കുവൈത്ത് സിറ്റി> കല കുവൈത്തിന്റെയും ബാലവേദി കുവൈത്തിന്റെയും നേതൃത്വത്തിൽ കുവൈത്തിലെ ഇന്ത്യൻ സ്കൂളിലെ കുട്ടികൾക്കായി സംഘടിപ്പിച്ച ഗോസ്കോർ സയന്റിയ 2023 ശാസ്ത്രമേള സമാപിച്ചു. കുവൈറ്റിലെ ഇന്ത്യൻ സ്കൂളുകളിൽ നിന്നുമായി രണ്ടായിരത്തോളം ശാസ്ത്ര തൽപ്പരായ വിദ്യാർഥികൾ സജീവമായി പങ്കെടുത്ത സയൻസ് ഫെസ്റ്റിവൽ രാവിലെ ആറ് മണിക്ക് ഖൈത്താൻ കാർമൽ സ്കൂളിൽ വെച്ച് ആരംഭിച്ചു. വിവിധ സ്കൂൾ അധികാരികളും, അധ്യാപകരും രക്ഷകർത്താക്കളും, വിദ്യാർത്ഥികളും മേളയിൽ പലഘട്ടങ്ങളിലായി ഈ ഫെസ്റ്റിവലിന്റെ ഭാഗമായി.
സയൻസ്, മാത്തമാറ്റിക്സ്, വർക്ക് എക്സ്പീരിയൻസ്, സോഷ്യൽ സയൻസ്, ഐ.ടി എന്നിങ്ങനെ അഞ്ച് ഫെയറുകളിലായി 41ലധികം മത്സരങ്ങളാണ് നടന്നത്. 200ലധികം ടീമുകൾ പങ്കെടുത്ത സയൻസ് ക്വിസും, അബാക്കസും, റൂബിക്സ് ക്യൂബ് മത്സരവും ഇതിന്റെ ഭാഗമായി ഉണ്ടായിരുന്നു. ഡോക്ടർ വൈശാഖൻ തമ്പി നയിച്ച സ്റ്റോറി ഓഫ് യൂണിവേഴ്സ്, എ ജേർണി ഇൻ ടു സ്പേസ് എന്ന വിഷയത്തിൽ സയൻസ് സെമിനാറും, ഗോസ്കോർ കരിയർ ഗൈഡൻസ് ക്ലാസും മേളയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. വിവിധ സ്റ്റാളുകളിലായി വ്യത്യസ്ത എക്സിബിഷനും ഈ മേളയുടെ ഭംഗി കൂട്ടി. കെ റെയിലിന്റെയും ഹരിതമിഷന്റെയും ഭാഗമായ സ്റ്റാളുകളും, പുരാവസ്തു പ്രദർശനവും, കുട്ടികളിലും രക്ഷകർത്താക്കളിലും കൗതുകം ഉണർത്തി. കുവൈറ്റിലെ വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ വലിയ അഭിനന്ദനങ്ങൾ ഏറ്റുവാങ്ങിയാണ് മേള സമാപിച്ചത്.
സമാപനചടങ്ങില്‍ കലയുടെ പ്രസിഡന്റ് കെ കെ ശൈമേഷ് അധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ കലയുടെ ജനറൽ സെക്രട്ടറി രജീഷ് സി സ്വാഗതം രേഖപ്പെടുത്തി. കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ഡോക്ടർ ആദർശ് ഉദ്ഘാടനം ചെയ്തു. സയൻസ് പ്രഭാഷകനും അസിസ്റ്റന്റ് പ്രൊഫസറുമായ ഡോക്ടർ വൈശാഖൻ തമ്പി, കുവൈറ്റ് സയൻസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സെന്ററിലെ ഡോക്ടർ ഹബീബഹ് സഊദ് അൽ മീനെം, ലോക കേരളാ സഭാംഗം ആർ നാഗനാഥൻ, ഗോസ്കോർ സിഇഒ അമൽ ഹരിദാസൻ എന്നിവർ സംസാരിച്ചു. ബാലവേദി ജനറൽ സെക്രട്ടറി അഞ്ജലീറ്റ രമേശ്, കലയുടെ വൈസ് പ്രസിഡന്റ് ബിജോയ് മഞ്ഞലൂർ, ജോയന്റ് സെക്രട്ടറി പ്രജോഷ് തേറയിൽ , ട്രഷറർ അജ്നാസ് മുഹമ്മദ്, പി.പി.എഫ് ജനറൽ സെക്രട്ടറി ഷെർളി ശശിരാജൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു. സയൻഷ്യ ജനറൽ കൺവീനർ ശങ്കർ റാം നന്ദി രേഖപ്പെടുത്തി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..