ഫോർട്ട്കൊച്ചി > സിനിമയിൽ സ്ത്രീ – പുരുഷ വേർതിരിവ് പാടില്ലെന്ന് നടി നിഖില വിമൽ. യുവധാര ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘പുതു സിനിമ: കാഴ്ചയും അനുഭവവും’ എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു നിഖില. സിനിമയിൽ സ്ത്രീകളുടെ പങ്കാളിത്തം എന്താണെന്ന് പലരും ചോദിക്കാറുണ്ട്. എന്നാൽ, പുരുഷ പങ്കാളിത്തത്തെക്കുറിച്ച് ആരും ചോദിക്കാറില്ല. എപ്പോഴും സിനിമ കൂട്ടായ്മയുടെ ഫലമാണ്. പുരുഷപക്ഷ സിനിമ എന്ന് ഒരു കമേഴ്സ്യൽ, മാസ് സിനിമകളെയും ആരും വിളിക്കാറില്ല. അതിനാൽ സ്ത്രീപക്ഷ സിനിമ എന്ന് പറയേണ്ട ആവശ്യമില്ല. സ്ത്രീ–-പുരുഷ വേർതിരിവ് എപ്പോൾ ഇല്ലാതാവുന്നോ അപ്പോൾ മാത്രമേ എല്ലാവരും സിനിമയെക്കുറിച്ച് സംസാരിച്ചു തുടങ്ങുകയുള്ളൂ. സിനിമയിൽ സ്ത്രീയ്ക്കും പുരുഷനും തുല്യ സ്ഥാനം നൽകണമെന്നും നിഖില പറഞ്ഞു.
ഇന്ന് ആയിരം രൂപ കൊടുത്താൽ ഒരു കുടുംബത്തിന് ഒടിടിയിൽ ഒരു വർഷം സിനിമ കാണാമെന്ന സാധ്യത മുന്നിലുണ്ടെന്ന് നടനും സംവിധായകനുമായ മധുപാൽ പറഞ്ഞു. ഒരു മാസത്തിനുള്ളിൽ സിനിമ ഒടിടിയിൽ വരുമെന്ന് അവർക്കറിയാം. അത് പോരെ എന്ന രീതിയിൽ പ്രേക്ഷകരുടെ മനസ്സ് മാറി തുടങ്ങിയെന്നും മധുപാൽ പറഞ്ഞു.
സന്ദേശമുള്ളതും സാമൂഹ്യ പ്രതിബന്ധതയുമുള്ള സിനിമകളിൽ മാത്രം അഭിനിയിക്കുമെന്ന കാഴ്ചപ്പാട് തനിക്കില്ലെന്ന് നടൻ ഇർഷാദ് പറഞ്ഞു. തന്നെ തൃപ്തിപ്പെടുത്തുന്ന കഥപാത്രമാണെങ്കിൽ അതിനെ സ്വീകരിക്കുമെന്നും ഇർഷാദ് പറഞ്ഞു. കേരള സ്റ്റോറി പോലെയുള്ള സിനിമകൾ നിരോധിക്കുന്നതിനോട് യോജിപ്പില്ലെന്ന് സംവിധായകൻ മനു അശോകൻ പറഞ്ഞു. ഇത്തരം സിനിമകൾ കണ്ട ശേഷം അതിലെ രാഷ്ട്രീയം വേണോ വേണ്ടയോ എന്ന് ജനങ്ങൾ തീരുമാനിക്കണമെന്നും മനു അശോകൻ പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..