മൂന്നാര്‍: കോവിഡ് മഹാമാരി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനു ശേഷം ആദ്യമായി ഗോത്രവര്‍ഗ പഞ്ചായത്തായ മൂന്നാര്‍ ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചു. ഇരുമ്പ്കല്ല് കുടി സ്വദേശിയായ 40 വയസ്സുള്ള വീട്ടമ്മയ്ക്കും ഇഡ്ഡലിപ്പാറക്കുടി സ്വദേശിയായ 24 വയസ്സുകാരനുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
വീട്ടമ്മയ്ക്ക് മറ്റ് ശാരീരിക പ്രശ്നങ്ങളെ തുടര്‍ന്ന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്. 24കാരന് മൂന്നാറിലെ സ്വകാര്യ ആശുപത്രിയില്‍ പരിശോധന നടത്തിയപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.
കഴിഞ്ഞ രണ്ടുവര്‍ഷമായി കടുത്ത കോവിഡ് നിയന്ത്രണങ്ങള്‍ മൂലം ഒരാള്‍ക്കുപോലും ഇടമലക്കുടിയില്‍ കോവിഡ് സ്ഥിരീകരിച്ചിരുന്നില്ല. പുറത്തുനിന്നുള്ളവരെ കര്‍ശനമായ പരിശോധനകള്‍ക്കു ശേഷം മാത്രമേ പഞ്ചായത്തിലേക്ക് പ്രവേശിപ്പിച്ചിരുന്നുള്ളൂ. സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും മറ്റ് അടിയന്തര ആവശ്യങ്ങള്‍ക്കുള്ളവരെയും മാത്രമാണ് ഇങ്ങനെ പ്രവേശിപ്പിച്ചിരുന്നത്.
രണ്ടാഴ്ച മുന്‍പ് ഇടുക്കി എം.പി. ഡീന്‍ കുര്യാക്കോസിനൊപ്പം ഒരു ബ്ലോഗര്‍ ഇടമലക്കുടിയില്‍ പ്രവേശിച്ചത് വിവാദമായിരുന്നു. ആരോഗ്യവകുപ്പ് അനുമതി നിഷേധിച്ചതിന് ശേഷമാണ് എംപിയും സുഹൃത്തുക്കളും ഇത്തരമൊരു യാത്ര നടത്തിയതെന്ന് ചൂണ്ടിക്കാട്ടി വലിയ വിമര്‍ശനങ്ങള്‍ക്ക് ഉയര്‍ന്നിരുന്നു.
Content Highlights: covid 19 confirmed first time in Idamalakkudi