സൗന്ദര്യ വിപണി കീഴടക്കുന്ന പല തരം ആസിഡുകൾ ഉണ്ട്. ആൽഫ ഹൈഡ്രോക്സി ആസിഡ് (AHA), ബീറ്റാ ഹൈഡ്രോക്സി ആസിഡ് (BHA), ഹൈലുറോണിക് ആസിഡ് (HA), ഗ്ലൈക്കോളിക് ആസിഡ്, സാലിസിലിക് ആസിഡ് തുടങ്ങിയവയൊക്കെ ചർമ്മ സംരക്ഷണത്തിന് സഹായിക്കുന്നവയാണ്. എന്നാൽ ‘ആസിഡ്’ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്കൊക്കെ ഒരു ഭയമാണ്. പൊള്ളൽ ഏൽപ്പിക്കുന്ന വസ്തു. പിന്നെ ഇത് എങ്ങനെ ചർമ്മത്തിൽ പുരട്ടും? ഇങ്ങനെ പല സംശയങ്ങൾ ഉണ്ടാകും.
ഹൈലുറോണിക് ആസിഡ് എന്നത് നമ്മുടെ ശരീരത്തിലെ ടിഷ്യൂകളിലും ദ്രാവകങ്ങളിലും ഒക്കെ കാണപ്പെടുന്ന തന്മാത്രയാണ്. നമ്മുടെ ചർമ്മത്തിൽ ജലാംശം പിടിച്ച് നിർത്താൻ സഹായിക്കുന്ന ഒരു ഘടകമാണിത്. എന്നാൽ കാലം ചെല്ലുന്തോറും ഇതിന്റെ സാന്നിധ്യം ശരീരത്തിൽ കുറയും. അത് ചർമ്മത്തെ സാരമായി ബാധിക്കുകയും ചെയ്യും.
ഈ പ്രശ്നം മനസിലാക്കി പല കമ്പനികളും ഇന്ന് ഹൈലുറോണിക് ആസിഡ് അടങ്ങിയ ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നുണ്ട്. ഹൈലുറോണിക് ആസിഡ് അടങ്ങിയ സിറം, മോയിസ്ചറൈസർ, ഫെയ്സ് വാഷ് – അങ്ങനെ പലതും.
ഹൈലുറോണിക് ആസിഡ്
ചർമ്മം അഴകോടെ, തിളക്കമുള്ളതായി കാണപ്പെടാൻ ചർമ്മത്തിന് ജലാംശം അഥവാ ഈർപ്പം കൂടിയേ തീരൂ. എന്നാൽ പ്രായം കൂടുന്തോറും ചർമ്മത്തിലെ സ്വാഭാവിക ഈർപ്പം നഷ്ടമാകുന്നു. ഇത് ചർമ്മം കൂടുതൽ വരണ്ട അവസ്ഥയിലേയ്ക്ക് നീങ്ങാൻ കാരണമാകുന്നു. ജലാംശം നഷ്ടപ്പെട്ട ചർമ്മത്തിൽ ചുളിവുകൾ വേഗത്തിൽ വീഴാം. ഇതുകൂടാതെ പുറത്തെ പല ഘടകങ്ങളും ചർമ്മത്തെ ദോഷകരമായി ബാധിക്കുന്നുണ്ട്. പൊടിപടലങ്ങൾ, സൂര്യന്റെ UV രശ്മികൾ, അനാരോഗ്യകരമായ ഭക്ഷണശീലം, പുകവലി തുടങ്ങിയ കാര്യങ്ങളൊക്കെ ചർമ്മത്തിന്റെ ഭംഗി നഷ്ടപ്പെടുത്തിയേക്കാം. ഈ സാഹചര്യത്തിലാണ് ഹൈലുറോണിക് ആസിഡിന്റെ പ്രസക്തി.
ഫേസ് സിറം വാങ്ങാൻ പോകുന്നോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങൾ
എങ്ങനെ പ്രവർത്തിക്കുന്നു?
ഹൈലൂറോണിക് ആസിഡ് ഒരു ഹ്യുമക്ടെന്റ് ആണ്. അതായത് ചർമ്മത്തെ മോയ്സ്ചർ ചെയ്യുന്നു എന്ന് ചുരുക്കം. ഇതിലെ തന്മാത്രകൾ അന്തരീക്ഷത്തിൽ നിന്ന് ജലാംശം ആഗിരണം ചെയ്ത് ചർമ്മത്തിൽ നിലനിർത്താൻ സഹായിക്കും. ഇനി ജലാംശം കുറഞ്ഞ അന്തരീക്ഷമാണെങ്കിൽ നിങ്ങളുടെ ചർമ്മത്തിൽ നിന്ന് തന്നെ ഈർപ്പം വലിച്ചെടുക്കുകയും അത് ചർമ്മത്തെ കൂടുതൽ വരണ്ടതാകുകയും ചെയ്യും. അതിനാൽ ഹൈലുറോണിക് ആസിഡ് ഉൽപ്പന്നങ്ങൾ എങ്ങനെ ഉപയോഗിക്കുന്നു എന്നതും ശ്രദ്ധിക്കേണ്ടതാണ്. തെറ്റായ രീതിയിലാണ് ഉപയോഗിക്കുന്നതെങ്കിൽ ഇത് ചർമ്മത്തിൽ വിപരീത ഫലമാകും നൽകുക.
RELATED: നിങ്ങൾക്ക് നിർബന്ധമായും വേണ്ട 6 ചർമ്മ സംരക്ഷണ ഉൽപ്പന്നങ്ങൾ ഏതൊക്കെ?
ആർക്ക്?
വരണ്ട ചർമ്മം ഉള്ളവർക്ക് തിരഞ്ഞെടുക്കാവുന്ന ഒന്നാണ് ഹൈലുറോണിക് ആസിഡ് ഉത്പന്നങ്ങൾ. നിങ്ങളുടെ ചർമ്മത്തിന് മോയ്സ്ചർ അല്ലെങ്കിൽ ഹൈഡ്രേഷൻ വേണം എന്ന് തോന്നുന്നുണ്ടെങ്കിൽ ഹൈലുറോണിക് ആസിഡ് ഉപയോഗിക്കാം. തുടുത്ത ചർമ്മം (plumpness) നൽകാനും സഹായിക്കുന്ന ഒരു ചേരുവയാണിത്.
എങ്ങനെ ഉപയോഗിക്കണം?
ഈർപ്പം കൂടുതലുള്ള (humid) പ്രദേശത്താണ് നിങ്ങൾ താമസിക്കുന്നതെങ്കിൽ വൃത്തിയാക്കിയ ചർമ്മത്തിൽ ഹൈലുറോണിക് ആസിഡ് നേരിട്ട് പുരട്ടാം. ഇത് താനേ അന്തരീക്ഷത്തിൽ നിന്ന് ഈർപ്പം വലിച്ചെടുത്ത് ചർമ്മത്തെ ഹൈഡ്രേറ്റ് ചെയ്യും. ഇനി അതല്ല, ഈർപ്പം കുറവുള്ള സ്ഥലമാണെങ്കിൽ നിങ്ങൾ ആദ്യം തന്നെ മുഖത്ത് എന്തെങ്കിലും ഒരു ഫെയ്സ് മിസ്റ്റ് സ്പ്രേ ചെയ്യാൻ മറക്കരുത്. സാധാരണ വെള്ളം ആണെങ്കിലും മതിയാകും. ഇങ്ങനെ ചർമ്മം ചെറുതായൊന്ന് നനച്ച് കൊടുത്തതിന് ശേഷം മാത്രം ഹൈലുറോണിക് ആസിഡ് ഉപയോഗിക്കുക. അതിന് ശേഷം നിർബന്ധമായും മോയിസ്ചറൈസർ പുരട്ടുക. രാവിലെ ആണ് ഹൈലുറോണിക് ആസിഡ് ഉപയോഗിക്കുന്നത് എങ്കിൽ മോയിസ്ചറൈസർ പുരട്ടിയതിന് ശേഷം സൺസ്ക്രീൻ കൂടെ പുരട്ടുക. രാത്രി ആണെങ്കിൽ സൺസ്ക്രീൻ ഒഴിവാക്കാം. പകരം ഏതെങ്കിലും ഒരു ഫേഷ്യൽ ഓയിൽ പുരട്ടാം.
