വൈവിദ്ധ്യങ്ങളുടെ പെരുമ തീർക്കുന്ന ഇന്ത്യൻ ജനതയുടെ ആഘോഷങ്ങൾ എന്നും ലോകത്തെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വിവിധങ്ങളായ മതവിഭാഗങ്ങൾ ഇടകലർന്ന് ജീവിക്കുന്ന ഇന്ത്യയിൽ ഓരോ മതവിഭാഗങ്ങൾക്കും അവരുടെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ആഘോഷങ്ങളും ഉത്സവങ്ങളും നിരവധിയാണ്. പരസ്പരം സ്നേഹം പങ്കുവെച്ച് എല്ലാ ആഘോഷവേളകളും എല്ലാവരുടേതുമായി മാറിയിരുന്ന അതിമനോഹരമായ കാഴ്ച്ചകൾ തന്നെയായിരുന്നു ഈ രാജ്യത്തിന്റെ വൈവിധ്യങ്ങളെയെന്നും സ്നേഹത്തിന്റെ മാലയിൽ കോർത്തിണക്കിയത്.
എന്നാൽ രാജ്യത്തെ ഓരോ ആഘോഷങ്ങളെയും മുൻപെങ്ങുമില്ലാത്ത വിധം വലിയ ഭീതിയോടെയാണ് സമീപകാല ഇന്ത്യയിൽ ജനാധിപത്യ വിശ്വാസികൾ നോക്കികാണുന്നത്. വിഭജനദിനങ്ങളിലെ മുറിവുകളെ ഓർമ്മിപ്പിക്കും വിധം ഈ നൂറ്റാണ്ടിലും തെരുവിൽ ആൾക്കൂട്ടം ഹിന്ദുവും മുസ്ലീംമുമായി ചേരിതിരിഞ്ഞ് ഏറ്റുമുട്ടുന്ന നിലയിലേക്ക് ഇന്ത്യ മാറുകയാണ്. കേവല രാഷ്ട്രീയ നേട്ടത്തിനായി അതിന് കോപ്പുകൂട്ടി നൽകുന്ന ഭരണകൂടങ്ങളും അപകടകരമായ സാഹചര്യത്തിലേക്ക് രാജ്യത്തെ തള്ളി വിടുകയാണ്. സമാധാനപരമായി ആഹ്ലാദത്തോടെ അവസാനിക്കേണ്ട ആഘോഷങ്ങൾ ഇന്ന് ഇന്ത്യയിൽ അവസാനിക്കുന്നത് വർഗ്ഗീയ അസ്വാസ്ഥ്യങ്ങളും അതേ തുടർന്നുള്ള കലാപങ്ങളോടും കൂടിയാണ്.
വിവിധ സംസ്ഥാങ്ങളിൽ അക്രമ പരമ്പര
രാഷ്ട്രീയ നേതൃത്വം മതത്തെ ഉപയോഗപ്പെടുത്തുന്നത് അവസാനിപ്പിച്ചാൽ വിദ്വേഷ പ്രസംഗങ്ങൾ അവസാനിക്കുമെന്ന സുപ്രീംകോടതിയുടെ നിരീക്ഷണം വന്ന് മണിക്കൂറുകൾ തികയും മുൻപ് രണ്ടു മതവിഭാഗങ്ങൾ തെരുവിൽ ഏറ്റുമുട്ടുന്ന അപകടകരമായ സാഹചര്യത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കേണ്ടി വന്നത്. രാമനവമി ആഘോഷങ്ങൾക്കിടെ കഴിഞ്ഞ ദിവസങ്ങളിലായി രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നടന്ന അക്രമസംഭവങ്ങൾ ഇന്ത്യയുടെ മതേതര മൂല്യങ്ങൾക്ക് നേരെയുള്ള തുറന്ന വെല്ലുവിളികൂടിയാണ്. ഭരണകൂടവും നിയമപാലകരും നോക്കുകുത്തികളായി മാറുമ്പോൾ ആൾക്കൂട്ടം വർഗ്ഗീയ ആക്രോഷങ്ങളുമായി തെരുവുകൾ കീഴടക്കുന്ന കാഴ്ച്ചക്കാണ് രാജ്യം സാക്ഷ്യം വഹിച്ചത്.ആഘോഷത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്ന ശോഭ യാത്രകൾ പലയിടങ്ങളിലും പ്രത്യേകിച്ച് ന്യൂനപക്ഷ പ്രദേശങ്ങളിൽ അക്രമാസക്തമായി മാറി. റാലി കടന്നുപോകുന്ന വഴികളിലെ നിരവധി മുസ്ലീം ആരാധനാലയങ്ങൾക്ക് മുൻപിൽ മനുഷ്യർ വെറുപ്പിന്റെ ആക്രോഷങ്ങളുയർത്തി പരസ്പരം ഏറ്റുമുട്ടി.
