കൊച്ചി : റിലീസിന് മുമ്പേ തന്നെ വിവദത്തിലകപ്പെട്ട തമിഴ് സിനിമയാണ് ” ഫർഹാന “. ഐശ്വര്യാ രാജേഷ്, അനുമോൾ, ഐശ്വര്യാ ദത്ത, സെൽവ രാഘവൻ, ജിത്തൻ രമേഷ്, കിറ്റി എന്നിവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തത് നെൽസൺ വെങ്കടേശനാണ്. ഡ്രീം വാരിയർ പിക്ചർസ് നിർമ്മിച്ച ഈ സിനിമ നിരോധിക്കണമെന്നും നിർമ്മാതാവിനേയും സംവിധായകനേയും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ഐശ്വര്യാ രാജേഷ് എന്നിവരെയും അറസ്റ്റ് ചെയ്യണമെന്നും ഉള്ള മുറവിളികളും ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങിയതു മുതൽ തുടങ്ങിയത് റീലീസ് കഴിഞ്ഞും തുടരുന്നു. സിനിമ കോടതി കയറുകയും ഉണ്ടായി. സിനിമ റിലീസായതോടെ തമിഴ് നാട്ടിൽ ‘ഫർഹാന’യ്ക്ക് എതിരെയുള്ള മുറവിളികൾക്ക് ആക്കം കൂടിയിരിക്കയാണ്. മുസ്ലിം സമുദായത്തിന് എതിരായ സന്ദേശമാണ് സിനിമ നൽകുന്നത് എന്നാതാണ് ഇവരുടെ വാദം. തമിഴ് നാട്ടിലെ ചില റിലീസ് കേന്ദ്രങ്ങളിൽ ഷോ റദ്ദാക്കി എന്നും വാർത്തകൾ പ്രചരിച്ചു. ഈ സന്ദർഭത്തിൽ ചെന്നൈയിൽ നിർമ്മാതാവ് എസ്. ആർ. പ്രഭുവിൻ്റെ നേതൃത്വത്തിൽ നടന്ന പത്ര സമ്മേളനത്തിൽ വിശദീകരണം നൽകിയിരിക്കയാണ് അണിയറക്കാർ.
സംവിധായകൻ നെൽസൺ വെങ്കടേശൻപറയുന്നു…
” ഫർഹാന യുടെ സംഭാഷണ രചയിതാവ് പ്രശസ്ത കവി മനുഷ്യപുത്രൻ ഒരു ഇസ്ലാമാണ്. ഞാൻ ക്രിസ്ത്യാനിയാണ്. നിർമാതാവ് ഹിന്ദുവാണ്.ഞങ്ങൾ മൂവരുടെയും സൃഷ്ടിയാണ് ‘ ഫർഹാന ‘. സിനിമ കണ്ടവർ ‘ ഫർഹാന ‘ നല്ല അനുഭവമാണ് തങ്ങൾക്ക് നൽകിയത് എന്നും, മുസ്ലിം കുടുംബത്തിൻ്റെ നിത്യ ജീവിതത്തെയും അവരുടെ വിഷമങ്ങളെയും പ്രതിഫലിപ്പിക്കുന്ന സിനിമയാണ് ഇതെന്നും പറയുന്നു. ഒരു സമുദായത്തെയും അപകീർത്തിപ്പെടുത്താൻ തെല്ലും ഞാൻ ആഗ്രഹിച്ചിട്ടില്ല. പക്ഷേ, നിർഭാഗ്യവശാൽ ഫർഹാനക്ക് ഒപ്പം റിലീസായ മറ്റു ചിത്രങ്ങളെ കുറിച്ച് ഉണ്ടായ നെഗറ്റീവ് കമൻ്റുകൾ എൻ്റെ സിനിമയേയും ബാധിച്ചു. എൻ്റെ ഇസ്ലാം സുഹൃത്തുക്കളോട് ഞാൻ വിനീതമായി അഭ്യർത്ഥിക്കയാണ്. ആദ്യം ദയവായി സിനിമ കാണൂ, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടി കാണിച്ചു തരൂ. തെറ്റുണ്ടെങ്കിൽ ഞാൻ തിരുത്താം.
ഭൂരിഭാഗം റിവ്യൂകളും ഫർഹാന നല്ല ഉദ്യമവും സിനിമയുമാണെന്ന് പറയുമ്പോൾ സിനിമ കാണാത്ത ഒരു വിഭാഗം ഇത് ഇസ്ലാമിക് വിരുദ്ധ സിനിമയാണെന്ന് നടത്തുന്ന കുപ്രചരണവും അതിനെ മറ പിടിച്ചുള്ള വിവാദങ്ങളും പ്രതിഷേധങ്ങളും വളരെ ഖേദകരമാണ്. സാങ്കേതികമായ ചില കാരണങ്ങൾ കൊണ്ട് തമിഴ് നാട്ടിൽ ഒരു തിയേറ്ററിൽ മാത്രം ഒരു ഷോ നടന്നില്ല. എന്നാൽ ചില മാധ്യമങ്ങൾ തമിഴ് നാട്ടിൽ ഒന്നടങ്കം ഷോകൾ റദ്ദു ചെയ്തതായി വാർത്തകൾ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത് വളരെ ഖേദകരമാണ്. നേരത്തെ ഒരു മുതിർന്ന സംവിധായകനോട് ഈ കഥ കഥ പറഞ്ഞപ്പോൾ ” എന്തു കൊണ്ട് ഒരു മുസ്ലിം സമുദായത്തിലെ സ്ത്രീയെ കഥാപാത്രമാക്കി ? ” എന്ന് പറഞ്ഞ് എന്നെ ചോദ്യം ചെയ്തു. എന്ത് കൊണ്ട് പാടില്ല…. എൻ്റെ സഹോദരന്മാരെ കുറിച്ചും സഹോദരിമാരെ കുറിച്ചും എനിക്ക് പകരം മറ്റാരാണ് ഉള്ളത് എന്നാണ് ഞാൻ മറുപടി പറഞ്ഞത്.
സാമുദായിക പ്രസക്തിയുള്ള സിനിമ എന്ന് മാധ്യമങ്ങളുടെ പ്രശംസ നേടി, ഫർഹാന തമിഴ് നാട്ടിൽ മികച്ച അഭിപ്രായം നേടി മുന്നേറ്റം തുടരുന്നതിനിടെയാണ് സിനിമ നിരോധിക്കണം എന്ന ആവശ്യവുമായി വീണ്ടും ചില മുസ്ലിം സംഘടനകൾ കോടതിയെ സമീപിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് അണിയറക്കാർ മാധ്യമങ്ങൾക്കു മുമ്പാകെ മുസ്ലിം സഹോദരങ്ങളോട് അഭ്യർഥനയുമായി എത്തിയത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..