2023ൽ ഇന്ത്യയിലെ വിവിധ സർവ്വകലാശാലകളിൽ 15 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്. അതിൽ 9 വിദ്യാർത്ഥികളും കേന്ദ്ര സർവ്വകലാശാലകളിൽ നിന്നുള്ളവരാണ്. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ 103 വിദ്യാർത്ഥികളാണ് പല രീതിയിലുള്ള ഇൻസ്റ്റിറ്റ്യൂഷണൽ മർഡറുകൾക്ക് വിധേയരാക്കപ്പെട്ടത്. ഈ കാലയളവിൽ രാജ്യത്തെ ഐ.ഐ.ടി കളിൽ മാത്രം 33 വിദ്യാർത്ഥികളാണ് രാജ്യത്തെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിൽ (NIT) മാത്രം ആത്മഹത്യ ചെയ്തത്. രാജ്യസഭയിൽ കോൺഗ്രസ് അംഗം എൽ. ഹനുമന്തയ്യയുടെ ചോദ്യങ്ങൾക്ക് മറുപടി പറഞ്ഞ കേന്ദ്ര വിദ്യാഭ്യാസ സഹ മന്ത്രി സുഭാഷ് സർക്കാർ നൽകിയ കണക്കുകൾ രാജ്യം ഞെട്ടലോടെയാണ് കേട്ടത്. ഒരുമാസത്തിനിടയിൽ ഐഐടി ബോംബെയിലും, ഐഐടി മദ്രാസിലുമായി നടന്ന നാല് ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ കണക്കുകൾ കൂടുതൽ ഗൗരവമുള്ളതാകുന്നത്.
ജീവനെടുക്കുന്ന സർവ്വകലാശാലകൾ
ഐഐടി-മദ്രാസിലെ മൂന്നാം വർഷ ബി ടെക് വിദ്യാർത്ഥിയായിരുന്നു 20കാരനായ വി. വയ്പു പുഷ്പക് ശ്രീ സായി. ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ വിദ്യാർത്ഥിയെ അബോധാവസ്ഥയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആശുപത്രി അധികൃതർ വിദ്യാർത്ഥി മരിച്ചതായി അറിയിക്കുകയായിരുന്നു. ഗവേഷകനായ സ്റ്റീഫൻ സണ്ണിയെ ഫെബ്രുവരി 13ന് ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഒടുവിൽ ഈ മാർച്ച് 31 നാണ് പി.എച്ച്.ഡി വിദ്യാർത്ഥിയായ മുപ്പത്തൊന്നുകാരൻ സച്ചിൻ കുമാർ തന്റെ മുറിയിൽ ആത്മഹത്യ ചെയ്തത്. പശ്ചിമ ബംഗാൾ സ്വദേശിയായ സച്ചിന്റെ മരണത്തോടെ മദ്രാസ് ഐ.ഐ.ടിയിൽ ഈ വർഷം ആത്മഹത്യ ചെയ്തവരുടെ എണ്ണം മൂന്നായി. 2018 മുതൽ ഇതുവരെ ഐ.ഐ.ടി മദ്രാസിൽ 11 വിദ്യാർത്ഥികളാണ് ആത്മഹത്യ ചെയ്തത്.
ഐഐടി-ബോംബെയിൽ, 18 കാരനായ ദർശൻ സോളങ്കി ഫെബ്രുവരി 12ന് ക്യാമ്പസ് കെട്ടിടത്തിന്റെ ഏഴാംനിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തു. പിന്നാക്ക സമുദായത്തിൽപ്പെട്ട ദർശനെ ജാതിയുടെ പേരിൽ സർവ്വകലാശാല പുറത്താക്കിയതായി കുടുംബം ആരോപണമുയർത്തിയിരുന്നു.