Read More:രാമനവമി: മതാചാരം കലാപങ്ങളുടെ വേദിയാകുമ്പോൾ
ഗുജറാത്തിലെ വഡോദരയിലെ ആഘോഷങ്ങൾക്കിടെ ആൾക്കൂട്ടം ഇരുചേരികളായി മാറി നടത്തിയ കല്ലേറിൽ നിരവധി പേർക്ക് പരിക്കേറ്റു. കുംബാർവാടയിലുണ്ടായ കല്ലേറിൽ രണ്ടു പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹാസ്സനിൽ രാമനവമി ആഘോഷത്തിനിടെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷമുണ്ടായി.
പശ്ചിമബംഗാളിലെ ഹൗറയിൽ ഉണ്ടായ സംഘർഷത്തിൽ നിരവധി വാഹനങ്ങളും കടകളും അഗ്നിക്കിരയായി. സ്വാമി വിവേകാനന്ദ സേവാസംഘ് പ്രവർത്തകരുടെ നേതൃത്വത്തിൽ നടന്ന റാലിയിൽ വാളുകളും ഹോക്കി സ്റ്റിക്കുകളുമായാണ് ആൾക്കൂട്ടം തെരുവിലിറങ്ങിയത്. ഷിബ്പൂരിലുണ്ടായ സംഘർഷത്തെ തുടർന്ന് മുപ്പത്താറു പേരെ പോലീസ് അറസ്റ്റ് ചെയ്തു.
ഉത്തർ പ്രദേശിലെ ലക്നൗവിൽ പോലീസിന്റെ അനുമതിയില്ലാതെ നടന്ന ശോഭയാത്രക്കിടെ കല്ലേറും സംഘർഷവും ഉണ്ടായി. സംഘർഷത്തിൽ പന്ത്രണ്ട് പേരെ ഉത്തർപ്രദേശ് പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ ഔറംഗാബാദിലുണ്ടായ സംഘർഷം കലാപത്തിന്റെ വക്കോളമെത്തി. റാലി കടന്നു പോകുന്നതിനിടെ ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറ് തുടർന്ന് വലിയ അക്രമത്തിലേക്ക് നീങ്ങി. പ്രദേശത്തെ നിരവധി വാഹനങ്ങൾ കലാപകാരികൾ തീവെച്ച് നശിപ്പിച്ചു. അഞ്ഞൂറിലേറെ പേർ വരുന്ന ആൾക്കൂട്ടം നടത്തിയ ആക്രമണത്തിൽ നിരവധി പോലീസുകാർക്കും പരിക്കുണ്ട്. കലാപകാരികളെ നിയന്ത്രിക്കാൻ പോലീസ് കണ്ണീർ വാതകം പ്രയോഗിച്ചു.
മാൽവാനിയിലുണ്ടായ സംഘർഷത്തിൽ ഇരുപത്തി ഒന്നുപേരെ ഇതുവരെ അറസ്റ്റ് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബിഹാറിലെ സസാരം പ്രദേശത്ത് സംഘർഷത്തെ തുടർന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുക്കാനിരുന്ന പരിപാടി ഒഴിവാക്കി. പ്രദേശത്ത് 144 പ്രഖ്യാപിച്ചു. ഇന്നലെ നടന്ന സംഘർഷത്തിൽ കല്ലേറുണ്ടായി. അരഡസനോളം വാഹനങ്ങൾ അഗ്നിക്കിരയാക്കപ്പെടുകയും ചെയ്തു. അക്രമങ്ങളിൽ പതിന്നാലു പേർക്ക് പരിക്കേറ്റു. ഹരിയാനയിലും രാജസ്ഥാനിലും നടന്ന ശോഭായാത്രകളിലും വാളുകളടങ്ങുന്ന സായുധധാരികളായാണ് ആളുകൾ പങ്കെടുത്തത്. പ്രകോപനപരമായ വിദ്വേഷ മുദ്രാവാക്യങ്ങളും കല്ലേറും പലയിടത്തും അക്രമണങ്ങൾക്ക് ആക്കം കൂട്ടി.
രാഷ്ട്രീയ പാർട്ടികളെ കലാപകാരികൾ വിഴുങ്ങുമ്പോൾ ആരണയ്ക്കും ഈ വർഗ്ഗീയ തീ?
