അതെസമയം എൻഎച്ച് 766ൽ മുത്തങ്ങ വരെയുള്ള ഭാഗങ്ങളിൽ വികസന പരിപാടികൾ നടക്കുന്നുണ്ട്. എൻഎച്ച് 766ൽ കിലോമീറ്റർ അഞ്ച് മുതൽ (മലാപ്പറമ്പ്), കിലോമീറ്റർ 40 വരെയുള്ള (പുതുപ്പാടി) ഭാഗം വികസിപ്പിക്കുന്നതിന് സ്ഥലമേറ്റെടുക്കാൻ ഇക്കഴിഞ്ഞയാഴ്ചയാണ് വിജ്ഞാപനം വന്നത്. കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിൽ ബൈപാസ് വരും. വീതി കുറഞ്ഞ ഭാഗങ്ങളിൽ വീതി കൂട്ടും. കോഴിക്കോട്, താമരശ്ശേരി താലൂക്കുകളിലുൾപ്പെട്ട പ്രദേശങ്ങളിലാണ് 69.3184 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നത്.
മുത്തങ്ങ മുതല്ൽ ഗുണ്ടൽപ്പേട്ടു വരെയുള്ള പാതയിൽ പത്ത് കിലോമീറ്റർ റോഡാണ് കേരളത്തിന്റെ ഭാഗത്തുള്ളത്. ഇതിൽ അഞ്ച് കിലോമീറ്റർ പ്രദേശത്താണ് വന്യമൃഗങ്ങളുടെ കടന്നുകയറ്റമുണ്ടാകുക. 250 കോടി രൂപ ചെലവിട്ട് ഇവിടെ ആകാശപാതയുണ്ടാക്കാം എന്നതായിരുന്നു നിർദ്ദേശം.
12 മീറ്ററിനകത്താണ് പാതയുടെ വലിപ്പം വരിക എന്നതിനാൽ വനഭൂമി വേറെ ആവശ്യം വരുന്നില്ല. കുറച്ച് മരങ്ങൾ വെട്ടേണ്ടതായി വന്നേക്കുമെന്നു മാത്രം.
അതെസമയം കേരളം ഏറ്റവും പുതിയതായി അവതരിപ്പിക്കുന്ന പദ്ധതി 20 കിലോമീറ്റർ നീളത്തിലുള്ള ആകാശപാതയാണ്. വയനാട്ടിൽ ‘എന്റെ കേരളം’ മെഗാ പ്രദര്‍ശനമേളയിൽ ഈ പാതയുടെ ഒരു മിനിയേച്ചർ രൂപം പൊതുമരാമത്ത് വകുപ്പ് അവതരിപ്പിച്ചു. തൂണുകളില്‍ ഉയര്‍ത്തിയ ബീമുകളില്‍ നിര്‍മ്മിക്കുന്ന കോണ്‍ക്രീറ്റ് പാതയിലൂടെ ഗതാഗതം നടത്താനാകും. ഇലവേറ്റഡ് ഹൈവേ വരുന്നതോടെ നിലവിലുള്ള ടാറിട്ട പൂത പൂർണമായും നീക്കം ചെയ്യാനും സാധിക്കും. അഞ്ച് മീറ്റർ ഉയരമാണ് ആകാശപാതയ്ക്ക് ഉണ്ടാവുക.
പൊതുമരാമത്ത് വകുപ്പ് വിശദമായി ഈ റിപ്പോർട്ട് സർക്കാരിന്റെ അനുമതിക്കായി സമർപ്പിച്ചിട്ടുണ്ട്.