ഓണം, വിഷു, ക്രിസ്മസ്, പെരുന്നാള്‍ ഇങ്ങനെ നീണ്ടുപോകുന്ന ആഘോഷങ്ങള്‍ക്ക് മുറയ്ക്ക് ആശംസകള്‍ നേരുക. കാലങ്ങളായി ഇതാണ് കേരള രാഷ്ട്രീയ നേതാക്കള്‍ക്ക് ആഘോഷങ്ങളുമായുണ്ടായിരുന്ന ബന്ധം. കഴിഞ്ഞ ക്രിസ്മസോടെ പുതിയൊരു പ്രവണത കൂടി ഇവിടെ ഉടലെടുത്തു. ഹിന്ദുത്വ സംഘടനകള്‍ ക്രിസ്മസ് കേക്കുകളുമായി ക്രൈസ്തവ ഭവനങ്ങളില്‍ സൗഹൃദ സന്ദര്‍ശനത്തിനെത്തി എന്നതാണ് അത്. ക്രൈസ്തവ വോട്ട് ബാങ്കുകള്‍ തന്നെയാണ് ലക്ഷ്യം. മൂന്ന് മാസങ്ങള്‍ക്കിപ്പുറം ഈസ്റ്ററെത്തിയപ്പോള് ഒരു പടികൂടി കടന്ന് വിഷുവിന് ക്രൈസ്തവ സുഹൃത്തുക്കളെ വീടുകളിലേക്ക് ക്ഷണിക്കാന്‍ ബിജെപി തീരുമാനിക്കുന്നു. ഒപ്പം ക്രസ്ത്യന്‍ മതാധ്യക്ഷന്മാര് ബിജെപി ചായ്വ് പരസ്യമായി പ്രകടിപ്പിക്കാനും തുടങ്ങി. ഇതോടെ കേരളത്തില്‍ മതാഘോഷങ്ങള്‍ രാഷ്ട്രീയവല്ക്കരിക്കപ്പെടുകയാണെന്ന ആശങ്കയിലാണ് രാഷ്ട്രീയനിരീക്ഷകര്‍.
ബിജെപിയുടെ ക്രൈസ്തവ സൗഹൃദത്തെ സിപിഎം അടക്കമുള്ള പാര്‍ട്ടികള്‍ ചോദ്യം ചെയ്യാനും തുടങ്ങി. ഭാരതീയ ജനതാ പാര്‍ട്ടി ക്രിസ്ത്യാനികളെ കൂടെകൂട്ടുമ്പോള്‍ വിചാരധാരയെ തള്ളിപ്പറയുമോ എന്ന് മന്ത്രി റിയാസ് ചോദിച്ചതും ഈ പശ്ചാത്തലത്തിലാണ്. പിന്നാലെ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എംടി രമേശ് ഇതിന് മറുപടിയും നല്കി. അദ്ദേഹം പറയുന്നത് വിചാരധാരയിലെ ഉള്ളടക്കം എല്ലാ കാലത്തേക്കുമുള്ളതല്ല, അന്നത്തെ സാമൂഹികാന്തരീക്ഷത്തില്‍ സൃഷ്ടിക്കപ്പെട്ടതാണ് എന്നാണ്. എല്ലാക്കാലത്തും എല്ലാക്കാര്യങ്ങള്‍ക്കും പ്രസക്തിയുണ്ടാവില്ലല്ലോ എന്നും രമേശ് ചോദിക്കുന്നു. എല്ലാവരും ഒത്തൊരുമിച്ച് നില്ക്കുക എന്ന പ്രധാനമന്ത്രിയുടെ സ്വപ്നമാണ് ഇപ്പോഴത്തെ പാര്‍ട്ടി നിലപാട്. ഈ നിലപാട് അനുസരിച്ചാണ് പാര്‍ട്ടി മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം പറഞ്ഞ് വെക്കുന്നു. എന്താണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറി രമേശ് പറയുന്നത്, ബിജെപി വിചാരധാരയെ ഒഴിവാക്കി എന്നാണോ? അത്തരമൊരു നിലപാട് പാര്ട്ടിയ്ക്കുണ്ടോ? ജനറല്‍ സെക്രട്ടറി പറഞ്ഞാല്‍ വിചാരധാര ബിജെപി ഒഴിവാക്കുമോ?