ഐഐടി-മദ്രാസിലെ തുടർച്ചയായ വിദ്യാർത്ഥികളുടെ മരണങ്ങൾ രാജ്യത്തെ കലാലയങ്ങളിൽ വിദ്യാർത്ഥികൾ നേരിടുന്ന വിവിധ സമ്മർദ്ദങ്ങളുടെ വിവേചനങ്ങളുടെ നേർചിത്രമാണ്. തുടർന്ന് മാനേജ്മെന്റിനെതിരെ വിദ്യാർഥികൾ രാപ്പകൽ പ്രതിഷേധവുമായി രംഗത്തെത്തി. ഐഐടി-മദ്രാസിലെ വിദ്യാർത്ഥികളുടെ മാനസികാരോഗ്യം പഠിക്കാൻ ക്യാമ്പസ്സിന് പുറത്തു നിന്നുള്ള ഒരു വിദഗ്ധ സമിതി, ഗവേഷണ വിദ്യാർത്ഥികൾ നേരിടുന്ന വിവേചനം അവസാനിപ്പിക്കാൻ പ്രൊഫസർ-വിദ്യാർത്ഥി ബന്ധങ്ങളിലെ പ്രശ്നങ്ങൾ പരിഹരിക്കുക, ഇൻസ്റ്റിറ്റ്യൂട്ടിന്റെ മെഡിക്കൽ സെന്ററിലെ സൗകര്യങ്ങൾ വർദ്ധിപ്പിക്കുക, ഫാർമസി 24×7 പ്രവർത്തിക്കുക എന്നിങ്ങനെയുള്ള ആവശ്യങ്ങൾ ഉയർത്തികൊണ്ടുള്ള ഒരു ലിസ്റ്റ് പ്രതിഷേധത്തിന്റെ ഭാഗമായി വിദ്യാർത്ഥികൾ ഐഐടി-മദ്രാസ് ഡയറക്ടർ വി കാമോകോട്ടിക്ക് സമർപ്പിച്ചു.
ഐഐടി ബോംബെയിലെ ദർശന്റെ മരണം ഇന്ത്യയിലെ പ്രമുഖ സർവ്വകലാശാലകളിൽ പോലും അവസാനിക്കാത്ത ജാതി വിവേചനത്തിന്റെ വാർത്തകളാണ് പുറത്തേക്ക് എത്തുന്നത്. “പഠനസമ്മർദ്ദം, കുടുംബ പ്രശ്നങ്ങൾ, വ്യക്തിപരമായ പ്രശ്നങ്ങൾ, മാനസിക ആരോഗ്യ പ്രശ്നങ്ങൾ” തുടങ്ങിയ കാരണങ്ങളാണ് വിദ്യാർത്ഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നത് എന്ന് കേന്ദ്രമന്ത്രി സുഭാഷ് സർക്കാർ പറഞ്ഞു. ഓരോ ആത്മഹത്യക്കും ഇതേ വാദങ്ങളും ന്യായീകരണങ്ങളുമായാണ് കേന്ദ്ര സർവ്വകലാശാലകളിലെ വൈസ് ചാൻസിലർമാരും രംഗത്തുവരുന്നത്. എന്നാൽ സ്ട്രെസ്സ് മാനേജ്മെന്റിന് കേവലമൊരു കൗൺസലിംങ് നൽകുന്നത് കൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല ഇന്ത്യയിലെ സർവ്വകലാശാലകളിലെ ആത്മഹത്യകളെന്നതിനെ ശരിവെക്കുന്നതാണ് സമീപകാലത്ത് ഇന്ത്യയിലെ കലാലയങ്ങളിൽ നിന്ന് വരുന്ന ഓരോ വാർത്തകളും.
പാഠം പഠിക്കാത്ത സർവ്വകലാശാലകൾ
രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഇതൊരു പുതിയ കാര്യമല്ല. ലോവർ പ്രൈമറി സ്കൂളുകൾ മുതൽ രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ വരെയുള്ളവയിൽ വിദ്യാർത്ഥികൾ വിവിധങ്ങളായ അധിക്ഷേപങ്ങളുടെ ഇരയാകുന്ന വാർത്തകൾ തുടർക്കഥയാവുകയാണ്. തന്റെ ജീവിത പ്രതിസന്ധികളെ തരണംചെയ്ത് അതിജീവനത്തിന്റെ സ്വപ്നങ്ങളുമായി രാജ്യത്തെ കലാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികളെ അവരുടെ ജാതിയുടെയും മതത്തിന്റെയും പേരിൽ വേട്ടയാടുന്നവരിൽ ഏറിയപങ്കും അവർക്ക് വഴികാട്ടികളാവേണ്ട അധ്യാപകർ തന്നെയായിരുന്നു. ദലിത്-പിന്നാക്ക മുസ്ലീം വിഭാഗങ്ങളിൽ സമീപകാലത്ത് സംഭവിച്ചുകൊണ്ടിരിക്കുന്ന വൈജ്ഞാനികമായ നേട്ടങ്ങളിലൂടെ ധാരാളം വിദ്യാർഥികൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ, പഠനത്തിനും ഗവേഷണത്തിനുമെല്ലാം എത്തുന്നുണ്ടെങ്കിലും അവർ നേരിടേണ്ടി വരുന്ന വിവേചനങ്ങൾക്ക് ഇന്നും ഒരു അറുതിയായിട്ടില്ല.
ഹൈദരാബാദ് സെൻട്രൽ യൂണിവേഴ്സിറ്റിയിലെ ഹോസ്റ്റൽ മുറിയിൽ ‘എന്റെ പിറവിയാണ് എനിക്കുണ്ടായ വലിയ അപകടം’ എന്നവസാനിക്കുന്ന ആത്മഹത്യാക്കുറിപ്പ് അവശേഷിപ്പിച്ചാണ് രോഹിത്ത് വെമുല പിൻവാങ്ങിയത്. സർവ്വകലാശാലകളിലെ ക്ലാസ്സ് മുറികളിലും ലൈബ്രറികളിലും കാന്റീനുകളിലും സൗഹൃദങ്ങളിലും തുടങ്ങി കലാലയങ്ങളുടെ മുക്കിലും മൂലയിലും എത്ര തുടച്ചു നീക്കിയാലും വീണ്ടും വീണ്ടും തെളിഞ്ഞു വരുന്ന ജാതിവെറി തന്നെയായിരുന്നു രോഹിത്തിന്റെയും ജീവനെടുത്തത്.
2016 ഒക്ടോബർ 14-ന് രാത്രിയിൽ ജെഎൻയുവിലെ മഹിമാണ്ഡവി ഹോസ്റ്റലിൽ തിരഞ്ഞെടുപ്പ് പ്രചാരണനത്തിന് എത്തിയ എബിവിപി പ്രവർത്തകർ വാക്കുതർക്കത്തെത്തുടർന്ന് നജീബ് എന്ന വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിക്കുന്നു. സുഹൃത്തുക്കൾ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും വീണ്ടും സംഘം ആക്രമിക്കുകയും വംശീയ അധിക്ഷേപം നടത്തുകയുമുണ്ടായി. ചികിത്സതേടിയ നജീബ് അന്നുരാത്രി തന്നെ ഹോസ്റ്റലിൽ തിരിച്ചെത്തി വീട്ടിൽ വിവരമറിയിച്ചു. എന്നാൽ പിറ്റേന്ന് ഡൽഹിയിലെത്തിയ ഫാത്തിമ നഫീസ് എന്ന ഉമ്മക്ക് തന്റെ മകനെ പിന്നീട് കാണാൻ കഴിഞ്ഞിട്ടില്ല. ‘എന്റെ നജീബ് എവിടെ’ എന്ന ചോദ്യവുമായി ആ ഉമ്മ ഇന്നും സമരമുഖത്താണ്.
മദ്രാസ് ഐ.ഐ.ടി വിദ്യാർഥിയായിരുന്ന ഫാത്തിമാ ലത്തീഫിന്റെ ഓർമ്മകൾക്ക് മൂന്നാണ്ട് പിന്നിടുമ്പോൾ നീതിക്കായി അധികാരകേന്ദ്രങ്ങളിൽ കയറിയിറങ്ങുകയാണ് ഒരു പിതാവ്. ഹോസ്റ്റൽ മുറിയിൽ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഫാത്തിമയുടെ മൊബൈൽ ഫോണിൽ തന്റെ മരണത്തിനു കാരണക്കാരൻ അധ്യാപകൻ സുദർശൻ പത്മനാഭൻ ആണെന്ന് കുറിച്ചിട്ടിരുന്നു. ഒപ്പം മറ്റ് രണ്ട് അധ്യാപകർക്കെതിരെയും ആരോപണമുയർന്നതായി ഇന്ത്യ ടൈംസ് അടക്കം റിപ്പോർട്ട് ചെയ്തിരുന്നു. ഐഐടി കേന്ദ്ര സ്ഥാപനമായതുകൊണ്ട് കേസ് കേന്ദ്രസർക്കാർ സിബിഐക്ക് വിട്ടു. എന്നാൽ ഫാത്തിമ ലത്തീഫിന്റെത് ആത്മഹത്യയാണെന്നും മരണത്തിൽ ആര്‍ക്കും പങ്കില്ലെന്നും കാണിച്ച് അന്വേഷകസംഘം സിബിഐ കോടതിയിൽ റിപ്പോർട്ടു നൽകുകയാണുണ്ടായത്. സർവ്വകലാശാലകളിൽ ഇന്നും പ്രധാനമായും ഗവേഷണ വിദ്യാർത്ഥികളടക്കം നേരിടുന്ന പ്രശ്നമാണ് വിദ്യാർത്ഥികളെ മാനസികമായി തകർക്കുന്ന അധ്യാപന രീതികളും അധ്യാപക പീഡനങ്ങളും.
