കൊച്ചി
കേരളത്തിൽ ആവശ്യത്തിന് തിയറ്ററും കാണികളുമില്ലാതെ ഒരാഴ്ചക്കുള്ളിൽ പൂട്ടിക്കെട്ടി വിദ്വേഷപ്രചാരണ സിനിമ ‘ദ കേരള സ്റ്റോറി’. രണ്ടാംവാരത്തിൽ 40 തിയറ്ററുകളിൽ പ്രദർശിപ്പിക്കാനിരുന്ന സിനിമ മൂന്നിലൊന്ന് തിയറ്ററുകളിലേക്ക് ഒതുങ്ങി. കഴിഞ്ഞ അഞ്ചിന് ലോകവ്യാപകമായി റിലീസ് ചെയ്ത സിനിമ ഏതാനും തിയറ്ററുകൾ വിലയ്ക്കെടുത്താണ് സംസ്ഥാനത്ത് റിലീസ് ചെയ്തത്. മുപ്പതോളമിടത്ത് റിലീസ് തീരുമാനിച്ചെങ്കിലും 20 തിയറ്ററുകളിൽമാത്രമാണ് റിലീസുണ്ടായത്. കാണാൻ ആളില്ലാത്തതിനാൽ പ്രദർശനം പിന്നെയും കുറഞ്ഞു. കേരളത്തിനുപുറത്ത് സിനിമ വൻ ജനപ്രീതി നേടുന്നുവെന്ന മാധ്യമപ്രചാരണത്തിനിടയിലും കേരളത്തിൽ ചലനമുണ്ടാക്കാതിരുന്നത് സംഘപരിവാർ സംഘടനകൾക്ക് ക്ഷീണമായി. ഇതിന് ബദലായി യഥാർഥ കേരള സ്റ്റോറി എന്ന് ടാഗ് ചെയ്ത് പ്രമുഖർ ഉൾപ്പെടെ രംഗത്തുവന്നും വിദ്വേഷസിനിമയുടെ കള്ളം പൊളിച്ചു. സംഗീതജ്ഞൻ എ ആർ റഹ്മാൻ ഉൾപ്പെടെയുള്ളവർ യഥാർഥ കേരളത്തെ ഉയർത്തിക്കാട്ടി.
ജനാഭിപ്രായം ശക്തമാകുന്നതിനിടെ കൂടുതൽ സ്ക്രീനുകളിലേക്ക് സിനിമയെത്തിച്ച് നാണക്കേടിൽനിന്ന് രക്ഷപ്പെടാൻ നീക്കം നടത്തുകയാണ് ഹിന്ദുത്വ സംഘടനകൾ. കൂട്ടത്തോടെ ടിക്കറ്റ് എടുത്ത് സഹായിക്കുമെന്ന വ്യവസ്ഥയിൽ പതിനഞ്ചോളം തിയറ്ററുകളിൽക്കൂടി പ്രദർശനത്തിന് ധാരണയുണ്ടാക്കി. അതുപ്രകാരം വിവിധ ഹിന്ദുത്വസംഘടനകൾ ടിക്കറ്റുകൾ കൂട്ടത്തോടെ ബുക്ക് ചെയ്തെങ്കിലും കാണികൾ തിയറ്ററിലേക്ക് എത്തിയില്ല. എങ്കിലും ടിക്കറ്റ് വിറ്റുപോയതിന്റെ ബലത്തിൽ തിയറ്ററുകൾ പ്രദർശനം മുടക്കിയില്ല. ഇതിനിടെ മറ്റുചില മലയാളചിത്രങ്ങൾ പ്രേക്ഷകശ്രദ്ധ ആകർഷിച്ചതോടെ തിയറ്ററുകൾ ചുവടുമാറ്റി.
അഞ്ചുമുതൽ 12 വരെയുള്ള ഒരാഴ്ച 42 ലക്ഷം രൂപമാത്രമാണ് ‘ദ കേരള സ്റ്റോറി’ സംസ്ഥാനത്തുനിന്ന് കലക്ട് ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. ആഗോള റിലീസിലൂടെ 135 കോടിയോളം നേടി എന്ന അവകാശവാദത്തിനിടെയാണിത്. 12 മുതൽ 18 വരെ 49 തിയറ്ററുകളിലാണ് കളിക്കാനിരുന്നത്. എറണാകുളം ജില്ലയിൽമാത്രം 10 തിയറ്ററുകൾ ഇതിലുൾപ്പെടും. എന്നാൽ, ജില്ലയിലെ രണ്ട് തിയറ്ററിൽമാത്രമാണ് തിങ്കളാഴ്ച പ്രദർശിപ്പിച്ചത്. അതും ആവശ്യത്തിന് ആളില്ലാതെ. ഹിന്ദുത്വ സംഘടനകൾ കൂട്ടത്തോടെ ടിക്കറ്റെടുക്കലും അവസാനിപ്പിച്ചു. ഈ സാഹചര്യത്തിൽ ‘ദ കേരള സ്റ്റോറി’യുടെ കഥകഴിക്കാനാണ് തിയറ്ററുടമകളുടെ തീരുമാനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..