ഭാഗം: 1
കൊച്ചിയിൽ നിന്ന് ഏയർ ഏഷ്യ വിമാനത്തിലാണ് ജക്കാർത്ത ലക്ഷ്യമാക്കി പറന്നത്. ഓരോ യാത്രകളും പുതിയ അനുഭവങ്ങളാണെന്ന് പായുന്നത് വെറുതെയല്ല. കണ്ടുമുട്ടുന്നവരും പരിചയപ്പെടുന്നവരും വ്യത്യസ്‌തരായിരിക്കും. യാത്രാ ചെലവിലേക്കുള്ള ഇന്ത്യൻ രൂപ ഡോളറിലേക്ക് മാറ്റിയപ്പോൾ ഒന്നിൻ്റെയും അഞ്ചിൻ്റെയുമൊക്കെ ഡോളർ വാങ്ങാൻ ഗൺമാൻ പ്രജീഷിനോട് പ്രത്യേകം പറഞ്ഞിരുന്നു. വഴിച്ചെലവിന് അതാകും നല്ലതെന്നാണ് കരുതിയത്. കൊച്ചി എയർപോർട്ടിൽ വെച്ച് കണ്ടുമുട്ടിയ പരിചയക്കാരനായ റഊഫ് ഒരുകാരണവശാലും ചെറിയ സംഖ്യയുടെ ഡോളർ കൈവശം വെക്കരുതെന്ന് ഉപദേശിച്ചു.
മടക്കാത്ത നൂറ് ഡോളറിൻ്റെ കറൻസിയാണ് ശരിയായ മൂല്യത്തിൽ എളുപ്പം ഇന്തോനേഷ്യയിൽ മാറാൻ കഴിയുകയുള്ളുവത്രെ. ഇതുകേട്ട പ്രജീഷ് ഉടൻതന്നെ എയർ പോർട്ടിലെ ബാങ്ക് കൗണ്ടറിൽ ചെന്ന് നൂറിൻ്റേത് മാത്രമാക്കി ഡോളർ മാറ്റിയെടുത്തു. റഊഫ് വളാഞ്ചേരിയിൽ പ്രവർത്തിച്ചിരുന്ന എം.ഇ.എസ് എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ബിരുദമെടുത്തയാളാണ്. അവർ താമസിച്ചത് ഞങ്ങളുടെ തറവാടിനടുത്തുള്ള കറ്റട്ടിക്കുളത്തിനടുത്തെ ഒരു ക്വോർട്ടേഴ്‌സിൽ ആയിരുന്നു. കോവിഡ് കാലത്ത് മന്ത്രി എന്ന നിലയിൽ ഓൺലൈനിൽ സംഘടിപ്പിച്ച മീറ്റിംഗിൽ സംസാരിച്ച സമയത്ത് സുമാത്രയിൽ നിന്ന് ലിങ്കിൽ വന്നത് റഊഫാണ്. അന്ന് മുതൽ പരിചയമുണ്ടെങ്കിലും നേരിൽ കാണുന്നത് ആദ്യമായാണ്.
അദ്ദേഹത്തിൻ്റെ ഭാര്യ തൃശൂർ സർക്കാർ മെൻ്റൽ ഹോസ്‌പിറ്റലിലെ ഡോക്‌ടറാണ്. എഞ്ചിനീയറായ റഊഫ് ബിസിനസ്സാണ് തൻ്റെ യഥാർത്ഥ ഇടമെന്ന് തിരിച്ചറിഞ്ഞു. എഞ്ചിനീയറിംഗ് വൈഭവം വ്യാപാര രംഗത്ത് പ്രയോഗിച്ചു. അടക്കാ ബിസിനസ്സിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ മേഡാനിലാണ് റഊഫിൻ്റെ കച്ചവട സ്ഥാപനം. കേരളത്തിലെ പ്രധാന അടക്കാ വ്യാപാരികളുമായെല്ലാം അദ്ദേഹത്തിന് നല്ല ബന്ധമാണ്. അനുജ സഹോദര തുല്യനായ അയിലക്കാട് കെ.വി സക്കീർ, സമസ്തയുടെ ബോർഡിംഗിൽ ഒരുമിച്ച് പഠിച്ച ചാലിശ്ശേരിക്കാരൻ ഇബ്രാഹിംകുട്ടി എന്നിവരുമായൊക്കെ റഊഫിന് നല്ല അടുപ്പമുണ്ട്. കോലാലമ്പൂർ വഴിയാണ് ഞങ്ങൾക്ക് യാത്ര ചെയ്യേണ്ടത്. ഒരു ദിവസം മുമ്പാണ് അദ്ദേഹം യാത്ര നിശ്ചയിച്ചിരുന്നത്. അന്നത്തെ ഫ്ലൈറ്റ് ക്യാൻസൽ ചെയ്‌തു. സ്വാഭാവികമായി യാത്ര തൊട്ടടുത്ത ദിവസത്തേക്കായി. അങ്ങിനെയാണ് ഞങ്ങളുടെ അവിചാരിത സംഗമമുണ്ടായത്. എനിക്കതൊരു അനുഗ്രഹമായി.
പഠനയാത്രയുടെ ഭാഗമായി ഇന്തോനേഷ്യയിൽ പോകണമെന്ന് നേരത്തേ മനസ്സിൽ ആഗ്രഹിച്ചിരുന്നു. സമയവും സാഹചര്യവും ഒത്തുവന്നത് ഇപ്പോഴാണ്. ഇനി ലോകം ചുറ്റണം. അവിടുത്തെ മനുഷ്യരുടെ ജീവിതം നേരിൽ കാണണം. കണ്ടതത്രയും ജനങ്ങളോട് പറയണം. ഓരോ രാജ്യത്തെ വിവിധ ജനവിഭാഗങ്ങൾ എങ്ങിനെയാണ് ഐക്യത്തോടെ ജീവിക്കുന്നതെന്ന് നേരിട്ട് മനസ്സിലാക്കണം. ബന്ധപ്പെട്ടവരുടെ മുഖത്ത് നിന്നുതന്നെ അതുകേൾക്കണം. അവർ പരസ്‌പരം അകറ്റി നിർത്തുന്നുണ്ടോയെന്നും പീഢിപ്പിക്കുന്നുണ്ടോയെന്നും ചോദിച്ചറിയണം. സത്യാവസ്ഥ വെള്ളം ചേർക്കാതെ വിളിച്ചു പറയണം. വർത്തമാന ഇന്ത്യയിൽ അതിൽപരം ദേശീയോത്ഗ്രഥന പ്രധാനമായ മറ്റൊരു പ്രവൃത്തി വേറെ ഉണ്ടാവില്ല.
ഇരുട്ടിലെ കൊച്ചി പകലിനെക്കാൾ സുന്ദരിയാണെന്ന് തോന്നി. പകലന്തിയോളം പണിയെടുത്ത ക്ഷീണമൊന്നും അവളുടെ മുഖത്ത് പ്രകടമല്ല. അറബിക്കടലിൻ്റെ റാണിയെ വരിഞ്ഞ് മുറുക്കാൻ ഇരുട്ട് കിണഞ്ഞ് ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തിൻ്റെ വെനീസ് അതിൽനിന്നെല്ലാം കുതറിമാറി ഉറങ്ങാതെ ഉണർന്നിരിക്കുകയാണ്. രാത്രി 12 മണിക്ക് ആകാശത്ത് നിന്ന് കൊച്ചിയെ നോക്കിയാൽ ശരീരമാസകലം സ്വർണ്ണാഭരണങ്ങൾ ധരിച്ച് ഒരു കറുത്ത സുന്ദരി മെത്തയിൽ മലർന്ന് കിടക്കുന്ന പോലെ തോന്നും.
ഞങ്ങളെയും വഹിച്ച് അഞ്ചുമണിക്കൂർ പറന്ന് അൽപം കിതച്ചാണ് കോലാലമ്പൂർ വിമാനത്താവളത്തിൽ എയർഏഷ്യ വിമാനം എത്തിയത്. വിലകുറഞ്ഞ ടിക്കറ്റായതിനാൽ വിമാനത്തിൽ നിന്ന് പച്ചവെള്ളം കിട്ടിയില്ല. താമസിയാതെ കൺപോളകൾ കൃഷ്ണമണിക്ക് ഷട്ടറിട്ടു. ലാൻ്റിംഗിൻ്റെ അരമണിക്കൂർ മുമ്പുള്ള അനൗൺസ്മെൻ്റ് കേട്ടാണ് ഞെട്ടിയുണർന്നത്. താഴേക്ക് നോക്കിയപ്പേൾ കണ്ണിൽ പതിഞ്ഞ നയന വിസ്മയം അനിർവചനീയമാണ്. വിവിധ നിറങ്ങളിലുള്ള കുപ്പിവളപ്പൊട്ടുകൾ ഒരു പ്രകാശ പ്രതലത്തിൽ വാരി വിതറിയ പോലൊരു കാഴ്ച! ദ്വീപസമൂഹങ്ങളുടെ വൈദ്യുതാലംകൃത ഭംഗി “സൗന്ദര്യം”എന്ന വാക്കിനെ തോൽപ്പിക്കുന്നതായിരുന്നു.
