” നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മ മാത്രമളക്കുന്നു’ എന്നൊക്കെയുള്ള വ്യാജവും അയഥാർഥവുമായ പരികല്പനകളും അതിനുതകുന്ന ക്യാൻവാസ് ദൃശ്യങ്ങളുംകൊണ്ട് കാണിയുടെ കാഴ്ചയെ പരിമിതപ്പെടുത്തിയിട്ടുണ്ട് മുഖ്യധാരാ
മലയാള സിനിമ.
‘‘കല എപ്പോഴും എവിടെയും രഹസ്യമായ ഒരു കുമ്പസാരമാണ്. അതേസമയം അത് സ്വന്തം കാലത്തിന്റെ നിലയ്ക്കാത്ത
ചലനവുമാണ്ണ്ട’’ കാൾ മാർക്സ്
മലയാള സിനിമയുടെ സ്വീകാര്യതയെ നിർണയിക്കുന്നതിൽ, ഓരോ കാലത്തും പ്രമേയപരമായി വ്യത്യസ്തമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. എന്നാൽ പ്രത്യയശാസ്ത്രപരമായി ഒരു സിനിമയുടെ സ്വീകാര്യതയെ നിശ്ചയിക്കുന്ന വസ്തുതകൾക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. പ്രമേയത്തിന്റെ പരിചരണത്തിലോ അവതരണത്തിലോ ചില പുതുമകൾ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെങ്കിലും അതിനെയെല്ലാം നിയന്ത്രിക്കുന്ന ചില ബോധ്യങ്ങൾക്ക് വലിയ ചലനം സംഭവിച്ചിട്ടില്ല. തൊണ്ണൂറുകൾക്കിപ്പുറം വലിയ ബോക്സോഫീസ് വിജയങ്ങൾ നേടിയ ചിത്രങ്ങൾ പരിശോധിച്ചാൽ നമുക്കിത് മനസ്സിലാക്കാം.
ജനപ്രിയതയുടെ നിർണയ
ജി ആർ ഇന്ദുഗോപൻ
സ്ഥാനങ്ങളായി ഇത്തരം ചിത്രങ്ങൾ നിലകൊള്ളുന്നത് പ്രമേയത്തിൽ സ്വീകരിക്കുന്നു എന്നവകാശപ്പെടുന്ന പുതുമകൾ കൊണ്ടല്ല, മറിച്ച് കാണിയെ സംബന്ധിച്ചിടത്തോളം കാണിയുടെ രാഷ്ട്രീയ സാമൂഹിക സാംസ്കാരികപരിസരങ്ങളെ പ്രചോദിപ്പിക്കുകയോ പ്രകോപിപ്പിക്കുകയോ ചെയ്യാതെ നിലനിൽക്കുന്നതിനാലാണ്. വൈകാരികമായി മാത്രം കാണിയെ സ്വാധീനിക്കുന്ന ചില ക്ലാഷുകൾകൊണ്ട്, രണ്ടര മണിക്കൂർ അവസാനിപ്പിക്കുക എന്ന തന്ത്രമാണ് ജനപ്രിയ സിനിമ പയറ്റുന്നത്.
ജി ആർ ഇന്ദുഗോപന്റെ നോവലായ വിലായത്ത് ബുദ്ധയുടെ ആദ്യ പതിപ്പിറങ്ങുന്നത് 2020 ലാണ്. വിലായത്ത് ബുദ്ധയുടെ നാലാം പതിപ്പിൽ ആമുഖത്തിനും പഠനത്തിനും മുന്നെ സമർപ്പണം എന്ന ഒരു ഭാഗമുണ്ട്. ഈ നോവൽ അന്തരിച്ച സംവിധായകൻ സച്ചിക്കാണ് അദ്ദേഹം സമർപ്പിച്ചിരിക്കുന്നത്. സച്ചിയുടെ സിനിമകളിൽ, വിശേഷിച്ചും ഒടുക്കം ഇറങ്ങിയ ഡ്രൈവിങ് ലൈസൻസ്, അയ്യപ്പനും കോശിയും തുടങ്ങിയ ചിത്രങ്ങളിലും വിലായത്ത് ബുദ്ധയിലും സന്ദർഭങ്ങളെ നിർമിച്ചിരിക്കുന്നത് മനുഷ്യർ തമ്മിലുള്ള ഇത്തരം ക്ലാഷുകൾ കൊണ്ടാണ്.
സച്ചി
A film should have a beginning, a middle and an end, but not necessarily in that order എന്ന് ഗൊദാർദ് പറയുന്നുണ്ട്. പക്ഷേ നമ്മുടെ ജനപ്രിയ സിനിമയിൽ, രസകരമെന്നും ഉദ്വേഗജനകമെന്നും അവകാശപ്പെടുന്ന തുടക്കം, ഇന്റർവെൽ, ക്ലൈമാക്സ് എന്നീ സെഷനുകളുടെ ചേർത്തുവെപ്പാണ് കാണാൻ സാധിക്കുക. ഒരു പക്ഷേ, മലയാള വാണിജ്യ സിനിമയിൽ ഇതിന്റെ ക്ലാസിക്കൽ ഉദാഹരണമായി കാണാവുന്ന ചിത്രം സിദ്ദിഖ്, ലാൽ എന്നിവർ സംവിധാനം ചെയ്ത ഗോഡ്ഫാദർ എന്ന ചിത്രമാണ്.
ഈ ചിത്രം കാണിയിൽ ആസ്വാദനത്തിന്റെ ഒരു ശേഷിയെ നിർമിച്ചെടുക്കുന്നുണ്ട്. ആ ശേഷിയെ ഉപയോഗപ്പെടുത്തിയോ പിൻപറ്റിയോ അനുകരിച്ചോ ആണ് മലയാള സിനിമയിൽ ഇന്നും വലിയ ബോക്സോഫീസ് വിജയങ്ങൾ ഉണ്ടാവുന്നത്. മുറുക്കമുള്ള സന്ദർഭങ്ങളാൽ നിർമിക്കപ്പെട്ട ഒരു തുടക്കം, ഇന്റർവെൽ, ക്ലൈമാക്സ് എന്ന രീതിയാണ് ചിത്രത്തിന്റേത്.
ഗൊദാർദ്
അതിനിടയിലെ സമയ ഇടവേളകൾ ആ സിനിമയുടെ മുഖ്യസന്ദർഭങ്ങളെ ഒരു നിലക്കും സ്വാധീനിക്കാത്ത ചില പ്രണയ/കോമഡിരംഗങ്ങൾകൊണ്ട് ‘ഫില്ല്’ ചെയ്യുന്നു. സിനിമയുടെ മൊത്തം ദൈർഘ്യത്തിലെ ഏത് ചെറിയ സമയ ഇടവേളകൾ നാം പരീക്ഷണാർഥം മുറിച്ചുനോക്കിയാലും സിനിമയുടെ മുഖ്യപ്രമേയത്തിന് വലിയ ചലനം സംഭവിക്കുന്നതായി കാണാനാവില്ല.
