റവന്യൂ ഓഫീസുകളെ വട്ടമിട്ടു പറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ല: മന്ത്രി കെ രാജന്
ജനങ്ങളെ സഹായിക്കാനെന്ന വ്യാജേന റവന്യൂ ഓഫീസുകളെ വട്ടമിട്ടുപറക്കാന്‍ ഏജന്റുമാരെ അനുവദിക്കില്ലെന്ന് റവന്യൂ മന്ത്രി കെ രാജന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഭൂമി തരം മാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഉള്‍പ്പെടെ ഇത്തരം ഏജന്റുമാരുടെ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഇവരുമായി കൈകോര്‍ത്തു പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്ക്കെതിരേ ശക്തമായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. ഇവരെ പിരിച്ചുവിടുന്നത് ഉള്‍പ്പെടെയുള്ള നടപടികളുടെ സാധ്യത പരിശോധിക്കും.
മുന്‍ കാലങ്ങളെ അപേക്ഷിച്ച് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കിടയിലെ അഴിമതി വലിയ അളവില്‍ കുറയ്ക്കാനായെങ്കിലും അത് ഇപ്പോഴും നിലനില്‍ക്കുന്നുണ്ടെന്ന് വ്യക്തമാക്കുന്നതാണ് സമീപകാലത്തെ ചില സംഭവങ്ങള്‍. അഴിമതിയോട് സന്ധിയില്ലാത്ത നിലപാടാണ് സര്‍ക്കാരിനുള്ളത്. പാലക്കയം അഴിമതിയുമായി ബന്ധപ്പെട്ട വിഷയത്തില്‍ ശക്തമായ നടപടികളാണ് സര്‍ക്കാര്‍ കൈക്കൊണ്ടുവരുന്നത്. കുറ്റാരോപിതനായ ഉദ്യോഗസ്ഥനെ ഉടന്‍തന്നെ സസ്പെന്‍ഡ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിച്ചു. വിജിലന്‍സ് അന്വേഷണത്തിനു പുറമെ, സംഭവവുമായി മറ്റേതെങ്കിലും ഉദ്യോഗസ്ഥര്‍ക്ക് ബന്ധമുണ്ടോ എന്നതടക്കമുള്ള കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി റവന്യൂ വകുപ്പ് ജോയിന്റ് സെക്രട്ടറി ജെ ബിജുവിന്റെ നേതൃത്വത്തിലുള്ള ഉന്നതതല സംഘം 10 ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.
ഇത്തരം കേസുകളില്‍ അന്വേഷണം ഇഴഞ്ഞു നീങ്ങുകയും നിയമത്തിന്റെ പഴുതുകളിലൂടെ അഴിമതിക്കാര്‍ സര്‍വീസില്‍ തിരികെ എത്തുകയും ചെയ്യുന്ന സ്ഥിതി ഉണ്ടാവില്ലെന്നും മന്ത്രി പറഞ്ഞു. അത് തടയുന്നതിന് ആവശ്യമായ നിയമ ഭേദഗതികള്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങളുമായി സര്‍ക്കാര്‍ മുന്നോട്ടുപോവുകയാണ്. അഴിമതിക്കാര്‍ക്ക് കടുത്ത ശിക്ഷ ലഭിക്കുന്ന രീതിയില്‍ നടപടികള്‍ ശക്തമാക്കും.
ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നില്ലെന്ന് ഉറപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ മൂന്നു ദിവസമായി റവന്യൂ ഓഫീസുകള്‍ കേന്ദ്രീകരിച്ച് പരിശോധനകള്‍ നടന്നുവരികയാണ്. 156 ഓഫീസുകളിലാണ് ഇതിനകം പരിശോധന നടത്തിയത്. റവന്യൂ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി, ലാന്‍ഡ് റവന്യൂ കമ്മീഷണര്‍, ജില്ലാ കലക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവരുടെ നേതൃത്വത്തിലും പരിശോധനകള്‍ നടന്നു. ചിലയിടങ്ങളില്‍ നിയമലംഘനങ്ങള്‍ കണ്ടെത്തിയതായും ഉത്തരവാദികള്‍ക്കെതിരേ ഉടന്‍ തന്നെ കടുത്ത ശിക്ഷാ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാര്‍ ഓഫീസുകളിലെ അഴിമതിക്കെതിരായ പോരാട്ടം വലിയ ജനകീയ ക്യാംപയിനായി മുന്നോട്ടുകൊണ്ടുപോവാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ തലത്തിലെ പരിശോധനകള്‍ക്കപ്പുറം സര്‍ക്കാരും ഉദ്യോഗസ്ഥരും പൊതുജനങ്ങളും കൈകോര്‍ത്തു കൊണ്ടുള്ള ഇടപെടലുകളാണ് ആവശ്യം. ഇതിന്റെ മുന്നോടിയായി കേരളത്തിലെ മുഴുവന്‍ സര്‍വീസ് സംഘടനകളുടെയും യോഗം ജൂണ്‍ അഞ്ചിന് ചേരും. അഴിമതി നടത്തില്ലെന്ന് സ്വയം പ്രഖ്യാപിക്കുന്നതോടൊപ്പം മറ്റാരെയും അതിന് അനുവദിക്കില്ലെന്ന പ്രതിജ്ഞയെടുത്തു വേണം ഉദ്യോഗസ്ഥര്‍ ഈ ക്യാംപയിനില്‍ പങ്കാളികളാകാനെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാര്‍ സര്‍വീസിന് മൊത്തത്തില്‍ ചീത്തപ്പേരുണ്ടാക്കുന്ന ഇത്തരം അഴിമതിക്കാര്‍ക്കെതിരായ ശക്തമായ പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്.
പൊതുജനങ്ങള്‍ക്ക് അഴിമതി സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സൗകര്യമൊരുക്കുന്നതിന്റെ ഭാഗമായി എല്ലാ റവന്യൂ ഓഫീസുകളിലും വിജിലന്‍സ് വകുപ്പിന്റെയും റവന്യൂ വിജിലന്‍സിന്റെയും ഫോണ്‍ നമ്പറുകള്‍ എഴുതി പ്രദര്‍ശിപ്പിക്കും. ഇതിനായി ജൂണ്‍ പകുതിയോടെ ഒരു ടോള്‍ഫ്രീ നമ്പറും ഒരു പോര്‍ട്ടലും സജ്ജമാക്കും. ഇതിലൂടെ ലഭിക്കുന്ന വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നതിനുള്ള നടപടികളും കൈക്കൊള്ളും. മൂന്നു വര്‍ഷത്തിലേറെയായി ഒരു വില്ലേജ് ഓഫീസില്‍ ജോലി ചെയ്യുന്ന മുഴുവന്‍ ജീവനക്കാരെയും കൃത്യമായ ഇടവേളകളില്‍ സ്ഥലം മാറ്റുന്നത് ഉള്‍പ്പെടെയുള്ള നടപടികളും അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.
സര്‍ക്കാരിന്റെ വിജിലന്‍സ് സംവിധാനത്തിനു പുറമെ, റവന്യൂ വിജിലന്‍സ് ടീം, ജില്ലാകലക്ടര്‍മാരുടെ നേതൃത്വത്തിലുള്ള ഇന്സ്പെക്ഷന് വിംഗ്, ലാന്റ് റവന്യൂ കമ്മീഷണറുടെ നേതൃത്വത്തിലുള്ള പരിശോധനാ വിഭാഗം എന്നീ സംവിധാനങ്ങളെ ഏകോപിപ്പിച്ചുകൊണ്ട് അഴിമതിക്കെതിരായ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കും.
കരം അടയ്ക്കല്‍, ഭൂമി തരം മാറ്റല്‍, പോക്കുവരവ് നടത്തല്‍, ബില്‍ഡിംഗ് ടാക്സ് അടക്കല്‍ ഉള്‍പ്പെടെ റവന്യൂ വകുപ്പിന്റെ വിവിധ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാണെന്നും അവ പരമാവധി ഉപയോഗപ്പെടുത്തുന്നതിലൂടെ അഴിമതിക്കുള്ള സാധ്യതകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നും മന്ത്രി പറഞ്ഞു. ഓണ്‍ലൈന്‍ സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്ന കാര്യത്തില്‍ ഓരോ വീട്ടിലുമെത്തി പരിശീലനം നല്‍കുന്നതിനുള്ള റവന്യൂ ഇ-സാക്ഷരതാ പദ്ധതി നവംബറില്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സബ് കലക്ടര്‍ മുഹമ്മദ് ഷഫീഖ്, അസിസ്റ്റന്റ് കലക്ടര്‍ വി എം ജയകൃഷ്ണന്, എഡിഎം ടി മുരളി തുടങ്ങിയവരും സംബന്ധിച്ചു