ജെറ്റ് വിമാനത്തിന്റെ വേഗതയില്‍ കുതിച്ചു പായുന്ന ട്രെയിന്‍, അതാണ് ഹൈപ്പര്‍ ലൂപ്പ്. ഇലോണ്‍ മസ്ക് മനസ്സില്‍ക്കണ്ട ഹൈപ്പര്‍ ലൂപ്പ് ഗതാഗതം എന്ന ആശയം യാഥാര്‍ഥ്യമാക്കാനുള്ള ഓട്ടത്തിലാണ് ചൈന. ഒരുമണിക്കൂറിലെത്തേണ്ട ദൂരം വെറും 15 മിനിറ്റു കൊണ്ട് എത്തിച്ചേരാന്‍ ഹൈപ്പര്‍ ലൂപ്പ് ഗതാഗതസംവിധാനത്തിലൂടെ കഴിയും. അതിവേഗ ട്രെയിന്‍ ഗതാഗത സംവിധാനമായ ഹൈപ്പര്‍ ലൂപ്പ് നിര്‍മിക്കാന്‍ പലരാജ്യങ്ങളും ശ്രമം നടത്തിയിരുന്നെങ്കിലും ചൈനയാണ് ആദ്യമായി നിര്‍മാണം ആരംഭിക്കുന്നത്. ചൈനയുടെ സെജിയാങ് പ്രവിശ്യയുടെ തലസ്ഥാനമായ ഹാങ്സൂവിനെയും ഷാങ്ഹായെയും ബന്ധിപ്പിക്കുന്ന തരത്തിലാണ് നിര്‍മാണം.
വാക്വം ടണലിലൂടെ (വായുമര്ദ്ദമില്ലാത്ത തുരങ്കത്തിലൂടെ) മണിക്കൂറില്‍ 1000 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ പറ്റുന്ന ഹൈപ്പര്‍ ലൂപ്പ് ഗതാഗത സംവിധാനത്തിന്റെ നിര്‍മാണത്തിനാണ് കഴിഞ്ഞ ദിവസം ചൈന തുടക്കമിട്ടത്. കാര്യങ്ങള്‍ വിചാരിച്ച പോലെയാണെങ്കില്‍ 2035-ഓടെ ചൈനയില്‍ ലോകത്ത് ആദ്യമായി ഹൈപ്പര്‍ ലൂപ്പിലൂടെ ട്രെയിന്‍ പറപ്പറക്കും.
ആലിബാബ പോലുള്ള സ്ഥാപനങ്ങള്‍ അനുദിനം പൊട്ടിമുളയ്ക്കുന്ന ചൈനയുടെ ഇ- കൊമേഴ്സ് ഹബ്ബായ ഹാങ്സുവും ചൈനയിലെ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള ഷാങ്ഹായും ഹൈപ്പര്‍ ലൂപ്പ് പദ്ധതിക്കായി തിരഞ്ഞെടുത്തത് ചൈനീസ് അക്കാദമി ഓഫ് എന്‍ജിനിയറിങ് ആണ്.
വായുമര്ദ്ദമില്ലാതെ യാത്ര ചെയ്യാം
വാക്വമായ ട്യൂബിലൂടെ അതിവേഗത്തില്‍ യാത്ര ചെയ്യാന്‍ പറ്റുന്നതാണ് ഹൈപ്പര്‍ ലൂപ്പിന്റെ പ്രത്യേകത. ഭൂമിക്കടിയില്‍ തുരങ്കമുണ്ടാക്കിയോ കെട്ടിടങ്ങള്‍ക്ക് മുകളില്‍ക്കൂടിയോ ഇത്തരം വാക്വം ട്യൂബുകള്‍ നിര്‍മിക്കാന്‍ സാധിക്കും. വായുമര്‍ദ്ദം കുറഞ്ഞ തുരങ്കത്തിലൂടെ പോഡുകള്‍ അഥവാ ക്യാപ്സ്യൂളുകള് പോലുള്ള വാഹനങ്ങളിലായിരിക്കും യാത്രികരുണ്ടായിരിക്കുക.
വായു തീര്‍ക്കുന്ന പ്രതിരോധം മറിക്കടക്കാന്‍ പണ്ടുമുതലേ വാഹനങ്ങളുടെ രൂപത്തില്‍ പലതരം മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. വായുവിന്റെ പ്രതിരോധം മറിക്കടന്നാല്‍ വേഗത വര്‍ധിക്കും. വിമാനത്തിന്റെ ആകൃതി ഇന്ന് നാം കാണുന്ന തരത്തിലാകാനുള്ള കാരണം വായു തീര്‍ക്കുന്ന പ്രതിരോധം കുറയ്ക്കാന്‍ വേണ്ടിയാണ്. വായുമര്‍ദ്ദം കുറവുള്ള ട്യൂബുകളിലായിരിക്കും ക്യാപ്സ്യൂളുകള് കടന്നുപോകുക. വാക്വമായ തുരങ്കത്തിലൂടെ ക്യാപ്സ്യൂളുകള്‍ക്ക് അതിവേഗത്തില്‍ സഞ്ചരിക്കാന്‍ സാധിക്കും. സഞ്ചാരത്തിന്റെ വേഗത വീണ്ടും വര്‍ധിപ്പിക്കാല്‍ മാഗ്നറ്റിക് ലെവിറ്റേഷന്‍ എന്ന സാങ്കേതിക വിദ്യയും ഉപയോഗിക്കുന്നുണ്ട്. യാത്രയ്ക്ക് സൗരോര്‍ജമാണ് ഉപയോഗിക്കുന്നത് എന്നതിനാല്‍ പ്രകൃതിക്കും മറ്റും ദോഷമുണ്ടാക്കുന്നില്ല എന്നതൊക്കെയാണ് ഇവയെ പിന്തുണയ്ക്കുന്നവരുടെ വാദങ്ങള്‍.
അതേസമയം, അപകടങ്ങളുണ്ടാകുമ്പോള്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് ഇവയെ എതിര്‍ക്കുന്നവര്‍ പറയുന്നു.
ഹൈപ്പർലൂപ്പിന്റെ ചരിത്രം
വായുമര്‍ദ്ദം കുറഞ്ഞതോ ശൂന്യമോ ആയ ട്യൂബുകള്‍ ഗതാഗതത്തിന് ഉപയോഗിക്കുന്നുവെന്ന് കേള്‍ക്കുമ്പോള്‍ പുതുമ തോന്നുമെങ്കിലും വര്‍ഷങ്ങള്‍ക്ക് മുമ്പേ അത്തരം സംവിധാനങ്ങള്‍ നമ്മള് ഉപയോഗിച്ചിരുന്നു എന്നതാണ് വാസ്തവം. വിക്ടോറിയന്‍ കാലഘട്ടത്തില്‍ വായുമര്‍ദ്ദത്തിന്റെ സഹായത്തോടെ സഞ്ചരിക്കുന്ന തീവണ്ടികള്‍ ഉപയോഗിച്ചിരുന്നു. സൗത്ത് ലണ്ടനിലെ ക്രിസ്റ്റല്‍ പാലസ് പാര്‍ക്കില്‍ 1864-ലായിരുന്നു ഹൈപ്പര്‍ ലൂപ്പ് ട്രെയിനുകളുടെ പൂര്‍വികരായ ന്യൂമാറ്റിക് തീവണ്ടികള്‍ ഓടി തുടങ്ങിയത്. വായുമര്‍ദ്ദം ഉപയോഗിച്ച് ഓടുന്ന ട്രെയിന്‍ എന്ന ആശയം ആദ്യമായി യാഥാര്‍ഥ്യമാക്കിയത് തോമസ് വെബ്സ്റ്റര്‍ റാമ്മെല് എന്ന ബ്രിട്ടീഷുകാരനാണ്. വായുമര്‍ദ്ദത്തിന്റെ സഹായത്തോടെ വാഗണ്‍ മുകളിലേക്ക് പോകുകയും വാക്വത്തിന്റെ സഹായത്തോടെ താഴോട്ട് വരികയും ചെയ്യുന്നത തരത്തിലുള്ള ന്യൂമാറ്റിക് ട്രെയിനുകള്‍ തോമസ് വെബ്സ്റ്റര്‍ അവതരിപ്പിച്ചു. ക്രിസ്റ്റല്‍ പാലസ് ന്യൂമാറ്റിക് റെയില്‍വേ എന്നായിരുന്നു പുതിയ ട്രെയിനിന്റെ പേര്.
പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനകാലങ്ങളില്‍ തപാല്‍ മേഖലയില്‍ വ്യാപകമായി ന്യൂമാറ്റിക് ട്യൂബുകള്‍ ഉപയോഗത്തിലുണ്ടായിരുന്നു. ഇപ്പോഴും സൂപ്പര്‍മാര്‍ക്കറ്റുകളിലും മറ്റും ഈ സംവിധാനം ഉപയോഗിക്കുന്നുണ്ട്. തോമസ് വെബ്സ്റ്ററിന്റെ ന്യൂമാറ്റിക് ട്രെയിനുകളെക്കാള്‍ ഹൈപ്പര്‍ ലൂപ്പ് സംവിധാനത്തോട് അടുത്ത് നില്‍ക്കുന്നത് ഊര്‍ജതന്ത്രജ്ഞനായ റോബോര്‍ട്ട് എച്ച്. ഗോട്ടാര്ട് അവതരിപ്പിച്ച ‘വാക് ട്രെയിന്‍’ എന്ന ആശയമാണ്. എന്നാല്‍ കുറഞ്ഞവായുമര്ദത്തില് പ്രവര്‍ത്തിക്കുന്ന ട്രെയിനുകള്‍ എന്ന ആശയത്തിന് പിന്നീട് വലിയ സ്വീകാര്യത ലഭിച്ചില്ല.
2013-ല്‍ ടെസ്ലയുടെ സ്ഥാപകനും ലോക കോടീശ്വരന്മാരില് രണ്ടാമനുമായ ഇലോണ്‍ മസ്ക് ‘ഹൈപ്പര്‍ ലൂപ്പ് ആല്‍ഫ’ എന്ന ആശയം അവതരിപ്പിക്കുന്നതുവരെ ഹൈപ്പര്‍ ലൂപ്പ് ഗതാഗതം അധികമാരും ശ്രദ്ധിച്ചിരുന്നില്ല. അതിവേഗ ട്രെയിനുകളെക്കാള്‍ വേഗത്തിലും കുറഞ്ഞ ചെലവിലും യാത്ര ചെയ്യാന്‍ പറ്റുന്ന ഹൈപ്പര്‍ ലൂപ്പ് ട്രെയിനുകള്‍ അമേരിക്കയിലെ ലോസ് ആഞ്ചല്സിനെയും സാന്‍ ഫ്രാന്‍സിസ്കോയെയും ബന്ധിപ്പിക്കുന്ന പദ്ധതിയായിരുന്നു ഇലോണ്‍ മസ്ക് ആദ്യമായി അവതരിപ്പിച്ചത്. 1500 കിലോമീറ്ററിനുള്ളിലെ ദൂരപരിധിയില്‍ ഇത്തരം ഹൈപ്പര്‍ ലൂപ്പ് ട്രെയിനുകളായിരിക്കും കൂടുതല്‍ ലാഭകരമെന്നും അതിലും കൂടുതല്‍ ദൂരം യാത്ര ചെയ്യാന്‍ സൂപ്പര്‍ സോണിക് സഞ്ചാരസംവിധാനങ്ങളുമായിരുന്നു മസ്കിന്റെ മനസില്‍.
