മഹാരാഷ്ട്രയിലെ ലാത്തൂരിലുള്ള കോച്ച് ഫാക്ടറിയിലാണ് സ്റ്റീൽ നിർമിത സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുക. നിലവിൽ ചെയർ കാർ മാതൃകയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനിൻ്റെ സ്ലീപ്പർ വകഭേദം വരുന്നതോടു കൂടി ദീർഘദൂര റൂട്ടുകളിൽ ഇവ വിന്യസിക്കാനാകും. റഷ്യയിലെ ഏറ്റവും വലിയ ട്രെയിൻ നിർമാണ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിങിനു (ടിഎംഎച്ച്) പുറമെ പൊതുമേഖലാ കമ്പനിയായ റെയിൽ വികാസ് നിഗം ലിമിറ്റഡിനും കൺസോർഷ്യത്തിൽ പങ്കാളിത്തമുണ്ട്. ഒരു ട്രെയിൻ 120 കോടി രൂപയ്ക്ക് നിർമിച്ചു നൽകാമെന്നു വാഗ്ദാനം ചെയ്ത ടിഎംഎച്ച് കൺസോർഷ്യത്തിൻ്റേതായിരുന്നു ഏറ്റവും കുറഞ്ഞ ടെൻഡർ. ട്രെയിനുകൾ നിർമിക്കാനും 35 വർഷം പരിപാലിക്കാനുമുള്ള ഇടപാടിന് 58,000 കോടി രൂപ റെയിൽവ കമ്പനിയ്ക്ക് നൽകും. നിലവിൽ വന്ദേ ഭാരത് എക്സ്പ്രസ് നിർമിക്കുന്ന ചെന്നൈ ഐസിഎഫിനെക്കാൾ 8 കോടി രൂപയോളം ലാഭം ഇക്കാര്യത്തിൽ റെയിൽവേയ്ക്ക് ഉണ്ടായിട്ടുണ്ട്. നിലവിൽ നിരവധി രാജ്യങ്ങളുമായി മെട്രോ, ദീർഘദൂര ട്രെയിനുകളുടെ നിർമാണത്തിന് ടിഎംഎച്ചിന് കരാറുണ്ട്.
കബളിപ്പിച്ച് വീട്ടുജോലിക്കാരി; ചോദ്യം ചെയ്തപ്പോൾ പുറത്തായത് വൻ തട്ടിപ്പ് | Housemaid |
രണ്ട് വർഷത്തിനുള്ളിൽ ആദ്യ ട്രെയിനിൻ്റെ പ്രോട്ടോടൈപ്പ് തയ്യാറാക്കി കൈമാറണമെന്നാണ് നിർദേശം. നിലവിലെ വന്ദേ ഭാരത് എക്സ്പ്രസിൽ എക്സിക്യൂട്ടീവ്, സാധാരണ ക്ലാസുകളിലായി മുഴുവനായും ചെയർകാറുകളാണുള്ളത്. എന്നാൽ സ്ലീപ്പർ പതിപ്പിൽ ഒരു ഫസ്റ്റ് എസി, മൂന്ന് സെക്കൻഡ് എസി, 11 തേഡ് എസി കോച്ചുകളുണ്ടാകും. ട്രെയിനിൻ്റെ രൂപകൽപന പുരോഗമിക്കുകയാണെന്നും ഈ സാമ്പത്തികവർഷം തന്നെ പ്രോട്ടോടൈപ്പ് തയ്യാറാകുമെന്നുമാണ് റെയിൽവേ മന്ത്രാലയം കഴിഞ്ഞ ദിവസം പാർലമെൻ്റിനെ അറിയിച്ചത്.
പൊതുമേഖലാ കമ്പനിയായ ഭാരത് ഹെവി ഇലക്ട്രിക്കൽസ് ലിമിറ്റഡും ഇന്ത്യൻ സ്വകാര്യ ട്രെയിൻ നിർമാതാക്കളായ ടിട്ടാഗഡും ചേർന്ന കൺസോർഷ്യമായിരുന്നു ടെൻഡറിൽ രണ്ടാമതെത്തിയത്. ഒരു ട്രെയിനിന് 140 കോടിയാണ് ഇവർ വാഗ്ദാനം ചെയ്ത തുക. ടെൻഡറിലെ ധാരണ അനുസരിച്ച് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്ത കമ്പനി 120 ട്രെയിനുകളും രണ്ടാമതെത്തിയ കമ്പനി 80 ട്രെയിനുകളും നിർമിക്കും. എന്നാൽ ചട്ടങ്ങൾ അനുസരിച്ച് ടിഎംഎച്ച് കൺസോർഷ്യം ക്വോട്ട് ചെയ്ത 120 കോടി രൂപയ്ക്ക് ട്രെയിൻ നിർമിക്കാൻ തയ്യാറായാൽ മാത്രമായിരിക്കും ഭേൽ – ടിട്ടാഗഡ് സഖ്യത്തിന് ഈ അവസരമുണ്ടാകൂ. ചെന്നൈയിലായിരിക്കും ഈ 80 ട്രെയിനുകൾ നിർമിക്കുക.
കേരളത്തിന് വന്ദേ ഭാരത്: കേന്ദ്രം പിൻവാങ്ങിയതിനു പിന്നിലെ ‘ദുരൂഹത’യെന്ത്? കേന്ദ്രം പരിഗണിക്കുന്ന കാര്യങ്ങൾ
ട്രെയിൻ നിർമാണം തുടങ്ങുന്നതിനു മുന്നോടിയായി പെർഫോമൻസ് ഗ്യാരണ്ടിയായി ടിഎംഎച്ച് – ആർവിഎൻഎൽ സഖ്യം 200 കോടി രൂപ റെയിൽവേയ്ക്ക് കെട്ടിവെയ്ക്കണം. 160 കോടിയാണ് ടിട്ടാഗഡ് – ഭേൽ സഖ്യത്തിൻ്റെ പെർഫോമൻസ് ഗ്യാരണ്ടി തുക.
മധ്യദൂര, ദീർഘദൂര സർവീസുകൾക്കായാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ നിർമിക്കുന്നതെന്നാണ് റെയിൽവേ മന്ത്രാലയം പാർലമെൻ്റിനെ അറിയിച്ചിട്ടുള്ളത്. ഡൽഹി, ബെംഗളൂരു, ബോധ്പൂർ തുടങ്ങിയ നഗരങ്ങളിൽ ഈ ട്രെയിനുകളുടെ അറ്റകുറ്റപ്പണികൾക്കായി കേന്ദ്രങ്ങളും സ്ഥാപിക്കും. അതേസമയം, ഈ ട്രെയിനുകൾ നിലവിലുള്ള ശതാബ്ദി ട്രെയിനുകൾക്കോ രാജധാനി ട്രെയിനുകൾക്കോ പകരമാകില്ലെന്നും റെയിൽവേ വ്യക്തമാക്കിയിട്ടുണ്ട്.