ദമ്മാം> നവോദയ ലിറ്റ്ഫെസ്റ്റിന് മുന്നോടിയായി ഇന്ത്യക്ക് പുറത്തുള്ള എല്ലാ പ്രവാസികൾക്കുമായി സംഘടിപ്പിച്ച മലയാളം ചെറുകഥ മത്സര വിജയികളെ
പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചു. സൗദിയിലെ ജുബൈലിൽ നിന്നും ജെയ് എൻ കെ എഴുതിയ സാംബിയ ഒന്നാം സ്ഥാനം നേടി. യുഎഇയിൽ നിന്നുമുള്ള എഴുത്ത് കാരൻ ജോയ് ഡാനിയേൽ എഴുതിയ ബ്ലെൻഡർ രണ്ടാം സ്ഥാനവും, യുഎഇയിൽ നിന്നു തന്നെയുള്ള സോണിയ പുൽപ്പാട്ട് എഴുതിയ നിമിതയുടെ നിമിഷങ്ങൾ മൂന്നാം സമ്മാനവും നേടി. ഒന്നും, രണ്ടും, മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 25000 , 15000, 10000 രൂപയും ശില്പവും ആണ് സമ്മാനമായി നല്കുന്നത്.
നൂറിലധികം കഥകൾ ലഭിച്ച മത്സരത്തിൽ മികവുറ്റ കഥകളാണ് വന്നത്. എഴുത്തുകാരായ വൈശാഖൻ മാഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, പിജെജെ ആന്റണി എന്നിവർ അടങ്ങിയ ജൂറി കഥകൾ വിലയിരുത്തി സമ്മാനാർഹരെ കണ്ടെത്തി. ലഭിച്ച കഥകളിൽ നിന്നും തെരെഞ്ഞെടുത്ത ഇരുപത് കഥകൾ അടങ്ങുന്ന പുസ്തകം “അക്കരക്കഥകൾ” എന്ന പേരിൽ ചിന്ത ബുക്സ് പ്രസിദ്ധീകരിക്കും. അതിന്റെ പ്രകാശനം ഏപ്രിൽ 22-23 തിയ്യതികളിൽ നടക്കുന്ന നവോദയ ലിറ്റ്ഫെസ്റ്റ് 2023 വേദിയിൽ വച്ച് നടക്കും.
ദ്വിദിന സാഹിത്യക്യാമ്പും അതിനോട് അനുബന്ധിച്ച് അയ്യായിരത്തോളം പുസ്തകനങ്ങളുടെ പ്രദർശനവും, വിപണനവും, വിവിധ കലാസാംസ്കാരിക പരിപാടികളും, സമൂഹ ചിത്രരചനയും ലിറ്റ്ഫെസ്റ്റിനോട് അനുബന്ധിച്ച് നടക്കുമെന്ന് സംഘാടകർ അറിയിച്ചു. ഗൾഫ് മേഖലയിൽ നിന്നുള്ള മുൻകൂട്ടി രജിസ്റ്റർ ചെയ്ത പ്രതിനിധികൾ ആണ് ക്യാമ്പിൽ പങ്കെടുക്കുക. ക്യാമ്പിന് പ്രശസ്ത എഴുത്തുകാരായ വൈശാഖൻ മാഷ്, ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, ടിഡി രാമകൃഷ്ണൻ എന്നിവർ നേതൃത്വം നൽകും. വിവിധങ്ങളായ മൂന്ന് വിഷയങ്ങൾ പ്രമേയമാക്കിയായിരിക്കും ക്യാമ്പ്. പരിപാടിയുടെ ലോഗോയും ആദ്യ പോസ്റ്ററും പ്രശസ്ത നോവലിസ്റ്റും കഥാകൃത്തുമായ യുകെ കുമാരൻ മാർച്ച് 22 ന് പ്രകാശനം ചെയ്തിരുന്നു.
നവോദയ സാംസ്കാരിക കമ്മിറ്റി കോർഡിനേറ്റർ പ്രദീപ് കൊട്ടിയം, ചെയർമാൻ മോഹനൻ വെള്ളിനേഴി, സ്വാഗത സംഘം കൺവീനർ ഷമീം നാണത്ത്, കേന്ദ്രട്രഷറർ കൃഷ്ണകുമാർ ചവറ, കേന്ദ്രകുടുംബവേദി സാംസ്കാരിയ കമ്മിറ്റി ചെയർ പേർസൺ അനുരാജേഷ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..