കർണാടകയിൽ ആരംഭിച്ച ഹിജാബ് നിരോധനവും തുടർന്നുണ്ടായ വിവാദങ്ങളും അക്രമസംഭവങ്ങളും ഏറെ ഞെട്ടലോടെയാണ് രാജ്യം കണ്ടത്. ഇന്നലെ വരെ ഒരുമിച്ചുപഠിച്ച സഹപാഠികളായിരുന്ന കുട്ടികൾ വിദ്വേഷ മുദ്രവാക്യങ്ങളുമായി ഇരുചേരികളായി പരസ്പരം അക്രമിക്കുന്ന ദൃശ്യങ്ങൾ നമ്മുടെ രാജ്യത്തിനേറ്റിരിക്കുന്ന മുറിവിന്റെ ആഴം കൂടി പ്രകടമാക്കുന്നതായിരുന്നു. കോടതിയിൽ നിയമയുദ്ധം നടക്കുന്ന ഹിജാബ് വിഷയം കർണാടകയിൽ നിന്ന് രാജ്യത്തെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളിലേക്കും പടർന്നു. കേവലം ഒരു നിയമത്തിനപ്പുറം ഒരു രാഷ്ട്രീയ ആയുധമായി അത് മാറി. പക്ഷെ ഇതേറെ ബാധിച്ചത് വിദ്യാർത്ഥികളെ തന്നെയായിരുന്നു. കർണാടകയിലടക്കം വിവിധ സംസ്ഥാനങ്ങളിൽ നിരവധി വിദ്യാർത്ഥികളുടെ അധ്യായനത്തെ പ്രതികൂലമായി ഇത് ബാധിച്ചു.
“നിങ്ങളും മനുഷ്യനാണ്, ഞാനും മനുഷ്യനാണ്, നട്ടെല്ലുണ്ടോ എന്നത് മാത്രമാണ് നമുക്കിടയിലെ വ്യത്യാസം” കൊല്ലപ്പെട്ട പശ്ചിമ ബംഗാളിലെ വിദ്യാർത്ഥി ആക്റ്റിവിസ്റ്റ് ആനിഷ് ഖാൻ ദിവസങ്ങൾക്ക് മുൻപ് തന്റെ ഫേസ്ബുക്ക് വാളിൽ കുറിച്ചിട്ട വാക്കുകളാണിത്. കൊൽക്കത്തയിലെ ആലിയ യൂണിവേഴ്സിറ്റിയിൽ നിന്ന് എംബിഎ പൂർത്തിയാക്കി കല്ല്യാണി യൂണിവേഴ്സിറ്റിയിൽ ജേർണലിസത്തിന് ചേർന്ന് മണിക്കൂറുകൾക്ക് കഴിയുന്നതിന് മുൻപാണ് കാപാലികർ ആനിഷിന്റെ ജീവനെടുക്കുന്നത്.
“അല്ല ഇത് തമാശയല്ല.. തീവ്രവാദി എന്ന് വിളിക്കുന്നത് ഒരു തമാശയല്ല. ഈ രാജ്യത്ത് ഒരു മുസ്ലീമായതിന്റെ പേരിൽ ഓരോ ദിവസവും ഇത്തരം ഭീകരവാദിയെന്ന അധിക്ഷേപം കേൾക്കേണ്ടി വരുന്നത് തമാശയേയല്ല.” സഹപാഠികൾക്ക് മുൻപിൽ വെച്ച് ‘നിന്റെ പേര് അജ്മൽ കസബിനെ പോലെയുണ്ടെ’ന്ന് പറഞ്ഞ് തന്റെ പ്രൊഫസർ നടത്തിയ കമ്മ്യൂണൽ ഹ്യൂമറിന് ഏറെ അമർഷത്തോടെ വൈകാരികമായി മണിപ്പാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി പറഞ്ഞ വാക്കുകൾ ഈ രാജ്യം മറന്നിട്ടില്ല.
