കുവൈത്ത് സിറ്റി> മതവികാരം വ്രണപ്പെടുത്താനും കേരളത്തെ അപമാനിക്കാനുമുള്ള സംഘ്പരിവാർ അജണ്ട-യാണ് കേരള സ്റ്റോറി എന്ന സിനിമയെന്ന് കല കുവൈറ്റ്.
മത സൗഹാർദ്ദത്തിന്റെയും മാനവികതയുടെയും പച്ചത്തുരുത്തായ കേരളത്തെ അപമാനിച്ച് ഇതാണ് കേരളം എന്ന് അവതരിപ്പിക്കാനുള്ള ശ്രമം അങ്ങേയറ്റം പ്രതിഷേധാർഹമാണ്. കേരളത്തെ മത തീവ്രവാദത്തിന്റെ കേന്ദ്രമെന്ന് സ്ഥാപിക്കുക വഴി ബിജെപിക്ക് അനുകൂലമായി കേരളത്തിനെതിരെ ദേശീയ തലത്തിൽ പൊതുബോധം നിർമ്മിക്കാനുള്ള ശ്രമങ്ങൾ സംഘ്പരിവാർ തുടങ്ങിയിട്ട് നാളുകളേറെയായി. കേരളം കൂടി ഉൾപ്പെടുന്നതാണ് ഇന്ത്യൻ യൂണിയൻ. ആ കേരളത്തെ ശത്രുരാജ്യത്തോടുള്ള മാനസികാവസ്ഥയിലാണ് സംഘപരിവാർ സമീപിക്കുന്നത്.
രാജ്യത്തിന്റെ നിയമ നിർമ്മാണ സഭയിൽ അഭ്യന്തര മന്ത്രാലയം തന്നെ തള്ളി കളഞ്ഞ ലൗ ജിഹാദ് ഉൾപ്പെടെയുള്ള നുണ കഥകൾ വീണ്ടും ഉന്നയിക്കുകയാണ്. മുസ്ലിം = തീവ്രവാദം എന്ന പ്രചരണം സമുദായത്തെ ഒന്നാകെ ആക്ഷേപിച്ചു കൊണ്ട് വിദ്വേഷം വളർത്തുവാനും വർഗ്ഗീയത പടർത്താനുമാണ്. ഇതിന് സിനിമ എന്ന ജനപ്രിയ മാധ്യമം ഉപയോഗപെടുത്തുകയാണ്.മതവിദ്വേഷം ഉണ്ടാക്കി വോട്ട് ബാങ്ക് സൃഷ്ടിക്കാനുള്ള കൃത്യമായ സംഘ്പരിവാർ ഗൂഢാലോചനയാണ് രാജ്യത്ത് നടക്കുന്നത്.
ഈ സിനിമയ്ക്കെതിരെ കർശനമായ നിയമ നടപടികൾ സ്വീകരിക്കണമെന്നും സംഭവത്തിൽ ശക്തമായി പ്രതിഷേധിക്കുന്നതായും കല കുവൈറ്റ് പ്രസിഡന്റ് ശൈമേഷ് കെ കെ, ജനറൽ സെക്രട്ടറി രജീഷ് സി എന്നിവർ പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..