ദമ്മാം> സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ സാംസ്കാരിക സംഘടനയായ നവോദയ സാംസ്കാരിക വേദി സംഘടിപ്പിച്ച നവോദയ ലിറ്റ് ഫെസ്റ്റ് 2023 സമാപിച്ചു. വിവിധ ഗൾഫ് രാജ്യങ്ങളിൽ നിന്ന് സാഹിത്യകാരന്മാരും പ്രതിനിധികളും പങ്കെടുത്തു. ഇന്ന് ഇന്ത്യയിൽ ലോകത്ത് മറ്റെങ്ങും ഇല്ലാത്ത പോലെ കവി ഭാവനയിലുണ്ടായ കഥാപാത്രങ്ങൾ രാഷ്ട്രീയത്തെ തന്നെ മാറ്റി മറിക്കുകയാണെന്ന് ഉദ്ഘാടനം നിർവഹിച്ചുകൊണ്ട് പ്രശസ്ത സാഹിത്യകാരൻ വൈശാഖൻ പറഞ്ഞു. സർഗ്ഗാത്മകതയുടെ അഭാവത്തിൽ മനസ്സ് കൂടുതൽ യാഥാസ്ഥിതികമായി മാറും, ചോദ്യങ്ങൾ ഇല്ലാതാകുകയും മറ്റുള്ളവർ പറയുന്ന ഉത്തരങ്ങളിലേക്ക് ചുരുങ്ങുകയും ചെയ്യും. എഴുത്തുകാർക്ക് സാമൂഹിക പ്രശ്നങ്ങൾക്ക് ഉത്തരം കണ്ടെത്തേണ്ട ഉത്തരവാദിത്തമില്ലെങ്കിലും അവ മനുഷ്യപക്ഷം ചേർന്ന് അവതരിപ്പിക്കേണ്ടതുണ്ട് എന്ന് അദ്ദേഹം പറഞ്ഞു.
ദ്വിദിന ക്യാമ്പിന്റെ രണ്ടാം ദിവസം വിവിധ വിഷയങ്ങളിൽ ചർച്ച നടന്നു. “കഥയിലെ കവിതയും, കവിതയിലെ കഥയും” എന്ന വിഷയം അൻവർ അലിയും, “കഥയും ജീവിതവും” എന്ന വിഷയം ശിഹാബുദ്ദീൻ പൊയ്ത്തും കടവും, “പ്രവാസവും സാഹിത്യവും” എന്ന ചർച്ച പ്രവാസി സാഹിത്യകാരന്മാരും അവതരിപ്പിച്ചു. സമാപനത്തോട് അനുബന്ധിച്ച് ചെറുകഥകളെ കുറിച്ച് വിശദമായി വൈശാഖൻ സംസാരിച്ചു. സൗദി, യൂഏഇ, കുവൈറ്റ്, ഒമാൻ എന്നീ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളെ കൂടാതെ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള എഴുത്തുകാരും സാഹിത്യ ആസ്വാദകരുമടക്കം ഇരുനൂറോളം പ്രതിനിധികൾ ക്യാമ്പിൽ പങ്കെടുത്തു.
പ്രശസ്ത എഴുത്തുകാരൻ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ്, കവിയും ചലച്ചിത്ര ഗാനരചയിതാവുമായ അൻവർ അലി, നവോദയ മുഖ്യരക്ഷാധികാരി ബഷീർ വാരോട്, കേന്ദ്രപ്രസിഡണ്ട് ലക്ഷ്മണൻ കണ്ടമ്പേത്ത്, മമ്മു മാസ്റ്റർ, മാലിക് മഖ്ബൂൽ (മലയാളി സമാജം), ബെൻസി മോഹൻ (നവയുഗം), ശംസു കൊല്ലം (ഒഐസിസി), നവോദയ കേന്ദ്രകുടുംബവേദി പ്രസിഡണ്ടും ലോകകേരള സഭാംഗവുമായ നന്ദിനി മോഹൻ എന്നിവർ സംസാരിച്ചു.
സ്വാഗതസംഘം ജനറൽ കൺവീനർ ഷമീം നാണത്ത് സ്വാഗതം പറഞ്ഞു. നവോദയ സാംസ്കാരിക കമ്മിറ്റി ചെയർമാൻ മോഹനൻ വെള്ളിനേഴി അധ്യക്ഷനായി. നവോദയ കേന്ദ്രരക്ഷാധികാരി പ്രദീപ് കൊട്ടിയം ക്രോഡീകരണ പ്രഭാഷണം നടത്തി. ഉദ്ഘാടന സെഷന് ശേഷം നവോദയ കുടുംബവേദി സാംസ്കാരിക കമ്മിറ്റി കൺവീനർ അനുരാജേഷ് ക്യാമ്പ് അംഗങ്ങളെ പരിചയപ്പെടുത്തി. ഇന്ത്യക്ക് പുറത്തുള്ള പ്രവാസി എഴുത്തുകാരും, വായനക്കാരും, സാഹിത്യ ആസ്വാദകരുമടങ്ങുന്ന വലിയ സമൂഹത്തെ സംഘടിപ്പിച്ചുകൊണ്ട് വിപുലമായ സാഹിത്യക്യാമ്പാണ് വിജയകരമായി സമാപിച്ചത് എന്ന് സംഘാടകർ അറിയിച്ചു. സ്വാഗതസംഘം വൈസ് ചെയർമാൻ ജയപ്രകാശ് നന്ദി പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..