കെട്ടിലും മട്ടിലും ഗാംഭീര്യം സ്‌ഫുരിക്കുന്ന വലിയ വിമാനത്താവളമാണ് കൊലാലമ്പൂർ എയർപോർട്ട്. കൊച്ചി-കൊലാലമ്പൂർ യാത്രയിൽ ഒന്നോ രണ്ടോ സീറ്റുകൾ മാത്രമാണ് ഫ്ലൈറ്റിൽ ഒഴിഞ്ഞു കിടന്നത്. ഭൂരിപക്ഷം യാത്രക്കാരും മലയാളികളാണ്. അധികപേരും മലേഷ്യ ചുറ്റിയടിച്ച് കാണാൻ പോകുന്നവർ. കൂട്ടത്തിൽ കൊലാലമ്പൂരിൽ നടക്കുന്ന അലോപ്പതി മെഡിക്കൽ രംഗത്തെ അന്താരാഷ്ട്ര കോൺഫറൻസിൽ പേപ്പർ അവതരിപ്പിക്കാൻ പോകുന്ന രണ്ട് യുവ ഡോക്ടർമാരെയും പരിചയപ്പെട്ടു. അമല മെഡിക്കൽ കോളേജിൻ്റെ വൈസ് പ്രിൻസിപ്പൽ ഡോ: റെന്നിസ് ഡേവിസും അമൃത ഹോസ്പിറ്റലിലെ പെർമനോളജിസ്റ്റ് ഡോ: ശ്രീരാജ് നായരും. ഡോ: റെന്നിസ് ഡേവിസിന് ഞാനുമായി നല്ല മുഖസാദൃശ്യമുണ്ടെന്ന് സഹപ്രവർത്തകർ പറയുമെത്രെ. ഡോ: ശ്രീരാജ് നായരും അത് ശരിവെച്ചു. പ്രാഥമിക കർമ്മങ്ങളും “പ്രഭാത യോഗ”യും കഴിച്ച് ഒരു ചായയും കുടിച്ച് നേരെ ജക്കാർത്തയിലേക്കുള്ള വിമാനത്തിന് നിർണ്ണയിച്ച ഗേറ്റിനടുത്തേക്ക് നീങ്ങി. അരമണിക്കൂർ കഴിഞ്ഞപ്പോൾ വിമാനത്തിൽ കയറാനുള്ള അറിയിപ്പുവന്നു. ഒട്ടും താമസിയാതെ ലൈനിൽ നിന്നു. കുറേ സീറ്റുകൾ ഒഴിഞ്ഞു കിടന്നു. വൈകാതെ വിമാനം ഭീമൻ കഴുകനെപ്പോൽ ഉയർന്നു പൊങ്ങി. അപ്പോഴേക്കും കള്ളച്ചിരിയോടെ അതിഥിയായി ചമഞ്ഞ് ഉറക്കം ബോധതലത്തെ തഴുകിയെത്തി. മയക്കം മാറിയപ്പോൾ വിമാനം ജക്കാർത്തയുടെ മുകളിൽ എത്തിയിരുന്നു.
ഏകദേശം രണ്ട് മണിക്കൂർ പറന്ന് ജക്കാർത്തയിൽ വിമാനമിറങ്ങിയപ്പോൾ എടത്തിരുത്തി സ്വദേശി കെ.എസ് ജലീലും ഭാര്യ നസ്റിൻ ബാനുവും പുറത്ത് കാത്ത് നിന്നിരുന്നു. ഇന്തോനേഷ്യയിലെ മലയാളി കൂട്ടായ്‌മയായ കേരള സമാജം ഇന്തോനേഷ്യയുടെ പ്രസിഡണ്ട് ബെന്നി വാഴപ്പിള്ളിൽ ഏർപ്പാടാക്കിയതാണ് ജലീലിനെ. ലോകകേരള സഭാംഗമായ ബെന്നിയെ തിരുവനന്തപുരത്ത് വെച്ച് നടന്ന ലോക കേരള സഭയിൽ വെച്ച് പരിചയപ്പെട്ടിരുന്നു. ഇന്തോനേഷ്യയിൽ കോൾ മൈനിംഗ് ബിസിനസ് നടത്തുന്ന ബെന്നി, ജക്കാർത്തയിലെ അറിയപ്പെടുന്ന മലയാളി പ്രമുഖനാണ്. ദീപികയുടെ ഡയറക്‌ടർ കൂടിയായ അദ്ദേഹത്തിന് പെട്ടന്ന് വിളിച്ചു ചേർത്ത ബോർഡ് യോഗത്തിൽ പങ്കെടുക്കാൻ നാട്ടിലേക്ക് പോകേണ്ടി വന്നു.
ബെന്നി ചുമതലപ്പെടുത്തിയ ജലീൽ ആള് ചില്ലറക്കാരനല്ലെന്ന് കുറച്ച് സംസാരിച്ച് കഴിഞ്ഞപ്പോൾ മനസ്സിലായി. ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് കോളേജിലെ തീപ്പൊരി നേതാവായിരുന്നു ജലീൽ. അവിടെ നിന്ന് യൂണിവേഴ്‌സിറ്റി യൂണിയൻ കൗൺസിലറും കോളേജ് യൂണിയർ ചെയർമാനുമായ ജലീൽ എം കോമും എംബിഎയും കഴിഞ്ഞ് നാടുവിട്ടതാണ്.
ജക്കാർത്തയിലെത്തിയ അദ്ദേഹം വിനയവും സത്യസന്ധതയും കൊണ്ട് എല്ലാവർക്കും ഇഷ്ടപ്പെട്ടവനായി. മികച്ച ഒരു സ്ഥാപനം വളർത്തിയെടുത്ത ജലീൽ ഇന്തോനേഷ്യൻ ഭാഷ നന്നായി സംസാരിക്കും. മലയാളി സമാജത്തിൻ്റെ മുൻ ജനറൽ സെക്രട്ടറിയാണ് അദ്ദേഹം. ഇന്തോനേഷ്യൻ രാഷ്ട്രീയം ജലീലിന് പച്ചവെള്ളം പോലെ അറിയാം. ആയിരത്തോളം മലയാളികൾ വിവിധ മേഖലകളിൽ ഇന്തോനേഷ്യയിലുണ്ടെന്നാണ് അനൗദ്യോഗിക കണക്ക്. സംഘനയുടെ ജനറൽ സെക്രട്ടറി നസ്റിൻ ബാനുവാണ്. ചാവക്കാട്ടുകാരി. ജലീലിൻ്റെ സഹധർമിണി. ചാത്തമംഗലം എം.ഇ.എസ് റസിഡൻഷ്യൽ സ്‌കൂളിലാണ് പഠിച്ചത്. ഗുരുവായൂർ ലിറ്റിൽഫ്ലവറിൽ നിന്ന് ഡിഗ്രിയെടുത്തു. പൊതുപ്രവർത്തന രംഗത്ത് സജീവം. ട്രഷറർ പുതുപ്പള്ളിക്കാരൻ ബോബിയും, സമാജം വൈസ് പ്രസിഡണ്ട് കണ്ണൂർ ആലക്കോട് സ്വദേശി ബിനോ ജോസഫും യാത്രയിൽ അനുഗമിച്ചു. ഉച്ചഭക്ഷണം ഗംഭീരമായിരുന്നു. പടാങ്ങ് സ്റ്റൈൽ ലഞ്ചാണ് നല്ലതെന്ന് നസ്റിനാണ് നിർദ്ദേശിച്ചത്. ഹോട്ടലിൽ വ്യത്യസ്‌തമായി തയ്യാറാക്കുന്ന എല്ലാ ഭക്ഷ്യ വിഭവങ്ങളും ഓരോ പാത്രത്തിൽ വെച്ച് അത് ഗ്ലാസ്സ് പേപ്പർ കൊണ്ട് വലിച്ച് പൊതിഞ്ഞ് നമ്മുടെ തീൻമേശയിൽ ചൂടാറാതെ കൊണ്ടുവന്ന് നിരത്തും. അതിൽ നിന്ന് നമുക്കിഷ്ടമുള്ളത് ഗ്ലാസ്സ് പേപ്പർ പൊട്ടിച്ചെടുക്കാം. ആവശ്യമുള്ളത് മാത്രം പൊട്ടിച്ചാൽ മതി. ഗ്ലാസ്സ് പേപ്പർ പൊട്ടിക്കാത്തതിന് ബില്ല് ഈടാക്കില്ല. ഉപയോഗിച്ച ഭക്ഷണ പ്ലേറ്റുകൾക്കേ ബില്ല് നൽകേണ്ടതുള്ളൂ. അതൊരു പുതിയ അനുഭവമാണ്. നമ്മുടെ നാട്ടിലും അനുവർത്തിക്കാവുന്ന മാതൃക.