ഇന്റർവലിനോ അതിന് തൊട്ടുമുമ്പോ മറ്റോ ഒക്കെയുള്ള നാടകീയമായ ഒരു സന്ദർഭത്തിലൂടെയാണ് കഥാഗതിയെ വഴിതിരിച്ചുവിടുന്നത്. ഈ രീതി, മലയാള സിനിമയുടെ കാണി ഏറെ സ്വീകരിച്ചിട്ടുള്ള ഒരു ജനപ്രിയ ഫോർമാറ്റാണ്. സിനിമയുടെ ജീവിതത്തിന് ഒരു Gradual Progressionനിഷേധിക്കുകയും, വിരലിലെണ്ണാവുന്ന ചില സന്ദർഭങ്ങൾക്കിടയിൽ Drama പരിവർത്തനം ചെയ്യുകയും ചെയ്യുന്ന ഫോർമാറ്റാണ് മലയാള ജനപ്രിയ സിനിമ പിന്നീടിങ്ങോട്ടെല്ലാം പരീക്ഷിക്കുന്നത്.
ഇവിടെ കാണിയുടെ വൈകാരികമായ അവസ്ഥയെമാത്രം സ്വാധീനിച്ചുകൊണ്ടാണ് സിനിമ ഉപജീവിക്കുന്നത്. ഗോഡ്ഫാദർ എന്ന ചിത്രത്തിന്റെ തുടക്കം ഗുണ്ടകളായ മത്സ്യത്തൊഴിലാളികൾ ചേർന്ന് ബന്ധിയാക്കിയ ഒരാളെ അഞ്ഞൂറാനും മക്കളും രക്ഷിച്ചുകൊണ്ടുവരുന്ന രംഗമാണ്. രാവന്തിയോളം അധ്വാനിക്കുന്ന തൊഴിലാളി വർഗം എന്ന നിലക്കല്ല, മറിച്ച് സിനിമയിലെ നായക രക്ഷാകർതൃത്വങ്ങളുടെ അടി കൊള്ളാൻ തയ്യാറാക്കി നിർത്തപ്പെട്ട ഗുണ്ടകളായാണ് ഇവിടെ മത്സ്യത്തൊഴിലാളികളെ കാണിച്ചിരിക്കുന്നത്.
രാവന്തിയോളം അധ്വാനിക്കുന്ന തൊഴിലാളി, അവരുടെ വിനോദത്തിനായി മാറ്റിവയ്ക്കപ്പെട്ട സമയം സിനിമയിൽ നിക്ഷേപിക്കുമ്പോൾ ലഭിക്കുന്ന കാഴ്ചാനുഭവം താന്താങ്ങളെതന്നെ നിഷേധിക്കുന്നതോ റദ്ദാക്കുന്നതോ ആയവയാണ്.
ജനപ്രിയ ഫോർമാറ്റുകൾ പ്രദാനം ചെയ്യുന്ന ‘എന്റർടെയ്ൻമെന്റ്’ ന്റെ അനേകം ഉദാഹരണങ്ങളിൽ ഒന്നുമാത്രമാണിത്. ഇത്തരം സിനിമകളും സന്ദർഭങ്ങളുമാണ് വാസ്തവത്തിൽ മലയാള സിനിമയുടെ കാണിയുടെ ആസ്വാദന ബോധത്തെ പരുവപ്പെടുത്തിയിരിക്കുന്നത്. ഈ സിനിമകൾ പൊതുബോധത്തോടും അധികാരത്തോടും നവ മുതലാളിത്തത്തോടും സന്ധിചെയ്യുകയും, ഒരിക്കൽപ്പോലും ഇടയാതിരിക്കാൻ ശ്രദ്ധിക്കുകയും ചെയ്യുന്നു. നമ്മുടെ ഏറ്റവും വലിയ ബോക്സോഫീസ് വിജയങ്ങൾ നോക്കിയാൽ ഈ പ്രവണത തെളിഞ്ഞു നിൽക്കുന്നത് കാണാം.
പ്രതിപക്ഷ സിനിമ എന്ന പ്രതിപ്രവർത്തനം
ബാബ്രി മസ്ജിദ് തകർക്കപ്പെടുന്നതിലേക്ക് വഴി നടത്തിയ കർസേവയുടെയും രഥയാത്രയുടെയും കാലത്ത്, ഹിന്ദുത്വ മുന്നോട്ടുവെച്ചിരുന്ന ഒരു മുദ്രാവാക്യം, ‘ ഗർവ് സെ കഹോ, ഹം ഹിന്ദു ഹേ’ എന്നാണ്. അക്കാലത്ത്
ആനന്ദ് പട്വർധൻ
ആനന്ദ് പട്വർധൻ തന്റെ സിനിമകൾ പ്രദർശിപ്പിക്കുന്ന വേദികളിലെല്ലാം ഒരു ചെറിയ പോസ്റ്റർ ബാഡ്ജ് എല്ലാവർക്കും വിതരണം ചെയ്തിരുന്നു.
അതിൽ ഹിന്ദുത്വയുടെ മുദ്രാവാക്യത്തിനു ബദലായി, ‘പ്യാർ സെ കഹോ, ഹം ഇൻസാൻ ഹേ’ എന്ന് എഴുതിയിരുന്നു. ഒരു രാഷ്ട്രത്തിന്റെ മതനിരപേക്ഷ ജനാധിപത്യസത്തയെ ആകെ ഇരുട്ടിലാഴ്ത്താൻ ശേഷിയുള്ള ഒരു വലിയ മുദ്രാവാക്യത്തിനുമുമ്പിൽ നിശ്ശബ്ദതയല്ല മറുപടി എന്ന് ബ്രെഹ്റ്റിയൻ ശൈലിയിൽ പ്രതികരിക്കുകയായിരുന്നു ആനന്ദ് പട്ട് വർധൻ ചെയ്തത്.
നിശ്ചയമായും ജനപ്രീതിയും സ്വീകാര്യതയും ‘ഗർവ് സെ കഹോ ഹം ഹിന്ദു ഹേ’ എന്ന മുദ്രാവാക്യത്തിനായിരുന്നെങ്കിലും പ്രതി മുദ്രാവാക്യം എന്നത് ഒരു അനിവാര്യതയായിരുന്നു എന്ന് പോസ്റ്റ് ബാബ്രി കാലത്ത് നമുക്ക് കൂടുതൽ തിരിച്ചറിയാനാവുന്നുണ്ട്. തൊട്ടടുത്ത നാളുകളിലാണ് സന്ദീപ് രവീന്ദ്രനാഥ് സംവിധാനം ചെയ്ത ‘Anthem for Kashmir’ എന്ന ചിത്രം IT Act ലെ 69 A വകുപ്പുപ്രകാരം യുട്യൂബിൽനിന്നും എടുത്തുമാറ്റപ്പെട്ടത്.
അന്ന് സന്ദീപ് നടത്തിയ ശ്രദ്ധേയവും കൗതുകകരവുമായ ഒരു പ്രതികരണമുണ്ട്. വലിയ ന്യൂക്ലിയർ ശേഷിയുള്ള ഒരു പവർ രാഷ്ട്രം വെറും 9 മിനിറ്റ് ദൈർഘ്യമുള്ള ഡോക്യുമെന്ററിക്കുമുമ്പിൽ പതറിപ്പോവുന്നതോളം പരിഹാസ്യമായി മറ്റെന്തുണ്ട് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
പ്രതിപ്രവർത്തനം എത്ര ചെറുതാണെങ്കിൽക്കൂടിയും അതിന് വലിയ എതിർപ്പുകൾ അധികാരത്തിൽനിന്ന് നേരിടേണ്ടിവരും. ജനപ്രിയമായ സൃഷ്ടികൾക്കാവട്ടെ എക്കാലവും അധികാരത്തിന്റെ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുകയും ചെയ്യും.
