കമേഴ്സ്യൽ സ്പേസുകളും, ലോജിസ്റ്റിക് പാർക്കുകളും, ട്രാവലർ ഫെസിലിറ്റികളും എല്ലാമടങ്ങുന്നതാണ് വേസൈഡ് അമിനിറ്റീസ്. ദേശീയപാതാ അതോരിറ്റിയുടെ ഉടമസ്ഥതയിലായിരിക്കും ഈ സൗകര്യങ്ങളെല്ലാം. രാജ്യത്താകെയുള്ള ഹൈവേകളിൽ അറുന്നൂറോളം സൈറ്റുകളിൽ ഇത്തരം സൗകര്യങ്ങളുണ്ടാകും. ഇതിനായി മുവ്വായിരത്തിലധികം ഹെക്ടർ പ്രദേശം ഉപയോഗപ്പെടുത്തും. രാജ്യത്തെ 22 സംസ്ഥാനങ്ങളിൽ ഈ സൗകര്യങ്ങൾ വരും.
ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളില്‍ നിലവിലെ ഹൈവേകളിൽ 44 വേസൈഡ് അമിനിറ്റീസ് വരും. പണി നടന്നുകൊണ്ടിരിക്കുന്ന ഗ്രീൻഫീൽഡ് ഹൈവേകളിൽ വേറെയും വരും.
ഇന്ധന സ്റ്റേഷനുകൾ, ഇലക്ട്രിക് വാഹനങ്ങൾക്ക് ചാർജ്ജിങ് സ്റ്റേഷനുകൾ, ഫുഡ് കോർട്ടുകൾ, മീറ്റിങ് റൂമുകൾ, ഹോട്ടലുകളും കൺവെൻഷൻ സെന്ററുകളും, ലോജിസ്റ്റിക് കേന്ദ്രങ്ങൾ, വെഡ്ഢിങ് ഹാളുകൾ തുടങ്ങിയ നിരവധി സന്നാഹങ്ങൾ പാതകളിൽ വരും. ട്രക്ക് ഡ്രൈവർമാർക്ക് വാഹനം പാർക്ക് ചെയ്യാനും വിശ്രമിക്കാനുമുള്ള സൗകര്യങ്ങളും വരും. വർക്ഷോപ്പുകളും, ഓട്ടോമൊബൈൽ ഷോറൂമുകളും ഹൈവേകളുണ്ടാകും. കുട്ടികൾക്ക് കളിക്കാനുള്ള സൗകര്യവും, ചെറിയ ഷോപ്പുകളും, എടിഎമ്മുകളും, മെഡിക്കൽ ക്ലിനിക് സൗകര്യങ്ങളുമെല്ലാം ഇവിടെയുണ്ടാകും.
നിലവിൽ യാത്രക്കാർക്ക് പ്രാഥമികാവശ്യങ്ങൾക്ക് വഴിയോരത്ത് കാര്യം സാധിക്കുകയോ, ഏതെങ്കിലും റസ്റ്റോറന്റിൽ കയറി പണം ചെലവിടുകയോ ചെയ്യേണ്ട സ്ഥിതിയുണ്ട്. ഹൈവേകളിൽ വരുന്ന വാഷ്റൂമുകൾ വളരെ സഹായകരമാകും. ബസ്, കാർ പാർക്കിങ് സൗകര്യങ്ങളും ലഭ്യമാകും. പ്രാദേശികമായി നിർമ്മിക്കപ്പെടുന്ന കരകൗശല വസ്തുക്കൾ വിൽക്കാനുള്ള സംവിധാനവും ഇവിടങ്ങളിലുണ്ടാകും.
2025ാമാണ്ടോടെ അറൂന്നൂറിലധികം കേന്ദ്രങ്ങളിൽ വേസൈഡ് അമിനിറ്റീസ് നിർമ്മിക്കുന്നതിനായി ദേശീയപാതാ അതോരിറ്റി ടെൻഡറുകൾ ക്ഷണിച്ചിട്ടുണ്ട്. ഓരോ 40-60 കിലോമീറ്ററിലും ഇത്തരം സൗകര്യങ്ങൾ നിർമ്മിക്കാനാണ് പദ്ധതി. ഇതിനകം തന്നെ 160 ഇടങ്ങളിൽ വേസൈഡ് അമിനിറ്റീസ് പണിതീർക്കാനുള്ള ടെൻഡറുകൾ നൽകിക്കഴിഞ്ഞിട്ടുണ്ട്. നടപ്പ് സാമ്പത്തികവർഷത്തിൽ 150 എണ്ണത്തിനു കൂടി അനുമതി നല്‍കും.
ദേശീയപാതകളിൽ ലോകോത്തര നിലവാരമുള്ള വേസൈഡ് അമിനിറ്റീസ് നിര്‍മ്മിക്കുന്നത് നേരത്തേ തന്നെ പദ്ധതിയിലുണ്ടായിരുന്നെങ്കിലും അതിൽ ഹെലിപ്പാഡുകൾ ഉൾപ്പെട്ടിരുന്നില്ല.