കോഴിക്കോട്: ശനിയാഴ്ച കാസര്‍കോട്ട് ഒരു പിഞ്ചുകുഞ്ഞ് മരിച്ചത് വണ്ട് തൊണ്ടയില്‍ കുരുങ്ങിയാണ്. തിങ്കളാഴ്ച തിരുവനന്തപുരത്ത് ആറുവയസ്സുകാരി മരിച്ചത് മിക്സചര്‍ തൊണ്ടയില്‍ക്കുരുങ്ങിയും. അത്യാവശ്യ പ്രഥമ ശുശ്രൂഷകളിലൂടെയും ചെറിയ അശ്രദ്ധകള്‍ ഒഴിവാക്കിയും ഇത്തരം സംഭവങ്ങളില്‍ ജീവന് രക്ഷിക്കാം.
ശ്രദ്ധയോടെ കഴിക്കാം
• സ്വസ്ഥമായിരുന്ന് സാവധാനം ചവച്ചരച്ചുവേണം ഭക്ഷണം കഴിക്കാന്‍. സംസാരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതും ഒഴിവാക്കുക.
• കളിക്കുന്ന കുട്ടികളുടെ പുറകെനടന്ന് ഭക്ഷണം വാരിക്കൊടുക്കുന്നത് നല്ലതല്ല.
• കുട്ടി കഴിക്കുമ്പോള്‍ മുതിര്‍ന്നവരാരെങ്കിലും അടുത്തുണ്ടാവണം
തൊണ്ടയില്‍ കുരുങ്ങുന്നതെങ്ങനെ
ഭക്ഷണം തൊണ്ടയില്‍നിന്ന് അന്നനാളത്തിലേക്കാണ് പോകുന്നത്. ശ്വാസനാളിയിലേക്ക് പോകാതിരിക്കാനുള്ള സംവിധാനമാണ് ചെറുനാക്ക് (എപ്പിഗ്ലോട്ടിസ്). ഭക്ഷണം വരുമ്പോള്‍ ചെറുനാക്ക് ശ്വാസനാളിയുടെ തുടക്കഭാഗം അടയ്ക്കും. ഭക്ഷണം അന്നനാളത്തിലേക്കുതന്നെ പോകും. എന്നാല്‍, ശ്വാസനാളി തുറന്നിരുന്നാല്‍ ഭക്ഷണം അതിലേക്ക് കടക്കും.
എങ്ങനെ അറിയാം
ശക്തമായ ചുമ. ശ്വാസംകിട്ടാതെ കണ്ണ് തള്ളിവരും. നീല നിറമാവും.
രണ്ടുവയസ്സിനുതാഴെയുള്ള കുട്ടികള്‍
1. നമ്മുടെ ഇടതുകൈ തുടയുടെ മുകളില്‍ നീട്ടിവെക്കണം. ഇരുേന്നാ കുനിഞ്ഞുനിന്നോ ഇങ്ങനെ ചെയ്യാം. കൈയില്‍ കുഞ്ഞിനെ കമഴ്ത്തിക്കിടത്തുക. കുഞ്ഞിന്റെ തല കൈത്തലത്തില് പെരുവിരലിനും ചൂണ്ടുവിലിനും ഇടയിലായി വരണം. കാലുകള്‍ കൈമുട്ടിനുമുകളിലുള്ള ഭാഗത്ത് ഇരുവശത്തേക്കുമായി വിടര്‍ത്തിയിടുക. മറ്റേ കൈകൊണ്ട് തോളെല്ലുകള്‍ക്ക് നടുവില്‍, പുറത്ത്, ശക്തിയായി അഞ്ചുതവണ അടിക്കുക. കുരുങ്ങിയവസ്തു തെറിച്ചുപോകും.
2. വലതുകൈയിലേക്ക് നേരത്തേപോലെ കുഞ്ഞിനെ മലര്‍ത്തിക്കിടത്തുക. ഇടതുകൈയുടെ നടുവിരലും ചൂണ്ടുവിരലും ഉപയോഗിച്ച് മാര്‍ച്ചട്ടയില്‍ ശക്തിയായി അമര്‍ത്തുക. കുഞ്ഞ് കരയുകയോ നീലനിറം കുറയുകയോ െചയ്യുന്നതുവരെ ഈ രണ്ടു രീതിയും മാറി മാറി ആവര്‍ത്തിക്കണം. കുഞ്ഞ് അബോധാവസ്ഥയിലായാല്‍ രണ്ടാമത്തെ രീതിമാത്രം െചയ്യുക. സെക്കന്‍ഡില്‍ രണ്ടുതവണ വരുംവിധം മുപ്പതുതവണയാണ് നെഞ്ചില്‍ അമര്‍ത്തേണ്ടത്. തുടര്‍ന്ന് കൃത്രിമശ്വാസം കൊടുക്കണം. വീണ്ടും 30 തവണ അമര്‍ത്തുക. ഈ പ്രക്രിയ വൈദ്യസഹായം ലഭ്യമാകുംവരെ തുടരുക.
രണ്ടുവയസ്സിനു മുകളിലുള്ള കുട്ടികള്‍
കുഞ്ഞിനെ നിര്‍ത്തി, നമ്മള് പുറകില്‍ മുട്ടുകുത്തി ഇരുന്ന് വലതുമുഷ്ടി ചുരുട്ടി പൊക്കിളിനും നെഞ്ചിനും ഇടയിലായിവെക്കുക. ഒപ്പം ഇടത് കൈപ്പത്തി മറുവശത്തുകൂടെ എടുത്ത് വലതുമുഷ്ടിയുടെ മുകളിലായി വെക്കുക. അതിശക്തമായി മുന്നോട്ടും പുറകോട്ടും തള്ളണം. ഇത് പല തവണ വേഗത്തിലും ശക്തിയിലും, ഭക്ഷണം തെറിച്ചുപോവുംവരെ ചെയ്യുക.
കുഞ്ഞ് അബോധാവസ്ഥയിലായാല്‍ നെഞ്ചില്‍ അമര്‍ത്തുന്നത് കൊച്ചുകുഞ്ഞുങ്ങളിലേതുപോലെ വിരലുകൊണ്ടുപോര. കുഞ്ഞിന്റെ വലിപ്പത്തിനനുസരിച്ച് ഒരു കൈപ്പത്തിയോ രണ്ടു കൈപ്പത്തികളോ ഇതിന് ഉപയോഗിക്കാം.
തയ്യാറാക്കിയത്: രജി ആര്. നായര്‍
വിവരങ്ങള്‍ക്ക് കടപ്പാട്: ഡോ. പി.പി. വേണുഗോപാല്‍, ഡയറക്ടര്‍, എമര്‍ജന്‍സി മെഡിസിന്, ആസ്റ്റര്‍ ഡി.എം. ഹെല്‍ത്ത്കെയര്‍
Content Highlight: What is the first aid treatment for choking?