അബുദാബി> ശക്തി തിയറ്റേഴ്സ് അബുദാബിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 8, 9 തിയ്യതികളിലായി രണ്ടാമത് ഇ കെനായനാര്‍ സ്മാരക റമദാന് 5 എ സൈഡ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നു. രണ്ട് ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന ടൂര്‍ണ്ണമെന്റില്‍ മുതിര്‍ന്നവരുടെ വിഭാഗത്തില്‍ 33 ടീമുകളും കുട്ടികളുടെ വിഭാഗത്തില്‍ 8 ടീമുകളുമാണ് മാറ്റുരയ്ക്കുന്നത്. 41 ടീമുകളിലായി മുന്നൂറോളം കളിക്കാര്‍ അണിനിരക്കുന്ന മുഴുവന്‍ ടീമുകള്‍ക്കും നേതൃത്വം കൊടുക്കുന്നത് ശക്തി പ്രവര്‍ത്തകരാണെന്ന് ശക്തി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു.
മുസഫ അബുദാബി യൂനിവേഴ്സിറ്റി ഗ്രൗണ്ടില്‍ എല്ലാദിവസവും രാത്രി 9 നാണ കളി ആരംഭിക്കുക. 8 ഗ്രൂപ്പുകളിലായി ലീഗടിസ്ഥാനത്തില്‍ നടക്കുന്ന മത്സരങ്ങളില്‍ നിന്ന് ഓരോ ഗ്രൂപ്പില്‍ നിന്നും മുന്നില്‍ എത്തുന്ന രണ്ട് ടീമുകളായിരിക്കും പ്രീ ക്വാര്‍ട്ടര്‍ റണ്ടില്‍ പ്രവേശിക്കുക. 84 മാച്ചുകളിലായി നടക്കുന്ന ടൂര്‍ണ്ണമെന്റില്‍ നിന്നും മികച്ച ഒന്നും രണ്ടും മൂന്നും ടീമുകളെ കണ്ടെത്തി ട്രോഫിയും മെഡലുകളും നല്‍കും. കൂടാതെ മികച്ച അച്ചടക്കമുള്ള ടീമിനുള്ള ഫെയര്‍ പ്ലേ അവാര്‍ഡും മികച്ച കളിക്കാരന്, മികച്ച ഗോള്‍ കീപ്പര്‍ എന്നീ വ്യക്തിഗത ചാമ്പ്യഷിപ്പുകളും നല്‍കും. മാത്രമല്ല, കളിയില്‍ പങ്കെടുക്കുന്ന എല്ലാ കളിക്കാരെയും ശക്തി തിയറ്റേഴ്സിന്റെ പ്രശസ്തി പത്രം നല്കി ആദരിക്കും.
മലനാട്ടിലും മറുനാട്ടിലും നടക്കുന്ന മലയാള സാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ഒട്ടനവധി ചരിത്രപരമായ ഇടപെടലുകള്‍ക്കും മഹനീയ മുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുള്ള ശക്തി തിയറ്റേഴ്സ് അബുദാബിയുടെ കര്‍മ്മനിരതമായ 44 വര്‍ഷം പൂര്‍ത്തിയാക്കുന്നതിന്റെ ആഘോഷപരിപാടികള്‍ക്ക് തുടക്കം കുറിച്ചുള്ള വിളംബര പരിപാടിയായാണ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
വാര്‍ത്താസമ്മേളനത്തില്‍ ശക്തി പ്രസിഡന്റ് ടി കെ. മനോജ്, ജനറല്‍ സെക്രട്ടറി സഫറുള്ള പാലപ്പെട്ടി, ലുലു എക്സ്ചേഞ്ച് ഹെഡ് ഒഫ് ബിസിനസ് സ്ട്രാറ്റെജി അജിത് ജോണ്സണ്, ശക്തി രക്ഷാധികാരി അഡ്വ. അന്‍സാരി സൈനുദ്ദീന്‍, ഫൈനാന്‍സ് കണ്‍വീനര്‍ എ. കെ. ബീരാന്‍കുട്ടി, കായിക വിഭാഗം സെക്രട്ടറി ഷഹീര്‍ ഹംസ, എന്നിവര്‍ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..