്ള മൊഗല്‍പുരയില്‍ കാളി ആരാധകര്‍ നടത്തിയ ഘോഷയാത്രയ്ക്ക് നേരെ കല്ലെറുണ്ടായി. രണ്ട് മാസത്തിന് ശേഷം സെപ്തംബര്‍ 9ന് ഗണേശ ചതുര്‍ത്ഥി ഘോഷയാത്രയ്ക്കെത്തിയ യുവാക്കള്‍ പ്രദേശത്തെ മുസ്ലീം കടകള്‍ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു. മരണം 20. 1989ല്‍ രാജസ്ഥാനിലെ കോട്ടയിലാണ് ഗണേശ വിഗ്രഹങ്ങള്‍ നിമജ്ജനം ചെയ്യാന്‍ സംഘടിപ്പിച്ച ഘോഷയാത്രയ്ക്കിടെ ആക്രമണം ഉണ്ടാവുന്നത്. സെപ്തംബര്‍ 14ന് നടന്ന ഘോഷയാത്രയില്‍ മുഴങ്ങി കേട്ടത് മുസ്ലീം വിരുദ്ധതയും മതനിന്ദയും നിറഞ്ഞ മുദ്രാവാക്യങ്ങളായിരുന്നെന്ന് ിലംരെഹശരസ.ശി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ഘോഷയാത്ര ഘനത്ഘര് പ്രദേശത്തെ പള്ളിയില്‍ എത്തിയപ്പോള്‍ മുസ്ലീങ്ങള്‍ കല്ലേറ് നടത്തി. പിന്നാലെയുണ്ടായ കലാപത്തില്‍ ബോറ മുസ്ലീങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ അഗ്നിക്കിരയാക്കുകയും 26 ഓളം ആളുകള്‍ മരിക്കുകയും ചെയ്തു. 1989ലാണ് ഭഗല്‍പൂര്‍ കലാപമുണ്ടാവുന്നത്. അയോധ്യയില്‍ രാമക്ഷേത്രത്തിനായി ശില കൊണ്ടുപോവുന്ന രാമശിലാവിന്യാസ യാത്ര ഭഗല്‍പൂരിലെത്തി. ഒക്ടോബര്‍ 24 ന് മുസ്ലീം വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കി ജാഥ തതാര്പൂരിലെത്തി. പിന്നാലെ ബോംബേറുണ്ടാവുകയും പോലീസ് വെടിയുതിര്‍ക്കുകയും 20 മുസ്ലീം വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെടുകയും ചെയ്തു. കാട്ടുതീ പോലെ കലാപം പടര്‍ന്നു. ട്രെയിനിലെ മുസ്ലീം യാത്രക്കാരെ കണ്ടെത്തി കൊലപ്പെടുത്തി. ഗ്രാമങ്ങള്‍ ആക്രമിക്കപ്പെട്ടു. രാമാനന്ദന്‍ കമ്മീഷന് ഓഫ് എന്‍ക്വയറി പ്രകാരം ഒമ്പത് മണിക്കൂറോളം നീണ്ട കലാപത്തില്‍ 4,000ത്തോളം ആളുകള്‍ ലുഗെയ്ന് ഗ്രാമത്തെ ആക്രമിച്ചു. ആ ഗ്രാമത്തില്‍ മാത്രം ഇരുന്നൂറോളം പേര് കൂട്ടക്കൊല ചെയ്യപ്പെട്ടു. ഔദ്യോഗിക മരണസംഖ്യ 396 ആണ്. എന്നാല്‍ അന്തരിച്ച സാമൂഹിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ അസ്ഗര്‍ അലിയുടെ അന്വേഷണ പ്രകാരം മരണസംഖ്യ 896 മുസ്ലീങ്ങളും 50 ഹിന്ദുക്കളും എന്നാണ്. കലാപം അവസാനിച്ചത് സൈന്യം ഇറങ്ങിയ ശേഷമാണ്. 1990 സെപ്തംബറില്‍ ബറോഡ, ആനന്ദ്, സൂറത്ത് എന്നിവിടങ്ങളില്‍ ഗണപതി ഘോഷയാത്രകള്‍ കലാപത്തിന് കാരണമായി. 1991ൽ, ഉത്തര്‍പ്രദേശിലെ കേണല്ഗഞ്ചിലും സഹറന്‍പൂരിലും കര്‍ണാടകയിലെ കോലാറിലും സമാന സംഭവങ്ങളുണ്ടായി. 2022ല്‍ എട്ട് സംസ്ഥാനങ്ങളില്‍ രാമനവമിയുമായി ബന്ധപ്പെട്ട് ആക്രമണം റിപ്പോര്‍ട്ട് ചെയ്തു.
