കോയമ്പത്തൂർ-ഷോർണൂർ നാലാം ട്രാക്കിന്റെ സർവ്വേയ്ക്കു വേണ്ടി 1.98 കോടി രൂപ റെയിൽവ്വേ അനുവദിച്ചിട്ടുണ്ട്. 99 കിലോമീറ്റർ ദൂരമാണ് സർവ്വേ നടത്തേണ്ടത്.
2017ൽ സംസ്ഥാന സർക്കാർ മുമ്പോട്ടു വെച്ചതാണ് കാസറഗോഡ്-തിരുവനന്തപുരം റൂട്ടില്‍ നിലവിലെ രണ്ടുവരിപ്പാത നാലുവരിയാക്കി മാറ്റുകയെന്ന നിർദ്ദേശം. അതിവേഗ റെയിൽപ്പാത വേറെ വേണമെന്ന നിലപാടിൽ നിൽക്കെത്തന്നെയാണ് ഈ ട്രാക്ക് വികസനത്തിനായി സംസ്ഥാന സർക്കാർ റെയിൽവേയെ സമീപിച്ചത്. നിലവിലുള്ള റെയിൽപ്പാതയ്ക്ക് സമീപം റെയിൽവേ ഭൂമി ആവശ്യത്തിനുള്ളതിനാൽ നാലുവരിപ്പാതയ്ക്കു വേണ്ടി കൂടുതൽ സ്ഥലം ഏറ്റെടുക്കേണ്ടതില്ല എന്നത് ഈ പദ്ധതിയുടെ ഒരു മെച്ചമാണ്.
നാലുവരിയാകുന്നതോടെ ഹൈസ്പീഡ് ട്രെയിനുകൾക്കായി ട്രാക്കുകൾ മാറ്റി വെക്കാനാകും. ചരക്കു വണ്ടികൾക്കും ഹ്രസ്വദൂര പാസഞ്ചർ വണ്ടികൾക്കുമെല്ലാം കടന്നുപോകാൻ എളുപ്പമാകും. യാത്രാസമയം ഗണ്യമായി കുറയും. ‘പിടിച്ചിടൽ’ എന്ന ചടങ്ങ് ഉണ്ടാകില്ല. ഒപ്പം ഹ്രസ്വദൂര യാത്രകൾക്ക് മെമു പോലുള്ള കൂടുതൽ ട്രെയിനുകൾ ഏര്‍പ്പാടാക്കാം. നിലവിലെ ഇരട്ടപ്പാത അതിവേഗ ട്രെയിനുകൾക്ക് യോജിച്ചതല്ല. വന്ദേഭാരത് കേരളത്തിലോടുന്നത് താരതമ്യേന കുറഞ്ഞ വേഗത്തിലാണ്. വന്ദേഭാരത് മൂലം മറ്റ് വണ്ടികളുടെ സമയക്രമത്തിൽ മാറ്റങ്ങളും വന്നിട്ടുണ്ട്.
ഇതിനിടെ റെയിൽപ്പാതയിലെ വളവ് നിവർത്തലിനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. റെയിൽപ്പാതയിലെ വളവുകൾ കണ്ടെത്താനുള്ള ലിഡാർ സർവ്വേ (LiDAR) റിപ്പോർട്ട് മെയ് മാസം തന്നെ സമർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ വന്നിരുന്നത്. പുതിയ ചില റിപ്പോർട്ടുകൾ പറയുന്നത് മെയ് മാസം അവസാനത്തോടെയേ സർവ്വേ തുടങ്ങൂ എന്നാണ്. ഒക്ടോബര്‍ മാസത്തോടെ ഇതിന്റെ റിപ്പോർട്ട് സമർപ്പിക്കും. വളവുകൾ പരമാവധി നിവർത്തുന്നതോടെ വന്ദേഭാരത് പോലുള്ള ട്രെയിനുകൾക്ക് മണിക്കൂറിൽ 160 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ സാധിക്കും.
ഹൈദരാബാദിലെ ആർവി അസോസിയേറ്റ്സാണ് സര്‍വ്വേ നടത്തുന്നത്.
അതെസമയം വളവുകൾ നിവർത്തുന്നതിന് വലിയ തോതിൽ ഭൂമി ഏറ്റെടുക്കൽ ആവശ്യമാണെന്ന് നിരീക്ഷിക്കപ്പെടുന്നുണ്ട്. കേരളത്തിലെ റെയിൽവേ ലൈനിന്റെ 35 ശതമാനവും വളവുകൾ നിറഞ്ഞതാണ്. 626 വളവുകളാണ് ആകെയുള്ളത്. ഇതിൽ 200 എണ്ണം കൊടുംവളവുകളാണ്. കേരളത്തിന്റെ പ്രത്യേക ഭൂമിശാസ്ത്രമാണ് ഇത്രയധികം വളവുകൾക്ക് കാരണം. കൊടുംവളവുകൾ നിവർത്തുമ്പോൾ ഏറ്റെടുക്കേണ്ട ഭൂമിയുടെ അളവ് കൂടും. ഇത് ഏക്കറുകളാകും എന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
കേരളം കെ റെയിൽ വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുന്നതിന്റെ കൂടി പശ്ചാത്തലത്തിലാണ് കേന്ദ്രം ട്രെയിനുകളുടെ ഗതിവേഗം കൂട്ടാനും, കാത്തിരിപ്പുനേരം കുറയ്ക്കാനുമുള്ള ശ്രമങ്ങൾ തുടങ്ങിയിരിക്കുന്നത്. പരമ്പരാഗത റെയിൽപ്പാത കാര്യക്ഷമമാകുന്നതോടെ കെ റെയിൽ എന്ന ആവശ്യമുന്നയിക്കുന്നതിൽ നിന്ന് ജനങ്ങൾ പിന്തിരിഞ്ഞേക്കുമെന്ന് സർക്കാർ കരുതുന്നുണ്ട്.