UAPA ചുമത്തപ്പെട്ടു എന്ന കാരണത്താൽ ജാമിയ മില്ലിയ യൂണിവേഴ്സിറ്റിയിൽ എംഫിൽ അഡ്മിഷൻ ക്യാമ്പസ്സിൽ പ്രവേശനവും നിഷേധിക്കപ്പെട്ട സഫൂറ സർഗർ. പൗരത്വ പ്രക്ഷോഭവും ഡൽഹി കലാപകേസിലും പ്രതികളായി UAPA ചുമത്തപ്പെട്ട് വിവിധ യൂണിവേഴ്സിറ്റികളിൽ നിരവധിപേർ ജയിലിലടക്കപ്പെട്ടു മുൻ ജെഎൻയു വിദ്യാർത്ഥി ഉമർ ഖാലിദ് ഇതിൽ പ്രധാനിയായിരുന്നു. ഉത്തർപ്രദേശ് സർക്കാറിന്റെ ബുൾഡോസർ രാജിൽ വീട് തകർക്കപ്പെട്ട മുൻ ജെഎൻയു സ്റ്റുഡൻസ് യൂണിയൻ അംഗം അഫ്രീൻ ഫാത്തിമയുടെ സംഭവവും അന്താരാഷ്ട്ര മാധ്യമങ്ങളിലടക്കം റിപ്പോർട്ട് ചെയ്യപെട്ടിരുന്നു.
അധ്യാപകന് വെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് രാജസ്ഥാനിൽ ജലോർ ജില്ലയിലെ സാല്യ ഗ്രാമത്തിൽ ദളിത് വിദ്യാർത്ഥിയെ മർദ്ദിച്ചു കൊന്ന വാർത്തക്കും ഏറെ പഴക്കമില്ല. കണ്ണിനും ചെവിക്കും പരിക്കേറ്റ ഒൻപതു വയസ്സുകാരൻ അഹമ്മദാബാദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണത്തിന് കീഴടങ്ങിയത്.
രാജ്യത്തെ ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ കൈപ്പിടിയിലാക്കാൻ കേരളത്തിൽ ‘മാർക്ക് ജിഹാദ്’ നടക്കുന്നുണ്ടെന്ന ഡൽഹി യൂണിവേഴ്സിറ്റി പ്രൊഫസർ രാകേഷ് കുമാർ പാണ്ഡെയുടെ പരാമർശവും ഏറെ വിവാദമായിരുന്നു. “വിദ്യാർത്ഥികൾക്ക് കേരള ബോർഡ് 100 ശതമാനം മാർക്ക് നൽകുന്ന പ്രതിഭാസം സാധാരണല്ല. ഈ വിദ്യാർത്ഥികൾക്ക് ഹിന്ദിയിലോ ഇംഗ്ലീഷിലോ സംസാരിക്കാൻ പറ്റുന്നില്ല. പക്ഷെ അവർ ഡൽഹി യൂണിവേഴ്സിറ്റിയെ തെരഞ്ഞെടുക്കുന്നു. ഇതിനു പിന്നിൽ ഗൂഢാലോചനയും ആസൂത്രണവും ഉണ്ട്. കേരളം ഇടതുപക്ഷ ഹബ്ബായാണ് അറിയപ്പെടുന്നത്. ജെഎൻയു അവരുടെ നിയന്ത്രണത്തിലാണ്” എന്നിങ്ങനെ നീളുന്നതായിരുന്നു പരാമർശം. ആർഎസ്എസുമായി ബന്ധമുള്ള അധ്യാപക സംഘടനയായ നാഷണൽ ഡെമോക്രാറ്റിക് ടീച്ചേഴ്സ് ഫ്രന്റിന്റെ മുൻ പ്രസിഡന്റ് കൂടിയാണ് ഇദ്ദേഹം.