ഇന്ത്യയുടെ മോഹങ്ങൾ
അറിയാമോ, ഹൈപ്പര്‍ ലൂപ്പ് ട്രെയിന്‍ ആദ്യമായി നടപ്പാക്കാനിരുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യ ആയിരുന്നു! 2017-ല്‍ ആന്ധ്രാപ്രദേശില്‍ ഹൈപ്പര്‍ലൂപ്പ് സംവിധാനം കൊണ്ടുവരാനായിരുന്നു ആദ്യത്തെ പദ്ധതി. അമേരിക്കയിലെ ഹൈപ്പര്‍ ലൂപ്പ് ട്രാന്സ്പോര്ട്ടേഷന് ടെക്നോളജീസ് ആയിരുന്നു പദ്ധതിയുമായി മുന്നോട്ട് വന്നത്. അമരാവതി-വിജയവാഡ എന്നീ നഗരങ്ങളെ ബന്ധിപ്പിച്ചു കൊണ്ടുള്ള പദ്ധതിയാണ് അവതരിപ്പിച്ചത്. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് പദ്ധതി നടപ്പായില്ല. പിന്നീട് കുറച്ച് കാലം ഹൈപ്പര്‍ ലൂപ്പ് ട്രെയിനിനെ കുറിച്ച് ആരും കാര്യമായി കേട്ടില്ല.
2019-ല്‍ ദുബായ് – അബുദാബി എന്നിവിടങ്ങളെ ബന്ധിപ്പിക്കുന്ന ഹൈപ്പര്‍ ലൂപ്പ് പദ്ധതി നടപ്പാക്കുമെന്ന് വാര്‍ത്തകള്‍ വന്നെങ്കിലും പിന്നീട് കാര്യമായ പുരോഗതിയുണ്ടായില്ല. റിച്ചാര്‍ഡ് ബ്രാന്സന് എന്ന ശതകോടീശ്വരന്റെ വിര്‍ജിന്‍ ഗ്രൂപ്പ് എന്ന സ്ഥാപനം 10 ബില്യണ്‍ ഡോളറിന്റെ ഹൈപ്പര്‍ ലൂപ്പ് പദ്ധതി 2020-ല്‍ മഹാരാഷ്ട്രയില്‍ നടപ്പാക്കാന്‍ മുന്നോട്ടു വന്നു. മുംബൈയെയും പൂനയെയും ബന്ധിപ്പിക്കുന്ന പദ്ധതി അന്ന് നടപ്പാക്കിയിരുന്നെങ്കില്‍ ലോകത്ത് ആദ്യമായി ഹൈപ്പര്‍ ലൂപ്പ് ഗതാഗതമുള്ള രാജ്യം ഇന്ത്യയാകുമായിരുന്നു. ഇത്തരത്തിലുള്ള ആദ്യത്തെ സംരംഭമായത് തന്നെയാണ് ഹൈപ്പര്‍ ലൂപ്പ് അന്ന് ഉപേക്ഷിക്കാനുള്ള കാരണവും. ഹൈപ്പര്‍ലൂപ്പ് അതിന് മുമ്പ് എവിടെയും നിര്‍മിച്ചിട്ടില്ലാത്തതിനാല്‍ മറ്റെവിടെയെങ്കിലും പദ്ധതി നടപ്പാക്കി വിജയിച്ചാല്‍ മഹാരാഷ്ട്രയിലും ഹൈപ്പര്‍ലൂപ്പ് കൊണ്ടുവരാമെന്നായിരുന്നു അന്ന് സംസ്ഥാന സര്‍ക്കാറിന്റെ നിലപാട്. പരീക്ഷണാടിസ്ഥാനത്തില്‍ പദ്ധതി നടപ്പാക്കാനുള്ള ശേഷി നിലവില്‍ സംസ്ഥാനത്തിന് ഇല്ലെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാര്‍ വ്യക്തമാക്കി.
ഇന്ത്യ മാറ്റിവെച്ചെങ്കിലും ഹൈപ്പര്‍ ലൂപ്പുമായി മുന്നോട്ട് പോകാനാണ് ചൈനയുടെ തീരുമാനം. പദ്ധതി വിജയിക്കുകയാണെങ്കില്‍ ഹൈപ്പര്‍ ലൂപ്പിലൂടെയുള്ള യാത്ര നമുക്കും വിദൂരമല്ല.