കാസര്‍കോട്: ജില്ലയിലെ ഭാഷാ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ധ്രുവീകരണം ലക്ഷ്യമിട്ട് ബിജെപിയുടെ നീക്കം. ചില കാസര്‍കോടന്‍ ഗ്രാമങ്ങളുടെ നേരത്തെ മാറ്റിയ പേരുകള്‍ പഴയപടിയാക്കണമെന്ന പ്രചാരണമാണ് ബിജെപി പരസ്യമായി ഉന്നയിക്കുന്നത്. കാസര്‍കോട്ടെ അതിര്‍ത്തി ഗ്രാമങ്ങളുടെ പേര് മാറ്റാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന പ്രചാരണം പാളിയതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്.
പ്രത്യേക കാരണങ്ങള്‍കൊണ്ട് സര്‍ക്കാര്‍ നേരത്തെ വിജ്ഞാപനമിറക്കി മാറ്റിയ പേരുകള്‍ പുനഃസ്ഥാപിക്കണമെന്നാണ് ബിജെപിയുടെ ആവശ്യം. അറബിഭാഷയിലുള്ള പേരുകള്‍ മാറ്റണമെന്ന് കഴിഞ്ഞ ദിവസം കാസര്‍കോടു ചേര്‍ന്ന ബിജെപി ജില്ലാകമ്മിറ്റി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.
ജില്ലയിലെ പത്തോളം അതിര്‍ത്തിഗ്രാമങ്ങളുടെ പേരുകള്‍ മാറ്റാന്‍ കേരള സര്‍ക്കാര്‍ നടപടി തുടങ്ങിയെന്ന് നേരത്തെ ചില കന്നഡ സംഘടനകള്‍ ഉന്നയിച്ച ആരോപണം മുഖ്യമന്ത്രിയടക്കമുള്ളവര്‍ തള്ളിയിരുന്നു. ആലോചനയില്‍ പോലുമില്ലാത്ത കാര്യമാണ് ഗൂഢലക്ഷ്യത്തോടെ പ്രചരിപ്പിക്കുന്നതെന്ന പ്രതികരണത്തിന് പിന്നാലെയാണ് നേരത്തെ മാറ്റിയ പേരുകള്‍ തിരിച്ചു നല്‍കണമെന്ന ആവശ്യവുമായി ബിജെപി നേതൃത്വം രംഗത്തെത്തിയത്.
Content Highlight: BJP demand renaming old name of Kasaragod villages