Edited by Karthik KK | Samayam Malayalam | Updated: 3 Apr 2023, 8:45 am
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത ഡൽഹി – ഭോപ്പാൽ വന്ദേ ഭാരത് എക്സ്പ്രസാണ് ആഗ്രയ്ക്ക് സമീപം പരമാവധി വേഗതയായ 160 കിലോമീറ്റർ ആർജിച്ചത്.
ഹൈലൈറ്റ്:
- രാജ്യത്തെ പതിനൊന്നാമത് വന്ദേ ഭാരത് എക്സ്പ്രസ്
- യാത്രാസമയം ഒരുമണിക്കൂർ കുറയും
- വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ഉടൻ
ആഗ്ര രാജാ കീ മണ്ടിയ്ക്കും മഥുരയ്ക്കും ഇടയിലുള്ള ചെറിയ ദൂരം സെമി ഹൈസ്പീഡ് തീവണ്ടികൾക്ക് സഞ്ചരിക്കാൻ ഉതകുന്ന തരത്തിൽ നവീകരിച്ചിരുന്നു. ഈ മേഖലയിലാണ് വന്ദേ ഭാരതിൻ്റെ മിന്നും പ്രകടനം. ആഗ്ര കൻ്റോൺമെൻ്റിനും തുഗ്ലക്കാബാദിനും ഇടയിലുള്ള ഭാഗത്ത് വന്ദേ ഭാരത് എക്സ്പ്രസിന് പരമാവധി വേഗം ആർജിക്കാൻ സാധിക്കുമെന്ന് മുൻപ് റെയിൽവേ വ്യക്തമാക്കുകയും ചെയ്തിരുന്നു. ഈ റൂട്ടിലെ ആദ്യ വന്ദേ ഭാരത് ട്രെയിൻ കൂടിയാണിത്. ശനിയാഴ്ചയായിരുന്നു പ്രധാനമന്ത്രി പുതിയ ട്രെയിൻ ഫ്ലാഗ് ഓഫ് ചെയ്തത്.
തെരുവുനായ ആക്രമണം; ആറോളം പേർ ആശുപത്രിയിൽ
നിലവിൽ ആഴ്ച തോറും രാജ്യത്ത് പുതിയ വന്ദേ ഭാരത് ട്രെയിനുകൾ പുറത്തിറങ്ങുന്നുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യ സെമിഹൈസ്പീഡ് ട്രെയിനായ വന്ദേ ഭാരത് എക്സ്പ്രസ് ചെന്നൈയിലെ ഇൻ്റഗ്രൽ കോച്ച് ഫാക്ടറിയിലാണ് നിർമിക്കുന്നത്. നിലവിൽ തൊട്ടടുത്തുള്ള സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് സർവീസ് നടത്തുന്ന എക്സ്പ്രസ് ട്രെയിനുകളിൽ ചെയർകാർ സംവിധാനമാണുള്ളത്. കേരളത്തിൽ തിരുവനന്തപുരം – കണ്ണൂർ പാതയിൽ വൈകാതെ വന്ദേ ഭാരത് എക്സ്പ്രസ് ഓടിത്തുടങ്ങുമെന്ന് റിപ്പോർട്ടുകളുണ്ട്. കോട്ടയം വഴി നിലവിൽ ഇരട്ടപ്പാതയുണ്ടെങ്കിലും ട്രാക്കുകളിലെ വളവുകളും സിഗ്നലിങിൻ്റെ പോരായ്കളും നിമിത്തം കേരളത്തിൽ വന്ദേ ഭാരത് എക്സ്പ്രസിന് 100കിലോമീറ്ററിലധികം വേഗമാർജിക്കാൻ സാധിച്ചേക്കില്ല.
കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ് ട്രെയിനിൽ അജ്ഞാതൻ പെട്രോൾ ഒഴിച്ചു തീയിട്ടു; പിന്നാലെ 3 പേര് ട്രാക്കില്‍ മരിച്ച നിലയില്‍
അതേസമയം, വന്ദേ ഭാരത് എക്സ്പ്രസിൻ്റെ സ്ലീപ്പർ പതിപ്പ് പുറത്തിറക്കാനുള്ള നീക്കത്തിലാണ് റെയിൽവേ. ഈ സാമ്പത്തിക വർഷം തന്നെ ആദ്യ ട്രെയിൻ പുറത്തിറങ്ങും. റഷ്യൻ കമ്പനിയായ ട്രാൻസ്മാഷ്ഹോൾഡിങും പൊതുമേഖലാ സ്ഥാപനമായ ആർവിഎൻഎല്ലും അടങ്ങുന്ന കൺസോർഷ്യത്തിന് 120 സ്ലീപ്പർ ട്രെയിനുകൾ നിർമിക്കാൻ കരാർ നൽകിയിട്ടുണ്ട്. ഈ ട്രെയിനുകൾ ട്രാക്കിലെത്തുന്നതോടെ ദീർഘദൂര റൂട്ടുകളിലും വന്ദേ ഭാരത് ഓടിത്തുടങ്ങും. ഭാവിയിൽ കേരളത്തിൽ നിന്ന് ഡൽഹിയിലേയ്ക്ക് അടക്കമുള്ള ട്രെയിൻ യാത്രയുടെ സമയം കുറയും. ഇതോടൊപ്പം പുതിയ സെമി ഹൈസ്പീഡ് ട്രെയിനുകൾക്കായി ട്രാക്കുകൾ നവീകരിക്കാനുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടു പോകുകയാണ് റെയിൽവേ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക