കേരള സ്റ്റോറി കാണുന്നവരും അതിനെ അനുകൂലിക്കുന്നവരും തീർച്ചയായും കാണ്ടിരിക്കേണ്ട മറ്റൊരു സിനിമയുണ്ട്. അടുത്തിടെ ഇറങ്ങിയ “അയോതി’ എന്ന തമിഴ് സിനിമ. അക്ഷരം തെറ്റാതെ നമുക്ക് ഈ സിനിമയെ ദ ഇന്ത്യൻ സ്റ്റോറി എന്ന് വിളിക്കാം. അത്രമാത്രം നമ്മുടെ രാജ്യത്തെ മാനുഷിക മൂല്യത്തെ ഈ സിനിമ ഉയർത്തിപ്പിടിക്കുന്നുണ്ട്.
മനുഷ്യ വികാരങ്ങളെ കോർത്തിണക്കി ഉണ്ടാക്കിയ സിനിമയാണ് അയോതി. തീവ്ര ഹിന്ദുത്വ ആശയങ്ങളിൽ അടിയുറച്ച് വിശ്വസിക്കുന്ന ബൽറാം കുടുംബമായി അയോധ്യയിൽ ആണ് താമസിക്കുന്നത്. ഗൃഹനാഥൻ എന്ന നിലയിൽ തൻ്റെ ഭാര്യയെയും മക്കളെയും കാൽച്ചുവട്ടിലാക്കി കുടുംബ ഭരണം നടത്തുകയാണ് അയാളുടെ രീതി. പുരുഷാധിപത്യം തുളുമ്പുന്ന ഒരു മനുഷ്യനെയാണ് ബൽറാമിൽ കാണൻ സാധിക്കുക. ബൽറാമിൻ്റെ കണ്ണുവെട്ടിച്ചുള്ള ചെറിയ സന്തോഷങ്ങളാണ് ജാനകിയുടെയും മക്കളായ ശിവാനിയുടെയും സോനുവിൻ്റെയും ലോകം.
അതിനിടയിലാണ് അവർ കുടുംബസമേതം തമിഴ്നാട്ടിലെ രാമേശ്വരത്തേക്ക് തീർഥാടനം നടത്തുന്നത്. അവർക്ക് ആർക്കും തമിഴ് അറിയില്ല. എങ്കിലും രാമേശ്വരത്തെ തീർത്ഥം തെളിച്ചാൽ ഭർത്താവിൻ്റെ സ്വഭാവത്തിൽ മാറ്റം ഉണ്ടാകുമെന്ന് ജാനകി വിശ്വസിക്കുന്നു. എന്നാൽ യാത്രയ്ക്ക് ഇടയിൽ ബൽറാമിൻ്റെ സ്വഭാവം കാരണം കാർ അപകടത്തിൽപ്പെടുകയും കുടുംബത്തിലെ ഒരാൾ മരണപ്പെടുകയും ചെയ്യുന്നു. തമിഴ് അറിയാത്ത ബൽറാമും ഹിന്ദി അറിയാത്ത നടൻ ശശികുമാറിൻ്റെ കഥാപാത്രവും ഒരുമിച്ച് നടത്തുന്ന യാത്രയാണ് പിന്നീട് സിനിമ. (ശശികുമാറിൻ്റെ കഥാപാത്രത്തിൻ്റെ പേര് വെളിപ്പെടുത്തിയാൽ അത് സിനിമയുടെ ആസ്വാദനത്തെ ബാധിക്കും. അതുകൊണ്ട് തന്നെ ഇവിടെ അത് പറയാൻ ആഗ്രഹിക്കുന്നില്ല.)
മതങ്ങളെക്കാളും ഭാഷകളേക്കാളും ശ്രേഷ്ഠമാണ് മനുഷ്യത്വം എന്ന് ഈ സിനിമ അടിവരയിടുന്നു.
ഈ ഘട്ടത്തിലാണ് ദ കേരള സ്റ്റോറി എന്ന സിനിമയും ഇറങ്ങാൻ പോകുന്നത്. സിനിമയുടെ ട്രെയിലറിൽ തന്നെ വിദ്വേഷം പ്രചരിപ്പിക്കുകയാണ് എന്ന് വ്യക്തമാണ്. ഒരു പ്രത്യേക മതത്തെ ഉന്നം വെച്ചുള്ള സിനിമ മാത്രമല്ല, കേരളം എന്ന മാതൃകാ സംസ്ഥാനത്തെ ഒറ്റപ്പെടുത്തുക എന്ന വിദ്വേഷ പ്രചരണം കൂടി കേരള സ്റ്റോറിയുടെ പിന്നിലുണ്ട് എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. കേരള മോഡൽ നാളെ രാജ്യം മാതൃകയായി സ്വീകരിക്കുമോ എന്ന പേടിയിൽ നിന്നാണ് ഇത്തരം സിനിമകൾ ഉണ്ടാകുന്നത്. കേരളം ഉയർത്തിപ്പിടിക്കുന്ന മതേതര മൂല്യത്തെ ചോദ്യം ചെയ്യുന്ന കേരള സ്റ്റോറി പോലുള്ള സിനിമകൾക്ക് ഇന്ത്യയുടെ തന്നെ ബദലാണ് അയോതി.
വിദ്വേഷമല്ല, മനുഷ്യത്വമാണ് വേണ്ടത് എന്ന കൃത്യമായ സന്ദേശമാണ് അയോതി നൽകുന്നത്. പുരുഷാധിപത്യ സമീപനം ഉണ്ടാകുന്നതിൽ പോലും തീവ്ര വിശ്വാസങ്ങളുടെ പിൻബലമുണ്ട് എന്നും സിനിമ കൃത്യമായി പറയുന്നു.
ബൽറാം എന്ന കഥാപാത്രം അവിസ്മരണീയമാക്കുംവിധമാണ് യശ്പാൽ ശർമ്മ അഭിനയിച്ചിരിക്കുന്നത്. പുരുഷാധിപത്യം നിറഞ്ഞ കഥാപാത്രമായും ഒരു നല്ല അച്ഛനോ ഭർത്താവോ അല്ല താനെന്ന് തിരിച്ചറിഞ്ഞതിന് ശേഷമുള്ള അദ്ദേഹത്തിൻ്റെ പ്രകടനവും ഒരിക്കലും മറക്കാൻ സാധിക്കില്ല. ശിവാനി ആയി അഭിനയിച്ചത് പ്രീതി അസ്രാണിയാണ്. സിനിമയുടെ മൊത്തം വികാരവും പ്രേക്ഷകനിലേക്ക് എത്തിക്കുന്നത് പ്രീതിയുടെ അഭിനയ മികവാണ്. ശശികുമാർ തൻ്റെ സ്ഥിരം ശൈലിയിൽ തന്നെ കഥാപാത്രത്തെ മനോഹരമാക്കി. അദ്ദേഹത്തിൻ്റെ സിനിമകൾ എന്നും സാമൂഹ്യ പ്രസക്തമായിരിക്കും എന്നത് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
സിനിമ എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ആർ മന്ദിര മൂർത്തിയാണ്. ആദ്യ സിനിമയിൽ തന്നെ ഇത്തരമൊരു കഥ ഇന്നത്തെ ഇന്ത്യൻ സാഹചര്യത്തിൽ പറയാൻ അദ്ദേഹം തയ്യാറായത് അഭിനന്ദനാർഹമാണ്.
നമ്മുടെ തെരുവുകൾ മുഴുവൻ പ്രദർശിപ്പിക്കേണ്ട ഈ കാലഘട്ടത്തിൻ്റെ സിനിമയാണ് അയോതി. ഉത്തരേന്ത്യ എന്നോ ദക്ഷിണേന്ത്യ എന്നോ ഹിന്ദിക്കാരൻ എന്നോ തമിഴൻ എന്നോ വ്യത്യാസമില്ലാതെ, മതപരമായ ഭിന്നിപ്പുകൾ ഇല്ലാതെ മനുഷ്യർ എല്ലാവരെയും ഒരൊറ്റ നൂലിൽ കോർത്തതാണ് ഇന്ത്യ എന്ന് അയോതി ഓർമ്മപ്പെടുത്തുന്നു.
സിനിമ സീ 5 ഒടിടി പ്ലാറ്റ്ഫോമിൽ ലഭ്യമാണ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..