കൊച്ചി: വീടുകളില്‍ വളര്‍ത്തുന്ന ഓമനമൃഗങ്ങള്‍ക്കും കന്നുകാലികള്‍ക്കും ഉടമകള്‍ ആറു മാസത്തിനകം തദ്ദേശ സ്ഥാപനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത് ലൈസന്‍സ് എടുക്കണമെന്ന് ഹൈക്കോടതിയുടെ നിര്‍ദേശം. തിരുവനന്തപുരം അടിമലത്തുറ ബീച്ചില്‍ ബ്രൂണോ എന്ന വളര്‍ത്തുനായയെ അടിച്ചു കൊന്ന സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ എടുത്ത ഹര്‍ജിയിലാണ് ഉത്തരവ്.
ലൈസന്‍സ് എടുക്കണമെന്ന് വ്യക്തമാക്കി പഞ്ചായത്തുകളും നഗരസഭകളും ഉടന്‍ നോട്ടീസിറക്കണം. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. വളര്‍ത്തുമൃഗങ്ങളെ വാങ്ങുന്നവര്‍ മൂന്നു മാസത്തിനകം ലൈസന്‍സ് എടുക്കണമെന്ന വ്യവസ്ഥ വേണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്. സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡ് പുനഃ സംഘടിപ്പിക്കുമ്പോള്‍ ജംബോ സമിതി വേണ്ടെന്നും കോടതി നിര്‍ദ്ദേശിച്ചു.
പുനഃസംഘടിപ്പിക്കാന്‍ സുപ്രീം കോടതിയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ അഡ്വ. ജയശങ്കര്‍ വി.നായര്‍ അറിയിച്ചു. ബോര്‍ഡ് രണ്ടാഴ്ചയ്ക്കുള്ളില്‍ പുനഃസംഘടിപ്പിക്കുമെന്നു അഡി. അഡ്വക്കേറ്റ് ജനറല്‍ അശോക്. എം. ചെറിയാനും വ്യക്തമാക്കി. ജസ്റ്റിസ് എ.കെ. ജയശങ്കരന്‍ നമ്പ്യാര്‍, ജസ്റ്റിസ് പി. ഗോപിനാഥ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്.
Content Highlights: Kerala high court give instruction on Pet animal registration