സൂസൻ സൊൻടാഗ്
സൂസൻ സൊൻടാഗ്, Under the sign of saturn എന്ന തന്റെ പുസ്തകത്തിൽ ലെനി റീഫൻസ്റ്റാളിനെക്കുറിച്ച് ദീർഘമായ ഒരു ലേഖനം എഴുതുന്നുണ്ട്, Fascinating Fascism എന്നാണ് ആ ലേഖനത്തിന്റെ തലക്കെട്ട്. ട്രയംഫ് ഓഫ് ദി വിൽ എന്ന വിഖ്യാതമായ പ്രൊപ്പഗാണ്ട ചലച്ചിത്രത്തിന്റെ സ്വീകാര്യതയിലും അവതരണത്തിലും അതീവ സന്തുഷ്ടനായ ഹിറ്റ്ലർ, ലെനി റീഫൻസ്റ്റാളിന് ഒരു ജാക്കറ്റ് സമ്മാനിക്കുന്നുണ്ട്.
ആ ജാക്കറ്റിന്റെ പുറത്ത് “The perfect german woman’എന്നാണ് തുന്നിവച്ചിരിക്കുന്നത്. ഹിറ്റ്ലറിന്റെ കണ്ണിലെ ഏറ്റവും ഉത്തമയായ സ്ത്രീയായിരുന്നു റീഫൻസ്റ്റാൾ. ‘കഹേ ദു സിനിമ’ യിൽനിന്ന് റീഫൻസ്റ്റാളിനെ ഇന്റർവ്യൂ ചെയ്യാൻ എത്തുന്ന മാധ്യമപ്രവർത്തകൻ അവരോട് സിനിമയിലെ റിയലിസ്റ്റിക് പരിചരണത്തെക്കുറിച്ച് ചോദിക്കുന്നുണ്ട്. അതിന് അവർ നൽകുന്ന മറുപടി ‘യാഥാർഥ്യത്തോട് എനിക്ക് തെല്ലും താൽപ്പര്യമില്ല, ശരാശരിയും താഴ്ന്നതുമായൊരു അനുഭൂതിയാണത്. ഏറ്റവും സുന്ദരവും കരുത്തുറ്റതുമായ കാര്യങ്ങളോടാണ് എനിക്ക് അഭിനിവേശം എന്നാണ്.
മേഘങ്ങൾക്കിടയിലൂടെ ദൈവസമാനനായ ഹിറ്റ്ലർ ജനങ്ങൾക്കിടയിലേക്ക് വന്നിറങ്ങുന്നു. തങ്ങളുടെ രക്ഷകനെകണ്ട് ജനസഞ്ചയമാകെ ഉറക്കെ പറയുന്നു, “The perfect german woman’ . ഒരു സാഹിത്യ കൃതിയിലോ പത്ര റിപ്പോർട്ടിലോ ഇങ്ങനെ എഴുതി വെക്കുക എളുപ്പമാണ്.
എന്നാൽ റീഫൻസ്റ്റാൾ, തന്റെ Triumph of the will എന്ന ചിത്രത്തിൽ, മേഘങ്ങൾക്കിടയിലൂടെ പറന്നുവരുന്ന ഹിറ്റ്ലറിന്റെ ഹെലികോപ്ടറിനെ മറ്റൊരു ഹെലികോപ്ടറിലിരുന്ന് ഷൂട്ട് ചെയ്തു, 1935 ൽ! അധികാരത്തിനും അതിനെ നിയന്ത്രിക്കുന്ന ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രത്തിനും പരിമിതി എന്നൊന്നില്ല. സ്വപ്നം കാണുന്ന കാര്യം ഏതു വിധേനയും നടപ്പാക്കുക എന്ന് മാത്രമേയുള്ളൂ. അതിനാൽ സൗന്ദര്യശാസ്ത്രപരമായ ഏസ്തറ്റിക്ക് മേന്മകൾ മാത്രമാണ് ഒരു കലാസൃഷ്ടിയുടെ പരിഗണനയെങ്കിൽ തീർച്ചയായും റീഫൻസ്റ്റാളും ട്രയംഫ് ഓഫ് ദ വില്ലും കൂടി ആ പരിഗണനകളിൽ ഉൾപ്പെട്ടേക്കാം.
അധികാരത്തെ തൃപ്തിപ്പെടുത്തുകയും കാണിയെ പ്രകോപനരഹിതമാക്കി നിലനിർത്തുകയും ചെയ്യുന്ന ഒരു ജനപ്രിയ കാഴ്ചാ സംസ്കാരത്തിന്റെ ബദലുകളാണ് പ്രതിപക്ഷ സിനിമകൾ. ആനന്ദ് പട്വർധൻ മുതൽ സന്ദീപും മാരി സെൽവരാജും വെട്രിമാരനും പാ രഞ്ജിതും ഒക്കെ ചെയ്യുന്നത് പ്രതിപക്ഷ സിനിമകളാണ്. അവ കാണിയുടെ വൈകാരിക സ്വത്വത്തെയല്ല മറിച്ച് രാഷ്ട്രീയ സാമൂഹിക ചിന്തകളെ പ്രചോദിപ്പിക്കുകയും ചോദ്യം ചെയ്യുകയും അസ്വസ്ഥപ്പെടുത്തുകയും ചെയ്യും.
അധികാരം ജനങ്ങളെയും ജനാധിപത്യത്തെതന്നെയും അടിച്ചമർത്തുമ്പോൾ ജനങ്ങളിൽ നിന്നുതന്നെ ഒരു സമരം രൂപപ്പെട്ടുവരും. അതിന് ഊർജം നൽകുന്ന പാട്ടുകളും നാടകങ്ങളും സിനിമകളും ഉണ്ടാവും. അങ്ങനെയൊരു ഊർജം കാണിയിൽ സന്നിവേശിപ്പിക്കാൻ ശേഷിയുള്ള, മലയാളത്തിലിറങ്ങിയ അപൂർവമായൊരു പ്രതിപക്ഷ സിനിമയാണ് രാജീവ് രവി സംവിധാനം ചെയ്ത തുറമുഖം.
സിനിമയിലെ തൊഴിലാളി
ജനപ്രിയ മലയാള സിനിമയിലെ തൊഴിലാളി എന്ന സങ്കൽപ്പത്തിന് യാഥാർഥ്യവുമായി തീരെ ബന്ധമില്ലെന്നുകാണാം. ഇതിന്റെ പ്രത്യക്ഷ ഉദാഹരണമാണ് വരവേൽപ്പ് ( സംവി: സത്യൻ അന്തിക്കാട്) എന്ന ചിത്രം. ഇതിൽ മുതലാളി തൊഴിലാളി ബന്ധത്തെ പൂർണമായും അട്ടിമറിക്കുവാൻ മുതലാളി തന്നെയാണ് യഥാർഥ തൊഴിലാളി എന്ന അനുഭൂതി സൃഷ്ടിച്ചിരിക്കുന്നു.
