ഇന്ത്യന്‍ സംഘം മദീനയിലെത്തും
കൊല്‍കത്ത, ലഖ്നൗ, ജയ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നുള്ള വിമാനങ്ങളിലാണ് ഇന്ത്യന്‍ സംഘം മദീനയിലെത്തുക. ഇവരെ സ്വീകരിക്കാന്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് കിഴില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു. മദീനയിലെത്തുന്ന തീര്‍ഥാടകര്‍ പ്രവാചകന്റെ പള്ളിയും റൗദാ ശരീഫും ഉള്‍പ്പെടെ ഇവിടത്തെ സന്ദര്‍ശനം പൂര്‍ത്തിയാക്കി മക്കയിലെത്തും. ഹജ്ജ് കര്‍മങ്ങള്‍ അവസാനിച്ച ശേഷം ജിദ്ദ വിമാനത്താവളം വഴിയാവും ഇവര്‍ നാട്ടിലേക്ക് മടങ്ങുക. അടുത്ത മാസം ആദ്യ വാരം കേരളത്തില്‍ നിന്നുള്ളവരും ഹജ്ജിനായി ജിദ്ദയിലേത്തും. ഇവര്‍ ജിദ്ദയില്‍ നിന്ന് നേരിട്ട് മക്കയിലേക്കാണ് പോവുക. ഹജ്ജ് കര്‍മങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷമായിരിക്കും ഇവര്‍ മദീന സന്ദര്‍ശനത്തിന് പുറപ്പെടുക. അവിടെ നിന്ന് നാടുകളിലേക്ക് തിരിക്കും. ജൂലൈ ഒന്നിനാണ് ഹാജിമാരുടെ മടക്കയാത്ര തുടങ്ങുക. ഓഗസ്റ്റ് രണ്ടിന് അര്‍ധരാത്രിയോടെ മുഴുവന്‍ ഹാജിമാരും സൗദി അറേബ്യ വിടണമെന്നാണ് നിര്‍ദ്ദേശം.
മക്ക റൂട്ട് പദ്ധതി ഈ വര്‍ഷം ഏഴ് രാജ്യങ്ങളില്‍
ഹജ്ജ് തീര്‍ഥാടകരുടെ ഇമിഗ്രേഷന്‍ നടപടിക്രമങ്ങള്‍ സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് പുറപ്പെടും മുമ്പ് തന്നെ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന മക്ക റൂട്ട് പദ്ധതി ഈ വര്‍ഷം ഏഴ് രാജ്യങ്ങളില്‍ നടപ്പിലാക്കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നിലവില്‍ പദ്ധതി നടപ്പിലാക്കിയ പാകിസ്താന്, മലേഷ്യ, ഇന്തോനീഷ്യ, മൊറോക്കോ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങള്‍ക്കു പുറമെ തുര്‍ക്കി, ഐവറി കോസ്റ്റ് എന്നീ രാജ്യങ്ങളെ കൂടി ഉള്‍പ്പെടുത്തിയാണ് പദ്ധതി വിപുലീകരിച്ചത്. വിഷന്‍ 2030 പദ്ധതിയില്‍ പെട്ട പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാമിന്റെ ഭാഗമായി ഇത് അഞ്ചാം വര്‍ഷമാണ് മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്. 2019ലായിരുന്നു ഹാജിമാര്‍ക്ക് ഏറെ സൗകര്യപ്രദമാവുന്ന പദ്ധതിക്ക് സൗദി അധികൃതര്‍ തുടക്കം കുറിച്ചത്.
ലഗേജ് സൗദിയിലെ താമസ സ്ഥലങ്ങളില്‍ നേരിട്ട് എത്തിക്കാനും സംവിധാനം
ഈ പദ്ധതിക്കു കീഴില്‍ വരുന്ന തീര്‍ഥാടകര്‍ക്ക് ഇലക്ട്രോണിക് വിസയാണ് നല്‍കുക. സ്വന്തം രാജ്യത്തെ വിമാനത്താവളങ്ങളില്‍ വച്ചു തന്നെ പാസ്പോര്‍ട്ട് പരിശോധനയും ആരോഗ്യ പരിശോധനകളും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പൂര്‍ത്തായാക്കാനാവും. ഇവരുടെ ലഗേജ് സൗദിയിലെ താമസ സ്ഥലങ്ങളില്‍ നേരിട്ട് എത്തിക്കാനും സംവിധാനം ഒരുക്കും. ഇവര്‍ സൗദിയില്‍ എത്തിയാല്‍ ഇമിഗ്രേഷന്‍ നടപടികള്‍ ഒന്നുമില്ലാതെ തന്നെ നേരിട്ട് താമസ ഇടങ്ങളിലേക്കുള്ള ബസ്സിലേക്ക് പ്രത്യേക വഴിയിലൂടെ പോകാനാവും. സൗദിയിലെ ബന്ധപ്പെട്ട സേവന വകുപ്പുകള്‍ തീര്‍ഥാടകരുടെ ലഗേജുകള്‍ മുറികളിലെത്തിക്കുകയാണ് ചെയ്യുക. വിദേശ, ആരോഗ്യ, ഹജ്, ഉംറ മന്ത്രാലയങ്ങളുമായും ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനുമായും സകാത്ത്, ടാക്സ് ആന്റ് കസ്റ്റംസ് അതോറ്റിയുമായും സൗദി അതോറിറ്റി ഫോര്‍ ഡാറ്റ ആന്റ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായും പില്ഗ്രിംസ് സര്‍വീസ് പ്രോഗ്രാമുമായും ജവാസാത്ത് ഡയറക്ടറേറ്റുമായും സഹകരിച്ചാണ് ആഭ്യന്തര മന്ത്രാലയം മക്ക റൂട്ട് പദ്ധതി നടപ്പാക്കുന്നത്.