രാമനവമി ആഘോഷവേളകളെ സംഘപരിവാർ വർഗ്ഗീയ അതിക്രമങ്ങൾക്ക് വേണ്ടി ഉപയോഗപ്പെടുത്തുന്നത് ഇതാദ്യമല്ല. കഴിഞ്ഞ വർഷങ്ങളിലും സമാനമായ സാഹചര്യം രാജ്യത്തുണ്ടായി. തെരുവുകളിൽ നടന്ന സായുധ പ്രകടനങ്ങൾക്കും വിദ്വേഷ മുദ്രവാക്യങ്ങൾക്കും അക്രമസംഭവങ്ങളിലും ദേശീയ രാഷ്ട്രീയ പാർട്ടികളുടെ മൗനം ഗൗരവമുള്ളതാണ്.
ശോഭായാത്രക്കിടെ കഴിഞ്ഞദിവസങ്ങളിലെ സംഘർഷം അരങ്ങേറിയത് കേവലം ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ മാത്രമായിരുന്നില്ല. മമത ബാനർജി ഭരിക്കുന്ന ബംഗാളിലും കോൺഗ്രസ്സ് ഭരിക്കുന്ന രാജസ്ഥാനിലും നിതീഷ് കുമാർ ഭരിക്കുന്ന ബിഹാറിലും അക്രമ സംഭവങ്ങളുണ്ടായി എന്നത് ഏറെ ഞെട്ടലോടെയാണ് ജനാധിപത്യ സമൂഹം നോക്കികാണുന്നത്. ഓരോ വർഷങ്ങളിലും വർഗ്ഗീയ കലാപങ്ങളുടെ ചരിത്രമില്ലാത്ത പല ജില്ലകളിലേക്കും കലാപത്തിന്റെ ചോരപ്പാടുകൾ പടർന്നുകൊണ്ടിരിക്കുകയാണ്.
ജനങ്ങൾക്കിടയിലെ മതസൗഹാർദവും സമാധാന അന്തരീക്ഷവും നില നിർത്തുന്നതിൽ സംഘപരിവാർ ഇതര ഭരണകൂടങ്ങളും പരാജയപ്പെടുന്നു എന്നത് രാജ്യം എത്തി നിൽക്കുന്ന അപകടകരമായ സാഹചര്യത്തെയാണ് വെളിപ്പെടുത്തുന്നത്.തിരഞ്ഞെടുപ്പ് പ്രത്യാഘാതങ്ങളെ ഭയപ്പെട്ട് കലാപകാരികൾക്കെതിരെയുള്ള ശക്തമായ നടപടികളിൽ നിന്ന് ഭരണകൂടങ്ങൾ പിൻവാങ്ങുന്ന കാഴ്ച ഇന്ത്യയിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളിയെ കൂടിയാണ് വ്യക്തമാക്കുന്നത്.
നിരന്തരം അരങ്ങേറുന്ന വർഗ്ഗീയ സംഘർഷങ്ങൾ രാജ്യത്ത് ഒരു ഇരയെയും വേട്ടക്കാരനെയും രൂപപ്പെടുത്തി കഴിഞ്ഞിരിക്കുന്നു. ഇന്ത്യയിലെ ഭൂരിപക്ഷം വരുന്ന ഹിന്ദുമത വിശ്വാസികൾക്കിടയിൽ സമർത്ഥമായി മുസ്ലീം എന്നൊരു പൊതുശത്രുവിനെ പ്രതിഷ്ഠിക്കാൻ സംഘപരിവാറിനു കഴിഞ്ഞു. തെരുവുകളിൽ പട്ടിണിയും വിലക്കയറ്റവും തൊഴിലില്ലായ്മയും മറന്ന് നാം കേട്ട അതേ വിദ്വേഷ ആക്രോശങ്ങൾ രാജ്യത്തിന്റെ സർവ്വ മേഖലകളിലും ജനാധിപത്യ മൂല്യങ്ങളെ കാർന്നുതിന്ന് മുന്നേറുകയാണ്. ലോക്സഭ തിരഞ്ഞെടുപ്പടുത്ത സാഹചര്യത്തിൽ തുടർച്ചയായുണ്ടായ ഈ അക്രമണങ്ങൾക്ക് പിന്നിലെ ആസൂത്രണ സാധ്യത തള്ളിക്കളയാനാവില്ല.
രാജ്യത്ത് നിലനിൽക്കുന്ന സാമ്പത്തിക അരക്ഷിതാവസ്ഥയിൽ നിന്നും, മറ്റ് ജനകീയ പ്രശ്നങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാനുള്ള നീക്കം കൂടി ഈ വർഗ്ഗീയ ധ്രുവീകരണത്തിന്റെ ആക്കം കൂട്ടുന്നതിന് കാരണമായേക്കും. രാജ്യത്തെ ഒട്ടുമിക്ക മാധ്യമ സ്ഥാപനങ്ങളും സംഘപരിവാറിന്റെ കൈപ്പിടിയിലമർന്നതോടെ എരിതീയിൽ എണ്ണയൊഴിക്കുന്ന ഏർപ്പാടായി മാധ്യമ റിപ്പോർട്ടങ്ങും മാറി. അസത്യങ്ങൾ എളുപ്പം വാർത്തയായി മാറിത്തുടങ്ങി. രാമനവമി ആഘോഷത്തിന്റെ ഭാഗമയുണ്ടായ അക്രമസംഭവങ്ങൾ 2024 ലോകസഭ ഇലക്ഷന് മുന്നോടിയായുള്ള ട്രെയിലർ മാത്രമാണെന്ന് മുൻ കോൺഗ്രസ്സ് നേതാവും രാജ്യസഭ എം.പിയുമായ കപിൽ സിബൽ ട്വീറ്റ് ചെയ്തു.