സത്യജിത്ത് റേ ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ (SRFTI) ജാത്യധിക്ഷേപം നടത്തിയത് ഗസ്റ്റ് അധ്യാപകനായെത്തിയ ജഹാംഗീര്‍ ചൗധരിയായിരുന്നു.എന്നാൽ സിനിമാറ്റോഗ്രഫി ഡിപ്പാര്‍ട്മെന്റില്‍ വര്‍ക്ക്ഷോപ്പ് നടത്താനായെത്തിയ ഛായാഗ്രഹകനായ ചൗധരിയെക്കൊണ്ടാണ് ക്ലാസില്‍ ജാതി അധിക്ഷേപം നടത്തിയതിന് മാപ്പ് പറയിപ്പിച്ചാണ് വിദ്യാർത്ഥികൾ മടക്കി അയച്ചത്. വിദ്യാര്‍ഥി യൂണിയന്റെ പരാതിയെ തുടര്‍ന്നായിരുന്നു ജഹാംഗീര്‍ ചൗധരി മാപ്പ് പറയുകയും അധികൃതര്‍ ജഹാംഗീര്‍ ചൗധരിയെ വര്‍ക്ക്ഷോപ്പ് തുടരുന്നതില്‍ നിന്ന് നീക്കം ചെയ്യുകയും ചെയ്തത്.
കേരളത്തിലും ഇത്തരം സംഭവങ്ങൾ അവസാനിച്ചിട്ടില്ല എന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കോട്ടയത്ത് പ്രവർത്തിക്കുന്ന കെ. ആര്. നാരായണന് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻറ് ആർട്സിൽ നടന്ന വിദ്യാർത്ഥി സമരം. ഇന്ത്യയുടെ ആദ്യ ദലിത് രാഷ്ട്രപതി എന്ന ചരിത്രം കുറിച്ച കെ. ആര്. നാരായണന്റെ പേരിൽ ആരംഭിച്ച സ്ഥാപനത്തിൽ ഗ്രാൻറ് അനിശ്ചിതമായി വൈകുന്നതു മുതൽ സംവരണതത്വം അട്ടിമറിക്കപ്പെടുന്നതുവരെയുള്ള വിഷയങ്ങളുയർത്തി ക്യാമ്പസിലെ വിദ്യാർഥികൾ കോടതി വരെയെത്തി. സമരവിജയം ഏറെ പ്രതീക്ഷ നൽകുമ്പോഴും ഒരു ദലിത് വിദ്യാർഥിക്ക് ആത്മാഭിമാനത്തോടെ പഠിച്ചിറങ്ങാന്‍ പറ്റാത്ത അന്തരീക്ഷത്തിലേക്ക് കേരളത്തിലെ കലാലയങ്ങൾ മാറുന്നുണ്ടോ എന്നത് ഗൗരവമായി ചർച്ചചെയ്യപ്പെടേണ്ടതാണ്.
രാജ്യത്തെ സർവ്വകലാശാലകളിലാണ് ഇന്ത്യയുടെ ഭാവി. പുതിയ ചിന്തകളും പുരോഗമനങ്ങളും സിലബസ്സുകളിലെത്തിയിട്ട് കാലമേറെ കഴിഞ്ഞിട്ടും നമ്മുടെ സർവ്വകലാശാലകൾ ഇന്നും മാറ്റമില്ലാതെ തുടരുകയാണ്. ജാതി വിവേചനങ്ങളും മത വിദ്വേഷങ്ങളുമില്ലാത്തൊരു കലാലയ അന്തരീക്ഷം ഇന്നും രാജ്യത്തെ സർവ്വകലാശാലകളിൽ രൂപപ്പെട്ട് വന്നിട്ടില്ല. രാജ്യത്തെ കലാലയങ്ങൾക്കുള്ളിൽ സമൂഹവും അധികാരികളും തീർക്കുന്ന വിവിധങ്ങളായ സമ്മർദ്ദങ്ങളിൽ കുരുങ്ങി ഒന്നങ്ങാൻ പോലും കഴിയാതെ ശ്വാസമടക്കി പിടിച്ചിരിക്കുന്ന അനേകം വിദ്യാർത്ഥികളുണ്ട്, ഈ രാജ്യത്തിനായി നമുക്കവരെ ചേർത്ത് പിടിച്ചേ മതിയാകൂ.