റിയാദ് > കേളി കലാസാംസ്കാരിക വേദിയുടെ നേതൃത്വത്തിലുള്ള ‘വസന്തം 2023’ന്റെ ആദ്യ ഘട്ടം വിവിധ കലാപരിപാടികളോടെ വിപുലമായി ആഘോഷിച്ചു. RVCC (റിയാദ് വില്ലാസ്) മുഖ്യ പ്രായോജകരും, ഡിസ്പ്ലേ ഐഡിയ, കോഴിക്കോടൻസ്, അറബ്കോ ലോജിസ്റ്റിക് എന്നിവർ സഹപ്രായോജകരുമായ പരിപാടി റിയാദ് എക്സിറ്റ് 18ലെ അൽ വലീദ് ഓഡിറ്റോറിയത്തിലാണ് നടന്നത്. ഉദ്ഘാടന സമ്മേളനത്തിൽ കേളി കേന്ദ്ര രക്ഷാധികാരി സെക്രട്ടറി കെ പി എം സാദിഖ് അധ്യക്ഷത വഹിച്ചു. രക്ഷാധികാരി സമിതി അംഗം ജോസഫ് ഷാജി ആമുഖ പ്രഭാഷണം നടത്തിയ സമ്മേളനത്തിൽ കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതം പറഞ്ഞു. രക്ഷാധികാരി സമിതി അംഗം ടി ആർ സുബ്രഹ്മണ്യൻ മുഖ്യ പ്രഭാഷണം നടത്തി. രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് കുടുംബവേദി സെക്രട്ടറി സീബ കൂവോട്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, കേളി റോദ ഏരിയ രക്ഷാധികാരി സെക്രട്ടറി സുരേഷ് ലാൽ എന്നിവർ സംസാരിച്ചു. കേളി കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ഫിറോസ് തയ്യിൽ, ഷമീർ കുന്നുമ്മൽ, ചന്ദ്രൻ തെരുവത്ത്, കുടുംബവേദി പ്രസിഡന്റ് പ്രിയ വിനോദ്, ട്രഷറർ ശ്രീഷാ സുകേഷ് എന്നിവർ സന്നിഹിതരായി. കേന്ദ്രകമ്മറ്റി അംഗങ്ങൾ, കുടുംബവേദി അംഗങ്ങൾ, വിവിധ ഏരിയയിൽനിന്നുള്ള പ്രവർത്തകർ എന്നിവർ പരിപാടിയിൽ പങ്കാളികളായി. കേളി കേന്ദ്രകമ്മിറ്റി അംഗവും സാംസ്കാരിക കമ്മറ്റി കൺവീനറുമായ ഷാജി റസാഖ് ചടങ്ങിന് നന്ദി പറഞ്ഞു.
കേളിയുടെയും കുടുംബവേദിയുടേയും പ്രവർത്തകർ അവതരിപ്പിച്ച 13 വിപ്ലവ ഗാനങ്ങൾ, കുടുംബവേദി പ്രവർത്തകർ അവതരിപ്പിച്ച നാടൻ പാട്ടിന്റെ ദൃശ്യാവിഷ്ക്കാരം, ബത്ഹ ഏരിയയിലെ ഇസ്മയിൽ കൊടിഞ്ഞിയുടെ നേതൃത്വത്തിൽ അവതരിപ്പിച്ച സൂഫി നൃത്തം, അനാമിക രാജ് അവതരിപ്പിച്ച കഥക് നൃത്തം എന്നീ പരിപാടികൾക്ക് പുറമേ 14 ജില്ലയിലെ കലാരൂപങ്ങൾ കോർത്തിണക്കി കേരളീയം എന്ന പരിപാടിയും സംഘടിപ്പിച്ചു.
കാസർകോഡ് ജില്ലയുടെ തനത് കലാരൂപമായ യക്ഷഗാനവുമായി അൽഖർജ്, കണ്ണൂർ ജില്ലയെ പ്രതിനിധീകരിച്ച് തെയ്യവും, കോഴിക്കോട് ജില്ലയുടെ ഒപ്പന ശീലുകളുമായി മലാസ്, വയനാട് ജില്ലയെ പ്രതിനിധീകരിച്ച് ആദിവസി ഗോത്ര നൃത്തവുമായി സുലൈ, മലപ്പുറത്തെ പ്രതിനിധീകരിച്ചു കോൽക്കളിയുമായി അസീസിയ, പാലക്കാട് ജില്ലയിൽ നിന്നും ഓട്ടംതുള്ളലുമായി റോദ, തൃശ്ശൂർ പൂരവുമായി നസീം, ഏറണാകുളം ജിലയിൽ നിന്നും പരിചമുട്ടുമായി സനയ്യ അർബൈൻ, ഇടുക്കി ജില്ലയിൽ നിന്നും ഗോത്ര നൃത്തവുമായി ഉമ്മുൽഹമാം, കോട്ടയം ജില്ലയിൽ നിന്നും മാർഗം കളിയുമായി കുടുംബവേദി, ആലപ്പുഴ ജില്ലയിൽ നിന്നും വഞ്ചിപ്പാട്ടുമായി ബത്ഹ, പത്തനംതിട്ടയിൽ നിന്നും പടയണിയിമായി ബദിയ, കൊല്ലം ജില്ലയിൽ നിന്നും കരടി കളിയുമായി മുസാമിയ, തിരുവനന്തപുരം ജില്ലയിൽ നിന്നും നിരവധി ക്ഷേത്ര കലകൾ കോർത്തിണക്കി ന്യൂ സനയ്യ എന്നീ ഏരിയ കമ്മറ്റികൾ പരിപാടി അവതരിപ്പിച്ചു. വസന്തം 2023ന്റെ രണ്ടാം ഘട്ടത്തിൽ അറേബ്യൻ വടംവലി ഉൾപ്പടെ വിവിധ കായിക പരിപാടികൾ അരങ്ങേറുമെന്ന് സംഘാടകസമിതി അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..