സത്യൻ അന്തിക്കാട്
ഗൾഫിൽ നിന്നും മടങ്ങിയെത്തിയ മുരളീധരൻ (മോഹൻലാൽ) ഒരു ബസ് വാങ്ങി ആ ബിസിനസുമായി മുന്നോട്ടുപോകുവാൻ തീരുമാനിക്കുന്നു. അതിന് വിഘാതമാവുന്നത് തൊഴിലാളികളാണ്. സിനിമയിലെ വില്ലനാകട്ടെ ട്രേഡ് യൂണിയൻ നേതാവായ പ്രഭാകരനാണ് (മുരളി). പി ടി കുഞ്ഞുമുഹമ്മദ് സംവിധാനംചെയ്ത ഘർഷോം എന്ന ചിത്രത്തിലെ നായകനും പ്രവാസശേഷം നാട്ടിലെത്തി ബിസിനസ് ചെയ്ത് പൊളിയുന്ന ആളാണ്. പക്ഷേ ബിസിനസിന്റെ നവമുതലാളിത്ത മാതൃകകൾ സായത്തമാക്കാൻ ശേഷിയില്ലാത്ത ഒരാളായതിനാലാണ് അയാളുടെ ബിസിനസ് പൊളിയുന്നത്.
തൊഴിൽ സമരങ്ങളും ട്രേഡ് യൂണിയനുകളുമാണ് നമ്മുടെ നാടിന്റെ ശാപം എന്ന മധ്യവർഗ മലയാളിയുടെ യാഥാർഥ്യ ബോധമില്ലാത്ത പൈങ്കിളി അനുഭൂതിയെ നിരന്തരം തൃപ്തിപ്പെടുത്തുന്നതിന്റെ ആദ്യപടിയായിരുന്നു ശ്രീനിവാസൻ എഴുതി സത്യൻ അന്തിക്കാട് സംവിധാനം നിർവഹിച്ച വരവേൽപ്പ് എന്ന ചിത്രം.
ചെങ്കൊടി പിടിച്ച് സമരംചെയ്ത് ഫാക്ടറി പൂട്ടിക്കുന്ന, നോക്കുകൂലി വാങ്ങുന്ന മീശ പിരിച്ച വില്ലൻമാരായാണ് മുഖ്യധാരാ മലയാള സിനിമ ട്രേഡ് യൂണിയൻ നേതാക്കളെ ചിത്രീകരിച്ചിരിക്കുന്നത്. തമാശ ജനിപ്പിക്കാനായി മീറ്ററിടാതെ ഓട്ടോ ഓടിക്കുന്ന ഓട്ടോ തൊഴിലാളികളായും, ഓട്ടോക്കൂലി ചോദിക്കുമ്പോൾ ‘ ഈ പാട്ടയുടെ വിലയല്ല ചോദിച്ചത്’ (ചിത്രം, നന്ദനം, സംവി: രഞ്ജിത്) എന്ന നിലക്കുമുള്ള അധിക്ഷേപ പരിഹാസ്യങ്ങൾക്ക്
അടൂർ
പാത്രമാവുന്ന തൊഴിലാളികളെയും നമുക്ക് സിനിമയിൽ കാണാം. മധ്യവർഗ മലയാളിയുടെ പൊതുബോധത്തെയും ചിന്തകളെയും തൃപ്തിപ്പെടുത്തുന്ന തൊഴിലാളിവിരുദ്ധ മനോഭാവം മുഖ്യധാരാ സിനിമയുടെ ആണിക്കല്ലാണ്.
കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളുടെ അപചയം എന്ന നിലക്ക് സമാന്തര സിനിമാ പ്രസ്ഥാനങ്ങളിൽ നിന്നുപോലും ചലച്ചിത്രങ്ങൾ രൂപം കൊണ്ടിട്ടുണ്ട്. അടൂർ ഗോപാലകൃഷ്ണൻ സംവിധാനംചെയ്ത മുഖാമുഖം എന്ന ചിത്രം തുടങ്ങുന്നത് ഒരു ഓടു നിർമാണശാലയിലെ തൊഴിൽ ദൃശ്യങ്ങളിലൂടെയാണ്. അതിന്റെ ഫർണസിലേക്ക് ഓടെടുത്ത് വയ്ക്കുന്നിടത്തുനിന്നും ആദ്യ സംഭാഷണ ശകലം ‘ഇൻക്വിലാബ് സിന്ദാബാദ്’ എന്നതിലേക്ക് കട്ടു ചെയ്യുന്നത് ‘ വിപ്ലവത്തിന്റെ തീജ്വാല’ എന്ന അർഥത്തിലൊന്നുമല്ല. വ്യാവസായികോല്പാദനത്തെ തടസ്സപ്പെടുത്തിക്കൊണ്ട് തുടക്കം മുതൽ സമരം ചെയ്യുന്ന കമ്യൂണിസ്റ്റ് തൊഴിലാളി പാർടികൾ എന്ന ജനപ്രിയ സിനിമയുടെ സ്വീകാര്യമായ ചേരുവതന്നെയാണ് അടൂർ ഗോപാലകൃഷ്ണനും ഉപയോഗിക്കുന്നത്.
ലാൽ ജോസ്
ലാൽ ജോസ്
സംവിധാനം ചെയ്ത 2007 ൽ പുറത്തിറങ്ങിയ അറബിക്കഥ എന്ന ചിത്രം വലിയ ജനസ്വീകാര്യത ലഭിക്കുകയും ബോക്സോഫീസ് വിജയം നേടുകയും ചെയ്ത ചിത്രമാണ്. അത്രയും ട്രേഡ് യൂണിയൻ വിരുദ്ധവും കമ്യൂണിസ്റ്റ് വിരുദ്ധവുമായൊരു ചിത്രത്തിലെ പാട്ട് കമ്യൂണിസ്റ്റ് പാർടിക്കാരുടെ യോഗങ്ങളിൽവരെ മുഴങ്ങിക്കേട്ടിരുന്നു, പലരുടെയും റിങ്ടോണും കോളർ ടോണും വരെയായി ചിത്രത്തിലെ ചോര വീണ മണ്ണിൽ എന്ന ഗാനം. ജനപ്രിയതയുടെ ഒരു ശേഷി, അതിന്റെ എതിരാളികളെപ്പോലും കണ്ണഞ്ചിപ്പിക്കാൻ സാധിക്കും എന്നതാണ്.
ഈ ചിത്രം ആരംഭിക്കുന്നത്, ഫാക്ടറി പൂട്ടിച്ചു എന്ന ‘സന്തോഷ വിവരം’ മറ്റു സഖാക്കളെ അറിയിക്കാനെത്തുന്ന ഒരു തൊഴിലാളിയുടെ ദൃശ്യത്തിൽ നിന്നാണ്. തുടർന്ന് സഖാക്കൾ ഇൻക്വിലാബ് മുഴക്കുന്നു. തൊഴിൽ സമരങ്ങളെയും അവകാശ സമരങ്ങളെയും ട്രേഡ് യൂണിയൻ മാനേജ്മെന്റ് ചർച്ചകളെയും ഉടമ്പടികളെയും കുറിച്ച് യാതൊരു ധാരണയും ഇല്ലാതെ, പൊതുബോധത്തെയും മധ്യവർഗാസക്തികളെയും തൃപ്തിപ്പെടുത്തുക എന്ന ഒറ്റലക്ഷ്യമാണ് ഇത്തരം ചിത്രങ്ങൾക്കുള്ളത്.
വിഖ്യാത സംവിധായകനായ കെൻ ലോച്ച്, തന്റെ സിനിമാ ജീവിതത്തിലുടനീളം തൊഴിലാളികളെക്കുറിച്ചും അവർ നടത്തിയ വർഗ സമരങ്ങളെക്കുറിച്ചും ചലച്ചിത്രമെടുത്ത പ്രതിഭയാണ്. സ്പെയിനിൽ ഫ്രാങ്കോ വിരുദ്ധ സമരം നടക്കുമ്പോൾ ഇന്ത്യ ആ ഫാസിസ്റ്റ് വിരുദ്ധ സമരത്തോട് ഐക്യപ്പെടുന്ന ചരിത്രമുണ്ട്.