വിചാരധാര പറയുന്നതെന്ത്?
മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ എന്ന രാഷ്ട്രീയ സ്വയംസേവകസംഘ ആചാര്യന് പലസമയങ്ങളില്‍ നടത്തിയ പ്രസംഗങ്ങളുടെയും കറിപ്പുകളുടെയും സമാഹാരമാണ് വിചാരധാര. ബഞ്ച് ഓഫ് തോട്ട്സ് എന്ന് ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന കൃതി 23 അധ്യായങ്ങളുള്ള നാല് ഭാഗങ്ങള്‍ അടങ്ങുന്നതാണ്. 1966ല്‍ പുറത്തിറക്കിയ പുസ്തകം പറയുന്നത് സംഘടനയുടെ യഥാര്‍ത്ഥ ലക്ഷ്യമാണെന്നാണ് ആര്.എസ്.എസ് നേതാക്കളായ രാജേന്ദ്ര സിങ്ങും ബാവുറാവു ദിയോറസ്സും മുന്‍പ് പറഞ്ഞത്. അതേസമയം മെയിന്‍കാംഫ് എന്ന ഹിറ്റ്ലറിന്റെ ആത്മകഥയ്ക്ക് തുല്യമെന്നാണ് എതിര് ചേരിയിലുള്ളവര്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ഇതില്‍ ക്രിസ്ത്യാനികളെ കുറിച്ച് പറയുന്ന ഭാഗമാണ് മന്ത്രി റിയാസ് ബിജെപിക്കെതിരേ ഉയര്‍ത്തിയത്.
പ്രധാനമായും മൂന്ന് കൂട്ടരെയാണ് ഗോള്‍വാള്‍ക്കര്‍ വിചാരധാരയില്‍ രാജ്യത്തിന്റെ ‘ആന്തരിക ശത്രുക്ക’ളായി ചിത്രീകരിച്ചിരിക്കുന്നത്. പന്ത്രണ്ടാം അധ്യായം പൂര്‍ണമായും നീക്കി വെച്ചിരിക്കുന്നതും ഇക്കാര്യം വ്യക്തമാക്കുന്നതിനാണ്. കമ്മ്യൂണിസ്റ്റുകാര്‍, മുസ്ലീങ്ങള്‍, ക്രിസ്ത്യാനികള്‍ എന്നിവരാണ് ആന്തരിക ശത്രുക്കൾ. ദേശഭക്തി ചോദ്യം ചെയ്യുന്നതിനൊപ്പം മൂന്നുകൂട്ടര്‍ക്കും പൗരത്വ പരീക്ഷയും നിര്‍ദ്ദേശിക്കുന്നുണ്ട്. മുസ്ലീം, ക്രിസ്ത്യന്‍ മതപരിവര്‍ത്തകരുടെ മനോഭാവം എന്താണ്? അവര്‍ ജനിച്ചത് ഇന്ത്യയിലാണ്. പക്ഷെ അവര്‍ ഈ നാടിനോട് വിശ്വാസ്യത കാത്തു സൂക്ഷിക്കുന്നുണ്ടോ? രാജ്യത്തോട് കടപ്പാടുണ്ടോ? രാജ്യത്തിന്റെ ഭാവിക്കായി സേവനം നടത്തുന്നുണ്ടോ? അതാണ് തങ്ങളുടെ കര്‍ത്തവ്യമെന്ന് വിശ്വസിക്കുന്നുണ്ടോ? ഇങ്ങനെ നീളുന്നതാണ് ഇതരമതസ്ഥരോടുള്ള ചോദ്യപ്പട്ടിക.
