റാഷ്ഫോര്‍ഡിനെ പുറമെ, ജാദോൺ സാഞ്ചോ, ബുക്കായോ സാക്ക് തുടങ്ങിയ താരങ്ങളെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്
ലണ്ടണ്‍: യൂവേഫ യൂറോ കപ്പില്‍ പെനാലിറ്റി പാഴാക്കിയതിന് ആരാധകരോട് മാപ്പ് പറഞ്ഞ് ഇംഗ്ലണ്ട് താരം മാര്‍ക്കസ് റാഷ്ഫോര്‍ഡ്. തനിക്കെതിരെ ഉയര്‍ന്ന വംശീയ അധിക്ഷേപത്തിനെതിരയും താരം പ്രതികരണവുമായി രംഗത്തെത്തി. ട്വിറ്ററിലൂടെയാണ് റാഷ്ഫോര്‍ഡ് തന്റെ നിലപാട് വ്യക്തമാക്കിയത്.
“എവിടെ എങ്ങനെ തുടങ്ങണം എന്ന് എനിക്കറിയില്ല. എന്റെ കഴിഞ്ഞ സീസണ് അത്ര മികച്ചതായിരുന്നില്ല. ആത്മവിശ്വാസം ഇല്ലാതെയാവാം ഞാന്‍ ഫൈനലില്‍ ഇറങ്ങിയത്. പക്ഷെ പെനാലിറ്റിക്കായി ഞാന്‍ തയാറായിരുന്നു. ഞാന്‍ പ്രതീക്ഷിച്ചതായിരുന്നില്ല സംഭവിച്ചത്. ഉറക്കത്തില്‍ പോലും ഞാന്‍ പെനാലിറ്റി പാഴാക്കാറില്ല. 55 വര്‍ഷത്തിന് ശേഷമുള്ള ഫൈനല്‍. ഒരു പെനാലിറ്റി, എല്ലാവരോടും ഞാന്‍ ക്ഷമ ചോദിക്കുന്നു,” റാഷ്ഫോര്‍ഡ് കുറിച്ചു.
“ഇംഗ്ലണ്ടിന്റെ കുപ്പായം അണിയുന്നതില്‍ പരം അഭിമാനമായ ഒരു നിമിഷം എനിക്കില്ല. ലഭിച്ച സന്ദേശങ്ങളില്‍ ഞാന്‍ സന്തോഷവാനാണ്. വിതിങ്ടണിലെ ജനങ്ങള്‍ പ്രതികരണം എന്റെ കണ്ണുകളെ നനയിച്ചു. എന്നെ എക്കാലത്തും ചേര്‍ത്തു പിടിച്ചവര്‍ ഇന്നും അത് ചെയ്തു. ഞാന്‍ മാര്‍ക്കസ് റാഷ്ഫോര്‍ഡ്, 23 വയസ്, വിതിങ്ടണില്‍ നിന്ന് വന്ന കറുത്തവന്, വെറെ ഒന്നു എനിക്കില്ലെങ്കിലും അതുണ്ടാകും,” റാഷ്ഫോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
റാഷ്ഫോര്‍ഡിനെ പുറമെ, ജാദോൺ സാഞ്ചോ, ബുക്കായോ സാക്ക് തുടങ്ങിയ താരങ്ങളെയാണ് ആരാധകർ സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചത്. കളിക്കാർക്കെതിരെ നടന്ന വംശീയ അധിക്ഷേപത്തെ അപലപിച്ച് ഇംഗ്ലണ്ട് ഫുട്ബോൾ അസോസിയേഷൻ തിങ്കളാഴ്ച പ്രസ്താവന ഇറക്കി.
“എല്ലാത്തരം വിവേചനങ്ങളെയും എഫ്.എ ശക്തമായി അപലപിക്കുന്നു, സോഷ്യൽ മീഡിയയിൽ ഞങ്ങളുടെ ചില കളിക്കാരെ ലക്ഷ്യം വച്ചുള്ള ഓൺലൈൻ വർഗ്ഗീയത ഭയപ്പെടുത്തുന്നു. അത്തരം മ്ലേച്ഛമായ പെരുമാറ്റത്തിന് പിന്നിലുള്ള ആരും ടീമിനെ പിന്തുടരുന്നത് സ്വാഗതം ചെയ്യുന്നില്ലെന്ന് ഇതിനേക്കാൾ വ്യക്തമായി ഞങ്ങൾക്ക് പറയാൻ കഴിയില്ല.” എഫ്എ പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞു.
Also Read: EURO 2020: ഇംഗ്ലണ്ട് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം; അപലപിച്ച് എഫ്എ