ഇന്ത്യയിലെ ഫാസിസ്റ്റ് വിരുദ്ധ ബ്രിഗേഡിന്റെ തലവനായിരുന്നത് നമ്മുടെ ആദ്യ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവായിരുന്നു. സ്പെയിനിൽ നടക്കുന്ന അങ്ങനെയൊരു ചരിത്രസമരത്തിന് നമ്മുടെ ഏറ്റവും വലിയ നേതാക്കളിലൊരാൾ പങ്കെടുക്കുകയും നേതൃപരമായ പങ്ക് വഹിക്കുകയുംചെയ്ത ചരിത്രമുള്ള രാജ്യത്താണ് പുറത്താക്കൽ നടക്കുന്നതെന്നതാണ് വൈരുധ്യം.
സ്പെയിനിൽ, ഫ്രാങ്കോയുടെ ഫാസിസ്റ്റ് പോരാട്ടങ്ങളെ ചെറുത്തുതോൽപ്പിക്കാനായി ലണ്ടനിൽനിന്നും ബാഴ്സയിലേക്ക് വണ്ടി കയറുന്ന ഡേവിഡ്കാർ എന്നയാൾ സ്പെയിനിലെ മാർക്സിസ്റ്റ് ഐക്യസംഘടനയായ POUM ൽ അണിചേരുന്നു. യുദ്ധം വിജയിക്കുന്നവന്റെ വീരനായക പരിവേഷമല്ല ഡേവിഡ് കാറിന്റെ നായകത്വം.
ജീവിതാന്ത്യം നിസ്സാരനായി മരണത്തിനുകീഴടങ്ങുമ്പോഴും, താനടക്കമുള്ള സഖാക്കൾ സ്വപ്നം കണ്ടവരുടെ രാജ്യത്തിലേക്ക് ( (His deeds shall prevail) ത ന്റെ ജനത ഉയർത്തുന്ന പോരാട്ടങ്ങൾ നിലക്കാതിരിക്കണമെന്ന നിശ്ചയം മാത്രം.
ഈ ചിത്രത്തിലെ കഥാപാത്രം പുറപ്പെട്ടുപോരുന്നത് ലണ്ടനിൽനിന്നാണ്. ദേശത്തിനുവേണ്ടിയുള്ള പോരാട്ടങ്ങളിൽ അണിനിരന്നത് ദേശത്ത് നിന്നുള്ളവർ മാത്രമല്ല എന്നത് ദേശീയതാ വാദികൾ ഓർക്കേണ്ട കാര്യമാണ്. നെഹ്റുവിനെപ്പോലെ, POUM ലെ അനേകം സഖാക്കളെ പോലുള്ളവർ ലോകമെമ്പാടും രൂപപ്പെടുത്തിയെടുത്തതാണ് ദേശരാഷ്ട്രമെന്ന സങ്കൽപ്പം. കെൻ ലോച്ച് പറയുന്ന ഒരു കാര്യം, സ്പെയിൻ സമരത്തിന് ഊർജമായത് ഒക്ടോബർ വിപ്ലവമാണ് എന്നതാണ്. ആ ചിത്രത്തിലും യുദ്ധം നിർമിക്കുന്ന ഒരു വൈരുധ്യമുണ്ട്.
തുറമുഖത്തിൽ നിവിൻ പോളി
ഒരു അധികാര കേന്ദ്രത്തെ പുറത്താക്കാൻ ശ്രമിക്കുകയും അതേ അധികാര കേന്ദ്രത്തിന്റെ മറ്റൊരു തരം വക്താക്കളാവുകയും ചെയ്യുന്ന സ്ഥിതിവിശേഷം പല വിപ്ലവത്തിന്റെയും ചാരനിഴലുകളിൽ ഒന്നാണ്. കെൻ ലോച്ച് തന്നെ തന്റെ ‘വിൻഡ് ദാറ്റ് ഷേക്സ് ദി ബാർലി’ യിലും ‘ ലാൻഡ് ആൻഡ് ഫ്രീഡ’ത്തിലും ഈ അധികാരം വിപ്ലവത്തിലൂടെ പിടിച്ചടക്കിയതിനുശേഷമുള്ള വൈരുധ്യത്തെ സൂചിപ്പിക്കുന്നുണ്ട്.
എന്നാൽ 2016 നുശേഷം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ രണ്ടിലും (ഐ ഡാനിയൽ ബ്ലേക്, സോറി വീ മിസ്ഡ് യു) തൊഴിലാളികളുടെ സമരം എന്നതിൽനിന്ന് തൊഴിലാളി എന്ന ഒറ്റ ബിംബത്തിലേക്ക് ചുവടുമാറുന്നത് കാണാം. ആഗോള മുതലാളിത്തം തൊഴിൽ സമരങ്ങളിലും തൊഴിലാളി ട്രേഡ് യൂണിയൻ ബന്ധങ്ങളിലും വീഴ്ത്തിയ വിള്ളലുകളുടെ പ്രതിഫലനമാണത്. തൊഴിലാളിയെ തൊഴിലാളികളിൽ നിന്ന് വേർപെടുത്തുകയും അവരുടെ അവകാശ പോരാട്ടങ്ങളിൽനിന്ന് മാറ്റിനിർത്തുകയും ചെയ്യുന്ന കാലത്തെ തൊഴിലാളി എന്ന സൂക്ഷ്മ രാഷ്ട്രീയത്തെ തന്റെ 84‐ാം വയസ്സിലും കെൻ ലോച്ച് ചേർത്തുനിർത്തുന്നു.
നമ്മുടെ സിനിമകളിൽ ഏറെക്കാലമായി കാണാതിരുന്ന വർഗസമരത്തിന്റെ തിരയിരമ്പം കൂടിയാണ് തുറമുഖം.
മട്ടാഞ്ചേരിയും തുറമുഖത്തെ ബ്ലോ ഹോണുകളും
തുറമുഖം എന്ന സിനിമക്ക് ആദിമധ്യാന്തം എന്ന ജനപ്രിയ സിനിമയുടെ ഫോർമാറ്റല്ല ഉള്ളത്. സിനിമക്ക് അതിനകമേതന്നെ ഒരു ജീവിതമുണ്ടെന്നും പതിയെ എങ്കിലും ആ ജീവിതത്തിന് നിരന്തരമായ ചലനങ്ങൾ ഉണ്ടാവുകയും ചെയ്യുന്നുണ്ട്.
ജനപ്രിയ കാണിയുടെ നിലവിലുള്ള കാഴ്ചാശീലങ്ങളെ കുടഞ്ഞെറിയുന്നുണ്ട് രാജീവ് രവി. കുടുംബ കഥകളുടെ വൈകാരിക സംഘർഷങ്ങളുടെ മുള്ളുവേലികൾക്ക് പുറത്തേക്ക് രാഷ്ട്രീയ സാമൂഹികമായ ഒരു മാനവികലോകത്തെ അഴിച്ചെടുക്കുന്നുണ്ട് രാജീവ് രവി. തീർത്തും പുതിയൊരു കാഴ്ചാനുഭവത്തിലേക്കാണ് തുറമുഖം നിങ്ങളെ ക്ഷണിക്കുന്നത്.