1939ല്‍ പുറത്തിറങ്ങിയ ഗോള്‍വാള്‍ക്കറുടെ വീ, ഓര് അവര്‍ നേഷന്‍ഹുഡ് ഡിഫൈന്‍ഡ് എന്ന പുസ്തകത്തില്‍ രാജ്യത്തെ വൈദേശിക മതങ്ങള്‍ ഹിന്ദു സംസ്കാരവും ഭാഷയും പൂര്‍ണമായി സ്വീകരിക്കുകയും അവയെ ബഹുമാനിക്കുകയും ആദരിക്കുകയും വേണമെന്ന് വാദിക്കുന്നു. “ഇത് ഹൈന്ദവദേശമാണ്. ഇവിടെ ഹൈന്ദവ സംസ്കാരം, വംശം എന്നീ ആശയങ്ങളല്ലാത്ത ഒന്നും പാടില്ല. അല്ലെങ്കില്‍ യാതൊരു ആനുകൂല്യത്തിനും അര്‍ഹതയില്ലാത്ത, ഒരു പരിഗണനയും ലഭിക്കാത്തവരായി ഹിന്ദുരാജ്യത്തിന് കീഴ്പ്പെട്ട് ജീവിക്കണം,” -എന്നാണ് പറഞ്ഞിരിക്കുന്നത്. വിചാരധാരയിലെ ഈ ഭാഗം തന്നെയാണ് സിപിഎമ്മും കഴിഞ്ഞദിവസം ഉയര്‍ത്തിയത്.
ഇത് ആദ്യമായല്ല വിചാരധാര കേരളത്തില്‍ ചര്‍ച്ചയാവുന്നതും ശരിയായ പ്രതികരണം ബിജെപി നേതാക്കളില്‍ നിന്ന് ലഭിക്കാതിരിക്കുകയും ചെയ്യുന്നത്. 2022 മെയില്‍ വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റിലായപ്പോള്‍ പിണറായി സര്‍ക്കാരിന്റേത് ക്രൈസ്തവ വിരുദ്ധതയാണെന്ന് പറഞ്ഞ ബിജെപിയോട്, 24 ചാനലില്‍ നടന്ന ചര്‍ച്ചയില്‍ അവതാരകന് വിചാരധാരയില്‍ ക്രിസ്ത്യാനികള്‍ ആഭ്യന്തര ഭീഷണിയാണെന്ന് പറഞ്ഞിട്ടില്ലേയെന്ന് ചോദിച്ചിരുന്നു. അന്ന് തങ്ങളുടെ ക്രൈസ്തവ സ്നേഹത്തിന്റെ അളവുകോല്‍ നിങ്ങളുടെ കൈയിലല്ല, വിചാരധാര വിഷയത്തില്‍ സംസാരിക്കാന്‍ സാധിക്കില്ലെന്നും ബി.ജെ.പി പ്രതിനിധി വി.വി. രാജേഷ് പറഞ്ഞു. പുസ്തകത്തില്‍ ക്രൈസ്തവര്‍ക്കെതിരായി എഴുതിയ ഭാഗം അവതാരകന് വായിക്കുക കൂടി ചെയ്തപ്പോള്‍ ചര്ച്ചക്കില്ലാ എന്ന് പറഞ്ഞ് പോവുകയാണ് വി.വി. രാജേഷ് ചെയ്തത്.
ഇവിടെയില്ല, അവിടെയുണ്ട്: വിചാരധാരയിലെ ബിജെപിയുടെ നിലപാടുകള്‍
രമേശിന്റെ അതേ ചിന്തയാണോ ബിജെപിയ്ക്ക് എന്ന് ചോദിക്കുന്നതില്‍ കാര്യമില്ല. കാരണം സംസ്ഥാന നേതാക്കളില്‍ നിന്ന് തന്നെ രണ്ട് തരം അഭിപ്രായം ഉണ്ടെന്നത് വ്യക്തമാണ്. 10 ജൂലൈ 2022ല്‍ പാര്‍ട്ടി നേതാവായ പി കെ കൃഷ്ണദാസ് പറഞ്ഞത് വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നാണ്. സജി ചെറിയാന് ‘ഭരണഘടനയ്ക്കെതിരായ’ പ്രസ്താവന നടത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ ഈ പോസ്റ്റ് വന്നത്. ആ പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയായിരുന്നു:
