ഇസ്രായേല്‍ ഭീകരസംഘടനായി കണക്കാക്കുന്ന പലസ്തീന് സംഘടനയായ ഹമാസിന്റെ മുതിര്‍ന്ന പ്രതിനിധി സംഘത്തിന് ആതിഥേയത്വം ഒരുക്കാന്‍ സൗദി അറേബ്യ തീരുമാനിച്ചതായി വിവിധ അറബി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹമാസ് പൊളിറ്റ്ബ്യൂറോ ചീഫ് ഇസ്മായില്‍ ഹനിയ്യ, ഡെപ്യൂട്ടി ചീഫ് സാലിഹ് അല്‍ അറൂറി, വിദേശത്തുള്ള ഹമാസ് നേതാവ് ഖാലിദ് മിഷ്അല്‍ എന്നിവരുള്‍പ്പെടെയുള്ള ഉന്നതതല പ്രതിനിധി സംഘമാണ് സൗദി അറേബ്യ സന്ദര്‍ശിക്കുന്നത്. പ്രതിനിധി സംഘം മക്കയില്‍ തീര്‍ഥാടനത്തിന് എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ബിജെപി നേതാവിൻ്റെ വീടിന് മുന്നിൽ സമരം | bjp
നിരവധി വര്‍ഷങ്ങളായി, ഹമാസുമായി അകല്‍ച്ച പാലിച്ചുവരുന്ന സൗദി അറേബ്യയുടെ പുതിയ തീരുമാനം ഇസ്രായേലിനെ നിരാശരാക്കിയതായാണ് റിപ്പോര്‍ട്ട്. നേരത്തേ ഗസ മുനമ്പ് ഭരിക്കുകയും ഇസ്രായേലിനെതിരേ യുദ്ധത്തിന് പരസ്യ ആഹ്വാനം നല്‍കുകയും ചെയ്യുന്ന ഹമാസുമായി ബന്ധമുള്ള നിരവധി ആളുകളെ സൗദി അറസ്റ്റ് ചെയ്യുകയും ജയിലില്‍ അടക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇറാനുമായും ചൈനയുമായുള്ള സൗദിയുടെ പുതിയ സഹകരണ തീരുമാനം പലസ്തീന് വിഭാഗത്തോടുള്ള അവരുടെ സമീപനത്തിന് മാറ്റങ്ങളുണ്ടാക്കിയതായാണ് സൂചന.
മഹ്മൂദ് അബ്ബാസിന്റെ നേതൃത്വത്തിലുള്ള ഫലസ്തീന് അതോറിറ്റിയുമായി അനുരഞ്ജന ശ്രമങ്ങള്‍ പരാജയപ്പെട്ടതിന് സൗദി നേതാക്കള്‍ ഹമാസിനെ കുറ്റപ്പെടുത്തിയിരുന്നു. തുടര്‍ന്ന് സൗദിയിലെ ഹമാസ് അനുകൂലികള്‍ക്കെതിരേ ശക്തമായ നടപടികള്‍ സൗദി കൈക്കൊണ്ടു. 2019 ല്‍, രാജ്യത്തിന്റെ ഭരണത്തിന് ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി ഹമാസുമായി ബന്ധമുള്ള നിരവധി പേരെ സൗദി പോലിസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി റിയാദുമായി അടുക്കാനുള്ള ശ്രമങ്ങള്‍ ഹമാസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൗദിയുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് ഹമാസ് നേതാക്കള്‍ സന്ദേശങ്ങള്‍ അയച്ചതിനു പിന്നാലെ സൗദി ജയിലില്‍ കഴിയുകയായിരുന്ന മുതിര്‍ന്ന ഹമാസ് അംഗം മുഹമ്മദ് അല്‍ ഖുദരി ഉള്‍പ്പെടെ നിരവധി തടവുകാരെ സൗദി അറേബ്യ വിട്ടയച്ചിരുന്നു.
ഇസ്രായേലുമായി നല്ല ബന്ധം സ്ഥാപിക്കാന്‍ ഇടക്കാലത്ത് ശ്രമങ്ങള്‍ നടത്തിയിരുന്ന സൗദി അറേബ്യ, വെസ്റ്റ് ബാങ്കില്‍ അടുത്തകാലത്തുണ്ടായ ഇസ്രായേല്‍ അക്രമങ്ങളും മസ്ജിദുല്‍ അഖ്സായ്ക്ക് നേരെ അവര്‍ നടത്തുന്ന അതിക്രമങ്ങളും കാരണമാണ് ആ നീക്കത്തില്‍ നിന്ന് പിന്‍വാങ്ങിയതെന്നാണ് റിപ്പോര്‍ട്ട്. പ്രധാനമന്ത്രിയായി വീണ്ടും അധികാരമേറ്റ ബെഞ്ചമിന്‍ നെതന്യാഹു, സൗദിയുമായി എബ്രഹാം ഉടമ്പടിയില്‍ ഒപ്പുവയ്ക്കുന്നതിന് മുന്‍ഗണന നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ വര്‍ദ്ധിച്ചുവരുന്ന ഇസ്രായേല്‍-പലസ്തീന് സംഘര്‍ഷങ്ങള്‍ കാരണം പരസ്യമായി കരാറുമായി മുന്നോട്ട് കൊണ്ടുപോകുന്നതില്‍ സൗദി വിമുഖത കാണിക്കുകയായിരുന്നു. ഇതോടെ, ഇസ്രയേലിലെ മുസ്ലീം പൗരന്മാര്ക്ക് വിശുദ്ധ ഹജ്ജ് തീര്‍ത്ഥാടനത്തില്‍ എളുപ്പത്തില്‍ പങ്കെടുക്കാന്‍ അനുവദിക്കുന്നതിനായി ടെല്‍ അവീവില്‍ നിന്ന് മക്കയിലേക്ക് നേരിട്ടുള്ള വിമാനങ്ങള്‍ ഷെഡ്യൂള്‍ ചെയ്യുന്നതിന് അമേരിക്കയുടെ മധ്യസ്ഥതയില്‍ നടന്ന നീക്കവും പ്രതിസന്ധിയിലായിരിക്കുകയാണ്.
ReadLatest Gulf NewsandMalayalam News