പ്രകൃതിദത്ത രീതികൾ
മുടി കറുപ്പിക്കാൻ പല തരത്തിലുള്ള വഴികളും പരീക്ഷിക്കുന്നവരുണ്ട്. ഇതിൽ പ്രധാനമാണ് ഡൈ ചെയ്യുന്നത്. പക്ഷെ ചില ആളുകൾക്ക് ഡൈ അടിക്കുന്നത് അലർജി വരുത്താറുണ്ട്. മുഖവും തലയുമൊക്കെ തടിച്ച് വീർത്തു വരും ഇത്തരം അലർജിയുള്ളവർക്ക്. ഇതിന് പകരമായി ഹെയർ കളർ അല്ലെങ്കിൽ മറ്റെന്തെങ്കിലും കെമിക്കൽ ട്രീറ്റമെൻ്റുകൾ തുടങ്ങി പലതും പലരും ചെയ്യാറുണ്ട്. പക്ഷെ ഇത്തരം രീതികൾ മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. പ്രകൃതിദത്തമായ രീതിയിൽ മുടി കറുപ്പിക്കുന്നതാണ് എപ്പോഴും മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലത്. ഹെയർ പായ്ക്കുകൾ, എണ്ണകൾ തുടങ്ങി വീട്ടിൽ തന്നെ ചെയ്യാൻ കഴിയുന്ന ചില രീതികൾ മുടിയുടെ ബലവും അതുപോലെ മുടി കൊഴിച്ചിൽ തടയുന്നതിനും ഏറെ നല്ലതാണ്.
മുടിയഴകിന് ഒരു നാച്വറൽ ഹെയർ സെറം
മുടിയഴകിന് ഒരു നാച്വറൽ ഹെയർ സെറം
എന്താണ് പരിഹാരം
മുടിയുടെ ആരോഗ്യത്തിന് പുറമെ നിന്ന് നൽകുന്ന പരിചരണം മാത്രം പോരാ എന്നതാണ് യാഥാർത്ഥ്യം. കഴിക്കുന്ന ഭക്ഷണത്തിലും ശ്രദ്ധിക്കേണ്ടത് വളരെ പ്രധാനമാണ്. മുടിയുടെ ഭംഗി കൂട്ടാൻ ഈ ഭക്ഷണങ്ങളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. ദൈനംദിന ഭക്ഷണക്രമത്തിൽ മുടിയ്ക്ക് ആവശ്യമായ പോഷകങ്ങൾ ഉൾപ്പെടുത്താൻ ശ്രമിക്കണം. വൈറ്റമിൻ എ,ബി,സി, ഇ എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയ്ക്ക് നല്ല കറുപ്പ് നിറം നൽകും. മുട്ട, ഇറച്ചി, കാരറ്റ്, ഇലക്കറികൾ എന്നിവയെല്ലാം ഈ വൈറ്റമിനുകൾ അടങ്ങിയിട്ടുള്ളതാണ്. അതുപോലെ മുടിയിലെ നര മാറ്റാൻ ബി വൈറ്റമിനുകളാണ് ഏറ്റവും നല്ലത്. ബി 3, ബി 5, ബി 6, ബി 7 എന്നിവയെല്ലാം മുടിയുടെ നര മാറ്റാൻ നല്ലതാണ്.
