126 അത്ലറ്റുകളാണ് ഇത്തവണ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക
ന്യൂഡല്‍ഹി: ഒളിംപിക്സിന് പങ്കെടുക്കുന്ന ഇന്ത്യയുടെ അത്ലറ്റുകള്‍ക്ക് ആത്മവിശ്വാസം പകരാനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുശലാന്വേഷണങ്ങള്‍.
റിയൊ ഒളിംപിക്സില്‍ മികച്ച പ്രകടനം പുറത്തെടുക്കുന്നതിനായി ഐസ്ക്രീം കഴിക്കുന്നത് ഉപേക്ഷിക്കേണ്ടി വന്നെ ബാഡ്മിന്റണ്‍ താരം പി.വി സിന്ധുവിനോട് ഇത്തവണയും അത് ആവര്‍ത്തിക്കേണ്ടി വരുമോ എന്ന് പ്രധാനമന്ത്രി ചോദിച്ചു. കുറച്ച് നിയന്ത്രണം ആവശ്യമാണെന്നായിരുന്നു സിന്ധുവിന്റെ മറുപടി.
“നന്നായി പരിശ്രമിക്കു. ഇത്തവണയും നിങ്ങള്‍ വിജയം കൈവരിക്കുമെന്ന് എനിക്ക് പ്രതീക്ഷയുണ്ട്. നേട്ടങ്ങളുമായി തിരിച്ചു വരുമ്പോള്‍ നമുക്ക് എല്ലാവര്ക്കും കാണാം. അപ്പോള്‍ ഞാന്‍ നിങ്ങള്‍ക്കൊപ്പം ഐസ്ക്രീം കഴിക്കും,” മോദി സിന്ധുവിന് ഉറപ്പ് നല്കി.
ഗുസ്തി താരം വിനേഷ് ഫോഘോട്ടിനോട് ഭാവിയില്‍ ഒരു ജീവചരിത്ര സംബന്ധിതമായി സിനിമയുടെ സാധ്യതകള്‍ പ്രധാനമന്ത്രി ആരാഞ്ഞു. ഒളിംപിക്സില്‍ മെഡല്‍ നേടിയാല്‍ സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടില്‍ താനുണ്ടാകുമെന്നും മോദി വിനേഷിനോട് പറഞ്ഞു.
ടേബിള്‍ ടെന്നിസ് താരമായ മണിക ബത്രയുടെ നെയില്‍ പൊളീഷിലെ ത്രിവര്‍ണത്തിന് പിന്നിലെന്താണ് കാര്യമെന്ന് മോദി ചോദിച്ചു. “ഇന്ത്യയുടെ പതാക എപ്പോഴും എന്നോട് ചേര്‍ന്നിരിക്കുന്നതാണ്. സെര്‍വ് ചെയ്യുമ്പോള്‍ എന്റെ ഇടത് കൈയില്‍ ത്രിവര്‍ണം കാണാന്‍ സാധിക്കും. അത് എന്നെ പ്രചോദിപ്പിക്കുന്നു,” മണിക ബത്ര മറുപടി പറഞ്ഞു.
“നിങ്ങളുടെ ഏറ്റവും മികച്ചത് നല്‍കുക. അമിത പ്രതീക്ഷയില്‍ വീഴരുത്. രാജ്യം കൂടയുണ്ട്. നിങ്ങള്‍ക്കെല്ലാവര്‍ക്കും സമാനതകളുണ്ട്. മികച്ച ആത്മവിശ്വാസം, ദൃഡനിശ്ചയം, സമര്‍പ്പണം, മത്സരശേഷി എന്നിവ ഞാന്‍ കാണുന്നു. പുതിയ ഇന്ത്യയുടെ ഗുണങ്ങളും ഇതെല്ലാമാണ്. നിങ്ങളെല്ലാവരും അതിന്റെ പ്രതിഫലനമാണ്,” പ്രധാനമന്ത്രി താരങ്ങളോട് പറഞ്ഞു.
126 അത്ലറ്റുകളാണ് ഇത്തവണ ഒളിംപിക്സില്‍ ഇന്ത്യയെ പ്രതിനിധീകരിക്കുക. ആദ്യമായാണ് ഒളിംപിക്സിലേക്ക് ഇത്രയും വലിയ ടീമിനെ ഇന്ത്യ അയക്കുന്നത്.
Also Read: ‘മാർക്കസ് റാഷ്ഫോർഡ്, 23 വയസ്, കറുത്തവൻ’; വംശീയ അധിക്ഷേപത്തിൽ പ്രതികരണവുമായി താരം