“ഭരണഘടന ഭാരതീയവല്‍ക്കരിക്കണമെന്ന കാര്യത്തില്‍ സംശയമെന്തിന്? സജി ചെറിയാന് പറഞ്ഞതും ഗുരുജി ഗോള്‍വാള്‍ക്കാര്‍ വിചാരധാരയില്‍ പറഞ്ഞതും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം -സജി ചെറിയാന് ഭരണഘടനയുടെ അസ്തിത്വത്തെ തന്നെ നിരാകരിക്കുന്നു എന്നതാണ്. പൂര്‍ണമായും ബ്രിട്ടീഷ് നിര്‍മ്മിത ബൂര്‍ഷ്വാ നിര്‍മ്മിതി, തൊഴിലാളി വിരുദ്ധ ചൂഷണ സംവിധാനം, ഭരണഘടനയുടെ അടിസ്ഥാന തത്വമായ ജനാധിപത്യവും മതേതരത്വവും കുന്തവും കൊടചക്രവും അതായത് രണ്ടിനേയും നിരാകരിക്കുന്നു. ജനാധിപത്യത്തിന്റെ ആനുകൂല്യത്തില്‍ ഭരണഘടനയെ തൊട്ട് പ്രതിജ്ഞ ചെയ്ത ശേഷം ജനാധിപത്യത്തെയും ഭരണഘടനയെയും തള്ളിപ്പറയുന്നു. എന്നാല്‍ ഗുരുജി ഭരണഘടനയെ തള്ളിപ്പറഞ്ഞിട്ടില്ല. അത് ബ്രിട്ടീഷുകാര്‍ നിര്‍മ്മിച്ചതാണെന്ന് പറഞ്ഞിട്ടില്ലെന്നു മാത്രമല്ല ഭരണഘടനാ ശില്പികളോട് അത്യന്തം ബഹുമാനവും പങ്കുവച്ചിട്ടുണ്ട്. എന്നാല്‍ ഭരണഘടനയുടെ ഉള്ളടക്കത്തില്‍ ധാരാളം കൂട്ടിച്ചേര്‍ക്കലുകളും തിരുത്തലുകളും ആവശ്യമുണ്ട് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.അടുത്തിടെ ചീഫ് ജസ്റ്റിസ് എന്‍.വി രമണ അര്‍ഥശങ്കയ്ക്കിടയില്ലാതെ ഒരു കാര്യം വ്യക്തമാക്കി ഭരണഘടന ഭാരതീയവല്‍ക്കരിക്കണം അതായത് വൈദേശികമായ സങ്കല്പങ്ങള് കടന്നുകൂടിയിട്ടുണ്ട്. ഗുരുജി പറഞ്ഞതും അതുതന്നെ.പാശ്ചാത്യമായി കടന്നുകൂടിയ ചില സങ്കല്പങ്ങള് ഒഴിവാക്കേണ്ടതുണ്ട്. കശ്മീരിനുള്ള പദവി എടുത്തുമാറ്റിയത് ഗുരുജിയുടെ കൂടി ആശയഗതിയനുസരിച്ചാണ്. വിചാരധാര പറഞ്ഞുവച്ചിട്ടുള്ള കാര്യങ്ങള്‍ നടപ്പാക്കാന്‍ പ്രതിജ്ഞാബദ്ധമായ സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നത്. ആ നിലയ്ക്കുള്ള ഭേദഗതികള്‍ ഇനിയും പ്രതീക്ഷിക്കാം. വികലമായ മതേതര സങ്കല്പമാണ് ഇന്ത്യന്‍ ഭരണഘടന വിഭാവനം ചെയ്യുന്നത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. സര്‍ക്കാര്‍ മതകാര്യങ്ങളിലോ മതങ്ങള്‍ സര്‍ക്കാര്‍ കാര്യങ്ങളിലോ ഇടപെടാന്‍ പാടില്ല എന്നതാണ് യഥാര്‍ഥ മതേതരത്വം എന്നാല്‍ ഇന്ത്യയില്‍ നിലവില്‍ ഭരണകൂടങ്ങള്‍ മതകാര്യങ്ങളില്‍ ഇടപെടുകയും മതാധിഷ്ഠിതമായി സംവരണങ്ങള്‍ നല്‍കുകയും ചെയ്യുന്നുണ്ട്. ഇതുമാറണം. സിവില്‍ നിയമങ്ങളില്‍ മതപരമായ നിയമങ്ങള്‍ അനുവദിക്കുന്നതും മതേതരവിരുദ്ധമാണ്. ഏക സിവില്‍ കോഡാണ് മതേതരത്വം. ഇന്ത്യ എന്നാല്‍ യൂണിയന് സ്റ്റേറ്റ് എന്ന ഭരണഘടനയുടെ പ്രഖ്യാപനവും തെറ്റാണ്. സ്റ്റേറ്റുകളുടെ യൂണിയനല്ല ഇന്ത്യ മറിച്ച് ആസേതുഹിമാചലം ഒറ്റരാഷ്ട്രമാണ്. വൈവിധ്യമാര്‍ന്ന സംസ്കാരങ്ങളെ മുത്തുകള്‍ കോര്‍ത്തെടുത്ത മാലപോലെ കോര്‍ത്തെടുത്ത ഏകരാഷ്ട്രം. പാശ്ചാത്യ സങ്കല്പമായ സോഷ്യലിസം ഇന്ത്യയ്ക്ക് യോജിച്ചതല്ല. മഹാത്മജി വിഭാവനം ചെയ്ത സര്‍വ്വോദയയും ദീന്‍ദയാല്‍ജി വിഭാവനം ചെയ്ത അന്ത്യോദയയുമാണ് നമ്മുടെ സാമൂഹ്യനീതി സങ്കല്പം. ഇത്തരത്തില്‍ അടിസ്ഥാനപരമായ ഒട്ടനവധി കാര്യങ്ങള്‍ ഭേദഗതികള്‍ വരുത്തണം. പക്ഷെ ഒറ്റയടിക്കല്ല ജനങ്ങളില്‍ നിന്ന് ആവശ്യം ഉയരുന്നതിനനുസരിച്ച് ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളില്‍ മാറ്റം വരുത്താതെയുള്ള കാലാനുസൃതമായി ഭേദഗതികള്‍ അനിവാര്യമാണ്.”
ചുരുക്കത്തില്‍ വിചാരധാരയെ അമുല്യമായി തന്നെയാണ് കേരളനേതാക്കളും കാണുന്നത്. ജനറല്‍ സെക്രട്ടറി ഒരു വാദത്തിന് വിചാരധാരയെ തള്ളിയതാവാനും വഴിയുണ്ട്. സംസ്ഥാന നേതാക്കള്‍ക്ക് മാത്രമല്ല കേന്ദ്രത്തിലും ഗോള്‍വാള്‍ക്കര്‍ പുണ്യപുരുഷനാണ്. “ബുദ്ധനും, ഛത്രപതി ശിവജിക്കും, വിവേകാനന്ദനും, ബാലഗംഗാധര തിലകനുമൊപ്പം ഞാന്‍ ആരാധിക്കുന്ന വ്യക്തിയാണ് എംഎസ് ഗോള്‍വാള്‍ക്കര്‍” എന്ന് എഴുതിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ചെറുതായെങ്കിലും വിഷയത്തില്‍ നിലപാട് മാറ്റം നടത്തിയെന്ന തരത്തില്‍ വാര്‍ത്ത വന്നത് മോഹന്‍ഭാഗവതിന്റെ കാര്യത്തിലാണ്. 2018ല്‍ അദ്ദേഹം നടത്തിയ പ്രഭാഷണങ്ങളില്‍ ഗോള്‍വാള്‍ക്കറേ ഒഴിവാക്കിയിരുന്നു. പകരം മുസ്ലീങ്ങള്‍ കൂടി ഉള്‍പ്പെടുന്നതാണ് ഹിന്ദുരാഷ്ട്രമെന്ന് പറയുകയുമുണ്ടായി.
