തിരുവനന്തപുരത്തു നിന്നും കാസറഗോഡ് നിന്നും ഒരേ സമയത്ത് വന്ദേഭാരത് ട്രെയിനുകൾ പുറപ്പെടുന്ന നിലയിലേക്ക് ആറ് മാസത്തിനുള്ളിൽ കാര്യങ്ങൾ മാറിയേക്കും. പിന്നീട് കിട്ടുന്ന വന്ദേഭാരത് ട്രെയിൻ തിരുവനന്തപുരത്തു നിന്ന് ബെംഗളൂരുവിലേക്കുള്ള സ്ലീപ്പർ ആയിരിക്കും.
പല വലിയ സംസ്ഥാനങ്ങൾക്കും ഇപ്പോഴും വന്ദേഭാരത് ട്രെയിൻ ലഭിച്ചിട്ടില്ലെന്നിരിക്കെ, കേരളത്തിന് പ്രത്യേക പരിഗണന നൽകുമെന്ന മന്ത്രിയുടെ പ്രസ്താവന, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിനെ കേന്ദ്രം ലക്ഷ്യം വെക്കുന്നുണ്ടെന്ന സൂചന നൽകുന്നതാണ്.
വന്ദേ മെട്രോ ആദ്യം കേരളത്തിലേക്ക്?
വന്ദേഭാരത് മെട്രോയുടെ ആദ്യ പരിഗണന കേരളത്തിനായിരിക്കുമെന്ന സൂചനയും മന്ത്രി നൽകുന്നുണ്ട്. ചെറിയ ദൂരങ്ങളിൽ ഓടുന്ന വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ നിർമ്മാണം പുരോഗമിക്കുകയാണ്. ചെന്നൈയിലാണ് ഈ ട്രെയിനുകളുടെ നിർമ്മാണം നടക്കുന്നത്. 100 കിലോമീറ്റർ പരിധിയിലോടുന്ന സബർബൻ ട്രെയിനുകളാണ് വന്ദേ മെട്രോ ട്രെയിനുകൾ. ദിവസവും നാലോ അഞ്ചോ തവണ രണ്ട് പോയിന്റുകൾക്കിടയിൽ ഇവ സർവ്വീസ് നടത്തും. ചെറിയ ദൂരങ്ങളിലുള്ള സര്വ്വീസുകളാണ് എന്നതിനാൽ ഇതിൽ ടോയ്ലറ്റ് സൗകര്യം ഉണ്ടാകില്ല. വന്ദേഭാരതിന് 16 കോച്ചുകളാണുള്ളതെങ്കിൽ അതിന്റെ പകുതി കോച്ചുകളാണ് മെട്രോ ട്രെയിനുകളിലുണ്ടാവുക. മണിക്കൂറിൽ 125 കിമി മുതൽ 130 കിമി വരെ വേഗതയിൽ സഞ്ചരിക്കാൻ കഴിയുന്നവയാണ് വന്ദേ മെട്രോകൾ. എന്നാൽ കേരളത്തിലെ സാഹചര്യങ്ങളിൽ ഇത്രയും വേഗത പിടിക്കാൻ ഇവയ്ക്കാകില്ല. അതെസമയം കേരളത്തിലെ നിലവിലെ റെയിൽ ശൃംഖല എത്രമാത്രം ഇത്തരം ട്രെയിനുകളെ ഉൾക്കൊള്ളാൻ പര്യാപ്തമാണെന്ന പ്രശ്നം നിലനിൽക്കുന്നുണ്ട്.
വന്ദേഭാരത് മെട്രോ ട്രെയിനുകളുടെ ആദ്യ പ്രോട്ടോടൈപ്പ് പുറത്തിറങ്ങുക 2024 ഫെബ്രുവരിയിലാണ്. ഇത് ടെസ്റ്റ് ചെയ്ത് ട്രാക്കിലിറക്കാൻ സമയമെടുക്കും. എന്നാൽ ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് എത്രയും വേഗത്തിൽ ടെസ്റ്റിങ് പൂർത്തിയാക്കി വന്ദേ മെട്രോ ട്രാക്കിലിറങ്ങാനും മതി.
സിൽവർലൈനും പ്രത്യേക സോണും?
അതെസമയം കേരളത്തിന് പ്രത്യേകമായി റെയിൽവേ സോൺ വേണമെന്ന ആവശ്യത്തെ മന്ത്രി വൈഷ്ണവ് തള്ളിക്കളഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. റെയിൽവേ സോൺ ഉള്ളതിലും ഇല്ലാത്തതിലും കാര്യമില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എത്ര ഫണ്ട് വരുന്നു, എത്ര ജോലികൾ പൂർത്തീകരിക്കുന്നു എന്നതിലാണ് കാര്യമെന്ന് അദ്ദേഹം വിശദീകരിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സർക്കാർ വരുന്നതിനു മുമ്പ് കേരളത്തിന് ലഭിച്ചിരുന്നത് 375 കോടി മാത്രമാണ്. എന്നാൽ ഇപ്പോഴത് 2,033 കോടിയായിട്ടുണ്ട്. 34 റെയിൽവേ സ്റ്റേഷനുകളെ അന്താരാഷ്ട്ര നിലവാരത്തിൽ മാറ്റാനുള്ള തീരുമാനമെടുത്തിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അതെസമയം കേരളത്തിന്റെ സ്വപ്നപദ്ധതിയായ സിൽവർലൈനിന് അനുമതി ലഭിക്കുന്ന കാര്യത്തിൽ അനുകൂലമായല്ല കേന്ദ്ര റെയിൽവേ മന്ത്രി പ്രതികരിച്ചത്. രാജ്യത്തെ 80,000 കിലോമീറ്റർ വരുന്ന റെയിൽവേ ശൃംഖലയിൽ വെറും 50 കിലോമീറ്ററിൽ, മറ്റൊരു ശൃംഖലയുമായി ചേരാൻ സാധിക്കാത്ത തരത്തിലുള്ള ഒരു റെയിൽവേ പദ്ധതി എങ്ങനെയാണ് ഒരു നല്ല ആശയമാകുന്നത് എന്നദ്ദേഹം ചോദിച്ചു.