തിരുവനന്തപുരം: ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് വൈദ്യുതി ചാര്‍ജില്‍ 25 ശതമാനം ഇളവ് അനുവദിക്കാൻ സർക്കാർ തീരുമാനിച്ചു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഗഡുക്കളായി ബില്ലടയ്ക്കാനും അവസരം നല്‍കും. വ്യവസായികള്‍ക്കുള്ള വൈദ്യുത നിരക്കിലെ ഇളവ് നീട്ടുമെന്നും വൈദ്യുതി മന്ത്രി പ്രഖ്യാപിച്ചു. കൂടുതല്‍ ഇളവുകള്‍ വൈദ്യുത ബോര്‍ഡുമായി ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോവിഡ് കാലത്തെ ആശ്വാസ നടപടിയായാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഇതുപ്രകാരമുള്ള ഉത്തരവ് ഇറങ്ങിയതായി മന്ത്രി കെ കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കും ഇളവ് അനുവദിച്ചിട്ടുണ്ട്. കുടിശിക വന്ന തുക ഗഡുക്കളായി അടയ്ക്കാന്‍ അവസരം നല്‍കും. എന്നാല്‍ ബോധപൂര്‍വ്വം ബില്ലടയ്ക്കാത്തതാണെങ്കില് വൈദ്യുതി വിച്ഛേദിക്കും.
ഹൈ ടെന്‍ഷന്‍ ഉപഭോക്താക്കള്‍ക്ക് ഇളവ് അനുവദിക്കുന്നത് കോവിഡ് കാലത്ത് അടഞ്ഞുകിടന്ന വ്യവസായങ്ങള്‍ക്ക് ആശ്വാസം നല്കുന്ന നടപടിയാണ്.
Content Highlight: 25 % electricity charge reduction for HT customers