ഷാർജ> കേരളത്തിന്റെ ഇരുട്ടകറ്റുവാൻ വിളക്കുമാടങ്ങളായി കാവൽ നിന്ന നവോത്ഥാന നായകരുടെ വീര്യവുമായാണ് കേരള ജനത ജീവിക്കുന്നത് എന്ന് ജോൺ ബ്രിട്ടാസ് എംപി. ആ വീര്യമാണ് കേരളത്തിന്റെ മതമൈത്രിയേയും സാഹോദര്യത്തെയും കാത്തുസൂക്ഷിക്കുന്നത് എന്നും അത് സംരക്ഷിക്കാൻ കേരള ജനത വിശ്രമമില്ലാത്ത ജാഗ്രത പുലർത്തണമെന്നും എം പി കൂട്ടിച്ചേർത്തു. കമോൺ കേരളയുടെ ഭാഗമായി യുഎഇ സർക്കാറിന്റെ സുസ്ഥിരതാ സന്ദേശത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഷാർജ എക്സ്പോയിൽ സംഘടിപ്പിച്ച ചടങ്ങിൽ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെ മുരളീധരൻ എംപി, ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ ഹംസ അബ്ബാസ്, യുഎഇയിലെ സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രഗത്ഭർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
സാമൂഹ്യ ജാഗ്രത ഏറ്റവും കൂടുതലുള്ള സംസ്ഥാനങ്ങളിൽ ഒന്നാണ് കേരളം. അതുകൊണ്ടുതന്നെ ഹിന്ദുവെന്നോ മുസ്ലീമെന്നോ ക്രിസ്ത്യാനി എന്നോ ഭേദമില്ലാതെ കേരളീയർ നാടിനെ സംരക്ഷിച്ചു പോരുന്നു. ഇത് മറ്റൊരു സംസ്ഥാനങ്ങളിലും ഇല്ലാത്ത സ്ഥിതിവിശേഷമാണ്. ജാതിമത സങ്കുചിത താല്പര്യങ്ങൾ മുൻനിർത്തി കേരളത്തിന്റെ സാഹോദര്യവും പരസ്പര സ്നേഹവും തകർക്കാൻ ഒട്ടേറെ ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. കേരള സ്റ്റോറി പോലെയുള്ള സിനിമകൾ കേരളത്തിനെ അപകീർത്തിപ്പെടുത്തുവാൻ ഉദ്ദേശിച്ച് നിർമ്മിച്ച സിനിമയാണ്. എന്നാൽ നാടിന്റെ സാഹോദര്യവും സമഭാവനയും തകർക്കുന്ന ഇത്തരം സിനിമകളെ കേരളീയർ ഒന്നടങ്കം ബഹിഷ്കരിച്ചു. നവോത്ഥാന മൂല്യങ്ങളിലൂടെ കേരളം ആർജിച്ചെടുത്ത സാമൂഹ്യ ജാഗ്രതയാണ് ഇതിന് അടിസ്ഥാനം. കേരളം കുതിപ്പിന്റെ വക്കിലാണെന്നും സങ്കുചിത താല്പര്യങ്ങൾ വെടിഞ്ഞ് കേരളത്തിന്റെ വികസനം ശക്തിപ്പെടുത്താൻ ഐക്യപ്പെടേണ്ടത് അനിവാര്യമാണെന്നും ജോൺ ബ്രിട്ടാസ് പറഞ്ഞു.
നീതി ആയോഗിന്റെ കണക്കുപ്രകാരം സുസ്ഥിര വികസനത്തിന്റെ കാര്യത്തിൽ കേരളം ഇന്ത്യയിലെ സംസ്ഥാനങ്ങളിൽ ഒന്നാമതാണ്. കേരളം ഒരു ചെറിയ ഭൂമിക ആണെങ്കിലും കേരളീയരുടെ മനസ്സ് വിശാലമാണ്. അതുകൊണ്ടാണ് കേരളം അപകടപ്പെടുന്ന സാഹചര്യങ്ങളിലൊക്കെ പ്രവാസി മലയാളികൾ കേരളത്തിന് കരുത്ത് പകർന്ന് കൂടെ നിൽക്കുന്നത്. കേരളീയത എന്നു പറയുന്നത് സാഹോദര്യത്തിന്റെയും, പരസ്പര വിശ്വാസത്തിന്റേയും, ഐക്യപ്പെടലിന്റേയും കാര്യത്തിൽ ഏവർക്കും മാതൃകയാകുന്ന ഒരു അസാധാരണ അനുഭവമാണ്. ഈ അനുഭവത്തെ തല്ലിക്കെടത്തുവാൻ ശ്രമിക്കുന്ന ശക്തികൾ ആരായാലും അവർ തോറ്റു പിന്മാറുക തന്നെ ചെയ്യുമെന്നും ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള് വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..