ഒരുപാട് രാഷ്ട്രീയ അട്ടിമറികൾക്ക് സാക്ഷ്യം വഹിച്ച നിയമനിർമ്മാണ സഭാ മന്ദിരം ഗാംഭീര്യത്തിൻ്റെ കാര്യത്തിൽ ഏറെ മുന്നിലാണ്. കേരള നിയമസഭാ മന്ദിരവും അതിനു മുന്നിലെ ഗാന്ധി പ്രതിമയേയും ഓർമ്മിപ്പിച്ചു ഇന്തോനേഷ്യൻ പാർലമെൻ്റ് മന്ദിരവും അതിനുമുന്നിലെ സുകാർണോ പ്രതിമയും. ഇന്തോനേഷ്യൻ സ്വാതന്ത്ര്യ പ്രഖ്യാപനത്തിൻ്റെ പ്രതീകമെന്നോണം ആകാശത്തെ ചുംബിക്കുവാൻ വെമ്പൽ കൊള്ളുമാറുയരത്തിൽ തല ഉയർത്തി നിൽക്കുന്ന സ്വാതന്ത്ര്യ പോരാട്ട സ്മാരകം ജക്കാർത്തയുടെ പ്രൗഢിയുടെ പ്രതീകമാണ്. ആയിരക്കണക്കിനാളുകളാണ് സ്വർണ്ണത്തിൽ തീർത്ത സുവർണ്ണജ്വാല കാണാൻ അവിടെ എത്തുന്നത്. ഒരു ദിവസം 1500 പേർക്കേ ഭീമൻ ടവറിൻ്റെ മുകളിൽ കയറി ചുറ്റും കണ്ണോടിക്കാൻ അവസരം ലഭിക്കൂ. ഞങ്ങൾ എത്തിയപ്പോഴേക്ക് സമയം കഴിഞ്ഞിരുന്നു. സ്വാതന്ത്ര്യ സ്മാരകത്തിൻ്റെ മുന്നിൽ നിന്ന് ഫോട്ടോ എടുത്ത് മടങ്ങി.
ജക്കാർത്താ നഗരം പഴയ ഒരു യൂറോപ്യൻ നഗരത്തെ ഓർമ്മിപ്പിക്കും. കെട്ടിടങ്ങൾക്കെല്ലാം ഒരു ഡച്ച് ടച്ചുണ്ട്. വൃത്തിയുടെ കാര്യത്തിലും അങ്ങിനെത്തന്നെ. റോഡരികിൽ ഒരുപാട് തെരുവു കച്ചവടക്കാരെ ടൂറിസം ഡെസ്റ്റിനേഷനുകളിൽ കാണാം. അവരെല്ലാം പരിസരം വൃത്തികേടാകാതിരിക്കാൻ പുലർത്തുന്ന ജാഗ്രത പ്രശംസനീയമാണ്. മാലിന്യങ്ങൾ നിക്ഷേപിക്കാൻ ഓരോ കച്ചവടക്കാരും പ്രത്യേകം ബക്കറ്റുകൾ വെച്ചിട്ടുണ്ട്. അതിലല്ലാതെ ഒരു കഷ്‌ണം കടലാസു പോലും ആരും ഇടുന്നില്ല. ജനങ്ങൾ പ്രകടിപ്പിക്കുന്ന ഉയർന്ന പൗരബോധം പ്രശംസനീയം തന്നെ.
ഏഷ്യൻ വൻകരയിൽ ഇന്ത്യയും ചൈനയും കഴിഞ്ഞാൽ ജനസംഖ്യയിൽ തൊട്ടടുത്ത് നിൽക്കുന്ന രാജ്യമാണ് ഇന്തോനേഷ്യ. റിപബ്ലിക്ക് ഓഫ് ഇന്തോനേഷ്യ എന്നാണ് രാജ്യം അറിയപ്പെടുന്നത്. ലോകത്ത് ഏറ്റവുമധികം മുസ്ലിങ്ങൾ അധിവസിക്കുന്നതും ഇന്തോനേഷ്യയിലാണ്. ജനസംഖ്യയുടെ കാര്യത്തിൽ ലോകത്ത് നാലാം സ്ഥാനമാണ് ഇന്തോനേഷ്യക്കുള്ളത്. പസഫിക് മഹാസമുദ്രത്തിലെ ദ്വീപുകളുടെയും ഉപദ്വീപുകളുടെയും കൂട്ടമാണ് ഈ രാഷ്ട്രം. ഇന്തോനേഷ്യയിലെ പകുതിയോളം പേർ അധിവസിക്കുന്നത് ജാവാദ്വീപിലാണ്. സുമാത്ര, ബോർണിയോ, പപുവ, സുലവേസി, ബാലി എന്നിവയാണ് മറ്റു പ്രധാന ദ്വീപുകൾ.
മലേഷ്യ, ഈസ്റ്റ് ടിമോർ, പാപ്പുവാ ന്യൂഗിനിയ എന്നിവയാണ് അയൽ രാജ്യങ്ങൾ. ജക്കാർത്തയാണ് ഇന്തോനേഷ്യയുടെ തലസ്ഥാനം. രാജ്യത്തെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. ഓസ്ട്രേലിയ, സിംഗപ്പൂർ, ഫിലിപ്പീൻസ്, ആന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവയാണ് സമീപ പ്രദേശങ്ങൾ. ഇന്തോനേഷ്യയിലെ ആയിരക്കണക്കിന് ദ്വീപസമൂഹങ്ങൾ, ഏഴാം നൂറ്റാണ്ടിലെ ശ്രീവിജയ സാമ്രാജ്യത്തിന്റെ കാലം മുതൽക്കേ പ്രധാന കച്ചവട കേന്ദ്രങ്ങളായാണ് കീർത്തി നേടിയത്. ഇന്ത്യ, ചൈന എന്നീ രാജ്യങ്ങളുമായിട്ടായിരുന്നു അക്കാലത്ത് ഇന്തോനേഷ്യക്കാരുടെ വ്യാപാര ബന്ധം. തത്ഫലമായി തദ്ദേശീയർ ഹൈന്ദവ-ബൗദ്ധ സംസ്കാരങ്ങളെ സ്വാംശീകരിച്ചു. ഒരുവിഭാഗം പ്രസ്‌തുത മതങ്ങളെ വിശ്വാസ പ്രമാണങ്ങളായും അംഗീകരിച്ചു. അങ്ങിനെയാണ് ഇന്തോനേഷ്യയിൽ ഹൈന്ദവ-ബൗദ്ധ നാട്ടു രാജ്യങ്ങളുണ്ടായത്.