നമ്മുടെ സമൂഹത്തിന്റെ ശാപമായി വര്‍ഗീയത മാറിയതിന്റെ നാള്‍വഴിയുടെ ചുരുക്കെഴുത്താണ് മുകളിലുള്ളത്. പിന്നിട്ട 30 വര്‍ഷങ്ങള്‍ പരിഗണിച്ചാല്‍, 90കള്‍ക്ക് ശേഷമാണ് വര്‍ഗീയത ഗൗരവമേറിയ സംഗതിയായി പരിണമിക്കുന്നതെന്ന് കാണാം. ഓരോ വര്‍ഷം പിന്നിടുമ്പോഴും കൂടുതല്‍ അപകടകരമായ തലങ്ങളിലേക്ക് അപരര്‍ എന്ന വീക്ഷണം വ്യാഖാനിക്കപ്പെടുന്നു. മതപരമായി കൂടുതല്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നതാണ് ഇത്തരം അപരവത്കരണം. ന്യൂനപക്ഷവും ഭൂരിപക്ഷവും തമ്മിലുള്ള വേര്‍തിരിവ് ശക്തമാക്കുന്നതില്‍ ആഘോഷങ്ങളും അതിനെ പിന്തുടര്ന്ന് വന്ന കലാപങ്ങളും വലിയ പങ്ക് വഹിക്കുന്നു. ആ വേര്‍തിരിവിലൂടെ ഹിന്ദുക്കളെ ഏകീകരിക്കാനാണ് ഹിന്ദുത്വ സംഘടനകള്‍ ലക്ഷ്യം വയ്ക്കുന്നതും. അതാവട്ടേ വിജയം കാണുകയും ചെയ്തിട്ടുണ്ട്. ഓരോ മതാഘോഷയാത്രകള്ക്ക് ശേഷവും ഹിന്ദുത്വ സംഘടനകള്‍ ആ പ്രദേശത്തെ തെരുവുകള്‍ കൈയടക്കുന്നതും ബിജെപി എന്ന രാഷ്ട്രീയ പാര്‍ട്ടി കൂടുതല്‍ വേരാഴ്ത്തുന്നതും കാണാം. ബാബരി തകര്‍ച്ചയ്ക്ക് ശേഷം അയോധ്യ ഹിന്ദുത്വ കേന്ദ്രമായി മാറിയത് ഉദാഹരണം. രാമജന്മഭുമി വിധിയ്ക്ക് ശേഷം രാമനവമി ആഘോഷം ദേശീയ തലത്തിലേക്ക് വളര്‍ന്നു. മതേതരമുഖമുള്ള പാര്‍ട്ടികള്‍ പോലും ഹിന്ദുത്വ ആഘോഷങ്ങള്‍ക്ക് പ്രാധാന്യം നല്കുന്നു. കേരളത്തില്‍ സിപിഎം സംഘടനകള്‍ ജന്മാഷ്ടമിക്കായി ഒരുങ്ങി ഇറങ്ങി, തൃണമൂല്‍ ബംഗാളില്‍ രാമനവമി ആഘോഷങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചു. മറ്റൊരു വസ്തുത ആദിവാസികളും ജാട്ട് പോലെയുള്ള ജാതി വിഭാഗങ്ങളും തങ്ങളുടെ ജാതി സ്വത്വത്തില്‍ നിന്ന് ഹിന്ദു എന്ന സ്വത്വത്തിലേക്ക് സഞ്ചരിക്കുന്നു എന്നതാണ്.
(Samayam Malayalam believes in promoting diverse views and opinions on all issues. They need not conform to our editorial positions.).