കേരളം തീർക്കുന്ന മനുഷ്യസ്നേഹത്തിന്റെ പ്രതിരോധ മാതൃകകൾ
നവോത്ഥാന മൂല്യങ്ങളെ എന്നും ഉയർത്തിപിടിക്കുന്ന കേരളം എന്നും മതസൗഹാർദ്ദത്തിന്റെ അനേകം ഉദാത്തമാതൃകകൾകൊണ്ട് ഇന്ത്യയെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വ്യത്യസ്ത മതവിഭാഗങ്ങളിൽപ്പെട്ടവർ തങ്ങളുടെ ആഘോഷങ്ങൾ പരസ്പരം ചേർത്ത് പിടിച്ച് ഒരു മനസ്സോടെ ആഘോഷിച്ചു. ഒരു ആഘോഷവേളയിലും ആരും മാറ്റി നിർത്തപ്പെട്ടില്ല ഓരോ വേളകളും സ്നേഹബന്ധങ്ങളെ ഊട്ടിയുറപ്പിക്കുന്നതായി മാറി. രാമനവമി ആഘോഷത്തിന്റെ പേരിൽ രാജ്യത്തെ വിവിധയിടങ്ങളിൽ അക്രമ സംഭവങ്ങൾ അരങ്ങേറുമ്പോഴും ഇങ്ങ് കേരളത്തിൽ മലപ്പുറത്തെ വിവിധ ക്ഷേത്രങ്ങളിൽ മുസ്ലീം സഹോദരങ്ങൾക്കായുള്ള ഇഫ്താർ സംഗമങ്ങൾ നടക്കുകയായിരുന്നു. മലപ്പുറം ഇരിങ്ങാവൂര് വാണിയന്നൂര് ചാത്തങ്ങാട് വിഷ്ണുക്ഷേത്രത്തിൽ പ്രതിഷ്ഠാദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ഇഫ്താറിൽ പാണക്കാട് റഷീദലി ശിഹാബ് തങ്ങൾ മുഖ്യാതിഥിയായി പങ്കെടുത്തു. ആറാട്ടുത്സവത്തിന്റെ ഭാഗമായി ഒലിപ്പുഴ തൃപ്പാക്കട മഹാവിഷ്ണു ക്ഷേത്രസമിതി പ്രദേശത്ത് ഇഫ്താർ വിരുന്നൊരുക്കി. സാധാരണ ആറാട്ട് സദ്യയായിരുന്നു ഉത്സവത്തിന്റെ ഭാഗമായി ഉണ്ടാകാറ്. എന്നാൽ ഇത്തവണ റംസാൻ കൂടി എത്തിയതോടെ ഇഫ്താർ വിരുന്നൊരുക്കുകയായിരുന്നു.
ഒലിപ്പുഴയിലെ രണ്ട് മഹല്ല് കമ്മറ്റികളും ക്ലബ്ബുകളും സജീവമായതോടെ ഇഫ്താർ വിരുന്ന് വലിയ വിജയമായി. കൊണ്ടോട്ടി കീഴിശ്ശേരി ക്ഷേത്രപരിസരത്തും നോമ്പുതുറ സംഘടിപ്പിച്ചു. ക്ഷേത്രസമിതി എല്ലാ സൗകര്യങ്ങളുമൊരുക്കി ഇഫ്താറിന്റെ മുൻപിലുണ്ടായിരുന്നു. മതസൗഹാർദ്ദത്തിന്റെ ഇത്തരം അപൂർവ്വ സംഗമങ്ങൾ വലിയ വാർത്തയാകുമ്പോഴും മലപ്പുറത്തുകാർക്കിത് പതിവ് കാഴ്ചയാണ്. മനുഷ്യസ്നേഹത്തിന്റെ മൂല്യങ്ങൾ ഇന്ത്യയുടെ തെരുവിൽ തച്ചുടയ്ക്കപ്പെടുമ്പോൾ അവർ വിസ്മരിക്കുന്നത് ഈ രാജ്യം ഒരുമിച്ചു നിന്ന് പോരാടി നേടിയ ചരിത്രത്തെ കൂടിയാണ്.