നൂറ്റാണ്ടുകൾക്കപ്പുറം വിശാല ഇന്ത്യയുടെ ഭാഗമായിരുന്നു ഇന്തോനേഷ്യ. ഹിന്ദു രാജാക്കൻമാരുടെ ഭരണമാണ് ഇന്ത്യയിലെന്ന പോലെ ഇവിടെയും പ്രാചീന കാലത്ത് നിലനിന്നിരുന്നത്. ഇന്ത്യയിൽ മുസ്ലിം ഭരണം സ്ഥാപിതമായതോടെ ഇന്തോനേഷ്യയും അതിൻ്റെ ഭാഗമായി. പിന്നീട് വൈദേശിക ശക്തികൾ ഇന്ത്യയിലെത്തിയതോടെ ഇന്തോനേഷ്യയും അവരുടെ ഭരണത്തിൽ അമർന്നു. ഫ്രഞ്ചുകാരും പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും കുറഞ്ഞ കാലയളവേ ഇന്തോനേഷ്യ ഭരിച്ചിട്ടുള്ളൂ. ഡച്ചുകാരാണ് ദീർഘനാൾ നാട് വാണത്. വാസ്‌തുശിൽപ രംഗത്തെ ഡച്ചു സ്വാധീനം അങ്ങിനെ വന്നതാണ്. ഇന്തോനേഷ്യയിലെ ചരിത്രശേഷിപ്പുകളിൽ അധികവും ഡച്ച് സഭാവനകളാണ്.
ഡച്ചുകാരുടെ കയ്യിൽ നിന്ന് ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളുടെ നിയന്ത്രണം ജപ്പാൻ കൈക്കലാക്കി. രണ്ടാം ലോകമഹായുദ്ധത്തിൽ ജപ്പാൻ തോറ്റതോടെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി ശക്തിപ്പെട്ടു. പല ആഫ്രോ ഏഷ്യൻ രാജ്യങ്ങളും സ്വതന്ത്രമായത് പോലെ ഇന്തോനേഷ്യയും 1945 ആഗസ്റ്റ് 17 ന് സ്വതന്ത്ര രാഷ്ട്രമായി. 1949 ഡിസംബർ 27 ന് രാജ്യം റിപബ്ലിക്കായി പ്രഖ്യാപിക്കപ്പെട്ടു. പ്രഥമ പ്രസിഡണ്ടായി ഹാജി സുകാർണോ അധികാരമേറ്റു. 22 വർഷത്തോളം ചോദ്യം ചെയ്യപ്പെടാതെ അദ്ദേഹം ഭരണത്തിൽ തുടർന്നു. ഇന്തോനേഷ്യയെ മതേതരമാക്കി നിലനിർത്തിയതും ബഹുസ്വര സംസ്കാരത്തിൻ്റെ തൊട്ടിലാക്കി മാറ്റിയതും ഹാജി സുകാർണോവിൻ്റെ മതനിരപേക്ഷ നിലപാടുകളാണ്. പണ്ഡിറ്റ് ജവഹർലാൽ നഹ്റു ഇന്ത്യക്കെങ്ങിനെയായിരുന്നോ സമാനമായിരുന്നു സുകാർണോ ഇന്തോനേഷ്യക്ക്.
1967 ൽ ഉണ്ടായ രാഷ്ട്രീയ കരുനീക്കങ്ങളിൽ നിരവവധി പട്ടാള മേധാവികൾ സംശയത്തിൻ്റെ നിഴലിലാവുകയും വധിക്കപ്പെടുകയും ചെയ്തു. രാഷ്ട്രീയ കലങ്ങിമറിയലുകൾക്കൊടുവിൽ ചീഫ് മിലിറ്ററി ജനറലായിരുന്ന സുഹാർത്തോ അധികാരം പിടിച്ചെടുത്തു. പട്ടാള മേധാവിയായിരുന്നെങ്കിലും ആധുനിക ഇന്തോനേഷ്യയുടെ ശിൽപി എന്ന സ്ഥാനം സുഹാർത്തോക്ക് അവകാശപ്പെട്ടതാണ്. നീണ്ട മുപ്പത് വർഷങ്ങളാണ് സുഹാർത്തോ ഭരിച്ചത്. അതിനു ശേഷമുണ്ടായ രാഷ്ട്രീയ പ്രക്ഷോഭങ്ങളെ തുടർന്ന് അദ്ദേഹം സ്ഥാനമൊഴിഞ്ഞു. തുടർന്ന് വൈസ് പ്രസിഡണ്ടായിരുന്ന ബി.ജെ ഹബീബി പ്രസിഡണ്ടായി.
പട്ടാള ഭരണത്തിൽ നിന്ന് ഒരു നീണ്ട ഇടവേളക്കു ശേഷം വീണ്ടും ജനാധിപത്യത്തിലേക്ക് ഇന്തോനേഷ്യ തിരിച്ചെത്തി. 1999 ൽ സ്വതന്ത്ര തെരഞ്ഞെടുപ്പ് നടക്കുകയും അബ്ദുറഹ്മാൻ വാഹിദ് അധികാരത്തിൽ വരികയും ചെയ്തു. രണ്ട് വർഷങ്ങൾക്ക് ശേഷം ഇന്തോനേഷ്യയിൽ രാഷ്ട്രീയ അടിയൊഴിക്കുകളുണ്ടായി. അദ്ദേഹത്തെ പുറത്താക്കി മേഘാവതി സുകാർണോ പുത്രി പ്രസിഡണ്ടായി. 2004 ൽ നടന്ന തെരഞ്ഞെടുപ്പിൽ സുസിലോ ബോബാംഗ് യുധോയോനോ പ്രസിഡണ്ടായി. പത്ത് വർഷം അധികാരത്തിലിരുന്ന അദ്ദേഹം രണ്ട് ടേം പൂർത്തിയാക്കി ഒഴിഞ്ഞു. രണ്ട് പ്രാവശ്യമേ ഒരാൾക്ക് ഭരണഘടനയനുസരിച്ച് ഇന്തോനേഷ്യയുടെ പ്രസിഡണ്ടാകാൻ പാടുള്ളൂ. 2014ൽ ജോകോവി പ്രസിഡണ്ടായി തെരഞ്ഞെടുക്കപ്പെട്ടു. അദ്ദേഹവും രണ്ട് ടേം പൂർത്തിയാക്കാൻ പോകുന്നു. 2019 ൽ ജോക്കോവിയുടെ മുഖ്യ എതിരാളിയായിരുന്ന പ്രഭോവോ സുബിയാന്തോയെ പ്രതിരോധ മന്ത്രിയാക്കി രാഷ്ട്രീയ എതിർപ്പിൻ്റെ മൂർച്ച അദ്ദേഹം കുറച്ചു. വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മൽസരിച്ച് തോറ്റ സാൻ്റിയാഗ ഉനോയെ ടൂറിസം മന്ത്രിയാക്കി ജോകോ തൻ്റെ രാഷ്ട്രീയ നയതന്ത്ര ചാതുരി തെളിയിച്ച് ജനങ്ങളുടെ കയ്യടി വാങ്ങി.
കേരളത്തിന് രൂപമാറ്റം സംഭവിച്ചാൽ എങ്ങിനെയിരിക്കുമെന്ന് ചോദിച്ചാൽ കണ്ണുംചിമ്മി പറയാം കുറേക്കൂടി വൃത്തിയുണ്ടെങ്കിൽ ജക്കാർത്ത പോലിരിക്കും. പച്ചപ്പും മരങ്ങളും കൃഷിയുമെല്ലാം ഒരുപാട് സാമ്യതകൾ ഇരുദേശങ്ങൾക്കുമിടയിൽ തോന്നിച്ചാൽ അൽഭുതപ്പെടാനില്ല. കൃഷിക്ക് കൂടുതൽ യോജ്യമായ മണ്ണാണ് ഇന്തോനേഷ്യയുടേത്. സാധാരണ ഗതിയിൽ മാസത്തിൽ ചുരുങ്ങിയത് നാല് തവണയെങ്കിലും മഴ കിട്ടും. നവംബർ മുതൽ മാർച്ച് വരെ മഴക്കാലമാണ്. ഇടക്കിടെ മഴ ലഭിക്കുന്നതിനാൽ കുടിവെള്ളത്തിന് യാതൊരു ബുദ്ധിമുട്ടുമില്ല.
