കൊല്ലം: കുണ്ടറ കോവില്‍മുക്കില്‍ കിണര്‍ കുഴിക്കുന്നതിനിടെയുണ്ടായ അപകടത്തിൽ നാലുപേര്‍ മരിച്ചു. നൂറടിയോളം താഴ്ചയുള്ള കിണറ്റില്‍ കുടുങ്ങി ശ്വാസംമുട്ടിയായിരുന്നു മരണം. കുണ്ടറ സ്വദേശികളായ രാജന്(35), സോമരാജന്(54), ശിവപ്രസാദ്(24), മനോജ്(32) എന്നിവരാണ് മരിച്ചത്. പെരുമ്പുഴ കോവില്‍മുക്കില്‍ രാവിലെ പത്തുമണിയോടെയാണ് അപകടം. കിണറ്റിലെ ചെളി നീക്കാൻ എത്തിയ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ആദ്യം രണ്ടുപേര്‍ കിണറ്റിലിറങ്ങുകയായിരുന്നു. ഇവര്‍ക്ക് ശ്വാസമെടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടായതോടെ മറ്റു രണ്ടുപേര്‍ കൂടി ഇവരെ രക്ഷിക്കാനായി കിണറ്റിലേക്ക് ഇറങ്ങി. എന്നാല്‍ ഇവരും കുടുങ്ങി. അതോടെ നാട്ടുകാര്‍ പോലീസിലും ഫയര്‍ഫോഴ്സിലും വിവരം അറിയിക്കുകയായിരുന്നു. കിണറിനുള്ളില്‍ ഓക്സിജന്റെ സാന്നിധ്യം അല്പം പോലും ഉണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തിന് ഇറങ്ങിയ ഒരു ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥന് ദേഹാസ്വാസ്ഥ്യമുണ്ടായിതിനു പിന്നാലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാലുപേരെയും പുറത്തെത്തിച്ചപ്പോള്‍ ഒന്നോ രണ്ടോ പേര്‍ക്കുമാത്രമായിരുന്നു നേരിയതോതില്‍ ശ്വാസമുണ്ടായിരുന്നത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കിണര്‍ മൂടാന്‍ ഫയര്‍ ഫോഴ്സ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതിനു പിന്നാലെ കിണറും പരിസരവും കമ്പിവേലി കെട്ടി ആളുകള്‍ ഇവിടേക്ക് പ്രവേശിക്കാതെ ഇരിക്കാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കിണറിന്റെ അടിയില്‍ വിഷവാതകമുണ്ടെന്നാണ് പ്രാഥമിക നിഗമനം. അതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ പരിശോധന നടത്താനും ഫയര്‍ ഫോഴ്സ് തീരുമാനിച്ചിട്ടുണ്ട്.
Content highlight: 4 dies after inhaling poisonous gas while cleaning well