എന്നാല്‍ പരസ്യമായി ഇതൊക്കെ പറയുന്ന നേതാക്കള്‍ തന്നെയാണ് നാഗ്പൂരിലെ രാംടേക് പട്ടണത്തിലെ ഗോള്‍വാള്‍ക്കറുടെ വീട് ക്ഷേത്രം പോലെ സംരക്ഷിക്കുന്നത്. ഇന്നത് അദ്ദേഹത്തിന്റെ സ്മാരകം കൂടിയാണ്. അതേസമയം കേരളത്തില്‍ ക്രൈസ്തവരോട് അടുക്കുന്ന ബിജെപി, ഒഡീഷയിലെ കാണ്ഡമാലിലും മറ്റും ക്രിസ്ത്യനികള്‍ വേട്ടയാടപ്പെട്ടതിനെ കുറിച്ച് ഒരക്ഷരം പറയുന്നില്ല എന്നതും പ്രസക്തമാണ്. കേരളത്തില്‍ മാത്രമാണോ ക്രിസ്ത്യന്‍ സൗഹൃദം? കാണ്ഡമാലില്‍ കലാപത്തിനിടെ 100ലധികം ആളുകള്‍ കൊല്ലപ്പെട്ടു. 300ഓളം ക്രിസ്ത്യന്‍ പള്ളികള്‍ അഗ്നിക്കിരയാക്കി. കന്യാസ്ത്രീകളടക്കം ബലാല്‍സംഗത്തിനിരയായി. അന്ന് പ്രതിസ്ഥാനത്ത് നിര്‍ത്തപ്പെട്ട ബജ്രംഗദളിന്റെ നേതാവ് പ്രതാപ് ചന്ദ്ര സാരംഗി പിന്നീട് മോദി സര്‍ക്കാരിലെ മന്ത്രിയായിരുന്നു. കര്‍ണാടക മന്ത്രി അടുത്തിടെ പറഞ്ഞത് ക്രൈസ്തവരെ അടിച്ചോടിക്കണമെന്നാണ്. ഛത്തീസ്ഗഢിലെ ബതാഗാവില് ക്രിസ്ത്യന്‍ പാസ്റ്റര്‍ ആക്രമിക്കപ്പെട്ടതും അടുത്തകാലത്താണ്. അതൊക്കെ വിചാരധാരയെ അടിസ്ഥാനമാക്കി നടന്നത് തന്നെയല്ലേ?
വിചാരധാര എന്നത് കേവലം മതങ്ങളെക്കുറിച്ച് മാത്രം പറയുന്നതല്ല. ഹിന്ദുത്വ രാഷ്ട്രനിര്‍മിതിയുടെ വഴികാട്ടിയാണത്. ജാതിവ്യവസ്ഥ നിലനില്‍ത്തണം, ഭരണഘടന മാറ്റിയെഴുതണം, സ്ത്രീകളുടെ തുല്യപദവി ഇല്ലാതാക്കണം എന്നുതുടങ്ങി, ജനാധിപത്യ സംവിധാനം പൂര്‍ണമായും ഇല്ലാതാക്കുന്നതിനുള്ള കാര്യങ്ങളാണ് അതിൽ പറയുന്നത്. മനുസ്മൃതിയ്ക്ക് ഒരു ആധുനികഭാഷ്യം എന്നു പറഞ്ഞാലും തെറ്റാകില്ല. വിചാരധാരയിലെ ‘ഒരു ഏകീകൃത രാഷ്ട്രം ആവശ്യമാണ്’ എന്ന അധ്യായത്തില്‍ കുറിച്ചിരിക്കുന്നത് നോക്കു: “ഏറ്റവും പ്രധാനപ്പെട്ടതും കാര്യക്ഷമവുമായ നടപടിയിലൂടെ നമ്മുടെ രാജ്യത്തെ ഭരണഘടനയിലെ ഫെഡറല്‍ സംവിധാനത്തെക്കുറിച്ചുള്ള എല്ലാ ചര്‍ച്ചയും എന്നെന്നേക്കുമായി കുഴിച്ചുമൂടി ഈ രാഷ്ട്രത്തിലെ സ്വയംഭരണാവകാശമുള്ളതും അര്ധസ്വയംഭരണാവകാശമുള്ളതുമായ സംസ്ഥാനങ്ങളുടെ നിലനില്‍പ്പ് ഇല്ലാതാക്കണം. തുടര്‍ന്ന് ഒരു രാഷ്ട്രം, ഒരു സംസ്ഥാനം, ഒരു നിയമസഭ, ഒരു എക്സിക്യൂട്ടീവ് എന്ന് പ്രഖ്യാപിച്ചുകൊണ്ട് തുണ്ടുതുണ്ടായി വിഘടിച്ചുനില്‍ക്കല്‍, പ്രാദേശികത, വിഭാഗീയത, ഭാഷാപരവും മറ്റ് രീതിയിലുള്ളതുമായ അഭിമാനബോധം തുടങ്ങിയ ഘടകങ്ങളെ പൊടിപോലും