‘ബ്രഹ്മോസ് മിസൈലുകൾ മുതൽ ലയൺ സഫാരി വരെ’ എന്നാണ് ലക്നൗവിന്റെ വികസനത്തെ യോഗി വിശേഷിപ്പിക്കുന്നത്. വികസനത്തിന് പ്രത്യേക ഊന്നൽ നൽകിയ പാർട്ടിയാണ് ബിജെപി. ആ പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിക്കണമെന്ന് യോഗി അഭ്യർത്ഥിച്ചു. മികച്ച വളർച്ച വരണമെങ്കിൽ ഒരു ട്രിപ്പിൾ എൻജിൻ സർക്കാർ വേണമെന്നും അതിന് മേയർ തിരഞ്ഞെടുപ്പിൽ ബിജെപി വിജയിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ക്രിമിനലുകളെ തന്റെ സർക്കാർ വെറുതെ വിടില്ലെന്ന് ഝാൻസിയിൽ സംഘടിപ്പിക്കപ്പെട്ട ഒരു പരിപാടിയിൽ വെച്ച് യോഗി ആദിത്യനാഥ് പറഞ്ഞു. തുടർച്ചയായി അധികാരത്തിൽ വന്നവർ വികസനത്തിനായി ഒന്നും ചെയ്തില്ല. ഇക്കാരണത്താൽ ജനങ്ങൾക്ക് മറ്റ് സംസ്ഥാനങ്ങളിലേക്ക് തൊഴിലിനായി കുടിയേറ്റം നടത്തേണ്ടി വരുന്നു. യുവാക്കൾക്ക് തൊഴിലില്ലാത്തതിനു കാരണം വികസനമില്ലായ്മയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനത്ത് നടത്തിയ വികസനപ്രവർത്തനങ്ങളെ യോഗി പ്രകീർത്തിച്ചു. ബുന്ദേൽഖണ്ഡ് എക്സ്പ്രസ്വേ അവയിലൊന്നാണ്. അടുത്തുതന്നെ ഝാൻസി ലിങ്ക് ഉദ്ഘാടനം ചെയ്യപ്പെടും. ഡിഫൻസ് കോറിഡോർ പ്രവർത്തനങ്ങൾ അടുത്തുതന്നെ തുടങ്ങും.
ഝാൻസി-ബിന്ദേൽഖണ്ഡ് വികസന അതോരിറ്റിക്കു വേണ്ടി സംസ്ഥാന സർക്കാർ 6,000 കോടി രൂപ പ്രഖ്യാപിച്ചിട്ടുണ്ട്. ഇത് തുടങ്ങുന്നതോടെ സ്ഥലത്തെ യുവാക്കൾക്ക് തൊഴിൽ ലഭ്യമാകും. മറ്റ് നഗരങ്ങളിലേക്ക് തൊഴിലന്വേഷിച്ച് പോകേണ്ടി വരില്ലെന്ന് യോഗി പ്രസ്താവിച്ചു.
ക്രിമിനലുകൾ അഖിലേഷ് യാദവിന്റെ തിരിച്ചുവരവിന് ആഗ്രഹിക്കുന്നുവെന്ന് യോഗി ആദിത്യനാഥ് പ്രസ്താവിച്ചു. ആതിഖ് അക്മദ്, മുഖ്താർ അൻസാരി എന്നിവരെ സൂചിപ്പിച്ചു കൊണ്ടാണ് ബിജെപി സോഷ്യൽ മീഡിയ പ്രചാരകർ യോഗിയുടെ ഈ പ്രസ്താവനയുടെ വീഡിയോകൾ ഷെയർ ചെയ്യുന്നത്. എന്നാൽ, സംസ്ഥാനത്ത് ക്രിമിനലുകളുടെ അഴിഞ്ഞാട്ടം നടക്കുമ്പോൾ അതിന്റെ ഉത്തരവാദിത്വം മുൻ സർക്കാരുകളുടെ തലയിലിടുകയാണ് യോഗിയെന്ന് ചൂണ്ടിക്കാട്ടി അഖിലേഷ് യാദവ് തിരിച്ചടിച്ചു. കഴിഞ്ഞ ആറു വർഷമായി ലക്നൗ നഗരത്തിലെ ഓടകൾ വൃത്തിയാക്കിയിട്ടില്ലെന്നും അദ്ദേഹം ആരോപിച്ചു.
യോഗി ആദിത്യനാഥ് പ്രചാരണങ്ങളിൽ പ്രധാനമായും ശ്രദ്ധ വെക്കുന്നത് ക്രമസമാധാന പാലന വിഷയത്തിലാണ്. ക്രിമിനലുകൾക്ക് സംസ്ഥാനത്ത് ജീവിക്കാൻ കഴിയാത്ത സാഹചര്യമുണ്ടെന്ന് അദ്ദേഹം മിക്കയിടത്തും പ്രസ്താവിക്കുന്നു. സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളെല്ലാം ബിജെപിക്ക് അധികാരം നൽകി ‘ട്രിപ്പിൽ എൻജിൻ’ സർക്കാരിനെ നിലവിൽ വരുത്തണമെന്ന് അദ്ദേഹം പറയുന്നു.