തിരുവനന്തപുരം: എസ്എസ്എല്‍സി ഫലത്തിലെ കൂടിയ വിജയശതമാനത്തില്‍ പ്രതികരണവുമായി മുന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ. അബ്ദുറബ്ബ്. യുഡിഎഫിന്റെ കാലത്ത് വിജയശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വിലകുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക തുടങ്ങിയവയായിരുന്നു സൈബര്‍ പോരാളികളുടെ സ്ഥിരം പണി. ഇത്തവണ കൂടിയ വിജയശതമാനത്തിലും ട്രോളുകളൊന്നും പ്രത്യക്ഷപ്പെടാത്തത് ഫലം പ്രഖ്യാപിച്ചത് താനല്ലാത്തതുകൊണ്ടാണെന്ന് അബ്ദുറബ്ബ് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു. വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവുകേടല്ല, വിദ്യാര്‍ത്ഥികളുടെ മിടുക്കു കൊണ്ടാണെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്.
പി.കെ. അബ്ദുറബ്ബ് വിദ്യാഭ്യാസ മന്ത്രിയായിരിക്കേ എസ്എസ്എല്‍സി വിജയശതമാനം കൂടിയതില്‍ വ്യാപകമായ പരിഹാസമുയര്‍ന്നിരുന്നു. അന്ന് ഉയര്‍ന്ന ട്രോളുകള്‍ ഉപയോഗിച്ച് തിരിച്ചടിച്ചുകൊണ്ടാണ് ഇന്ന് അബ്ദുറബ്ബിന്റെ പ്രതികരണം.
പി.കെ. അബ്ദുറബ്ബിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
SSLC വിജയശതമാനം 99.47
ഗോപാലേട്ടന്റെ പശുവില്ല,
ആമിനത്താത്തയുടെ പൂവന് കോഴിയില്ല,
സ്കൂളിന്റെ ഓട് മാറ്റാന്‍ വന്ന ബംഗാളിയുമില്ല.
റിസള്‍ട്ട് പ്രഖ്യാപിച്ചത് ഞാനല്ലാത്തത് കൊണ്ട്
ഇജ്ജാതി ട്രോളുകളൊന്നുമില്ല.
2011 ല്‍ എം.എ.ബേബി വിദ്യാഭ്യാസ മന്ത്രിയായ സമയത്ത് 91.37 ആയിരുന്നു വിജയശതമാനം. പിന്നീട് ഞാന്‍ മന്ത്രിയായിരുന്ന കാലത്തും SSLC വിജയശതമാനം കൂടിക്കൂടി വന്നു.
2012 ല്‍ 93.64%
2013 ല്‍ 94.17%
2014 ല്‍ 95.47 %
2015 ല്‍ 97.99%
2016 ല്‍ 96.59%
UDF ന്റെ കാലത്താണെങ്കില്‍ വിജയശതമാനം ഉയരുമ്പോള്‍ വിദ്യാര്‍ത്ഥികളുടെ കഴിവിനെ വില കുറച്ചു കാണിക്കുക, മന്ത്രിയെ ട്രോളുക, കുറ്റപ്പെടുത്തുക.. ഇതൊക്കെയാണ് ഇടത് സൈബര്‍ പോരാളികളുടെ സ്ഥിരം പണി.
2016 മുതല്‍ പ്രൊഫസര്‍ രവീന്ദ്രനാഥ് മന്ത്രിയായ ശേഷമുള്ള വിജയശതമാനവും ഉയരത്തില്‍ തന്നെയായിരുന്നു.
2017 ല്‍ 95.98%
2018 ല്‍ 97.84%
2019 ല്‍ 98.11%
2020 ല്‍ 98.82%
ഇപ്പോഴിതാ 2021 ല്‍ 99.47% പേരും SSLC’ക്ക് ഉപരിപഠന യോഗ്യത നേടിയിരിക്കുന്നു.
വിജയശതമാനം കൂടിയത് മന്ത്രിയുടെ കഴിവു കേടല്ല, വിദ്യാര്‍ത്ഥികളെ, നിങ്ങളുടെ മിടുക്കു കൊണ്ടാണ്. നിങ്ങളുടെ വിജയത്തെ വില കുറച്ചു കാണുന്നില്ല.
ഉപരിപഠന യോഗ്യത നേടിയ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍.
Content Highlights: Former Educational Minister of Kerala, PK Abdu Rabb on SSLC Pass percentage