അവശേഷിപ്പിക്കാത്ത വിധത്തില്‍ തുടച്ചുമാറ്റണം. നമുക്ക് ഭരണഘടനയെ പുനഃപരിശോധിച്ച് മാറ്റിയെഴുതാം. അങ്ങനെ ഏകരൂപത്തിലുള്ള ഒരു ഭരണകൂടം സ്ഥാപിക്കാം,” എന്നാണ്. ഭരണഘടനയെക്കുറിച്ച് പറയുന്നത് “ഹിന്ദുക്കള്‍ക്ക് സ്വന്തമെന്ന് വിളിക്കാവുന്ന യാതൊന്നും ഭരണഘടനയിലില്ല. നമ്മുടെ ദേശീയ ദൗത്യം എന്താണെന്നതിനെ സംബന്ധിച്ച് അതില്‍ ഒന്നുംതന്നെയില്ല’ എന്നുമാണ്. ‘ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍’ എന്ന ജനാധിപത്യാശയം രാഷ്ട്രഭരണത്തില്‍ എല്ലാവരും തുല്യരാണെന്ന അര്‍ഥത്തില്‍, ഒരളവോളം പ്രായോഗിക തലത്തിലെ മിത്താകുന്നു’. ‘സമത്വമെന്നത് നിലനില്‍ക്കുന്നത് ഒരു തെറ്റായ അടിസ്ഥാനത്തിന്മേലാണ്. അതായത് ഭൗതികതയുടെ അടിസ്ഥാനം. ഞാന്‍ വെറും ഭൗതിക വസ്തു മാത്രമാണെങ്കില്‍, സമത്വത്തിന്റെ അടിസ്ഥാനത്തില്‍ മറ്റുള്ളവരുമായി സഹകരിക്കണമെന്നുള്ള വികാരങ്ങള്‍ ഉള്‍ക്കൊള്ളുന്നത് എന്തിനാണെന്ന് എനിക്ക് മനസ്സിലാവുന്നില്ല. മറ്റുള്ളവരെ വിഴുങ്ങിക്കൊണ്ട് എന്തുകൊണ്ട് എനിക്ക് ജീവിച്ചുകൂടാ?’
ചുരുക്കത്തില്‍ ഇതാണ് വിചാരധാരയിലെ ഉള്ളടക്കം. കേരള പശ്ചാത്തലത്തില്‍ മാത്രം കാണേണ്ട സംഗതിയല്ലെന്ന് ചുരുക്കം. മാത്രമല്ല അതിനെ തള്ളിപ്പറയേണ്ടത് എതെങ്കിലും സംസ്ഥാനത്തുള്ള ബിജെപി നേതാവോ, മന്ത്രിയോ പ്രധാനമന്ത്രിയോ അല്ല. പകരം ഈ വാദങ്ങളെ അടിസ്ഥാന ആശയമാക്കി മുന്നോട്ട് പോവുന്ന ആര്‍എസ് എസ് ആണ്. ഈ പുസ്തകങ്ങൾ ഇപ്പോഴും പ്രചാരത്തിലുണ്ട്. അതിന് പ്രചാരം കൊടുക്കുന്നത് മറ്റേതെങ്കിലും സംഘടനയാണെന്ന് വാദിക്കാനാകുമോ? വിചാരധാര ഇപ്പോഴും സംഘപരിവാർ സംഘടനകളുടെ വിചാരപരിപാടികളിൽ പ്രധാന പങ്ക് വഹിക്കുന്നതായി നാം കണ്ടു. ഇതെല്ലാം നിലനിൽക്കെ, 40-50കളിലെ സൃഷ്ടിയെന്ന് പറഞ്ഞുള്ള തള്ളലുകളെ കേവലം കാര്യസാധ്യത്തിനായുള്ള വായ്ത്താരിയായി മാത്രമേ കാണാന്‍ സാധിക്കൂ. കാര്യകാരണങ്ങൾ തൃപ്തികരമാംവണ്ണം വിശദമായി പ്രസ്താവിച്ച് ആ ഗ്രന്ഥത്തെ തള്ളിക്കളയാൻ ഇതുവരെ സാധിക്കാത്തവർ, ഒരു പ്രത്യേക രാഷ്ട്രീയാവസരത്തെ മുതലെടുക്കാൻ വേണ്ടി ചെറിയൊരു തള്ള് തള്ളുന്നതായേ എംടി രമേശിന്റെ പ്രസ്താവനയെ കാണാനാകൂ.
(Samayam Malayalam believes in promoting diverse views and opinions on all issues. They need not conform to our editorial positions.)