ചിത്രം തുടങ്ങുന്നത് പ്രാചീന മട്ടാഞ്ചേരിയുടെ ഒരു പുലർദൃശ്യത്തിൽ നിന്നാണ്. മലയാള വാണിജ്യ സിനിമകളിലെ പതിവു പുലർകാല ദൃശ്യങ്ങളെപ്പോലെ ഒന്നല്ല അത്. സൂര്യനുദിക്കുന്നതും കൗസല്യാ സുപ്രജാ കേൾക്കുന്നതുമായ ഒരു പുലർകാല ദൃശ്യത്തെ സർഗാത്മകമായി നിഷേധിക്കുന്നുണ്ട് രാജീവ് രവി. മലയാള സിനിമയിൽ ഇത്തരത്തിലൊരു പുലർകാല ദൃശ്യത്തെ നാം വാസ്തവത്തിൽ അനുഭവിച്ചിട്ടേയില്ല.
തോണി വിളക്കുകളിൽനിന്നും ഓലക്കുടിലിലെ നേരിയ വിളക്കുകളിൽനിന്നുമുള്ള ചെറിയ വെളിച്ചത്തിൽ ഒരു കൂട്ടം തൊഴിലാളികൾ പുലർച്ചക്കു തന്നെ തൊഴിലുതേടി പോകാനായി ഒരുങ്ങുന്ന ദൃശ്യം. മുഖധാരാ സിനിമകളിൽ കാണിയുടെ മനസ്സിനെ ശാന്തമാക്കാനും പ്രകോപന രഹിതമാക്കാനും സംതൃപ്തിപ്പെടുത്താനുമായി സിനിമ തുടങ്ങുമ്പോൾ തന്നെ പ്രഭാത ദൃശ്യത്തിന്റെ പശ്ചാത്തലത്തിൽ പാട്ടുകൾ ഉപയോഗിക്കാറുണ്ടെന്ന് സംവിധായകർ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ‘ നാഴിയിൽ മുളനാഴിയിൽ ഗ്രാമം നന്മ മാത്രമളക്കുന്നു’ എന്നൊക്കെയുള്ള വ്യാജവും അയഥാർഥവുമായ പരികല്പനകളും അതിനുതകുന്ന ക്യാൻവാസ് ദൃശ്യങ്ങളുംകൊണ്ട് കാണിയുടെ കാഴ്ചയെ പരിമിതപ്പെടുത്തിയിട്ടുണ്ട് മുഖ്യധാരാ മലയാള സിനിമ.
വെളിച്ചം വീഴുംമുമ്പേ, കലുഷിതവും ശബ്ദമുഖരിതവുമായ തൊഴിലാളിക്കുടിലുകളുടെ പ്രഭാത ദൃശ്യത്തിലൂടെ അക്കാലം വരെയുള്ള കാണിയുടെ ശാന്തതാ പ്രതീക്ഷകളെ പ്രകോപനപരമായി അട്ടിമറിക്കുന്നുണ്ട് രാജീവ് രവി തുറമുഖം എന്ന ചിത്രത്തിൽ.
വെളിച്ചം വീഴുംമുമ്പേ, കലുഷിതവും ശബ്ദമുഖരിതവുമായ തൊഴിലാളിക്കുടിലുകളുടെ പ്രഭാത ദൃശ്യത്തിലൂടെ അക്കാലം വരെയുള്ള കാണിയുടെ ശാന്തതാ പ്രതീക്ഷകളെ പ്രകോപനപരമായി അട്ടിമറിക്കുന്നുണ്ട് രാജീവ് രവി തുറമുഖം എന്ന ചിത്രത്തിൽ. തൊഴിലവസരത്തിനായി മുതലാളിമാരുടെ നിർദേശത്തിൽ കങ്കാണിമാർ ചാപ്പയെറിയും. ചാപ്പ ലഭിക്കുന്ന തൊഴിലാളിക്ക് മാത്രമേ തൊഴിലെടുക്കാനുള്ള അനുവാദമുള്ളൂ.
തുറമുഖത്തുനിന്നും കപ്പലിലേക്കും തിരിച്ചുമുള്ള തോണിക്കാശ് തൊഴിലാളികളുടെ കൂലിയിൽനിന്നുതന്നെ കുറക്കുന്നു. ഒരു നിലക്കും തങ്ങളുടെ കൂലിയെക്കുറിച്ചോ മറ്റ് അവകാശങ്ങളേക്കുറിച്ചോ തൊഴിലാളിക്ക് തിരിച്ചറിയാൻ അവസരം സൃഷ്ടിക്കുകയില്ല മുതലാളിമാർ. തൊഴിലാളിയുടെ ഏക ലക്ഷ്യം കങ്കാണിമാർ എറിയുന്ന ചാപ്പ എവ്വിധവും കൈക്കലാക്കുക എന്നതാണ്. ആ ചാപ്പ ലഭിക്കാനായി കടുത്ത ശാരീരികാധ്വാനത്തിലൂടെയും മൽപ്പിടിത്തത്തിലൂടെയുമാണ് തൊഴിലാളി കടന്നുപോവേണ്ടത്.
അങ്ങനെ ചാപ്പ ലഭിക്കാനായി പുലർകാലത്ത് ഓലക്കുടിലിന് പുറത്തിറങ്ങുന്ന മൈമുവിന്റെ (ജോജു ജോർജ്)
ജോജു ജോർജ്
പരിസരമാണ് തുറമുഖത്തിന്റെ ആരംഭ ദൃശ്യം. മലബാറിൽനിന്ന്, മട്ടാഞ്ചേരിയിലേക്ക് കുടിയേറിയ പെൺകുട്ടിയാണ് പൂർണിമ അവതരിപ്പിക്കുന്ന മൈമുവിന്റെ ഭാര്യാ കഥാപാത്രം. തങ്ങളുടെ അവകാശങ്ങളെക്കുറിച്ച് ഒട്ടുമേ ബോധ്യമില്ലാതെ അടിമപ്പെട്ടുപോയ തുറമുഖത്തിലെ തൊഴിലാളികൾ.
കൈക്കരുത്തും മനഃസാന്നിധ്യവുംകൊണ്ട് ചില ഒറ്റപ്പെട്ട പ്രതിഷേധങ്ങൾ മാത്രം അവർ നടത്തുന്നു. സംഘടിതമായ ഒരു തൊഴിലാളിവർഗ മനോഭാവം രൂപപ്പെടാനുള്ള സാമൂഹിക സാഹചര്യം ഇല്ലാതിരുന്ന കാലത്തെ തൊഴിലാളികളുടെ യാതനകളെ ആഴത്തിൽ സന്നിവേശിപ്പിക്കുന്നുണ്ട് രാജീവ് രവി.
മുതലാളി വർഗത്തെയും കങ്കാണിമാരെയും എതിർക്കുന്നവരെ ശാരീരികമായി ആക്രമിക്കുകയും അവരുടെ ജീവൻ തന്നെ ഇല്ലാതാക്കുന്ന ഒരു സാമൂഹിക പരിസരത്തുനിന്ന് തൊഴിലാളിയെ നോക്കിക്കാണുന്നുണ്ട് തുറമുഖം. കെ എ ചിദംബരന്റെ തുറമുഖം എന്ന നാടകത്തിന്റെ തിരയനുവാദം നടത്തുന്നത് മകനായ ഗോപൻ ചിദംബരൻ തന്നെയാണ്. നാടകത്തിൽനിന്നും സിനിമയുടെ ഭാഷയിലേക്കുള്ള ഈ കൂടുമാറ്റത്തെ കൈയടക്കത്തോടെ ഗോപൻ നിർവഹിക്കുന്നുണ്ട്.