ആദ്യമായി ഉപയോഗിക്കുന്ന എന്ത് ഉല്പന്നമാണെങ്കിലും ചർമ്മത്തിന് അത് പരിചയപ്പെടാൻ സമയം ആവശ്യമാണ്. അതിനാൽ ദിവസവും ഉപയോഗിക്കുന്നതിന് പകരം ആഴ്ചയിൽ ഒന്ന് എന്ന രീതിയിൽ ആരംഭിക്കുക. ഈ സമയം ഇത് ചർമ്മത്തിൽ പ്രതിപ്രവർത്തനങ്ങൾ ഉണ്ടാക്കുന്നുണ്ടോ എന്ന് പരിശോധിക്കുക. ഇല്ലെങ്കിൽ പതിയെ ആഴ്ചയിൽ രണ്ട് തവണ എന്നാക്കുക. അങ്ങനെ പതിയെ എല്ലാ ദിവസവും എന്ന രീതിയിലേക്ക് കൊണ്ടുവരാം.
RELATED: നല്ല ഫെയ്സ് സിറം ഏതെന്ന് എങ്ങനെ തിരിച്ചറിയാം?
ഉപയോഗിക്കാൻ പാടില്ലാത്തവർ
ഹൈലുറോണിക് ആസിഡിന്റെ ഉപയോഗം പല വിധ സൗന്ദര്യ ഗുണങ്ങൾ നൽകുമെന്ന് മനസ്സിലായിക്കാണുമല്ലോ… എന്നാൽ ഹൈലുറോണിക് ആസിഡ് ഉപയോഗിക്കാൻ പാടില്ലാത്തവരുമുണ്ട്.
എണ്ണമയമുള്ള ചർമ്മമുള്ളവർ, കോമ്പിനേഷൻ സ്കിൻ, അത്ര വരണ്ട ചർമ്മം അല്ലാത്തവർ, സാധാരണ ചർമ്മ സ്ഥിതി ഉള്ളവർ എന്നിവർക്കൊന്നും ഒരു ഹൈലുറോണിക് ആസിഡ് ഉപയോഗത്തിന്റെ ആവശ്യം ഇല്ല.
എല്ലാ ഉൽപ്പന്നങ്ങളും?
ഉപയോഗിക്കുന്ന എല്ലാ ഉൽപ്പന്നങ്ങളും ഒരേ ചേരുവ അടങ്ങിയത് തിരഞ്ഞെടുക്കുന്നത് ഇന്ന് പല ആളുകളുടെയും ഒരു ശീലമാണ്. എന്നാൽ ഇത് തെറ്റാണെന്ന് പറയുന്നില്ല. പക്ഷെ അതിന് മുമ്പ് ഇത് ചർമ്മത്തിന് ചേരുന്നുണ്ടോ എന്ന് മനസിലാക്കുക. അതിന് ചെയ്യേണ്ടത് മേല്പറഞ്ഞതുപോലെ പതിയെ ചർമ്മത്തിന് പരിചയപ്പെടുത്തി കൊടുക്കുക എന്നതാണ്. ഉപയോഗിക്കുന്ന എല്ലാ ഉത്പന്നങ്ങളും ഹൈലുറോണിക് ആസിഡ് ചേർന്നതാകണമെങ്കിൽ നിങ്ങളുടെ ചർമ്മം അത്രയ്ക്കധികം വരണ്ടതായിരിക്കണം. ഇല്ലെങ്കിൽ ഇത്തരത്തിൽ പല ഹൈലുറോണിക് ആസിഡ് ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നത് ചർമ്മത്തെ കൂടുതൽ വരണ്ടതാക്കും.