വാട്സപ്പ് കോളുകൾക്ക് പുതിയ ഇന്റർഫേസും ഗ്രൂപ്പ് കോളുകൾക്ക് പുതിയ ഫീച്ചറുകളും നൽകുന്നതാണ് പുതിയ അപ്ഡേറ്റ്.
വാട്സ്ആപ്പ് അവരുടെ ഏറ്റവും പുതിയ 2.21.140.11 ബീറ്റ അപ്ഡേറ്റ് പുറത്തിറക്കി. വാട്സപ്പ് കോളുകൾക്ക് പുതിയ ഇന്റർഫേസും ഗ്രൂപ്പ് കോളുകൾക്ക് പുതിയ ഫീച്ചറുകളും നൽകുന്നതാണ് പുതിയ അപ്ഡേറ്റ്. ആപ്പിൾ ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്ക് ഇനി മുതൽ കോളുകൾചെയ്യുമ്പോൾ പുതിയ ഇന്റർഫേസ് കാണാൻ സാധിക്കും.
വാബീറ്റഇൻഫോ പങ്കുവച്ച സ്ക്രീൻഷോട്ടുകൾ പ്രകാരം, പുതിയ ഇന്റർഫേസ് ആപ്പിളിന്റെ ഫേസ് ടൈം ആപിനോട് സാമ്യം തോന്നുന്നതാണ്. കോളിനിടയിൽ ഒരു ഉപയോക്താവ് നോക്കാൻ സാധ്യതയുള്ള ഓപ്ഷനുകളിലേക്ക് വേഗം എത്താൻ സാധിക്കുന്ന തരത്തിലാണ് പുതിയ ഇന്റർഫേസ് ക്രമീകരിച്ചിരിക്കുന്നത്. സ്ക്രീനിന്റെ താഴെയായി ഒരു റിങ് ബട്ടണും നൽകിയിട്ടുണ്ട്. പുതിയ വാട്സ്ആപ്പ് ബീറ്റ അപ്ഡേറ്റിൽ ഒരു ഗ്രൂപ്പ് കോളിൽ ഇടക്ക് വെച്ചു പ്രവേശിക്കാനുള്ള അവസരവും നൽകുന്നു.
അതായത്, ഒരാൾ നിങ്ങളെ ഗ്രൂപ്പ് കോളിൽ ജോയിൻ ചെയ്യാൻ ക്ഷണിച്ചാൽ ആ സമയത്ത് ജോയിൻ ചെയ്യാൻ നിങ്ങൾക്ക് സാധിച്ചില്ലെങ്കിലും കോൾ തീരുന്നതിനു മുൻപ് വാട്സ്ആപ്പ് തുറക്കുകയാണെങ്കിൽ നിങ്ങൾക്ക് ആ കോളിൽ ജോയിൻ ചെയ്യാൻ കഴിയും. ഇതിനായി വാട്സ്ആപ്പിലെ കോൾ സെക്ഷൻ എടുക്കുമ്പോൾ നടന്നു കൊണ്ടിരിക്കുന്ന കോളിൽ ‘ടാപ്പ് ടു ജോയിൻ’ എന്ന ഓപ്ഷൻ നൽകിയിട്ടുണ്ടാകും. അതിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യാൻ സാധിക്കും.
നിലവിൽ ഈ ഫീച്ചർ ഐഒഎസ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് ലഭ്യമായിരിക്കുന്നത്. എന്നാൽ ഉടൻ തന്നെ ഇത് ആൻഡ്രോയിഡ് ബീറ്റ ടെസ്റ്റർമാർക്കും ലഭ്യമാകും. അതിനു ശേഷമാകും സാധാരണ ഉപയോക്താക്കൾക്ക് ലഭിക്കുക. തിരക്കിൽ ഗ്രൂപ്പ് കോളുകളിൽ ജോയിൻ ചെയ്യാൻ കഴിയാതെ പോകുന്നവർക്ക് സഹായകമായ ഒരു ഫീച്ചറാണിത്.
നിങ്ങൾക്ക് ഇപ്പോൾ ഈ ഫീച്ചർ ലഭ്യമായിട്ടില്ലെങ്കിൽ അടുത്ത ദിവസങ്ങളിൽ ഇത് ലഭ്യമാകും. “വാട്സ്ആപ്പ് ഇന്നാണ് ഈ ഫീച്ചർ അവതരിപ്പിച്ചത്, നിങ്ങൾക്ക് അത് ലഭിക്കാൻ ക്ഷമയോടെ കാത്തിരിക്കണം” വാബീറ്റഇൻഫോ പറഞ്ഞു.
Also Read: WhatsApp group privacy settings: വാട്സാപ്പിലെ ഗ്രൂപ്പ് പ്രൈവസി സെറ്റിങ്സ് എങ്ങനെ മാറ്റാം? അറിയാം