മുതലാളികളുടെയും കങ്കാണിമാരുടെയും ചെയ്തികളെ ശാരീരികമായി സധൈര്യം നേരിടുന്ന മൈമുവിന് ആ നാട്ടിൽ നിൽക്കാൻ സാധിക്കാതെ പലായനം ചെയ്യേണ്ടിവരുന്നു. മൈമു തന്റെ ഭാര്യയോട് യാത്രാമൊഴി ചോദിക്കുന്ന രംഗം മലയാള സിനിമയിലെതന്നെ ഏറ്റവും തീക്ഷ്ണമായ രംഗങ്ങളിലൊന്നാണ്.
ഞാൻ പോയാലും കുഞ്ഞുങ്ങളെ നീ നോക്കണം എന്നത് ഒരു വെല്ലുവിളിയായി തന്നെ സ്വീകരിക്കുന്നുണ്ട് മൈമുവിന്റ ഭാര്യ. വീടുവിട്ടിറങ്ങിപ്പോയ ഭർത്താവിന്റെ പശ്ചാത്തലത്തിലെ അനാഥമാക്കപ്പെട്ട കുടുംബത്തിന്റെ വൈകാരികതകളിലേക്കല്ല, മറിച്ച് അതിനിടയാക്കിയ മുതലാളി തൊഴിലാളി സംഘർഷങ്ങളിലേക്കാണ് കാണിയെ രാജീവ് രവി കേന്ദ്രീകരിക്കുന്നത്.
രാജീവ് രവി
നവമുതലാളിത്തത്തിന്റെ പ്രവർത്തികൾമൂലം ശിഥിലമാക്കപ്പെടുന്ന തൊഴിലാളി കുടുംബങ്ങളെ മാനിഫെസ്റ്റോയിൽ പ്രതിപാദിക്കുന്നുണ്ട്, കാൾ മാർക്സ്. മാനിഫെസ്റ്റോയിലെ ആ വാക്കുകളുടെ ദൃശ്യാവിഷ്കാരമാണ് തുറമുഖം എന്ന് ചൂണ്ടിക്കാട്ടുന്നുണ്ട് വിഷ്ണുദത്ത് എനമ്പുലാശേരി, തന്റെ തുറമുഖത്തെക്കുറിച്ചുള്ള ലേഖനത്തിൽ.
അധ്വാനത്തിന്റെ മുതൽ മുടക്കിലും വേണ്ടത്ര കൂലി ലഭിക്കാത്ത, ദാരിദ്ര്യവും ഇല്ലായ്മയുംകൊണ്ട് പൊറുതിമുട്ടുന്ന ഒരു കുടുംബമായി മൈമുവിന്റെ തൊഴിലാളി കുടുംബം അവശേഷിക്കുന്നു.
മൂത്ത മകനായ മൊയ്തു (നിവിൻ പോളി) അധ്വാനത്തിന് വേണ്ടത്ര കൂലി ലഭിക്കാത്ത നിരാശയാലും കുടുംബത്തിലെ സാമ്പത്തിക സംഘർഷങ്ങളാലും ഒരു തൊഴിലാളി എന്ന തന്റെ സ്വത്വത്തെ ഉപേക്ഷിക്കുന്നുണ്ട്. അയാൾ പച്ചീക്ക് (സുദേവ് നായർ) എന്ന ബൂർഷ്വാസിയുടെ കൈക്കാരനായും ലഹരിയിലും വേശ്യാലയങ്ങളിലും അഭയം പ്രാപിക്കുന്ന യുവാവായി പരിണമിക്കുന്നു.
മൈമുവിന്റെ കരുത്താണ് മൊയ്തുവിന്റെ മൂലധനമെങ്കിൽ, മൈമുവിൽ ഉറങ്ങിക്കിടന്ന തൊഴിലാളിയുടെ പ്രതിഷേധമാണ് രണ്ടാമത്തെ മകനായ ഹംസ (അർജുൻ അശോകൻ) യിൽ. അയാൾ തന്റെ തൊഴിൽ മേഖലയിൽതന്നെ നിൽക്കുകയും പിൽക്കാലത്ത് കമ്യൂണിസ്റ്റ് ട്രേഡ് യൂണിയൻ പ്രവർത്തകനാവുകയും ചെയ്യുന്നുണ്ട്.
തന്റെ പിതാവിനെയോ സഹോദരനെയോപോലെ സാഹചര്യങ്ങളിൽ നിന്ന് വഴിമാറി നടക്കുകയല്ല, മറിച്ച് നഷ്ടപ്പെടാൻ ചങ്ങലകൾ മാത്രമാണ് എന്ന തൊഴിലാളിയുടെ തിരിച്ചറിവിലേക്ക് ഉയരുന്നുണ്ട് ഹംസ. ഒപ്പം തന്നെ രണ്ട് കാലങ്ങളിലെ തൊഴിലാളിയുടെ തൊഴിൽ സംഘർഷങ്ങളിലേക്ക് കൂട്ടിവിളിക്കുന്നുണ്ട് രാജീവ് രവി.
തങ്ങളുടെ അവകാശങ്ങൾക്കുമേലെ മുതലാളി വർഗം കയറി നിൽക്കുകയാണ് എന്ന് ബോധ്യപ്പെടുന്ന തൊഴിലാളികൾ ചാപ്പ സമ്പ്രദായം ഉപേക്ഷിക്കുവാനും ട്രേഡ് യൂണിയൻ രീതിയിൽ മുന്നോട്ടുപോകുവാനും തീരുമാനിക്കുന്നു. സഖാവ് സാന്റോ ഗോപാല (ഇന്ദ്രജിത്ത്) ന്റെ നേതൃത്വത്തിൽ ഉറപ്പാണ് തൊഴിൽ ഉറപ്പാണ് വേതനം എന്ന പ്രതി മുദ്രാവാക്യങ്ങളുമായി മട്ടാഞ്ചേരിയുടെ തെരുവുകളെ കലുഷിതമാക്കുന്നുണ്ട് ചെങ്കൊടിയേന്തിയ തൊഴിലാളികൾ. മട്ടാഞ്ചേരിയിൽ നടന്ന തുറമുഖ തൊഴിലാളികളുടെ യഥാർഥ സംഭവങ്ങളും മട്ടാഞ്ചേരി വെടിവെപ്പും ആണ് സിനിമയുടെ ആധാരം. സഖാവ് സാന്റോ ഗോപാലൻ സ്മാരക ലൈബ്രറി ഇന്നും മട്ടാഞ്ചേരി തെരുവുകളിലുണ്ട്.
സൗന്ദര്യശാസ്ത്രത്തിലൂന്നിയുള്ള കലാസ്വാദനങ്ങൾ പൊതുവെ രാഷ്ട്രീയ സിനിമകളോട് സ്വീകരിക്കുന്ന മനോഭാവത്തിൽ സ്ഥിരമായി കേൾക്കുന്ന ആക്ഷേപമാണ് ‘മുദ്രാവാക്യ സിനിമ’ എന്നത്. രാജീവ് രവിയുടെ തുറമുഖം മുദ്രാവാക്യ സിനിമയല്ല, മറിച്ച് മുദ്രാവാക്യങ്ങളാൽ മുഖരിതമായ സിനിമയാണ്. രാഷ്ട്രീയ സിനിമയുടെ മുദ്രാവാക്യപ്പേടിയെ അനായാസം അട്ടിമറിക്കുന്നുണ്ട് രാജീവ് രവി.
