കൊച്ചി: സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ അധിക്ഷേപിച്ചെന്ന പരാതിയിൽ ചലച്ചിത്ര പ്രവർത്തക ആയിഷ സുൽത്താന ഇന്ന് കൊച്ചി പോലീസ് കമ്മിഷണർക്ക് പരാതി നൽകും. തനിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റിട്ടതിനെ തുടർന്ന് കോട്ടയത്തുള്ള കുടുംബത്തിന് ഐസ്ഐസ് ഭീഷണിയുണ്ടായി എന്ന പ്രചാരണത്തിനെതിരെയാണ് പരാതി. അങ്ങനെയെങ്കിൽ പോലീസ് അക്കാര്യം അന്വേഷിച്ച് കണ്ടുപിടിക്കണമെന്ന് ആയിഷ സുൽത്താന മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.
”എനിക്കെതിരേ കോട്ടയത്തുള്ള ദമ്പതിമാർ ഫെയ്സ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. തൊട്ടു പിന്നാലെ അവർക്കെതിരേ വിവിധ രാജ്യങ്ങളിൽ നിന്നും നെറ്റ്കോളുകൾ വഴി ഐസ്ഐസ് ഭീകരരുടെ ഭീഷണി ഉണ്ടായി എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. ഇംഗ്ലീഷ് ചാനലിന് നൽകിയ അഭിമുഖത്തിലും ദമ്പതിമാർ ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. ഇതിലൂടെ എനിക്ക് ഐസ്ഐസ് ബന്ധമുണ്ടെന്നാണ് അവർ ആരോപിക്കുന്നത്. ഇതിന് പിന്നിൽ ആരൊക്കേയോ പ്രവർത്തിക്കുന്നുണ്ട്. എനിക്കെതിരേ പോസ്റ്റിട്ടതിൽ അവർക്ക് ഭീഷണി ഉണ്ടായിട്ടുണ്ടെങ്കിൽ അത് പോലീസ് കണ്ടുപിടിക്കുകയും അവരെ കസ്റ്റഡിയിലെടുക്കുകയും വേണം.”-ആയിഷ സുൽത്താന പറഞ്ഞു.
അതേസമയം ചാനൽ ചർച്ചക്കിടെ നടത്തിയ വിവാദ പരാമർശങ്ങളിൽ രാജ്യദ്രോഹ കേസിലകപ്പെട്ട ആയിഷ സുൽത്താനയുടെ ഫ്ലാറ്റ് ലക്ഷദ്വീപ് പോലീസ് കഴിഞ്ഞ ദിവസം റെയ്ഡ് ചെയ്തിരുന്നു. നേരത്തെ നാല് ദിവസം ലക്ഷദ്വീപിൽവെച്ച് പോലീസ് ചോദ്യം ചെയ്തിരുന്നു. ലക്ഷദ്വീപ് ബി ജെ പി ഘടമാണ് ഇവർക്കെതിരെ പരാതി നൽകിയത്.
Content Highlights:insulting through social media Aisha sultana filed complaint against couples from kottayam