തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചത്
ലണ്ടൻ: ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലെ അംഗത്തിന് കോവിഡ്. പാരമ്പരയ്ക്കായി ഇംഗ്ലണ്ടിലുള്ള ഒരു താരത്തിനാണ് കോവിഡ് സ്ഥിരീകരിച്ചത്. പോസിറ്റീവ് ആയ താരം ഹോം ക്വാറന്റൈനിൽ കഴിയുകയാണെന്നാണ് ഇന്ത്യൻ എക്സ്പ്രസ്സിന് ലഭിച്ച വിവരം. നിലവിൽ ഇംഗ്ലണ്ടിലുള്ള ബന്ധുവിന്റെ വീട്ടിൽ ക്വാറന്റൈനിൽ കഴിയുന്ന താരം പിന്നീട് ദർഹാമിൽ ടീമിനൊപ്പം ചേരും.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന് ശേഷം ഇംഗ്ലണ്ടിൽ അവധി ആഘോഷിച്ചിരുന്ന ഇന്ത്യൻ താരങ്ങൾ ഇന്നാണ് ദർഹാമിൽ ബയോ ബബിളിൽ പ്രവേശിക്കുക.
തൊണ്ട വേദന അനുഭവപ്പെട്ടതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് താരം കോവിഡ് പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത് എന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും ലഭിച്ച വിവരം. താരവുമായി അടുത്ത സമ്പർക്കത്തിൽ വന്ന കളിക്കാരും സപ്പോർട്ട് സ്റ്റാഫുകളും മൂന്ന് ദിവസം ഐസൊലേഷനിൽ കഴിഞ്ഞിരുന്നു. അവരുടെ ഐസൊലേഷൻ കഴിഞ്ഞ ദിവസം പൂർത്തിയായി.
ബുധനാഴ്ച ചീഫ് സെലക്ടറായ ചേതൻ ശർമ ബിസിസിഐ അധ്യക്ഷൻ സൗരവ് ഗാംഗുലിയെ കൊൽക്കത്തയിൽ സന്ദർശിച്ചുരുന്നു. എന്നാൽ എന്തിനായിരുന്നു കൂടിക്കാഴ്ച എന്ന് ഇരുവരും വ്യക്തമാക്കിയില്ല.
പാക്കിസ്ഥാൻ പരമ്പരയ്ക്കുള്ള ഇംഗ്ലണ്ട് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ച വാർത്തകൾക്ക് പിന്നാലെയാണ് ഇന്ത്യൻ താരവും കോവിഡ് പോസിറ്റീവ് ആകുന്നത്. കഴിഞ്ഞ ആഴ്ച പരമ്പര ആരംഭിക്കുന്നതിന് രണ്ടു ദിവസം മുൻപാണ് ഏഴ് ഇംഗ്ലണ്ട് ടീം അംഗങ്ങൾക്ക് കോവിഡ് സ്ഥിരീകരിച്ചത്. താരങ്ങൾക്ക് ഉൾപ്പടെ കോവിഡ് ബാധിച്ചതോടെ ഇംഗ്ലണ്ട് പുതിയ ടീമുമായാണ് മൂന്ന് ഏകദിന മത്സരങ്ങളും കളിച്ചത്.
Read Also: ട്വന്റി 20 ടീമിലേക്കുള്ള ധവാന്റെ മടക്കം കടുപ്പമേറിയത്: അഗാർക്കർ
ബെൻ സ്റ്റോക്സിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ഇംഗ്ലണ്ട് മൂന്ന് ഏകദിനങ്ങളും ജയിച്ചെങ്കിലും ബയോ ബബിളിൽ കഴിഞ്ഞിരുന്ന ടീം അംഗങ്ങളെ എങ്ങനെയാണു വൈറസ് ബാധിച്ചത് എന്നതിൽ വ്യക്തത വന്നിട്ടില്ല.
പാക്കിസ്ഥാൻ പരമ്പരയ്ക്ക് മുൻപ് ഇംഗ്ലണ്ടിൽ സീരീസ് കളിച്ച ശ്രീലങ്കൻ ടീം അംഗങ്ങൾക്കും കഴിഞ്ഞ കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശ്രീലങ്കയുടെ ബാറ്റിങ് പരിശീലകൻ ഗ്രാന്റ് ഫ്ളവറിനും ഡാറ്റ അനലിസ്റ്റ് നിരോഷനും കോവിഡ് സ്ഥിരീകരിച്ചതോടെ ജൂലൈ 13ന് ആരംഭിക്കേണ്ടിയിരുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പര ജൂലൈ 18ലേക്ക് നീട്ടിവെച്ചു.
ജൂൺ 23ന് ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് മത്സരം അവസാനിച്ച ശേഷം ഇന്ത്യൻ താരങ്ങൾക്ക് ബയോ ബബിളിൽ നിന്നും പുറത്തു കടക്കാൻ ബിസിസിഐ അനുമതി നൽകിയിരുന്നു. ജൂലൈ പകുതിയോടെ ടീം അംഗങ്ങൾ തിരികെ ബബിളിൽ പ്രവേശിക്കണം എന്ന നിബന്ധനയോടെയായിരുന്നു അത്. ആഗസ്റ്റ് നാല് മുതലാണ് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങൾ അടങ്ങിയ ടെസ്റ്റ് പരമ്പര ആരംഭിക്കുക.