സൗന്ദര്യശാസ്ത്രത്തിലൂന്നിയുള്ള കലാസ്വാദനങ്ങൾ പൊതുവെ രാഷ്ട്രീയ സിനിമകളോട് സ്വീകരിക്കുന്ന മനോഭാവത്തിൽ സ്ഥിരമായി കേൾക്കുന്ന ആക്ഷേപമാണ് ‘മുദ്രാവാക്യ സിനിമ’ എന്നത്. രാജീവ് രവിയുടെ തുറമുഖം മുദ്രാവാക്യ സിനിമയല്ല, മറിച്ച് മുദ്രാവാക്യങ്ങളാൽ മുഖരിതമായ സിനിമയാണ്. രാഷ്ട്രീയ സിനിമയുടെ മുദ്രാവാക്യപ്പേടിയെ അനായാസം അട്ടിമറിക്കുന്നുണ്ട് രാജീവ് രവി. തൊഴിൽ സമരങ്ങളിൽ മുഴങ്ങിക്കേട്ട മുദ്രാവാക്യങ്ങൾ സിനിമയിൽ നിറയുന്നുണ്ട്.
‘കല്ക്കരിയായാലും കാരിരുമ്പായാലും
കപ്പലു ഞങ്ങ കത്തിക്കും
സാഗര് റാണി കത്തിക്കും’
പട്ടിണി മാത്രം കൈമുതലാക്കി ദിവസങ്ങളോളം വേലയും കൂലിയുമില്ലാതെ തൊഴിലാളികൾ സമരം ചെയ്തു. കരിങ്കാലികൾ ലജ്ജയില്ലാതെ മർദക വർഗത്തിന്റെ ഉച്ഛിഷ്ടം ഭക്ഷിക്കാനായി അവരുടെ സമരവും കടന്നു പോയി.
‘സാഗര് റാണീല് ചരക്കുണ്ടെങ്കില്
ഞങ്ങടെ കൈക്ക് കരുത്തുണ്ടെങ്കില്
ചരക്കു നിങ്ങളിറക്കില്ല
ഞങ്ങടെ മക്കള് വെശന്നു കരയുമ്പൊ
ഞങ്ങടെ ചോരയാല് വാര്ഫു ചുവക്കുമ്പൊ
ഒരിക്കലും നിങ്ങളിറക്കില്ല
ചരക്കു നിങ്ങളിറക്കില്ല
ഞങ്ങടെ ശവത്തില് ചവിട്ടിയേ നിങ്ങ
ചരക്കിറക്കൂ കട്ടായം’
തുടങ്ങിയ മുദ്രാവാക്യങ്ങൾ കാണിയെ വൈകാരികതയിൽനിന്ന് വിമോചിപ്പിച്ച് വർഗസമരത്തിന്റെ കൂടെക്കൂട്ടുന്നുണ്ട്. മുതലാളിമാരുടെ ഇഷ്ടത്തിന് വഴങ്ങിക്കൊടുക്കുന്ന തൊഴിലാളി ട്രേഡ് യൂണിയനുകളുടെ തൊഴിലാളികളെ വഞ്ചിക്കുന്ന മനോഭാവത്തെയും സിനിമ പ്രതിപാദിക്കുന്നു. ഇൻടക് എന്നാണ് സിനിമയിൽ അത്തരം തൊഴിലാളി വഞ്ചക ട്രേഡ് യൂണിയനെ പ്രതിപാദിക്കുന്നത്.
പച്ചീക്കിന്റെ നിർദേശപ്രകാരം സഖാവ് സാന്റോ ഗോപാലനെ അതിനകം മട്ടാഞ്ചേരി മൊയ്തുവായ മൊയ്തു ആക്രമിക്കുന്നുണ്ട്. അപ്പോൾ തെരുവിൽ കേൾക്കുന്ന
‘ചെങ്കൊടിക്ക് ചോരയാൽ നിറംകൊടുത്തതാരെടാ…
സഖാവ് സാന്റോ ഗോപാലൻ…’
എന്ന മുദ്രാവാക്യത്തിന് അടിച്ചമർത്തുകയാണെന്ന് തിരിച്ചറിഞ്ഞ തൊഴിലാളിയുടെ അടിയിൽ നിന്നുയർന്നുവന്ന വിപ്ലവത്തിന്റെ ചൂടുണ്ട്. വർഗസമരങ്ങളും ട്രേഡ് യൂണിയൻ മൂവ്മെന്റും ഇത്രമേൽ ശക്തമായി സമീപകാലത്തൊന്നും നാം സിനിമയിൽ അനുഭവിച്ചിട്ടില്ല.
മട്ടാഞ്ചേരി വെടിവെപ്പിൽ കൊല്ലപ്പെടുന്ന സഖാക്കൾ വാസ്തവത്തിൽ ട്രേഡ് യൂണിയൻ രക്തസാക്ഷിത്വത്തിന്റെ തിരസാക്ഷ്യങ്ങളായി കാണിയെ അസ്വസ്ഥപ്പെടുത്തുന്നു.
മട്ടാഞ്ചേരി വെടിവെപ്പിൽ കൊല്ലപ്പെടുന്ന സഖാക്കൾ വാസ്തവത്തിൽ ട്രേഡ് യൂണിയൻ രക്തസാക്ഷിത്വത്തിന്റെ തിരസാക്ഷ്യങ്ങളായി കാണിയെ അസ്വസ്ഥപ്പെടുത്തുന്നു. വെടിയേറ്റുവീഴുന്ന സഖാവ് ഹംസയെ കാണുന്ന ഉമ്മയുടെ മുഖം ജീവിക്കുന്ന മട്ടാഞ്ചേരിയിലെ രക്തസാക്ഷിത്വമായി നമ്മിൽ അവശേഷിക്കുന്നു. തൊഴിലാളികളെ അപഹസിച്ചും അപമാനിച്ചും മുഖ്യധാരാ മലയാള സിനിമ ഇന്നോളം നടത്തിയ ശ്രമങ്ങളെ അപ്രത്യക്ഷമാക്കാൻ ശേഷിയുള്ള തിരയിരമ്പമായി തുറമുഖം സിനിമ നമ്മിൽ അവശേഷിക്കുന്നു.
റെഫറൻസ്
ചിന്ത രവി സിനിമ സമൂഹം പ്രത്യയ ശാസ്ത്രം
പി കെ ശിവദാസ് വർഗസമരത്തിന്റെ തെരുവരങ്ങുകൾ
ജി പി രാമചന്ദ്രൻ വിവിധ ലേഖനങ്ങൾ
സൂസൻ സൊൻടാഗ് under the sign of saturn
വിഷ്ണുദത്ത് എളമ്പുലാശേരി മട്ടാഞ്ചേരിയിലെ ഉമ്മമാർ പറയുന്ന പോരാട്ട സമര ചരിത്രം
കെ പി ജയകുമാർ തിരയടങ്ങാത്ത ഉടൽ
സി എസ് വെങ്കിടേശ്വരൻ സിനിമയുടെ ഭാവനാ ദേശങ്ങൾ
(ദേശാഭിമാനി വാരികയിൽ നിന്ന്)
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..