ഇന്തോനേഷ്യക്കാർ സംസാരിക്കുന്നത് “ബഹാസ ഇന്തോനേഷ്യ”യാണ്. സംസ്‌കൃതത്തിൽ നിന്നാണ് ഈ ഭാഷയുടെ പിറവി. ധാരാളം സംസ്കൃത പദങ്ങൾ ബഹാസ ഇന്തോനേഷ്യയിൽ കാണാനാകും. മലയാളത്തിൽ ഒരുപാട് സംസ്കൃത വാക്കുകൾ കടന്നുകൂടിയ പോലെ. ലോകത്തിലെ ഏറ്റവും വലിയ കൽക്കരി കയറ്റി അയക്കുന്ന രാജ്യം ഇന്തോനേഷ്യയാണ്. നിക്കലിൻ്റെ മോഹിപ്പിക്കുന്ന ശേഖരമായി ഇന്തോനേഷ്യ മാറുകയാണ്. ഓയിൽ സമൃദ്ധ നാടെന്ന പട്ടം നഷ്ടപ്പെട്ടതോടെ പ്രഭാവം മങ്ങിയ റിപബ്ലിക്ക് ഓഫ് ഇന്തോനേഷ്യ സാമ്പത്തിക മുന്നേറ്റത്തിൻ്റെ പാതയിലാണിപ്പോൾ. പാമോയിൽ പ്ലാൻ്റേഷനുകൾക്കും പേരുകേട്ട നാടാണ് സുക്കാർണോയുടെ രാജ്യം. കുരുമുളക്, ഗ്രാംപൂ, നാളികേരം, റബ്ബർ, അടയ്ക്ക, എന്നിവയെല്ലാം യഥേഷ്ടമുള്ള രാജ്യമെന്ന ഖ്യാതിയും ഇന്തോനേഷ്യക്കുണ്ട്.
ഇന്തോനേഷ്യയിലെ പ്രധാന നഗരങ്ങളെല്ലാം രൂപകൽപ്പന ചെയ്‌തിരിക്കുന്നതും നിർമ്മിച്ചിരിക്കുന്നതും അമേരിക്കൻ കമ്പനികളോ ജപ്പാൻ കമ്പനികളോ ആണ്. ഇപ്പോൾ ചൈനീസ് കമ്പനികളും സജീവമായി നിർമ്മാണ മേഖയിലുണ്ട്. ശുചിത്വത്തിൻ്റെ കാര്യത്തിൽ യൂറോപ്യൻ മാതൃകയാണ് ഇന്തോനേഷ്യ പിന്തുടരുന്നത്. സ്ഥിരമായി മഴ പെയ്‌തിട്ടും വൃത്തികേടായ ഓടകളോ ദുർഗന്ധം വമിക്കുന്ന തെരുവുകളോ ജക്കാർത്തയിൽ കാണാനാവില്ല. മറ്റു ദ്വീപുകളിൽ നിന്നും സമീപ ഗ്രാമങ്ങളിൽ നിന്നും വ്യാപകമായി കുടിയേറിപ്പാർത്തതാണ് ജക്കാർത്തയുടെ വീർപ്പുമുട്ടിക്കുന്ന ജനബാഹുല്യത്തിൻ്റെ കാരണം. ചെറുകിട കച്ചവട മേഖലകളിലെ സ്ത്രീ സാനിദ്ധ്യം എടുത്തു പറയേണ്ടതാണ്. തൊഴിലെടുത്ത് വരുമാനം നേടാത്ത സ്ത്രീകൾ ഇന്തോനേഷ്യയിൽ വളരെ കുറവാണ്.
സ്ത്രീ-പുരുഷ സമത്വം യാഥാർത്ഥ്യമാക്കിയ മുസ്ലിം ഭൂരിപക്ഷ ഏഷ്യൻ രാഷ്ട്രം ഇന്തോനേഷ്യയാണെന്ന് ഉറപ്പിച്ചു പറയാം. മുസ്ലിം തീവ്രവാദത്തോട് തീരെ യോജിക്കാത്തവരാണ് ഇവിടത്തുകാർ. യാഥാസ്‌തിക നിലപാടുകാരോട് ജനങ്ങൾ ഒരുനിലക്കും “ദാക്ഷിണ്യം” കാട്ടാറില്ല. 90%-ത്തോളം മുസ്ലിം ജനസംഖ്യയുള്ള ഇന്തോനേഷ്യയിൽ ഇസ്ലാമിക മതരാഷ്ട്ര വാദികൾക്ക് തരിമ്പും സ്വാധീനമില്ലെന്നത് അതിൻ്റെ തെളിവാണ്. അത്തരക്കാർ പാർലമെൻ്റ് തെരഞ്ഞെടുപ്പിലും വിജയിക്കാറില്ല. മുസ്ലിങ്ങൾക്കിടയിൽ ഇന്തോനേഷ്യയിൽ ഒരു ആർഎസ്എസ്സോ, പോപ്പുലർഫ്രണ്ടോ, ബജ്റംഗ്‌ദളോ, സിമിയോ ഇല്ലെന്നർത്ഥം. (തുടരും)
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..