ഇലക്കൂട്ട് കൊണ്ടൊരു എണ്ണ
പ്രകൃതിദത്തമായ രീതിയിൽ മുടി വളരാൻ വീട്ടിൽ തന്നെ തയാറാക്കാവുന്ന എണ്ണക്കൂട്ടാണിത്. പറമ്പിലും വീടുകളിലുമൊക്കെ വളരെ സുലഭമായി ലഭിക്കുന്ന ചില ഇലകൾ മാത്രം മതി ഈ എണ്ണ കാച്ചാൻ. പേരയില, ചെമ്പരത്തി ഇല, തുളസിയില, ആര്യവേപ്പ് ഇല, പനികൂർക്ക, മൈലാഞ്ചി ഇല എന്നിവയാണ് ഈ എണ്ണ തയാറാക്കാൻ ആവശ്യമായിട്ടുള്ളത്. മുടി വളർച്ചയ്ക്കും അതുപോലെ മുടിയിലെ മറ്റ് പ്രശ്നങ്ങൾ മാറ്റാനും ഇവയെല്ലാം ഏറെ നല്ലതാണ്. മുടി നരയ്ക്കാതിരിക്കാൻ ഏറെ മികച്ചതാണ് മൈലാഞ്ചി ഇല. പേരയിലയിൽ ധാരാളം ആൻ്റി ഓക്സിഡൻ്റുകൾ വൈറ്റമിൻ ബിയും അടങ്ങിയിട്ടുണ്ട്. അതുപോലെ പനികൂർക്കയിലും തുളസി ഇലയിലും ആൻ്റി ബാക്ടീരികയിൽ ഗുണങ്ങളും ആൻ്റി ഓക്സിഡൻ്റുകളും ധാരാളമുണ്ട്. കറിവേപ്പില, വേപ്പ് ഇല, ചെമ്പരത്തി ഇല എന്നിവയെല്ലാം മുടി വളർച്ചയ്ക്ക് ഏറെ സഹായിക്കുന്നതാണ്. ഇത് മുടിയുടെ ആരോഗ്യത്തിനും അതുപോലെ കറുപ്പ് നിറത്തിനും കൂടുതൽ മികച്ചതാണ്. ഈ ഇലകൾ എല്ലാം ചേർന്നാൽ മുടിയുടെ ആരോഗ്യം കൂടുതൽ മെച്ചപ്പെടും.
ഈ എണ്ണ തയാറാക്കാൻ
ആദ്യം മൈലാഞ്ചി ഇല, പേരയില, ചെമ്പരത്തി ഇല, തുളസിയില, ആര്യവേപ്പ് ഇല, പനികൂർക്ക എന്നിവയെല്ലാം നന്നായി കഴുകി വ്യത്തിയാക്കി എടുക്കുക. അതിന് ശേഷം ഇത് ഒരു മിക്സിയിലിട്ട് നന്നായി അരച്ച് എടുക്കാം. ഇലകൾ എല്ലാം വ്യത്തിയുള്ളതാണെന്ന് ഉറപ്പ് വരുത്തണം. ഇതിനൊപ്പം അൽപ്പം ചുവന്നുള്ളി കൂടി ചേർത്ത് വേണം അരയ്ക്കാൻ. കാരണം ഇത് മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.
അതിന് ശേഷം ഇരുമ്പ് ചീനച്ചട്ടിയിൽ ആവശ്യത്തിന് വെള്ളിച്ചെണ്ണ എടുത്ത് അതിലേക്ക് അരച്ച് വച്ചിരിക്കുന്ന ഇലകളുടെ കൂട്ട് ഇതിലേക്ക് ഇടുക. തീ കുറച്ച് വച്ച് എണ്ണ 30 മിനിറ്റ് തിളപ്പിക്കുക. ഇലകളുടെ നിറം മാറുമ്പോൾ ഇതിലേക്ക് കുറച്ച് കുരുമുളകും അതുപോലെ ഒരു സ്പൂൺ കരിഞ്ചീരകവും ഒരു സ്പൂൺ നെല്ലിക്ക പൊട്ടിയും ഇട്ട് കൊടുക്കുക. ഇത് മുടിയ്ക്ക് കറുപ്പ് നിറം നൽകാനും വളരാനും ഏറെ സഹായിക്കും. മുടിയുടെ നര മാറ്റാനും മുടി വളരാനും ഏറെ നല്ലതാണ്. നന്നായി എണ്ണ തിളച്ച ശേഷം തീ ഓഫാക്കി തണുപ്പിക്കാൻ വയ്ക്കാം. അതിന് ശേഷം ഗ്ലാസ് കുപ്പിയിലേക്ക് അരിച്ച് എടുത്ത് ഈ എണ്ണ വയ്ക്കാം. അവസാനമായി കർപ്പൂരം പൊടിച്ചതും കൂടി എണ്ണയിലിട്ട് വയ്ക്കാം. കുളിക്കുന്നതിന് മുൻപ് ഈ എണ്ണ തലയിൽ തേച്ച് 45 മിനിറ്റ് വച്ച ശേഷം കഴുകി കളയാവുന്നതാണ്.