പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി. യുവം വേദിയിൽ പ്രധാനമന്ത്രി പറഞ്ഞത് വസ്തുതകൾക്കു വിരുദ്ധമായ കാര്യങ്ങളാണെന്ന് മുഖ്യമന്ത്രി. കണക്കുകൾ നിരത്തിയാണ് മുഖ്യമന്ത്രിയുടെ മറുപടി.
ഹൈലൈറ്റ്:
- പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ.
- ‘പ്രധാനമന്ത്രിയുടെ പരാമർശം വസ്തുതകൾക്കു വിരുദ്ധം’.
- ഒരു വന്ദേ ഭാരത് തന്നിട്ട് അതിൻ്റെ വീമ്പ് പറഞ്ഞാൽ മതിയോയെന്നും മുഖ്യമന്ത്രി
യുവാക്കൾക്ക് തൊഴിൽ നൽകാൻ കേരളത്തിന് പദ്ധതിയില്ല എന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. കേരളത്തിൽ മുമ്പുള്ള തൊഴിലില്ലായ്മാ നിരക്കും ഇപ്പോഴുള്ള തൊഴിലില്ലായ്മാ നിരക്കും പരിശോധിച്ചുകൊണ്ടാണോ അങ്ങനെയൊരു പ്രസ്താവന നടത്തിയത്. രാഷ്ട്രീയപ്രചാരണത്തിൻ്റെ ഭാഗമാണെങ്കിൽ പോലും പ്രധാനമന്ത്രിയെ പോലുള്ള ഒരാൾ പറയുന്നത് വസ്തുതകൾ ആകണ്ടേ?. പ്രധാനമന്ത്രിയെ ആളുകൾ ശ്രദ്ധിക്കുമല്ലോ, വസ്തുതാവിരുദ്ധമായ കാര്യങ്ങൾ പറയാമോ- മുഖ്യമന്ത്രി ചോദിച്ചു.
രാജ്യത്ത് യുപിഎസ്സി കൊടുത്തതിലും എത്രയോ അധികം തൊഴിൽ കേരളത്തിൽ പിഎസ്സിയിലൂടെ നൽകി. എന്നിട്ടാണ് ഇവിടെ യുവാക്കൾക്ക് തൊഴിൽ നൽകാൻ പദ്ധതിയില്ലെന്നു പറയുന്നത്. കഴിഞ്ഞ ഏഴു വർഷത്തെ അനുഭവം എടുത്താൽ പിഎസ്സി മുഖേന ഏഴു ലക്ഷത്തിലധികം നിയമനങ്ങൾ നടത്തി. ഇവിടെ യുപിഎസ്സിയും സ്റ്റാഫ് സെലക്ഷൻ കമ്മീഷനും നടത്തിയ നിയമനങ്ങളേക്കാൾ കൂടുതൽ ആണിത്. 30000 ത്തിലധികം തസ്തികകൾ ആണ് കേരളത്തിൽ ഈ കാലയളവിൽ പുതുതായി സൃഷ്ടിച്ചത്. അതോടൊപ്പം പൊതുമേഖലയിലെ റിക്രൂട്ട്മെൻ്റിനായി പ്രത്യേക ബോർഡ് രൂപീകരിച്ചു. എങ്ങനെയാണ് ഇതൊക്കെ പ്രധാനമന്ത്രിയുടെ ശ്രദ്ധയിൽപ്പെടാതെ പോകുന്നതെന്നും മുഖ്യമന്ത്രി ചോദ്യം തുടർന്നു.
ബ്രിട്ടാസിനെതിരായ കേന്ദ്ര നടപടി രാജ്യം എത്തിപ്പെട്ടിരിക്കുന്ന അപകടകരമായ സ്ഥിതിയുടെ ഉദാഹരണം: സിപിഎം
കേരളത്തിൽ 2021 ൽ മാത്രം പിഎസ്സി വഴി 26724 പേരെ നിയമിച്ചു. അതേ വർഷം ഗുജറാത്തിൽ 2442, കർണാടകത്തിൽ 307, മഹാരാഷ്ട്ര 801, ഉത്തർപ്രദേശിൽ 3719, രാജസ്ഥാനിൽ 7352 എന്നിങ്ങനെയാണ്. 2021 ൽ യുപിഎസ്സി ആകെ നടത്തിയത് 2613 നിയമനങ്ങളാണ്. ഇവയെല്ലാം കൂടി കൂട്ടിയാലും കേരളത്തിൽ പിഎസ്സി നൽകിയ നിയമനങ്ങളുടെ അത്രയും എത്തില്ല. 2016 ൽ എൽഡിഎഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ തൊഴിലില്ലായ്മാ നിരക്ക് 12 ശതമാനം ആയിരുന്നു. ഇപ്പോൾ അഞ്ചു ശതമാനമാണ്. എന്തേ നമ്മുടെ പ്രധാനമന്ത്രിക്ക് അറിയാൻ കഴിയാത്ത കണക്കായിരുന്നോ ഇതെന്നും മുഖ്യമന്ത്രി ചോദിച്ചു.
Read Latest Kerala News and Malayalam News
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക